Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

അനീതിയുടെ ലോകവും പുതുലോകവിഭാവനയിലെ ഇസ്‌ലാമിക വിദ്യാർഥിത്വവും

ടി.കെ മുഹമ്മദ് സഈദ്

എസ്.ഐ.ഒ  ഇരുപത്തിയൊന്നാമത്  പ്രവർത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കുന്നു. നിലവിലെ സവിശേഷ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ പുതിയ പ്രവര്‍ത്തന കാലയളവിലെ എസ്.ഐ.ഒ  കേരളയുടെ നയനിലപാടുകളും കർമപദ്ധതികളും വിശദീകരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.കെ മുഹമ്മദ് സഈദ്. 

ഇന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ഥി മുന്നേറ്റത്തിൽ അനല്‍പമായ പങ്കുവഹിച്ച വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.ഐ.ഒ പിന്നിട്ട വഴികളെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി കർമവീഥിയില്‍ എഴുന്നേറ്റുനിന്ന വിദ്യാര്‍ഥിചെറുപ്പം നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. നാഥന്റെ പ്രീതി മാത്രം ഉദ്ദേശിച്ച്, എല്ലാം അവനില്‍ സമര്‍പ്പിച്ച്,  ഇസ്‌ലാമിക അടിത്തറയില്‍നിന്നുകൊണ്ടുള്ള ഇടപെടലുകള്‍ നടത്തിയാണ് പ്രസ്ഥാനം മുന്നോട്ടു പോയത്. അനീതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയോടും ഭരണകൂട സംവിധാനങ്ങളോടും നിരന്തരം സമരം ചെയ്തും ഇസ്‌ലാമോഫോബിയയുടെയും ജാതീയതയുടെയും പൈശാചിക മുഖങ്ങളെ ചെറുത്തുനിന്നുമാണ് എസ്.ഐ.ഒ സാമൂഹികരംഗത്ത് നിലയുറപ്പിച്ചത്. 
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‌ലിം സമുദായം നേരിട്ട  വെല്ലുവിളികളെയും പരീക്ഷണങ്ങളെയും ആത്മീയമായും സാമൂഹികമായും രാഷ്ട്രീയമായും അഭിമുഖീകരിക്കുന്ന പ്രായോഗിക-ബൗദ്ധിക ഇടപെടലുകള്‍ എസ്.ഐ.ഒ നടത്തിയിട്ടുണ്ട്; വിശിഷ്യാ മണ്ഡല്‍വിരുദ്ധ പ്രക്ഷോഭ വേളയിലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഘട്ടങ്ങളിലും. സമുദായത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ഒരുപാട് മുന്നോട്ടു പോവാന്‍ എസ്.ഐ.ഒവിന് കഴിഞ്ഞു. പൗരത്വ പ്രക്ഷോഭാനന്തരം കൂടുതല്‍ സങ്കീര്‍ണമാകുന്ന മുസ്‌ലിം അതിജീവന രാഷ്ട്രീയത്തിന് കരുത്തുപകരുന്ന ഇടപെടലുകള്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം തുടരും.

അധീശ വിജ്ഞാനങ്ങളോടുള്ള എസ്.ഐ. ഒവിന്റെ വിമർശനങ്ങളും ഇടപെടലുകളും ശ്രദ്ധേയമാണല്ലോ. ഈ കാലയളവിലെ മുഖ്യ ഊന്നലുകൾ എന്തെല്ലാമായിരിക്കും?

