Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

പ്രബോധകന്റെ മനസ്സ്‌

സൈദലവി ടി.എന്‍ പുരം


 ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'പ്രബോധകന്റെ മനസ്സ് '(2023 ജനുവരി 27) എന്ന ലേഖനത്തില്‍, 'പ്രബോധക മനസ്സ് നിറയെ സ്‌നേഹവും കാരുണ്യവും സാഹോദര്യവും സൗഹൃദവും ഗുണകാംക്ഷയുമായിരിക്കും, വെറുപ്പോ വിദ്വേഷമോ ക്രൂരതയോ ആവുകയില്ല, പ്രകൃതി വിപത്തോ ദാരിദ്ര്യമോ മറ്റു അപകടങ്ങളോ അവരെ ബാധിക്കണമെന്ന് പ്രബോധകന്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല' എന്നെഴുതിക്കണ്ടു. പ്രബോധക മനസ്സ് ഗുണകാംക്ഷാ നിര്‍ഭരമായിരിക്കും എന്നര്‍ഥം. പ്രബോധകന്‍ അങ്ങനെ ആയിരിക്കും എന്നതിനെക്കാള്‍ ഉപരി പ്രബോധകനും വിശ്വാസിയും (ഓരോ വിശ്വാസിയും ഓരോ പ്രബോധകനാണല്ലോ) അങ്ങനെ ആയിരിക്കണം എന്നത് ഒരാള്‍ സത്യവിശ്വാസിയാവാനുള്ള നിര്‍ബന്ധ നിബന്ധനയല്ലേ? ഒരു നബിവചനമുണ്ട്: 'തനിക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്റെ സഹോദരനു വേണ്ടിയും ആഗ്രഹിക്കുന്നതു വരെ ഒരാളും വിശ്വാസിയാവുകയില്ല.' തനിക്ക് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ തന്റെ സഹോദരനും സ്വര്‍ഗത്തില്‍ പോകണമെന്നാഗ്രഹിച്ചേ പറ്റൂ എന്നര്‍ഥം. സ്വന്തം ഗുണം കാംക്ഷിക്കുന്നയാള്‍ തന്റെ സഹോദരന്റെയും ഗുണം കാംക്ഷിച്ചേ പറ്റൂ. ഇല്ലെങ്കില്‍ അവന്‍ സത്യവിശ്വാസിയായിട്ടില്ല.
തൗഹീദീ വിശ്വാസത്തിന്റെ ഉള്‍ക്കാമ്പും അനിവാര്യ താല്‍പര്യവുമാണത്. അങ്ങനെ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ തന്നെപ്പോലെ തന്റെ സഹോദരന്റെയും ഇഹപര നന്മക്ക് തന്നാലാവുന്നത് ചെയ്തുകൊണ്ടിരിക്കും. ഈ മര്‍മം വിശ്വാസികളെന്ന് അഭിമാനിക്കുന്ന എല്ലാവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ പിന്നെവിടെയാണ് വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനം? ഇന്ന് മതകീയ പ്രബോധന പരിപാടികള്‍ പോലും മത്സരരംഗമായി മാറിയപോലെ. തൗഹീദീ വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമായ, തന്നെപ്പോലെ തന്റെ സഹോദരനും പരലോകത്ത് രക്ഷപ്പെട്ട് കാണണമെന്ന ആത്മാര്‍ഥമായ ആഗ്രഹം മനസ്സിലുണ്ടെങ്കില്‍, പിന്നെ ഒരു ശതമാനം മാത്രമുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഒരു പക്ഷേ, തന്റെ സഹോദരന്റെ അഭിപ്രായമായിരിക്കാം ശരി, നമുക്കെല്ലാവര്‍ക്കും പരലോകത്ത് രക്ഷപ്പെടുകയാണല്ലോ വേണ്ടത് എന്ന ഉയര്‍ന്ന ചിന്തയോടെ, സൗഹാർദ മനസ്സോടെ അഭിപ്രായങ്ങള്‍ തമ്മില്‍ തമ്മില്‍ കേള്‍ക്കാന്‍ എന്തുകൊണ്ട് തയാറാവുന്നില്ല? 

