Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

ആരോഗ്യകരമായ ചേരുവകൾ

ഡോ. പി. എ അബൂബക്കർ

അന്നപാന വിധികളുടെ ചരിത്രവും ജൈവികതയും -2

 

ഹലാൽ ഭക്ഷണങ്ങൾ ആരോഗ്യകരമായ ചേരുവകളിൽനിന്നാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഒരാളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന  മാലിന്യങ്ങളിൽനിന്ന് മുക്തവുമാണ്. ആരോഗ്യകരമായ പാചക രീതികൾ ഉപയോഗിച്ചാണ് ഹലാൽ ഭക്ഷണങ്ങൾ തയാറാക്കുന്നത്. ജൂത  സമ്പ്രദായത്തിലേതുപോലെ മൃഗങ്ങളുടെ കഴുത്തറുക്കുന്ന രീതിയാണ് ഇസ്്ലാമിലും പിന്തുടരുന്നത്.  മൃഗത്തിന്റെ തൊണ്ടയിലൂടെ മുറിക്കുകയാണ് ചെയ്യുന്നത്. ഒറ്റ മുറിയിൽ തന്നെ  കരോട്ടിഡ് ധമനികൾ, ജുഗുലാർ സിര, ശ്വാസനാളം എന്നിവ ഛേദിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ വളരെ ചെറിയ വേദനയാണുണ്ടാവുക. വേദന കുറയ്ക്കാനായി മൂർച്ചയുള്ള കത്തി ഉപയോഗിക്കണമെന്ന് പ്രത്യേകം പറയുന്നു. ജീവനുള്ള മൃഗത്തിൽനിന്ന് മാംസം വെട്ടിയെടുക്കുന്നതും മറ്റും  ഇസ്്ലാം കർശനമായി വിലക്കുന്നു.  രക്തം പൂർണമായി വാർന്നു പോവുക, മൃഗത്തിന്റെ വേദന പരമാവധി കുറയ്ക്കുക എന്നിവയാണ് ഇസ്്ലാമിലെ അറവുരീതിയുടെ പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ. സ്വയം ചത്തതോ ഹിംസ്രജന്തുക്കൾ  ഭക്ഷിച്ച് അവശേഷിച്ചതോ  ആയ ജീവികളുടെ മാംസം ഭക്ഷിക്കരുതെന്ന് ജൂതമതവും  ഇസ്്ലാമും പ്രത്യേകം പറയാനുണ്ടായ അതേ കാരണമാണ് കരയിലെ ജന്തുക്കളെ കഴുത്തറുത്ത് മാത്രമേ ഭക്ഷിക്കാവൂ എന്ന നിർദേശത്തിനും പിന്നിലുള്ളത്. വിഷബാധ പോലുള്ള അപകടങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.
ഭക്ഷണത്തെക്കുറിച്ചുള്ള, മതങ്ങളുടെ വിധിവിലക്കുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഓർക്കേണ്ട വസ്തുത, ഓരോ മതവും കാര്യങ്ങളെ നോക്കിക്കാണുന്നത് സ്വന്തമായ ദാർശനിക പരിസരത്തുനിന്നാണ് എന്നതാണ്.  ജൂതമതം ഉൾപ്പെടെയുള്ള പൂർവമതങ്ങളിലെ വിധിവിലക്കുകളിൽ പലതിനെയും ഇസ്്ലാം സ്വീകരിക്കുന്നത് ധാർമിക വ്യവസ്ഥകൾക്ക് തുടർച്ചയുണ്ടെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ തുടർച്ചയിൽ പരിഷ്കരണവും ഉൾപ്പെടും എന്നതിനാൽ ജൂത ഭക്ഷണ സദാചാരത്തിലെ കടുംപിടിത്തങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. വൈയക്തികവും സാമൂഹികവുമായ നന്മ ഉദ്ദേശിച്ചുകൊണ്ട് മദ്യനിരോധനം പോലുള്ളവ നടപ്പാക്കിയിട്ടുമുണ്ട്. ഭൂമിയിൽ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി(ഖലീഫ) ആയതുകൊണ്ട്, ഭക്ഷണത്തിന്  ജൈവലോകത്തെ ആശ്രയിക്കുമ്പോൾ തന്നെ ജീവജാലങ്ങളുടെ സംരക്ഷണം അവന്റെ ഉത്തരവാദിത്വമായി മാറുന്നു. പന്നി, പട്ടി എന്നിവയുടെ മാംസം കഴിക്കാൻ പാടില്ലെന്ന് പറയുമ്പോഴും ആ ജീവികളോട് കരുണ കാണിക്കാൻ കൽപിക്കുന്നു. പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകുന്നതിനാൽ മൃഗങ്ങൾ കൊന്ന ജീവികളെ ഭക്ഷിക്കരുതെന്ന ജൂതനിർദേശത്തെ അംഗീകരിക്കുമ്പോഴും പട്ടിയെ ഉപയോഗിച്ച് മറ്റുള്ള മൃഗങ്ങളെ  വേട്ടയാടുന്നതിനെ സാധൂകരിക്കുന്നു. മനുഷ്യർ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ഭക്ഷണപദാർഥങ്ങളും മുസ്്ലിമിന് ഹലാൽ (അനുവദനീയം) ആണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ ഏതാണ്ട് പൂർണമായും അനുവദനീയമാണ്. ഒട്ടകം പോലുള്ളവയുടെയും  കടൽ ജീവികളുടെയും കാര്യത്തിൽ ജൂതന്മാരുടെ കടുംപിടിത്തമില്ല.
ആരോഗ്യ വശങ്ങൾ
മനുഷ്യന്റെ മസ്തിഷ്ക വികാസവും മൃഗങ്ങളിൽനിന്നുള്ള വേവിച്ച നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഉപഭോഗവും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും വ്യാപകമായി പഠിച്ചതും സങ്കീർണവും പല വശങ്ങളുള്ളതുമായ വിഷയമാണ്.
ആദ്യകാല മനുഷ്യപൂർവികർ ഏകദേശം 2.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മൃഗങ്ങളുടെ പ്രോട്ടീൻ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങിയതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ ഈ മാറ്റം മസ്തിഷ്ക വികാസത്തിനും  മനുഷ്യ വർഗത്തിന്റെ പരിണാമത്തിനും കാരണമായതായി പറയപ്പെടുന്നു.
പൂർണമായ സസ്യാഹാരം ആരോഗ്യ ദായകമല്ല. മനുഷ്യന്റെ ഭക്ഷണം സമീകൃതവും പോഷകസമ്പുഷ്ടവും ആവുന്നത് അതിൽ ജന്തുജന്യ ഘടകങ്ങൾ കൂടി ഉൾപ്പെടുമ്പോഴാണ്. അതുകൊണ്ടാണ് പൂർണമായും സസ്യാഹാരിയാവാൻ ആർക്കും സാധിക്കാത്തത്. നമ്മുടെ നാട്ടിൽ വെജിറ്റേറിയൻ ഭക്ഷണം ശീലിച്ചവരിൽ ഭൂരിപക്ഷം ശുദ്ധമായ സസ്യാഹാരമല്ല കഴിക്കുന്നത്. കൂടുതലും ലാക്ടോ -വെജിറ്റേറിയൻ ആണ്; സസ്യാഹാരത്തിന്റെ കൂടെ മൃഗങ്ങളിൽനിന്ന് ലഭിക്കുന്ന പാലോ പാലുൽപ്പന്നങ്ങളോ ഉപയോഗിക്കുന്നവർ. അതിനവർക്ക് ധാർമികമായ വിശദീകരണം ഉണ്ടാവാം. പാലെടുക്കുന്നത് മൃഗത്തെ കൊല്ലാതെയാണല്ലോ. അതുപോലെ മുട്ട ഉപയോഗിക്കുന്ന ഓവോ - വെജിറ്റേറിയന്മാരുണ്ട്. ഇവർക്കും ധാർമികമായ പല തരം വിശദീകരണങ്ങളുണ്ട്. മുട്ട ഉപയോഗിക്കുമ്പോൾ ജീവിയെ കൊല്ലുന്നില്ല എന്നതാണ് ഒരു വാദം. പക്ഷേ, ഭ്രൂണത്തെ കൊല്ലുന്നുണ്ട് എന്നത് വാസ്തവമാണ്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ഭക്ഷിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നുണ്ട് എന്നതാണ് വാസ്തവം. വെജിറ്റേറിയനിസം എന്ന കടുംപിടിത്തത്തിൽ വലിയ ധാർമികത ഇല്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. എങ്കിലും ഇതൊക്കെ വ്യക്തിനിഷ്ഠമായതിനാൽ ഓരോ ആളുടെയും സ്വാതന്ത്ര്യം എന്ന് കരുതുന്നതാണ് ഉചിതം.  ധാന്യമായാലും മുട്ടയായാലും മാംസമായാലും കൃഷി ചെയ്തും കന്നുകാലികളെയും കോഴികളെയും മറ്റും വളർത്തിയും അതത് സ്പീഷിസിന്റെ വംശവർധനവ് നടത്തിയതിനു ശേഷമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല.