ലോകത്ത് ആധിപത്യം പുലർത്തുന്ന വിജ്ഞാനങ്ങളോടും വ്യത്യസ്ത ചിന്താ പദ്ധതികളോടും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അടിത്തറയിൽനിന്നുകൊണ്ട് ഇടപെടലുകൾ നടത്തുക എന്നത് വളരെ പ്രധാനമാണ്. അവയെ പുനർനിർമിക്കാനും പുതിയ ജ്ഞാനോൽപാദനങ്ങൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണത്. സമകാലിക സന്ദർഭത്തിൽ 'ഇസ്‌ലാമികം' എന്ന വ്യവഹാരത്തെ സ്ഥാപിക്കുകയും സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള   പ്രവർത്തനങ്ങളുമായി എസ്.ഐ.ഒ മുന്നോട്ടു പോകും. ഒരു ഇസ്്ലാമിക് നോളേജ് ഫെസ്റ്റ്‌ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
ഇന്ത്യയിലെ മുസ്‌ലിം പ്രശ്നത്തെ കൃത്യതയോടെ മനസ്സിലാക്കുന്നതിനും നിര്‍വചിക്കുന്നതിനുമുള്ള സങ്കേതം എന്ന നിലയില്‍ ഇസ്‌ലാമോഫോബിയ എന്ന വ്യവഹാരത്തെ കൂടുതല്‍ വികസിപ്പിക്കുന്ന വൈജ്ഞാനിക ഇടപെടലുകള്‍ പ്രധാന പരിഗണനയിലൊന്നാണ്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ  വൈവിധ്യങ്ങളെയും സവിശേഷതകളെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ ഭാഷ വികസിപ്പിക്കാനുതകുന്ന ഇടപെടലുകളും മുഖ്യമാണെന്ന് എസ്.ഐ.ഒ കരുതുന്നു. പൗരത്വം നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായമെന്ന നിലയിൽ ഭരണകൂടത്തോടും മുഖ്യധാരാ രാഷ്ട്രീയ ധാരകളോടുമുള്ള സംവാദത്തിനും ഇടപെടലിനും വേണ്ട സങ്കേതങ്ങളും വികസിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്.
ഉസ്മാനീ ഖിലാഫത്തിന്റെ പതനത്തിന് നൂറു വര്‍ഷം പൂര്‍ത്തിയാവുന്ന സന്ദര്‍ഭമാണ് കടന്നുവരുന്നത്. ഖിലാഫത്തിന്റെ  പതനം രാഷ്ട്രീയ അധികാരത്തിലെ മാറ്റം എന്നതോടൊപ്പം ജ്ഞാനാധികാരത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്ന് ഇസ്‌ലാമിനെ പുറംതള്ളുന്ന പ്രക്രിയ കൂടിയായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഇസ്‌ലാമിക രാഷ്ട്രീയം എന്ന വ്യവഹാരത്തിന്റെ വംശാവലി സവിശേഷമായി പഠനവിധേയമാക്കാന്‍ എസ്.ഐ.ഒ ഈ കാലയളവിൽ ശ്രദ്ധചെലുത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍, ഈ മേഖലയിലെ ഇജ്തിഹാദുകള്‍, ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്നുള്ള  ഇടര്‍ച്ചകളും തുടര്‍ച്ചകളും, ഇന്ത്യയിലെ ഇസ്‌ലാമിക രാഷ്ട്രീയം എന്ന വ്യവഹാരത്തിന്റെ സാധ്യതകള്‍, പരിമിതികള്‍, അതിന്റെ ഭാഷ തുടങ്ങിയവ  വിശകലന വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍  മുഖ്യ ഊന്നലുകളിൽ പെട്ടതാണ്. ഒപ്പം എസ്.ഐ.ഒവിന്റെ സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തെ വ്യത്യസ്ത അക്കാദമിക ചര്‍ച്ചകളുടെ കേന്ദ്രമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി, എസ്.ഇ.ആര്‍ തുടങ്ങിയ സംവിധാനങ്ങളെ  അതിനായി ഉപയോഗപ്പെടുത്തും.

ആൾക്കൂട്ടങ്ങളും ഭരണകൂടങ്ങളും എല്ലാ അർഥത്തിലും മുസ്‌ലിം സമുദായത്തിന് നേരെ അക്രമമഴിച്ചുവിടുമ്പോൾ ഈ സമുദായത്തിന്റെ അതിജീവനത്തെ എങ്ങനെയാണ് എസ്.ഐ.ഒ നോക്കിക്കാണുന്നത്?

