Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

ഇസ്്ലാമിക പ്രസ്ഥാനങ്ങളുടെ ഭാവി

കെ.സി ജലീല്‍ പുളിക്കല്‍

അശ്‌റഫ് കീഴുപറമ്പ് എഴുതിയ '2022, വെല്ലുവിളികള്‍ക്ക് നടുവില്‍ ഇസ്്ലാമിക പ്രസ്ഥാനങ്ങള്‍' (ലക്കം: 34) വായിച്ചപ്പോഴുണ്ടായ അനുബന്ധ ചിന്തയാണിവിടെ കുറിക്കുന്നത്. ഓറിയന്റലിസ്റ്റുകളോടും സമാന ചിന്താഗതിക്കാരോടും 'ആ പൂതി മനസ്സില്‍ വെച്ചോ' എന്നേ പറയാനുള്ളൂ. യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിയാല്‍ ഇസ്്ലാമിക പ്രസ്ഥാനങ്ങള്‍ കൂറ്റന്‍ തിരമാലകള്‍ക്കിടയിലൂടെ ചാഞ്ഞും ചരിഞ്ഞും ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങുക തന്നെയാണെന്ന് കാണാം. ചിലപ്പോള്‍ തിരയടങ്ങിയെന്ന് കരുതി പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന പാറക്കെട്ടുകളെ കരയാണെന്ന് കരുതി അടുത്തെത്തി അബദ്ധം മനസ്സിലാക്കി പിന്നോട്ടെടുത്ത് പതുക്കെ മുന്നോട്ട് നീങ്ങുന്ന അനുഭവങ്ങളുമുണ്ട്.
ചിലപ്പോള്‍ കണക്കു കൂട്ടലുകള്‍ പിഴച്ച് പ്രസ്ഥാനങ്ങള്‍ വലിയ വില നല്‍കാനിടയായിട്ടുമുണ്ട്. ഹാഫിസുല്‍ അസദിന്റെ ഭരണകാലത്ത് സിറിയയില്‍ സംഭവിച്ചതുപോലെ ചതിക്കപ്പെട്ട സംഭവങ്ങള്‍ പലതുമുണ്ട്. ജമാല്‍ അബ്ദുന്നാസിറിന്റെ കൊലച്ചതി അതിലേറ്റവും വലുത്. സമാനതകളില്ലാത്ത ചതച്ചരക്കലില്‍നിന്ന് പുനരെഴുന്നേറ്റത് വിശ്വാസദാര്‍ഢ്യം കൊണ്ട് മാത്രം. അക്കാലത്ത് വിവിധ നാടുകളിലേക്ക് പലായനം ചെയ്തവര്‍ അവിടങ്ങളില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സാരമല്ല. ഇസ്്ലാമിക പ്രസ്ഥാനത്തിന് നിര്‍ണായക സ്വാധീനമുള്ള വിഭാഗങ്ങളെ അടര്‍ത്തിമാറ്റി പ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കാനും ചിലര്‍ക്ക് സാധിച്ചിട്ടുണ്ട്. പാകിസ്താനിലെ എം.ക്യു.എം നിലവില്‍വന്നത് ഉദാഹണം.
കേവല ഭൗതിക വീക്ഷണകോണിലൂടെയുള്ള വിലയിരുത്തലുകളാണ് ഇപ്പറഞ്ഞതത്രയും. പെട്ടെന്ന് പൊട്ടിമുളച്ച് പടര്‍ന്ന് പന്തലിച്ച് അതേ വേഗതയില്‍ വാടിത്തളര്‍ന്നു പോകുന്ന മുരടുറപ്പില്ലാത്ത ഭൗതിക പ്രസ്ഥാനങ്ങളെപ്പോലെയല്ലല്ലോ ദിവ്യദര്‍ശനമായ ഇസ്്ലാം. വേരുകള്‍ ആണ്ടിറങ്ങി കാണ്ഡം കരുത്താര്‍ജിച്ച് ശാഖോപ ശാഖകളായി പടര്‍ന്ന് പന്തലിച്ച് ഉത്തമ ഫലം നല്‍കുന്നവയായിത്തീരണമല്ലോ ഇസ്്ലാമിക പ്രസ്ഥാനങ്ങള്‍. മര്‍ദനങ്ങളേറ്റ് സഹികെട്ട ഖബ്ബാബ് (റ) പ്രവാചകനോട് വേവലാതിപ്പെട്ടപ്പോള്‍ ശാന്തിയും സമാധാനവും ക്ഷേമൈശ്വര്യങ്ങളുമൊത്തിണങ്ങിയ ലോകക്രമത്തിലേക്കാണ് നമ്മുടെ പ്രയാണമെന്നും ധൃതികൂട്ടിയിട്ട് കാര്യമില്ലെന്നുമാണ് പ്രവാചകന്‍ പ്രതികരിച്ചത്. അന്ത്യപ്രവാചകന്‍ നേരിട്ട് നേതൃത്വം നല്‍കിയ ഇസ്്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചാണ് ഇവിടെ പ്രവാചകന്‍ സൂചിപ്പിച്ചത്.
