Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

ഇ.എൻ മുഹമ്മദ് മൗലവി അറിവിന്റെ ഉപാസകൻ

അബ്ദുർറഹ്്മാൻ ചെറുവാടി

കരുണാമയനായ അല്ലാഹുവിന്റെ വിളി കേട്ട് 2023 ഫെബ്രുവരി 25-ന് രാവിലെ ഏഴു മണിക്ക് ഞങ്ങളുടെ പ്രിയ സഹോദരൻ ഇ.എൻ മുഹമ്മദ് മൗലവി യാത്രയായി, ഇന്നാ ലില്ലാഹി ... പ്രഭാതകർമങ്ങൾ തീർത്ത് വുദൂവെടുത്ത് വന്ന അദ്ദേഹത്തിന് തളർച്ച ഉണ്ടായതിനെ തുടർന്ന് അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വൈകാതെ അന്ത്യം സംഭവിക്കുകയായിരുന്നു.
അറബി, ഉർദു, പേർഷ്യൻ ഭാഷകളിൽ നല്ല പരിജ്ഞാനമുണ്ടായിരുന്നു മൗലവിക്ക്. ഹദീസ്, ഖുർആൻ, ഫിഖ്‌ഹ്, അവയുടെ നിദാനശാസ്ത്രങ്ങൾ, തത്ത്വശാസ്ത്രം, തസ്വവ്വുഫ് തുടങ്ങിയ വിവിധ വിഷയങ്ങളിലും ആഴത്തിൽ അറിവുള്ള പണ്ഡിതനായിരുന്നു. 1944-ൽ ജനിച്ച മൗലവി ചെറുവാടി നുസ്വ്്റത്തുദ്ദീൻ മദ്റസയിൽനിന്നാണ് ദീനീ പഠനം ആരംഭിക്കുന്നത്. ശേഷം പിതാവ് ഏഴിമല അഹ്്മദ് മുസ്‌ലിയാരുടെ  ശിഷ്യത്വത്തിൽ നാലു വർഷക്കാലം പറപ്പൂർ പള്ളി ദർസിൽ. അതോടെ ദീനീ വിജ്ഞാന ചക്രവാളം അദ്ദേഹത്തിന് മുമ്പിൽ മലർക്കെ തുറക്കപ്പെട്ടു. പൂനൂർ കോളിക്കൽ, കുറ്റിക്കാട്ടൂർ, ഓമച്ചപ്പുഴ, പൊന്നാനി തുടങ്ങിയ വിവിധ പള്ളിദർസുകളിൽ തുടർപഠനം.
തലക്കടത്തൂർ മദ്റസതുൽ ഫലാഹിലെ നെല്ലിക്കുത്ത് ബാവ എന്ന മുഹ്‌യുദ്ദീൻ മുസ്്ലിയാരാണ് ദയൂബന്ദിൽ ചേരാൻ വേണ്ട ശഹാദയും മറ്റും നൽകി സഹായിച്ചത്.
ദയൂബന്ദിലെ ഹദീസ് വിഭാഗത്തിൽ ഉപരിപഠനം നടത്തിയ മൗലവി ദൗറയിൽ ഒന്നാം സ്ഥാനവും ശൈഖുൽ ഹദീസിന്റെ പ്രശംസാപത്രവും നേടിയാണ് വിജയിച്ചത്. എ.പി വിഭാഗം സുന്നീ പണ്ഡിതന്മാരിൽ പ്രമുഖനായിരുന്ന നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്്ലിയാർ അന്നവിടെ മൗലവിയുടെ സതീർഥ്യനായിരുന്നു. തുടർന്ന് കുറച്ചു കാലം ലഖ്നൗവിലെ ദാറുൽ ഉലൂം നദ്‌വയിലും പഠനം നടത്തുകയുണ്ടായി.