സവിശേഷമായ സാമൂഹിക-രാഷ്ട്രീയ സന്ദർഭങ്ങളിലൂടെയാണ് ഇന്ത്യയിലെ മുസ്്ലിം സമുദായം കടന്നുപോകുന്നത്. 
ഈ സാഹചര്യത്തിൽ മുസ്്ലിം ഉമ്മത്തിന്റെ ശാക്തീകരണവും അതിജീവനവും മറ്റേത് മുസ്‌ലിം കൂട്ടായ്മയെപ്പോലെ ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനത്തിന്റെയും ബാധ്യതയാണ്.
പ്രതിരോധവും അതിജീവനവും കേന്ദ്രമാവുന്ന ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തുക പ്രധാനമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലൂടെ രൂപപ്പെട്ട പുതിയ സമര ഭാഷയും വിസമ്മതത്തിന്റെ രീതിശാസ്ത്രങ്ങളും ഈ മാർഗത്തിൽ മുസ്‌ലിം ഉമ്മത്തിന് കരുത്താകേണ്ടതുണ്ട്. ഇന്ത്യൻ മുസ്്ലിംകളുടെ അതിജീവനം ബഹുമുഖ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വലിയ പദ്ധതിയാണ്. പല മാനങ്ങളുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ അതിനായി എസ്.ഐ.ഒ ആവിഷ്കരിക്കും. മുസ്്ലിം പ്രശ്നങ്ങൾ കൂടുതൽ കൃത്യതയോടെയും കരുത്തോടെയും തെരുവുകളിൽ ഉയർത്താൻ തന്നെയാണ് തീരുമാനം.
മുസ്്ലിം ഉമ്മത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പുരോഗതി (Resource Development) ലക്ഷ്യം വെച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക എന്നതും ഏറെ പ്രധാനമാണ്.
ഹിന്ദുത്വ ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ മറ്റു സമുദായങ്ങളുടെ പങ്കും ഏറെ ആവശ്യമായതിനാൽ, അവരുടെ കൂടി സജീവ പങ്കാളിത്തമുള്ള പരിപാടികൾ നാം ആസൂത്രണം ചെയ്യും. പ്രതീക്ഷയെക്കുറിച്ച ദൈവിക പാഠങ്ങൾ ഈ യാത്രയിൽ എസ്.ഐ.ഒവിന്റെ ചുവടുകളെ കൂടുതൽ ചടുലമാക്കും.

കേരളത്തിലെ വ്യത്യസ്ത   സമുദായങ്ങൾക്കിടയിൽ ഇസ്്ലാമോഫോബിയ വർധിക്കുന്ന സാഹചര്യത്തിൽ സഹോദര സമുദായങ്ങളോടുള്ള ബന്ധത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

കേരളത്തിന്റെ സാമൂഹികതയെ വിശകലനം ചെയ്യുമ്പോൾ വ്യത്യസ്ത സമുദായങ്ങളുടെ രൂപവത്കരണവും ഇടപെടലുകളും വളരെ പ്രധാനപ്പെട്ട വിഷയം തന്നെയാണ്.  ജാതി, മതം, പ്രദേശം തുടങ്ങിയ പല വർഗീകരണങ്ങളെ കേന്ദ്രീകരിച്ച് നടന്ന സമുദായ രൂപവത്കരണങ്ങൾ ആധുനിക കേരളത്തിന്റെ സവിശേഷതയാണ്. സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനമെന്ന നിലയിൽ ഇതര സമുദായങ്ങളോട് സംവാദാത്മകമായ ബന്ധം സ്ഥാപിക്കുകയും അതിനു വേണ്ട ഭാഷ രൂപപ്പെടുത്തുകയും ചെയ്യുക പ്രധാനമാണ്. വ്യത്യസ്ത മതവിഭാഗങ്ങളോടും ജാതിസമുദായങ്ങളോടും നീതി, വിമോചനം തുടങ്ങിയ സാമൂഹിക പ്രമേയങ്ങൾ കേന്ദ്രീകരിച്ച് മതാന്തര സംവാദ മണ്ഡലം തുറക്കുകയും അവയെ സാമൂഹിക ഐക്യദാർഢ്യങ്ങളിലേക്ക് വിപുലപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ എസ്.ഐ.ഒ  ആവിഷ്കരിക്കും. തീരദേശം പോലുള്ള പ്രദേശങ്ങളെയും മറ്റും ആസ്പദമാക്കി സമുദായങ്ങളെയും ജനതകളെയും സവിശേഷമായി അഭിമുഖീകരിക്കുക എന്നതും ഇതിൽ പ്രധാനമാണ്.