ധാന്യത്തെക്കാൾ മുട്ട ധാർമികമാവുന്ന മറ്റൊരു സാഹചര്യമുണ്ട്. മിക്കവാറും എല്ലാ ധാന്യങ്ങളും മുളച്ച് ചെടിയാവാനുള്ളതാണ്. എന്നാൽ, കോഴികളുടെ മുട്ടകളിൽ ബീജസങ്കലനം നടക്കാത്തവയുമുണ്ട്. അവ ഭക്ഷിച്ചില്ലെങ്കിൽ നശിച്ചുപോവുകയാണ് ചെയ്യുക. ചുരുക്കത്തിൽ, ധാർമികമായ ഏത് ന്യായീകരണത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും സസ്യാഹാരം മാത്രം കഴിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പാലും മുട്ടയും ഉപകരിക്കും എന്നതാണ് സത്യം.
മത്സ്യം ഉൾപ്പെടെയുള്ള മാംസവർഗങ്ങൾ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ, മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണസ്രോതസ്സുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ,  വിറ്റാമിൻ ബി 12 എന്നിവ പോലുള്ള അവശ്യപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും പ്രധാനമാണ്. പുതിയ മസ്തിഷ്ക കോശങ്ങളുടെ രൂപവത്കരണം, സിനാപ്റ്റിക് കണക്്ഷനുകൾ, പഠനത്തിലും മെമ്മറിയിലും ഉൾപ്പെടുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ നിയന്ത്രണം എന്നിവയിൽ ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഉയർന്ന അളവിൽ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പൂരിത കൊഴുപ്പും കൊളസ്ട്രോളും കൂടുതലുള്ളവ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ചില രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ കഴിക്കുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
പ്രോട്ടീനുകൾ: നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉയർന്ന നിലവാരമുള്ള പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ശരീരത്തിലെ ടിഷ്യൂകൾ നിർമിക്കുന്നതിനും നന്നാക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
ഇരുമ്പ്: മാംസം, മത്സ്യം എന്നിവ ഇരുമ്പിന്റെ നല്ല സ്രോതസ്സുകളാണ്, ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കുന്നതിനും ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിനും പ്രധാനമായ ഒരു ധാതുവാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ: സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സ്‌ട്രോക്ക്, ചിലതരം ക്യാൻസർ സാധ്യതകൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
ബി-വിറ്റാമിനുകൾ: നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് മാംസം, കോഴി, മത്സ്യം എന്നിവ ആരോഗ്യകരമായ നാഡീകോശങ്ങളെയും ചുവന്ന രക്താണുക്കളെയും നിലനിർത്തുന്നതിന് പ്രധാനമായ ബി 12 ഉൾപ്പെടെയുള്ള ബി-വിറ്റാമിനുകളുടെ നല്ല ഉറവിടങ്ങളാണ്.
സിങ്ക്: മാംസം, കോഴി, മത്സ്യം എന്നിവ സിങ്കിന്റെ സമ്പന്നമായ സ്രോതസ്സുകളാണ്. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും മുറിവ് ഉണക്കുന്നതിനും ആരോഗ്യമുള്ള ചർമത്തിനും പ്രധാനമാണ്.
