Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

മതേതര ഐക്യം മരീചികയോ?

എ.ആര്‍

ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭരണത്തിലിരുന്ന ബി.ജെ.പി കഷ്ടിച്ച് രക്ഷപ്പെട്ടു. മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സിനെയും സി.പി.എമ്മിനെയും സഖ്യകക്ഷികളെയും നിരാശപ്പെടുത്തുന്നതുമാണ് ഫലങ്ങള്‍. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതായിരുന്നു 60 അംഗ ത്രിപുര നിയമസഭാ ഇലക്്ഷന്‍. ബംഗാളിനെപ്പോലെ ത്രിപുരയിലും പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന സി.പി.എം മുന്നണിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചുകൊണ്ട് 2018-ല്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തതായിരുന്നു. ഇത്തവണ സംസ്ഥാന ഭരണം തിരിച്ചുപിടിക്കണമെന്ന കടുത്ത വാശിയില്‍ കോണ്‍ഗ്രസ്സുമായി പോലും ധാരണയിലേര്‍പ്പെടാന്‍ സി.പി.എം ഉദ്യുക്തമായി. കോണ്‍ഗ്രസ് നേതാക്കളാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ കാമ്പയിന്‍ മൊത്തമായി സി.പി.എമ്മിന് വിട്ടുകൊടുത്തപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷകളില്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ, ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചത് വിസ്മയകരമായി. കഴിഞ്ഞ തവണ 16 സീറ്റുകളുണ്ടായിരുന്ന സി.പി.എമ്മിന് വെറും 11 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായി. വോട്ടുവിഹിതവും കുറഞ്ഞു. 44 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് 32 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വോട്ട് വിഹിതം 43.59 ശതമാനത്തിൽനിന്ന് 38.47 ശതമാനമായി ചുരുങ്ങി. 13 സീറ്റുകളും 19 ശതമാനം വോട്ടുകളും അടിച്ചെടുത്ത ഗോത്ര വര്‍ഗ പാര്‍ട്ടിയായ തിപ്രമോദയാണ് ബി.ജെ.പിക്ക് ഭീഷണിയായത്. സ്വയം ഭരണാവകാശമുള്ള ഗോത്ര വര്‍ഗ ജില്ല രൂപവത്കരിക്കുകയെന്ന തിപ്രമോദയുടെ ആവശ്യത്തില്‍ ബി.ജെ.പി വിട്ടുവീഴ്ച ചെയ്യുമെങ്കില്‍ രണ്ട് വര്‍ഷത്തെ മാത്രം പ്രായമുള്ള ഈ പാര്‍ട്ടി അവരോടൊപ്പം ചേരാനും സന്നദ്ധമായിരിക്കും. ത്രിപുര രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവനായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ തീരുമാനമായിരിക്കും ഈ ഗോത്ര വര്‍ഗ പാര്‍ട്ടിയുടെ ഭാഗധേയം നിര്‍ണയിക്കുക. മേഘാലയില്‍ മുന്‍ ലോക് സഭാ സ്പീക്കര്‍ സങ്മയുടെ പുത്രന്‍ കോണ്‍റാഡ് സങ്മയുടെ നാഷനല്‍ പീപ്പ്ള്‍സ് പാര്‍ട്ടി(എന്‍.പി.പി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. രണ്ടംഗങ്ങളുള്ള ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇക്കൊല്ലം ഇനി കര്‍ണാടക (മെയ്), ഛത്തീസ് ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന (എല്ലാം ഡിസംബറില്‍) എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പുകള്‍. കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിലവിലെ അധികാരം കാവിപ്പടക്ക് നിലനിര്‍ത്തിയേ മതിയാവൂ. രാജസ്ഥാനില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചെടുക്കണം. തെലുങ്കാനയില്‍ ഭരണപ്രതീക്ഷയില്ലെങ്കില്‍ പോലും ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയായി മാറേണ്ടതുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിരിക്കും ആറ് സംസ്ഥാനങ്ങളിലെ അസംബ്ലി ഇലക്്ഷന്‍. അതിനായി എല്ലാ  മുന്നൊരുക്കങ്ങളിലും കോര്‍പ്പറേറ്റുകളുടെ പൂര്‍ണ പിന്തുണയോടുകൂടി ബി.ജെ.പി തകൃതിയായി ഏര്‍പ്പെട്ടിരിക്കെ പ്രതിപക്ഷത്തിന്റെ അവസ്ഥയെന്ത്?