ആത്മീയ പുരോഗതിക്കും ആത്മസംസ്കരണത്തിനും നിരന്തരം പരിശ്രമിക്കുന്നവരായി  പ്രവര്‍ത്തകരെ സജ്ജമാക്കും എന്നാണല്ലോ എസ്.ഐ.ഒവിന്റെ ദേശീയ നയം. ആ അര്‍ഥത്തില്‍ വിദ്യാര്‍ഥിചെറുപ്പത്തെ എങ്ങനെ സമീപിക്കാനാണ് കേരള ഘടകം തീരുമാനിച്ചിരിക്കുന്നത്?

ഇഹലോക ജീവിതത്തിലെ തന്റെ ഓരോ നിമിഷത്തെയും നിരന്തരം വിചാരണ നടത്തുന്ന സംസ്കാരം വ്യക്തിയുടെ ജീവിതത്തിൽ രൂപപ്പെടുത്താൻ കഴിയുന്ന  പ്രവർത്തനങ്ങൾ  എസ്.ഐ.ഒ ഈ കാലയളവിൽ ഉദ്ദേശിക്കുന്നുണ്ട്. മുഹാസബ എന്നാണ് ആത്മവിചാരണയെ മുൻഗാമികൾ പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ മുഴുവൻ കാര്യങ്ങളുടെയും സൂക്ഷ്മമായ വിശകലനവും അതിനെ തുടർന്ന് രൂപപ്പെടുന്ന ക്രമീകരണവുമാണ് മുഹാസബ. ജീവിതത്തിന്റെ  കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുക വിശ്വാസിക്ക് എപ്പോഴും ഗുണകരമാണ്. 

ആധുനിക ലിബറൽ ജീവിതാവബോധങ്ങൾ വിദ്യാർഥി സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന ഈ കാലത്ത് എസ്.ഐ.ഒ വിന്റെ പദ്ധതികൾ എന്തെല്ലാമാണ്?

ആധുനിക ലിബറൽ സങ്കൽപങ്ങളോടും ജീവിതാവബോധങ്ങളോടും നിരന്തരം  ഇടപെടുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുള്ള വിദ്യാർഥി സംഘമാണ് എസ്.ഐ.ഒ. അത് തുടരാൻ തന്നെയാണ് തീരുമാനം. ഈ കാലയളവിൽ ആധുനിക ലിബറൽ സങ്കൽപങ്ങളോടും ജീവിത വീക്ഷണങ്ങളോടുമുള്ള വിമർശനാത്മക സമീപനം രൂപപ്പെടുത്തുകയും ഇസ്്ലാമിക നൈതികതയുടെ (അഖ്ലാഖ്) പ്രചാരണം സാധ്യമാക്കുകയും ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്.
ഇസ്്ലാമിനെ സംബന്ധിച്ചേടത്തോളം വഹ്‌യ് (ദിവ്യബോധനം) ആണ് വിജ്ഞാനത്തിന്റെ പ്രഥമ സ്രോതസ്സ്. നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമെല്ലാമുള്ള കാഴ്ചപ്പാടുകൾ ഇസ്‌ലാം രൂപപ്പെടുത്തുന്നത് വഹ്‌യിനെ മുൻനിർത്തിയാണ്. അല്ലാഹുവിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതോടെ നൈതികതയെ നിർണയിക്കുന്ന ആത്യന്തിക ശക്തി അവനായിത്തീരുന്നു. അല്ലാഹുവിങ്കൽ സ്വീകാര്യമായ ഏക ജീവിതമാർഗം ഇസ്‌ലാമാണെന്നിരിക്കെ അതിലേക്കുള്ള സമ്പൂർണമായ പ്രവേശനമാണ് ഇഹലോകത്തും പരലോകത്തും  വിജയം നൽകുന്നത്.
ഇസ്‌ലാമിക നൈതികതയെക്കുറിച്ച സംസാരം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അല്ലാഹുവിന് മാത്രമുള്ള വിധേയപ്പെടൽ മറ്റെല്ലാ അധികാരങ്ങളിൽനിന്നുമുള്ള വിടുതലാണ്. അത് അധർമത്തോടുള്ള അമർഷവും അധർമിയോടുള്ള ഗുണകാംക്ഷയുമാണ്. പ്രവർത്തകരിൽ ഇസ്‌ലാമിക നൈതികതയെക്കുറിച്ച അത്തരത്തിലുള്ള അവബോധം സൃഷ്ടിക്കും.