പഠനാനന്തരം പട്ടിക്കാട് ജാമിഅ നൂരിയ്യയിലാണ് സഹോദരൻ ആദ്യമായി അധ്യാപകനാവുന്നത്. ഏതാനും മാസങ്ങൾ കൊണ്ട് തന്നെ അതവസാനിക്കുകയും ചെയ്തു. ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്്ലിയാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു കാരണം. പിന്നീട് ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളിയിൽ മുദർരിസായി. ദയൂബന്ദിൽ വെച്ചു തന്നെ പുരോഗമന ചിന്തയും ജമാഅത്ത് അനുഭാവവും ഉണ്ടായിരുന്ന മൗലവി നാട്ടിലെ ചെറുപ്പക്കാരെ ആകർഷിച്ചു. പള്ളിയിൽ സ്ഥിരമായി നടന്നുവന്നിരുന്ന മൗലൂദ്, കുത്ബിയ്യത്ത് തുടങ്ങിയ ബിദഈ ചടങ്ങുകളിൽനിന്ന് അക്കാലത്ത് തന്നെ അദ്ദേഹം അകലം പാലിച്ചിരുന്നു. ബിദ്അത്തുകൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. 
ഒരിക്കൽ ഗൾഫിൽനിന്ന് വന്നപ്പോൾ ഒരു അറബിത്തട്ടം നൽകിക്കൊണ്ട് ഞാൻ പറഞ്ഞു: "ഖുത്വ്്ബ നടത്തുമ്പോൾ ഉപയോഗിക്കാം." "അതൊക്കെ പുരോഹിതന്മാർ കൈയടക്കി ബിദ്അത്തിന്റെ ആയുധങ്ങളാക്കിയിരിക്കുന്നു; അതിനാൽ ഞാനത് ഇഷ്ടപ്പെടുന്നില്ല" എന്നു പറഞ്ഞ് ഗത്റ എനിക്കു തന്നെ മടക്കിത്തന്നു. ഒരു സാദാ ടവ്വലും തലയിലിട്ട് നടക്കുന്ന ആ പതിവിനു പോലും അത്തരമൊരു മാനമുണ്ടായിരുന്നുവെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. അദ്ദേഹം പേരിന്റെ കൂടെ ഖാസിമി എന്നോ മൗലവി എന്നു പോലുമോ ഒരിക്കലും എഴുതുമായിരുന്നില്ല. എഴുത്തുകുത്തുകളിൽ ഇ. എൻ മുഹമ്മദ് എന്നെഴുതി അറബിയിൽ മുഹമ്മദെന്ന് ഒപ്പിടുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. നമസ്കാരാനന്തരമുള്ള കൂട്ടു പ്രാർഥന, ഗാഇബായ മയ്യിത്തിനു വേണ്ടിയുള്ള നമസ്കാരം തുടങ്ങിയ വിഷയങ്ങളിൽ സ്ഥലം ഖാദി മമ്മത് മുസ്്ലിയാരുമായുണ്ടായ വീക്ഷണ വ്യത്യാസങ്ങൾ തർക്കത്തിലേക്കും വാദപ്രതിവാദത്തിന്റെ വക്കിലേക്കുമെത്തിയെങ്കിലും ഖാദിയെ മധ്യസ്ഥന്മാർ  പിന്തിരിപ്പിച്ചതിനാൽ നടക്കുകയുണ്ടായില്ല.