മതേതര ഐക്യത്തിലൂടെ മാത്രമേ ഹിന്ദുത്വ ശക്തികളെ നേരിടാനാവൂ എന്ന് നാഴികക്ക് നാല്‍പതു വട്ടം വിളിച്ചുകൂവാത്ത സെക്യുലര്‍ പാര്‍ട്ടികളില്ല. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ ഓരോ പാര്‍ട്ടിക്കും സ്വന്തം അജണ്ടയാണ് പ്രധാനം. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ നിനില്‍പിനും അതിജീവനത്തിനും പ്രഥമ പരിഗണന നല്‍കുന്ന ഏതെങ്കിലും പാര്‍ട്ടിയുണ്ടോ?  പശ്ചിമ ബംഗാളില്‍ കടുത്ത ബി.ജെ.പി വിരോധം പ്രകടിപ്പിക്കുന്ന മമത ബാനര്‍ജി ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത് പാര്‍ലമെന്റിലേക്ക് തൃണമൂല്‍ ഒറ്റക്ക് മത്സരിക്കും എന്നാണ്. അതിനര്‍ഥം കോണ്‍ഗ്രസ്-ഇടത് മുന്നണി ധാരണ രൂപപ്പെട്ടാല്‍ പോലും ത്രികോണ മത്സരം അനിവാര്യമാവും എന്നാണ്. അതാണ്താനും ബി.ജെ.പി ആഗ്രഹിക്കുന്നതും. മതേതര വോട്ടുകള്‍ ഭിന്നിച്ചാല്‍ 42 ലോക്‌സഭാ സീറ്റുകളില്‍ നല്ലൊരു ഭാഗം ബി.ജെ.പിക്ക് പോവും. ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍-സി.പി.എം കൂട്ടുകെട്ട് തൃണമൂലിനെതിരെ മത്സരിച്ചു ജയിച്ചതാവും മമതയുടെ വേറിട്ട ചിന്തക്കുള്ള പ്രകോപനം. എന്തായിരുന്നാലും ഒരാള്‍ക്കും വഴങ്ങുന്ന പ്രകൃതി സ്വതേ അവര്‍ക്കില്ലാത്തതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത് കണ്ടറിയണം. യു.പിയില്‍ മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിച്ചുവെങ്കിലും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. ബി.എസ്.പിക്കും കോണ്‍ഗ്രസ്സിനുമായി വോട്ടുകള്‍ വിഭജിക്കപ്പെട്ടതാണ് ഒരു പ്രധാന കാരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുനരേകീകരണത്തിന്റെ ലക്ഷണമൊന്നും പ്രകടമല്ല. ഫലം ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സമ്മാനിക്കുന്ന സംസ്ഥാനമായി 80 മണ്ഡലങ്ങളുള്ള യു.പി തുടരും എന്നതു തന്നെ. ബിഹാറില്‍ മഹാ ഘട്ബന്ധന്‍ ശുഭ സൂചനയായിരുന്നു. പക്ഷേ, ഏറ്റവും പുതുതായി, മുഖ്യമന്ത്രി നിതീഷ് കുമാറിനുണ്ടെന്ന് പലരും കരുതുന്ന പ്രധാനമന്ത്രിപദ മോഹം സത്യമാണെങ്കില്‍ ഘട്ബന്ധന്‍ പിളരും. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനുമുണ്ട് ചാഞ്ചാട്ടം. അദ്ദേഹം പാര്‍ട്ടിയുടെ പേരിന് ദേശീയ സ്വഭാവം നല്‍കിയത് പോലും പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ടാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങി. കര്‍ണാടകയില്‍ ദേവഗൗഡ-കുമാര സ്വാമിമാരുടെ ജനതാ ദള്‍ നിറം മാറ്റത്തിന് ഓന്തിനെ തോല്‍പിക്കും എന്നതാണ് അനുഭവം എന്നിരിക്കെ അവസാന നിമിഷം വരെ മതേതര ഐക്യസാധ്യത സംശയാസ്പദമായി തുടരാനാണിട. ഒറീസയിലെ ബിജു ജനതാ ദളും ആന്ധ്രയിലെ ജഗ്്മോഹന്‍ റെഡ്ഢിയും ഇപ്പോള്‍ തന്നെ സംസ്ഥാന അജണ്ടക്ക് പുറത്ത് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുന്നവരാണ്. കെജ്്രിവാളുടെ ആം ആദ്മി പാര്‍ട്ടിയാകട്ടെ ബി.ജെ.പിയുടെ ബി ടീം എന്ന അപഖ്യാതിയില്‍നിന്ന് സമീപകാലത്തെ ദുരനുഭവങ്ങള്‍ മൂലം ഒരുവേള രക്ഷപ്പെട്ടാലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു മുന്നണിയിലും അവരുണ്ടാവില്ല. കോണ്‍ഗ്രസ്സിന്റെ ആപ് വിരുദ്ധ സമീപനവും ഇതിന് കാരണമാണ്. ദല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് ആപും തൃണമൂലും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ഒപ്പിട്ടിട്ടില്ല.