കാമ്പസുകളിൽ ഇസ്്ലാമിക സംഘാടനം സാധ്യമാക്കിയ നീണ്ട ചരിത്രമുള്ള പ്രസ്ഥാനമാണല്ലോ എസ്. ഐ.ഒ. പുതിയ കാലത്ത് കാമ്പസ് വിദ്യാർഥികളെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്?

കാമ്പസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ സവിശേഷമായി അഭിമുഖീകരിക്കുന്ന വ്യത്യസ്ത പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ വ്യക്തിസംസ്‌കരണവും വൈജ്ഞാനിക പുരോഗതിയും സാധ്യമാക്കുന്ന പ്രവര്‍ത്തന സംസ്‌കാരം ഇനിയും വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നു.
വിവിധ ചിന്താപദ്ധതികളോട് ഇസ്‌ലാമിക അടിത്തറയില്‍ സംവാദം സാധ്യമാക്കുന്ന ഇടപെടലുകളും  കാമ്പസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. പ്രഫഷനല്‍ വിദ്യാർഥികളെ സവിശേഷമായി അഭിമുഖീകരിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനം എന്ന നിലയിൽ എസ്.ഐ.ഒവിന് പ്രാദേശിക തലങ്ങളിലെ സംഘാടന സാധ്യതകൾ എത്രത്തോളമാണ്?

പ്രാദേശിക സംഘാടനം എസ്.ഐ.ഒ പ്രവർത്തനങ്ങളുടെ പ്രധാന മേഖലകളിൽ ഒന്നാണ്. എസ്.ഐ.ഒവിന്റെ തന്നെ പ്രാദേശിക യൂനിറ്റുകൾ, ഹൈസ്‌കൂൾ വിദ്യാർഥികൾ, പള്ളി-മദ്റസ-മഹല്ല് സംവിധാനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് തസ്‌കിയ പരിപാടികൾ, വൈജ്ഞാനിക ചർച്ചകൾ, സാമൂഹിക ഇടപെടലുകൾ, സേവന-കലാ-കായിക പ്രവർത്തനങ്ങൾ തുടങ്ങി ബഹുമുഖ പ്രവർത്തനങ്ങൾക്ക് സാധ്യതകളുണ്ട്.
ഏതൊരു വിദ്യാർഥിക്കും തന്റെ കഴിവുകൾ സാമൂഹിക നന്മക്കായി വിനിയോഗിക്കാനും, ഇസ്്ലാമിക പ്രതിനിധാനം നിർവഹിക്കാനും കഴിയുന്ന ഇടങ്ങളായി എസ്.ഐ.ഒവിന്റെ പ്രാദേശിക യൂനിറ്റുകളെ മാറ്റാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് പുതിയ കാലയളവിൽ ആലോചിക്കുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്