ഇസ്രായേലിൽ സംഭവിക്കുന്നത്
ഇസ്രായേലി അധിനിവിഷ്ട പ്രദേശമായ നാബുലുസിൽ ഒരു ചെറിയ ടൗൺഷിപ്പുണ്ട്, ഹുവ്വാറ. അത് കത്തിച്ച് കളയണമെന്ന് ആഹ്വാനം ചെയ്തത് അനധികൃത കുടിയേറ്റക്കാരുടെ നേതാവും ഇപ്പോഴത്തെ ഇസ്രായേൽ ധനകാര്യ മന്ത്രിയുമായ ബെൻസലേൽ സ്മോട്രിച്ച്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ നടത്തിയ നിരുത്തരവാദപരമായ ഈ പ്രസ്താവന വലിയ വിവാദങ്ങളുണ്ടാക്കി. മണ്ടത്തരം പറയരുത് എന്ന് അമേരിക്കക്ക് വരെ മന്ത്രിയെ ശാസിക്കേണ്ടി വന്നു. കൊളോണിയൽ ശക്തികൾ ചതിയിലൂടെ തട്ടിപ്പടച്ചുണ്ടാക്കിയ ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് കരുതുന്നവർ ഇസ്രായേലിൽ തന്നെ ധാരാളമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളിലൊന്നായി വേണം ധനമന്ത്രിയുടെ മേൽ ആഹ്വാനത്തെ കാണാൻ. ഇന്ന് ഇസ്രായേൽ ഭരിക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള അറു പിന്തിരിപ്പൻ വലതുപക്ഷ മത തീവ്ര കക്ഷികൾ ചേർന്ന മുന്നണിയാണ്. സുപ്രീം കോടതിക്ക് മൂക്കു കയറിടണം എന്നാണ് ഈ മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങളിലൊന്ന്. നിയമ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും ആ നിയമം വരുന്നതോടു കൂടി സുപ്രീം കോടതി നിശ്ശേഷം ദുർബലമാവും. പാർലമെന്റിൽ ഭൂരിപക്ഷമുള്ള കക്ഷിക്ക് / മുന്നണിക്ക് ആ ഭൂരിപക്ഷം ഉപയോഗിച്ച് ഏത് സുപ്രീം കോടതി വിധിയെയും തള്ളിക്കളയാം, സുപ്രീം കോടതി ജഡ്ജിമാർ രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്നവരായിരിക്കും എന്നീ രണ്ട് ഭേദഗതി നിർദേശങ്ങളാണ് ഇസ്രായേൽ പൗരാവലിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത കൂറ്റൻ പ്രതിഷേധ റാലികളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേൽ സമൂഹത്തിലെ വൈരുധ്യങ്ങളും വിഭാഗീയതകളും മറനീക്കി പുറത്തുവന്നിരിക്കുന്നു. മത തീവ്രവാദികൾ സെക്യുലറിസ്റ്റുകൾക്ക് നേരെ തിരിയുന്നു. പടിഞ്ഞാറൻ നാടുകളിൽ നിന്നെത്തിയവർ കിഴക്ക് നിന്നെത്തിയവരെ തള്ളിമാറ്റുന്നു. നേരത്തെയുള്ളവർ പുതുതായി എത്തിയവർക്ക് നേരെ രോഷം കൊള്ളുന്നു. വിഭാഗീയത എത്രത്തോളം രൂക്ഷമായിട്ടുണ്ട് എന്ന് ചോദിച്ചാൽ, ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന വലിയൊരു സംഘം ആളുകൾ, ഇസ്രായേലിന് ഇനി ഒറ്റ രാഷ്ട്രമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നു വരെ പറഞ്ഞുവെക്കുന്നു. ത്രിരാഷ്ട്ര ഫോർമുലയാണ് അവർ മുന്നോട്ടുവെക്കുന്നത്. അതിലൊന്ന് മതവിശ്വാസികൾക്ക്, രണ്ടാമത്തേത് സെക്യുലർ ചിന്താഗതിയുള്ളവർക്ക്, മൂന്നാമത്തേത് ഇസ്രായേലിനകത്തെ ഫലസ്ത്വീനികൾക്ക്! മത തീവ്രവാദികളുമായി ഒരു നിലക്കും ഒത്തുപോകാൻ കഴിയില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് സെക്യുലറിസ്റ്റുകൾ.
വിഭാഗീയ സംഘർഷങ്ങൾ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. വലിയ ചില കമ്പനികൾ തന്നെ ഇസ്രായേൽ കമ്പോളം വിട്ട് പൊയ്ക്കഴിഞ്ഞു. തങ്ങളുടെ ഇരുപത് ശതമാനം നിക്ഷേപങ്ങൾ അവർ ബാങ്കിൽനിന്ന് പിൻവലിക്കുകയും ചെയ്തു. ഇസ്രായേൽ കറൻസി ഷെകൽ അമേരിക്കൻ ഡോളറിനെതിരെ വലിയ തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെക്കാളൊക്കെ ഇസ്രായേലിന്റെ അസ്തിത്വത്തെ തന്നെ അപകടപ്പെടുത്തുന്നതാണ് 'റിസർവ് സേന'യുടെ ശൈഥില്യം. ഇസ്രായേലിന്റെ എഴുപത് ശതമാനം സായുധാക്രമണങ്ങളും റിസർവ് സേനയാണ് നടത്തുക. നിലവിലെ ഇസ്രായേൽ ഭരണകൂടവുമായി സഹകരിക്കേണ്ടെന്നാണ് അതിന്റെ ഉയർന്ന ചുമതലയിലുള്ളവർ തീരുമാനിച്ചിരിക്കുന്നത്.
നെതന്യാഹു ഇപ്പോൾ അധികാരമേറ്റതേയുള്ളൂ. നാല് വർഷം ഇനിയും ബാക്കിയാണ്. വലതുപക്ഷ പിന്തിരിപ്പൻ കക്ഷികളുമായി ചേർന്നുള്ള ഈ ഭരണം മുന്നോട്ടു പോയാൽ ഫലസ്ത്വീനികൾക്ക് മാത്രമല്ല അത് കനത്ത ഭീഷണിയാവുക. സെക്യുലറിസ്റ്റുകൾക്കും ലിബറൽ ചിന്താഗതിക്കാർക്കും അവിടെ ജീവിക്കാൻ കഴിയാതാവും. തനി ഫാഷിസ്റ്റ് ഭാരണകൂടം അവിടെ രൂപപ്പെടും. അതിന്റെ പ്രത്യാഘാതങ്ങൾ കാത്തിരുന്നു കാണാം. l
Comments