 

ദുരന്തഭൂമിയിലും പ്രത്യാശ പകരുന്നവർ


പതിനായിരങ്ങളുടെ വിയോഗവും അതിലേറെ പേരുടെ ദുരിതവും വരുത്തിവെച്ച ഭൂചലനം തുർക്കിയയിലും സിറിയയിലുമാണ് ദുരന്തം വിതറിയതെങ്കിലും സ്വന്തം വീട്ടിൽ സംഭവിച്ചതെന്ന പോലെ ലോകം കൂടെ നിന്നപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട മാനവ സമൂഹത്തിൽ പ്രത്യാശയുടെ പെരുമഴ പെയ്ത അനുഭൂതി. പട്ടിണി രാജ്യങ്ങൾ പോലും അര മുറുക്കിക്കെട്ടി സഹായിക്കാനെത്തിയപ്പോൾ ലോകം ഒന്നാവുക തന്നെയായിരുന്നു . കായിക മേളകളും ആഘോഷങ്ങളും   പോലും ഇത്രമേൽ നമ്മെ ഒന്നിപ്പിക്കാറില്ല. പ്രത്യാശയുടെ പുതിയ ലോകക്രമത്തെക്കുറിച്ച എം.സി.എ നാസറിന്റെ ലേഖനം (ലക്കം 40 ) വരണ്ടുണങ്ങിയ മണ്ണിൽ കുളിർമഴ പെയ്ത അനുഭൂതിയോടെയാണ് വായിച്ചു തീർത്തത്. ഇല്ല, നൻമ വറ്റിയിട്ടില്ല; നമ്മൾ അതിജീവിക്കും.


പി.സി മുഹമ്മദ് കുട്ടി തിരുത്തിയാട്

 