അതിന്റെ പരിണതി- രണ്ടാം ഘട്ടത്തിന്റെ ഉദയം; അതിന്റെ പരിണിതി. ഇതു സംബന്ധിച്ചും ദിവ്യസന്ദേശത്തിന്റെ വെളിച്ചത്തില്‍ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കമിതാണ്: പ്രവാചകന്റെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന ഇസ്്ലാമിക സാമൂഹിക വ്യവസ്ഥ ഉത്ഥാനപതനങ്ങളിലൂടെ നീങ്ങി അവസാനം നാമാവശേഷമാകും. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്കുള്ള പ്രയാണമാരംഭിക്കും. സുദീര്‍ഘവും സുശക്തവുമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഖിലാഫത്തുര്‍റാശിദ മാതൃകയില്‍ ഇസ്്ലാമിക സാമൂഹിക ക്രമം പുനഃസ്ഥാപിതമാകും. ഇതാണ് പ്രവചനത്തിന്റെ ചുരുക്കം.
പ്രവാചക പ്രവചനത്തെ അന്വര്‍ഥമാക്കുമാറ് ഇസ് ലാമിക സാമൂഹിക ക്രമം ബാഹ്യവും ആന്തരികവുമായ അടിയേറ്റ് വീണും എണീറ്റും അവസാനം കുരിശുയുദ്ധം ഏല്‍പിച്ച ഗുരുതര ആഘാതത്തില്‍നിന്ന് ഒരുവിധം എഴുന്നേറ്റ് നിന്നപ്പോഴാണ് കൊളോണിയല്‍ ശക്തികള്‍ കടന്നുവന്ന് തുര്‍ക്കിയയില്‍ അവശേഷിച്ചിരുന്ന ഖിലാഫത്തിന്റെ നാമമാത്ര തുരുത്തും ഉന്മൂലനം ചെയ്തത്. ഇനിയൊരിക്കലും ഇസ്്ലാമിക സാമൂഹിക വ്യവസ്ഥ തിരിച്ചുവരാതിരിക്കുമാറ് മുസ് ലിം രാഷ്ട്രങ്ങളെ അവർ തുണ്ടം തുണ്ടമാക്കി.
എന്നാല്‍, ദൈവേഛ മറ്റൊന്നായിരുന്നു. ഖിലാഫത്തിന്റെ ശേഷിപ്പിനെ ഉന്മൂലനം ചെയ്ത അതേ ഇരുപതാം നൂറ്റാണ്ടില്‍ തന്നെ ഖിലാഫത്തിന്റെ രണ്ടാമൂഴത്തിലേക്കുള്ള പ്രയാണത്തിന് ആരംഭം കുറിക്കാനുള്ള നവോത്ഥാന സംരംഭത്തിന്റെ തുടക്കവും നടക്കുകയായിരുന്നു. ഇസ്്ലാമിന്റെ പുനഃസ്ഥാപനം ലക്ഷ്യം വെച്ച് നവോത്ഥാന നായകന്മാരുടെ നേതൃത്വത്തില്‍ പ്രയാണമാരംഭിച്ച പ്രസ്ഥാനങ്ങളാണ് 'വെല്ലുവിളികള്‍ക്ക് നടുവിലൂടെ നീങ്ങുന്ന ഇസ്്ലാമിക പ്രസ്ഥാനങ്ങള്‍'. ഈ പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും ഏറെ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരും എന്നു തന്നെയാണ് കരുതേണ്ടത്.
ധൃതികൂട്ടുന്നവര്‍ പറയാറുള്ളത് 'അന്ത്യപ്രവാചകന്‍ ഹ്രസ്വകാലം കൊണ്ട് ഇസ്്ലാമിക സാമൂഹികക്രമം സ്ഥാപിച്ചില്ലേ' എന്നാണ്. പതിനാലര നൂറ്റാണ്ടുകള്‍ക്കപ്പുറം പ്രവാചകന്റെ മുമ്പിലുണ്ടായിരുന്ന ലോക ക്രമമല്ല ഇന്നത്തെ ഇസ്്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ളത്. ഇന്നത്തെ സ്വഭാവത്തിലുള്ള ദേശ രാഷ്ട്രങ്ങള്‍ അക്കാലത്തുണ്ടായിരുന്നില്ല. കരുത്തുറ്റ വന്‍ സൈനിക സജ്ജീകരണങ്ങളും വന്‍ ആയുധശേഖരവും ഇന്നത്തെ മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കുമുണ്ട്. ഭരണാധികാരികള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് ആരെയും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഏതായാലും ഇസ്്ലാമിക പ്രസ്ഥാനങ്ങള്‍ എല്ലാ പരീക്ഷണങ്ങളെയും തരണം ചെയ്ത് വിജയതീരമണയുമെന്ന് തന്നെ നാം പ്രതീക്ഷിക്കുന്നു. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്