20 ലോക്‌സഭാ സീറ്റുകളുള്ള കേരളത്തില്‍ എങ്ങനെ, എത്രത്തോളം കോണ്‍ഗ്രസ്സില്‍നിന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന തീക്്ഷണ ചിന്തയാണ് സി.പി.എമ്മിനെ മഥിക്കുന്നത് തന്നെ. അപ്പോള്‍ മുഖ്യ ശത്രു കോണ്‍ഗ്രസ് അഥവാ യു.ഡി.എഫ് തന്നെ. കേരളത്തിന്റെ പുറത്ത് പല സംസ്ഥാനങ്ങളിലും സി.പി.എം കോണ്‍ഗ്രസ്സ് കൂടിയുള്ള മുന്നണികളിലാണുള്ളതെങ്കിലും പാര്‍ട്ടിയുടെ സ്വാധീനം ബംഗാളടക്കം ഒരിടത്തും വേണ്ടയളവില്‍ നിര്‍ണായകമല്ല.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടെ ഊര്‍ജവും ചൈതന്യവും ഒരളവില്‍ വീണ്ടെടുത്ത കോണ്‍ഗ്രസ്സാണ്, ആരെന്ത് പറഞ്ഞാലും പ്രതിപക്ഷത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടി. പ്രധാനമന്ത്രി പദത്തില്‍ ആരുടെയും പേര്‍ നിര്‍ദേശിക്കില്ല എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്, അതിന്റെ പേരില്‍ പ്രതിപക്ഷം തകരരുത് എന്ന വീണ്ടുവിചാരത്തില്‍നിന്നാവാം. ഇന്നത്തെ സാഹചര്യത്തില്‍ നരേന്ദ്ര മോദിയോട് നിവർന്നുനിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരേയൊരു രാഹുല്‍ ഗാന്ധിയേ ദേശീയ രാഷ്ട്രീയത്തിലുള്ളൂ എന്നും സമ്മതിക്കേണ്ടിവരും. ഇതൊക്കെ ശുഭ പ്രതീക്ഷയുടെ നേരിയ സൂചനകളാണെന്നിരിക്കെതന്നെ ഗ്രൂപ്പിസവും തമ്മിലടിയും ശൈഥില്യവും മാറാ രോഗങ്ങളായ കോണ്‍ഗ്രസ് ഭിന്നതകള്‍ മറന്ന് ഒന്നിക്കാനുള്ള സാധ്യത എത്രത്തോളം എന്നതാണ് ചോദ്യം. സീറ്റുകളുടെ പങ്കുവെപ്പും സ്ഥാനാര്‍ഥി നിര്‍ണയവും വരുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാവാനല്ലേ സാധ്യത എന്നും ചിന്തിക്കണം. ഗത്യന്തരമില്ലാതെയാണെങ്കിലും ജനങ്ങള്‍ തെരഞ്ഞെടുത്ത കോണ്‍ഗ്രസ്സുകാര്‍ പദവികള്‍ക്കും പണത്തിനും വേണ്ടി കൂറുമാറുകയില്ല എന്നൊരു ഉറപ്പും ഇല്ലതാനും. ചുരുക്കത്തില്‍, ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരം നഷ്ടപ്പെടുന്ന സാഹചര്യം തീര്‍ത്തും സംശയകരമാണെന്നിരിക്കെ കരുത്തുള്ള ഒരു പ്രതിപക്ഷം പാര്‍ലമെന്റിലെത്തുമെന്ന പ്രതീക്ഷക്ക് പോലും മങ്ങലേല്‍ക്കുന്നു എന്നതാണ് നിലവിലെ നിര്‍ഭാഗ്യകരമായ അവസ്ഥ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്