പ്രാചീന ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദം ആരോഗ്യം നിലനിർത്തുന്നതിന് സമീകൃതാഹാരത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. ഭക്ഷണത്തെ അതിന്റെ സ്വഭാവം, രുചി, ശരീരത്തിലെ സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നു. ആയുർവേദത്തിൽ, മൃഗങ്ങളിൽനിന്നുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഊഷ്മളവും പോഷണവും ആയി കണക്കാക്കപ്പെടുന്നു, ഇത് ശക്തി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചില സസ്യേതര ഭക്ഷണ പദാർഥങ്ങൾ ഇതാ:
മാംസം: ഗോ മാംസം, പന്നിയിറച്ചി, ആട് മാംസം, കോഴിയിറച്ചി എന്നിവ പോഷകാഹാരമായി കണക്കാക്കപ്പെടുന്നു, ശക്തമായ ദഹനവ്യവസ്ഥയുള്ള വ്യക്തികൾക്ക് ഇത് ശിപാർശ ചെയ്യുന്നു.
മത്സ്യം: മത്സ്യം ഭാരം കുറഞ്ഞതും എളുപ്പത്തിൽ ദഹിക്കുന്നതുമായി കണക്കാക്കപ്പെടുന്നു, ദുർബലമായ ദഹനം ഉള്ള വ്യക്തികൾക്ക് ഇത് ശിപാർശ ചെയ്യുന്നു.
മുട്ടകൾ: മുട്ടകൾ പോഷിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായി കണക്കാക്കപ്പെടുന്നു. ദുർബലമായ പ്രതിരോധ ശേഷിയുള്ള വ്യക്തികൾക്ക് ഇത് ശിപാർശ ചെയ്യുന്നു.
നെയ്യ്: പശുവിൻ പാലിൽനിന്ന് ഉണ്ടാക്കുന്ന നെയ്യ് ആയുർവേദത്തിൽ ഒരു പുണ്യഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് പാചകം ചെയ്യാനും സന്ധികൾക്ക് ലൂബ്രിക്കന്റും മസാജ് ചെയ്യാനും ഉപയോഗിക്കുന്നു.
പ്രായോഗിക പ്രശ്നങ്ങൾ
2019-2020 കാലത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ  പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്നു  ദൽഹിയിലെ ഷഹീൻ ബാഗ്. ഏറെ ത്യാഗം സഹിച്ചു അവിടെ സിഖ് സമൂഹം ലംഗാർ ഭക്ഷണം വിളമ്പിയ സംഭവം പ്രസിദ്ധമാണ്. സിഖ് ഗുരുദ്വാരകളിൽ വിളമ്പുന്ന ഒരു സാമുദായിക ഭക്ഷണമാണ് ലംഗാർ. സമത്വത്തെയും പങ്കിടലിനെയും അത് പ്രതിനിധാനം ചെയ്യുന്നു. ലംഗാറിൽ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ആളുകൾ ഒരുമിച്ചിരുന്ന് ലളിതമായ സസ്യാഹാരം കഴിക്കുന്നു. മതമോ ജാതിയോ സാമൂഹിക നിലയോ പരിഗണിക്കാതെ ആർക്കും പങ്കുചേരാം. സിഖ് സമൂഹം നോൺ-വെജിറ്റേറിയൻ ആണ്. എന്നാൽ, ലംഗാറിൽ അവർ ലാക്ടോ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത് മതപരമായ വിധിവിലക്കുകൾക്കതീതമായി എല്ലാവർക്കും കഴിക്കാനാണ്.
പല വിഭാഗം ആളുകൾ സംഗമിക്കുന്ന പൊതുപരിപാടികളിൽ സസ്യാഹാരം വിളമ്പുന്നതുകൊണ്ട് ഒരുപാട് മെച്ചങ്ങളുണ്ട്. മതപരമായ വിധിവിലക്കുകൾക്കതീതമായി എല്ലാവർക്കും കഴിക്കാമെന്നതാണ് അവയിലൊന്ന്. പൂർണമായും ഹലാൽ ആണല്ലോ പച്ചക്കറികൾ. എല്ലാ തരത്തിലുമുള്ള പാകം ചെയ്ത ഭക്ഷണം കേടാവാൻ സാധ്യതയുണ്ടെങ്കിലും പാചകത്തിന് മുമ്പ് കേടാവാനുള്ള സാധ്യത കൂടുതലുള്ളത് മാംസാഹാരത്തിലാണ്. ടൊമയിൻ പോയിസനിംഗ് പോലുള്ളവയും പരിഗണിക്കപ്പെടേണ്ടതാണ്. l
(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്