ഈ പശ്ചാത്തലത്തിൽ അന്നത്തെ വിശാലമായ ചെറുവാടി ചന്തപ്പറമ്പിൽ ഒരു മഹാസമ്മേളനം നടന്നു. വിദ്യുത് ദീപാലംകൃതമായി ചെറുവാടിയിൽ നടന്ന ആദ്യ സമ്മേളനം. ദർസ് വിദ്യാർഥികളുടെ സംഘടനയായ ജംഇയ്യത്തുത്ത്വലബായുടെ പേരിലായിരുന്നു പരിപാടിയെങ്കിലും യഥാർഥത്തിൽ അത് പുതിയ പ്രവണതക്കെതിരെയുള്ള പടയൊരുക്കമായിരുന്നു. മലയിൽക്കാരൻ ബീരാൻകുട്ടി മുസ്്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ മുഖ്യ പ്രസംഗകൻ ഉള്ളാൾ തങ്ങളായിരുന്നു. ഞങ്ങളുടെ പിതാവ് ഏഴിമല അഹ്്മദ് മുസ്്ലിയാരും മറ്റു ചില പണ്ഡിതന്മാരും സ്റ്റേജിലുണ്ടായിരുന്നു.
വഹ്‌ഹാബികളും മൗദൂദികളും കാഫിറാണെന്നും അവർ കാഫിറാണോയെന്ന് സംശയിക്കുന്നവരും കാഫിറാണെന്നുമായിരുന്നു ഉള്ളാൾ തങ്ങളുടെ തിട്ടൂരം! അതു പക്ഷേ, സമ്മേളന ശേഷം നടന്ന സദ്യവട്ടത്തിൽ തന്നെ പൊടിഞ്ഞു പോയി. മലയിൽക്കാരൻ ബീരാൻകുട്ടി മുസ്്ലിയാർ അങ്ങനെ പറയാൻ തെളിവില്ലെന്നും പൊതു സമൂഹത്തിൽ അത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് അഭികാമ്യമല്ലെന്നും പറഞ്ഞതിനോട് ഞങ്ങളുടെ വന്ദ്യ പിതാവും അനുകൂലിച്ചു.  അതോടെ ഉള്ളാൾ തങ്ങൾക്ക് മിണ്ടാട്ടം മുട്ടി എന്നാണ് അന്നത്തെ ദൃക്സാക്ഷികളുടെ വിവരണം.
മൗലവിയുടെ പുരോഗമന കാഴ്ചപ്പാടിന് അനുകൂലമായ പശ്ചാത്തലം ഉമ്മയുടെ കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നു. പ്രമുഖ മുജാഹിദ് പണ്ഡിതനായ എം.ടി അബ്ദുർറഹ്്മാൻ മൗലവി അമ്മാവനായിരുന്നു. യാഥാസ്ഥിതിക പക്ഷവും ഉൽപതിഷ്ണുക്കളും തമ്മിൽ സജീവ ചർച്ചകൾ നടക്കുന്ന കാലവുമായിരുന്നു അത്. സ്വാഭാവികമായും അന്വേഷണാത്മകമായ ഒരു സമീപനം  ദീനീ പഠനത്തിലുണ്ടാവാൻ ഇത് കാരണമായിട്ടുണ്ടാവും. സാമാന്യത്തിലധികം ദീനീ വിജ്ഞാനം നേടിയിരുന്ന മാതാവിന്റെ നിഷ്പക്ഷ നിലപാടും വലിയൊരളവ് അദ്ദേഹത്തിന് സഹായകമായി. കൂടാതെ മാതൃസഹോദരീ ഭർത്താവായിരുന്ന കെ. മൊയ്തു മൗലവി (വാണിമേൽ) അന്ന് വാഴക്കാട് ദാറുൽ ഉലൂമിൽ വിദ്യാർഥിയായിരുന്നു. നേരിട്ടല്ലെങ്കിലും ഉർദു പഠിക്കാൻ പ്രോത്സാഹനം നൽകിയും മറ്റും സഹോദരനിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിനും സാധിച്ചിരുന്നു.