സി.പി.എമ്മിന്റെ ഇസ്്ലാംവിരോധം 
പ്രച്ഛന്നവേഷത്തിൽ

ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നുവെന്ന അത്യന്തം അപകടകരമായ ശൈലിയാണ് കമ്യൂണിസ്റ്റുകാർ ദേശീയതലത്തിലും രാഷ്ട്രാന്തരീയ തലത്തിലും പുലർത്തിപ്പോന്നിട്ടുള്ളത്. വിമർശനങ്ങളും നിരൂപണങ്ങളും ആരോഗ്യകരമായ ശൈലിയിലാണെങ്കിൽ ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സ്‌ഫുടീകരണത്തിന് അത് ഉപകരിക്കും. ഈ അർഥത്തിലുള്ള വിമർശനങ്ങൾ സ്വാഗതാർഹവുമാണ്. എന്നാൽ, സി.പി.എം നടത്തുന്ന വിമർശനങ്ങൾ നീതിനിഷ്ഠ പുലർത്താത്തതും ബുദ്ധിപരമായ സത്യസന്ധത തീരെ ഇല്ലാത്തതുമാണ്.
ഭൂരിപക്ഷത്തിൽനിന്നാണ് ഭൂരിപക്ഷം രൂപപ്പെടുക. ആകയാൽ ഭൂരിപക്ഷ പ്രീണനാർഥം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വെറുപ്പും വിദ്വേഷവും വളർത്തലാണ്, എളുപ്പം രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഏറെ സഹായകരം എന്ന ചിന്താഗതി  സി.പി.എമ്മിനെ പിടികൂടിയിട്ട് കാലം കുറച്ചായി. അത് കൂടുതൽ സംക്രമിച്ച് മാരകവും ഭീകരവുമായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് സഖാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
വിശ്വമതമായ ഇസ്്ലാമിനെ നേർക്കുനേർ വിമർശിക്കുന്നതിനു പകരം ജമാഅത്തെ ഇസ്്ലാമിയെ നാട്ടകുറ്റിയാക്കി  യാതൊരു വിധ  തത്ത്വദീക്ഷയും പുലർത്താതെ നടത്തുന്ന വാചകമടികൾ വിമർശനം എന്ന പ്രയോഗത്തിന് പോലും അർഹമല്ലാത്ത വിധം ഹീനവും അസത്യജടിലവുമാണ്.
മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്്്ലാമിയെയും വസ്തുനിഷ്ഠമായി നിരൂപണം ചെയ്യാവുന്നതാണ്; അങ്ങനെ ചെയ്യേണ്ടതുമാണ്. ആർ.എസ്.എസിനെ  സ്വതന്ത്രമായും നിശിതമായും വിമർശിക്കാനുള്ള അധൈര്യം  കൊണ്ടാണ് സത്യസന്ധമല്ലാത്ത സമീകരണം നടത്തുന്നതെന്ന് നിഷ്പക്ഷ നിരീക്ഷകർക്ക് ബോധ്യമാവുന്നുണ്ട്. ആർ.എസ്.എസിന്റെ സായുധ പരിശീലന പരിപാടികൾ  വളരെ പരസ്യമാണ്. സർക്കാറുകളുടെ കൺവെട്ടത്ത്  ദശകങ്ങളായി നടന്നുവരുന്ന പരിപാടിയെ നിയന്ത്രിക്കാനോ നിരോധിക്കാനോ മാർക്സിസ്റ്റ് ഭരണത്തിനോ കോൺഗ്രസ് ഭരണത്തിനോ ധൈര്യമില്ല. പകരം ആർ.എസ്.എസിനെ, ഇത്തരം സായുധ പരിശീലന പരിപാടികൾ ഉൾപ്പെടെ പല സംഗതികളും  തീർത്തും വർജ്യമായി കരുതുന്ന ജമാഅത്തെ ഇസ്്ലാമിയോട് സമീകരിക്കുമ്പോൾ  ഫലത്തിൽ ആർ.എസ്.എസിനെ വിശുദ്ധ വൽക്കരിക്കാനാണ്  മാർക്സിസ്റ്റുകാർ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്.  നേർക്കുനേരെ ജമാഅത്തെ ഇസ്്ലാമിയെ വസ്തുനിഷ്ഠമായി സവിശദം  പഠനവിധേയമാക്കാനുള്ള ബുദ്ധിപരമായ സത്യസന്ധതയും ആർജവവും കാണിക്കാതെ വക്രബുദ്ധിയോടെ നടത്തുന്ന വിക്രിയകൾ അപഹാസ്യമാണ്.
ഹിന്ദുത്വ ദുഷ്ടശക്തികളെ സന്തോഷിപ്പിക്കാനും അതുവഴി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ സമാർജിക്കാനും നടത്തുന്ന ഈ കസർത്ത് എന്തുമാത്രം ഹീനവും അന്യായവുമാണെന്ന് ചിന്താശീലർക്ക് നന്നായി മനസ്സിലാകുന്നുണ്ട്.


പി.പി അബ്ദുർറഹ്്മാൻ പെരിങ്ങാടി

ശത്രുക്കളെ 
സന്തോഷിപ്പിക്കാതിരിക്കുക

കേരളത്തിൽ നിലവിലുള്ള മിക്ക മതസംഘടനകളുടെയും സ്വഭാവമായി മാറിയിരിക്കുന്നു ഇതര മതസംഘടനകളെ ഇകഴ്ത്തലും, അവർക്കെതിരിൽ വ്യാജാരോപണങ്ങൾ ഉന്നയിച്ച് ഇതര സമുദായങ്ങൾക്ക് മുന്നിൽ കരിതേച്ചു കാണിക്കലും, സഹകക്ഷികളെ താറടിച്ചുകാണിക്കലും.
ഇതരരെ സന്തോഷിപ്പിക്കാൻ  കൂടപ്പിറപ്പുകളെ ഒറ്റുകൊടുക്കുന്നതു വരെ എത്തിയിരിക്കുന്നു 'ദീനീ സേവനം.' അത്യധികം വിഷമമുണ്ട്, ദീൻ കാര്യം ദുനിയാവിനുവേണ്ടി വിൽക്കുന്നത് കാണുമ്പോൾ.
അബ്ദുല്ലത്വീഫ് കൊടുവള്ളി എഴുതിയ 'സംഘടനകൾ സമുദായത്തെക്കാൾ പ്രധാനമാകുമ്പോൾ' എന്ന ലേഖനം  (ലക്കം 3292) വായിച്ചപ്പോൾ മനസ്സിലേക്ക് വന്ന കാര്യങ്ങളാണ് മുകളിൽ കുറിച്ചത്.
അബ്ദുൽ മാലിക് മുടിക്കൽ

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്