പിന്നീട് അദ്ദേഹം ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ഐ.എസ്.സി എറിയാട്, ഐ.എസ്.ടി പടന്ന, ഇസ്്ലാഹിയാ കോളേജ് ചേന്ദമംഗല്ലൂർ, ദഅ്്വ കോളേജ് വെള്ളിമാടുകുന്ന്, അൽജാമിഅ അൽഇസ്്ലാമിയ്യ ശാന്തപുരം, ഇസ്‌ലാമിയാ കോളേജ് തളിക്കുളം, ആലിയ അറബിക്കോളേജ് കാസർകോട്, ഐനുൽ മആരിഫ് കണ്ണൂർ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി. ഒപ്പം തന്നെ ധാരാളം പള്ളികളിൽ ഖത്വീബായും സേവനമനുഷ്ഠിക്കുകയുണ്ടായി. ആയിരക്കണക്കായ ശിഷ്യസമ്പത്തിനുടമയായ അദ്ദേഹം അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുക മാത്രമല്ല, വിഷയത്തെ കുറിച്ച അധിക വായനക്ക് പറ്റിയ റഫറൻസുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. സ്വയം അന്വേഷിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നതായിരുന്നു ഈ നിലപാട്.
പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ കമ്പം വല്ലാത്തതായിരുന്നു. അദ്ദേഹം എപ്പോഴൊക്കെയാണ് വായിച്ചിരുന്നത് എന്നതിനെക്കാൾ വായിക്കാത്ത സമയം ഏതായിരുന്നു എന്ന് അന്വേഷിക്കലാവും എളുപ്പം. ഇശാ-മഗ്്രിബിനിടക്കുള്ള സമയം  ഖുർആനുമായുള്ള സഹവാസമായിരുന്നു. വായനയിൽ ഖുർആനും ഹദീസും വിവിധ വിജ്ഞാനീയങ്ങളും സാഹിത്യ കൃതികളും ആനുകാലികങ്ങളുമൊക്കെ ഉൾപ്പെട്ടിരുന്നു. പക്ഷേ, രചനാ രംഗത്തേക്ക് കടന്നുവരാൻ എന്തുകൊണ്ടോ അദ്ദേഹം മടിച്ചു. ഖുർആൻ കഥകൾ എന്ന പേരിൽ അബൂസലീം അബ്ദുൽ ഹയ്യിന്റെ ഒരു ഉർദു പുസ്തകം വിവർത്തനം ചെയ്തതാണ് ഏക അപവാദം. രചനക്ക് പ്രേരിപ്പിക്കുന്ന ധാരാളം ചർച്ചകൾ കുടുംബത്തിൽ നടന്നിരുന്നെങ്കിലും അത് വിജയിക്കുകയുണ്ടായില്ല.
പ്രാസ്ഥാനിക ജീവിതം
ചെറുവാടിയിൽ അനൗദ്യോഗികമായി 1962 മുതൽ തന്നെ ജമാഅത്തെ ഇസ്്ലാമിയുടെ പ്രവർത്തനമുണ്ട്. തോട്ടക്കുത്ത് കുട്ട്യാമു സാഹിബിന്റെ വീട്ടിൽ വെച്ച് നടന്നിരുന്ന ഖുർആൻ പഠനത്തിന് അക്കാലത്ത് നേതൃത്വം നൽകിയിരുന്നത് ചേന്ദമംഗല്ലൂരിൽനിന്നുള്ള പണ്ഡിതരായിരുന്നു. കെ.ടി മുഹമ്മദ് മൗലവി, ചിറ്റടി മൊയ്തീൻ മൗലവി തുടങ്ങിയവർ അതിനായി ആഴ്ച തോറും വന്നുകൊണ്ടിരുന്നു. 1963-ൽ പഠനവേദി കുട്ട്യാമു സാഹിബിന്റെ തന്നെ പീടിക മുകളിലേക്ക് മാറുകയും സ്റ്റഡിസർക്കിൾ രൂപവത്കരിക്കുകയും ചെയ്തു. 1967-ലാണ് മുത്തഫിഖ് ഹൽഖ നിലവിൽ വരുന്നത്. കെ.സി കുഞ്ഞോക്കു നാസിമും യു.ടി മുഹമ്മദ് സെക്രട്ടറിയുമായി. മൗലവി പ്രസ്ഥാന രംഗത്ത് നാട്ടിൽ സജീവമാകുന്നത് എഴുപതുകളിലാണ്. അതു വരെ അധ്യാപനം നടത്തുന്നേടത്ത് തന്നെയായിരുന്നു പ്രവർത്തനം. കൊടിയത്തൂർ ഇസ്്ലാമിക്  സ്റ്റഡി സർക്കിൾ ഇക്കാലത്താണ് രുപവത്കൃതമാവുന്നത്. അതിന് നേതൃതല പങ്കുവഹിച്ചവരിൽ മൗലവിയുമുണ്ടായിരുന്നു. പ്രവർത്തകരുടെ പ്രസംഗ പരിശീലനം, വൈജ്ഞാനിക പോഷണം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് സ്റ്റഡി സർക്കിൾ കാഴ്ചവെച്ചത്.  പരേതനായ കൊടിയത്തൂർ അഹ്്മദ് മാസ്റ്റർ മുഖ്യ കാര്യദർശിയായി പലിശ രഹിത നിധിയും, നിക്ഷേപ വളർച്ചക്കു വേണ്ടി ഒരു പലചരക്കു കടയും ഇതിനു കീഴിൽ വളരെക്കാലം പ്രവർത്തിച്ചിരുന്നു. നൂറുകണക്കായ ആളുകൾക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. കൊടിയത്തൂർ ഏരിയയിലെ ആദ്യത്തെ ജമാഅത്ത് റുക്നും മൗലവിയായിരുന്നു എന്നാണറിവ്.
പ്രസ്ഥാന വഴിയിൽ മൗലവിക്ക് വലിയ ത്യാഗങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. വീട് വിൽക്കുകയും മടങ്ങിവരാതെ വിവാഹം കഴിപ്പിക്കില്ലെന്ന് പിതാവ് നിലപാടെടുക്കുകയുമൊക്കെ ചെയ്തപ്പോഴും തന്റെ ബോധ്യങ്ങളിൽ ഉറച്ചുനിന്നു. പിന്നീട് അന്നത്തെ കാരണവന്മാരായിരുന്ന ചെക്കിട്ടു പുറത്ത് കുഞ്ഞഹമ്മദാജിയും തറമ്മൽ മൊയ്തീൻ ഹാജിയും ഇടപെട്ട് ഞങ്ങളുടെ അമ്മാവൻ എം.ടി അഹ്്മദ് കുട്ടി മൗലവിയുടെ മകളെ വിവാഹം ചെയ്യാനുള്ള സമ്മതം നേടിയെടുക്കുകയായിരുന്നു. വിവാഹാനന്തരം അൽപം കഴിഞ്ഞിട്ടാണെങ്കിലും കുടുംബ സമേതം വീട്ടിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിക്കുകയുമുണ്ടായി.
ചെറുവാടിയിലെ മസ്ജിദുൽ ഹുദായും  കണ്ണാംപറമ്പ്, മുതുപറമ്പ് എന്നിവിടങ്ങളിലെ പള്ളികളും അനുബന്ധ സ്ഥാപനങ്ങളും അവയുടെ വരുമാന മാർഗങ്ങളും ഉണ്ടാക്കിയെടുക്കുന്നതിൽ മൗലവിയുടെ പങ്ക് നിസ്സീമമായിരുന്നു. ജലനിധികളെപ്പറ്റി ആലോചനകൾ പോലും നടക്കാത്ത കാലത്തു തന്നെ ചെറുവാടിയിലെ ലക്ഷം വീട് കോളനിയിലേക്ക് കൂടി വെള്ളം എത്തിക്കാൻ മൗലവി നേതൃത്വം നൽകുകയുണ്ടായി. സാമൂഹിക സകാത് സംഭരണം, പള്ളി-മദ്റസകളുടെ വരുമാനം കണ്ടെത്തൽ തുടങ്ങി ചെറുവാടി അന്നദ്്വതുൽ ഇസ്വ്്ലാഹിയാ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കും കൊടിയത്തൂർ സ്റ്റഡി സർക്കിളിനും ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിൽ വരെ മൗലവിയുടെ പങ്ക് വളരെ വലുതാണ്.
വിനയമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. വസ്ത്രം സ്വയം കഴുകിയും വീടും പരിസരവും അടിച്ചുവാരിയും വൃത്തിയാക്കിയും കുടുംബത്തെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. പള്ളിയുടെ ടോയിലറ്റുകൾ  വൃത്തികേടായി കണ്ടാൽ അത് കഴുകി വൃത്തിയാക്കാൻ അദ്ദേഹം ആരെയും കാത്തു നിൽക്കുമായിരുന്നില്ല. നാട്ടിലെ  മുസ്്ലിംകളും അല്ലാത്തവരുമായ ഏവരോടും കുശലം പറയുക മൗലവിയുടെ സ്വഭാവമായിരുന്നു. ആ ഉദ്ദേശ്യത്തോടെ നാട്ടിൽ അേങ്ങാട്ടുമിങ്ങോട്ടുമുള്ള അദ്ദേഹത്തിന്റെ യാത്രകളധികവും കാൽനടയായിട്ടായിരുന്നു.  തളിക്കുളത്തെ അധ്യാപനത്തിനിടയിൽ അസ്വ്്റ് കഴിഞ്ഞുള്ള സവാരിക്കിടെ കാവിമുണ്ടും നെറ്റിയിൽ കുറിയുമുള്ള സഹോദരങ്ങളെ ചേർത്തുനിർത്തി ദീർഘനേരം സംസാരിക്കാറുണ്ടായിരുന്ന അനുഭവം സഹപ്രവർത്തകനായിരുന്ന അബൂബക്കർ ഫൈസി ഓർമിക്കുന്നുണ്ട്.
അറിവിന്റെ ആ പൂമരം പെയ്തൊഴിഞ്ഞെങ്കിലും മൗലവിയുടെ പാദമുദ്രകളിൽ പുതു തലമുറക്ക് അനുകരിക്കാവുന്ന മാതൃകകൾ വേണ്ടുവോളമുണ്ട്. 
വാഴക്കാട് മുസ്്ലിയാരകത്ത് തോട്ടത്തിൽ കുടുംബാംഗമായ പരേതയായ കുഞ്ഞുഫാത്വിമയാണ് മാതാവ്. ഭാര്യ പരേതയായ എം.ടി മൈമൂന. സഹോദരങ്ങൾ മഹ്‌മൂദ് (പരേതൻ), അബ്ദുല്ല, ഇബ്റാഹീം, അബ്ദുൽ ഹമീദ്, അബ്ദുൽ വഹാബ് (പരേതൻ), അബ്ദുൽ ജലീൽ, അബ്ദുർറഹ്്മാൻ, ആഇശ.
ഹമീദ, മുഹ്സിൻ, അബ്ദുർറസാഖ് (ഇസ്‌ലാഹിയാ ചേന്ദമംഗല്ലൂർ), അബ്ദുൽ ഗഫ്ഫാർ, അബ്ദുൽ ഹഖ് (ഇരുവരും ഖത്തർ), ഫദ്ലുർറഹ്്മാൻ (വാദി റഹ്‌മ, കൊടിയത്തൂർ), ഹബീബ, അയ്യൂബ് എന്നിവർ മക്കളാണ്. ശാന്തി പുണർന്ന് സ്വർഗ പ്രവേശം നേടുന്ന ദൈവദാസന്മാരിൽ സഹോദരനെയും അല്ലാഹു സമുചിതം സ്വീകരിക്കുമാറാവട്ടെ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്