അനുകമ്പയുടെ ചിറക് വിടർത്തുന്ന കിവീസുകാരി
മുപ്പത്തിയേഴാം വയസ്സിൽ ഒരു രാജ്യത്തെ രാഷ്ട്രീയമായി നയിക്കുന്നതിലും സർഗാത്മകമായി ചലിപ്പിക്കുന്നതിലും നെടുനായകത്വം വഹിക്കുക. പൗരന്മാരെ അവരുടെ വംശമോ വർണമോ പ്രത്യയശാസ്ത്ര ഉൾപ്പിരിവുകളോ ചികയാതെ ചേർത്തുപിടിക്കുക. അവരുടെ വേദനകളിലേക്കും മുറിവുകളിലേക്കും ലേപനമായും തണുപ്പായും ഒലിച്ചിറങ്ങുക. കോട്ടൺ തുണികളുടെ സ്നിഗ്ദ്ധത പോലെ ഒരു കൈവിരൽ സ്പർശം മുറിവേറ്റ ഹൃദയങ്ങൾക്ക് മേലെ മൃദുവായി അമരുക. ഒടുവിൽ, നാല്പത്തിരണ്ടാം വയസ്സിന്റെ നിറവിൽ, രാജ്യത്തെ നയിക്കാൻ മാനസികമായ ഊർജം ഇനി എന്നിൽ ബാക്കിയില്ല, ഒഴിയാൻ നേരമായിരിക്കുന്നു എന്ന തിരിച്ചറിവിൽ നായകത്വപദവി ഉപേക്ഷിക്കാൻ സമയമായി എന്ന് പ്രഖ്യാപിക്കുക.
ഇങ്ങനെയൊരു പ്രധാനമന്ത്രിയെ ലഭിക്കാൻ കൊതിയാകുന്നുണ്ടോ? കിവി എന്ന് വിളിപ്പേരുള്ള പക്ഷികളുടെ നാട്ടിൽ, തെക്കുപടിഞ്ഞാറ് ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ ന്യൂസിലാന്റിൽ, ഇങ്ങനെയൊരു പ്രധാനമന്ത്രിയുണ്ട്. പേര് ജസീന്ത ആർഡേൻ. ഭരണമേൽക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിരുന്നു. അഞ്ചര വർഷം കൊണ്ട് ആ ജനതയുടെ ഓർമയറകളിൽ, മുൻനിരയിലെ മുഴുവൻ പല്ലും പ്രദർശിപ്പിച്ച് വെളുക്കെ ചിരിക്കുന്ന തന്റെ ഒരു രൂപം വീതുളിയാൽ കൊത്തിയിട്ടു അവർ.
ലോകത്തെയൊന്നാകെ കടന്നാക്രമിക്കുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്ത കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിലും കുട്ടികളുടെ ദാരിദ്ര്യ നിർമാർജനത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിലും ദയാവായ്പോടെ ജനങ്ങളെ സേവിക്കുന്നതിലും അന്യാദൃശ പങ്കാണ് ജസീന്ത വഹിച്ചത്. അതിന് ന്യൂസിലാന്റ് ജനത മാത്രമായിരുന്നില്ല, ലോകം ഒരുമിച്ചായിരുന്നു കൈയടിച്ചത്.
അമ്പത്തൊന്നു പേർ കൊല്ലപ്പെടാനിടയായ ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദിൽ ഭീകരാക്രമണമുണ്ടായതിനെ തുടർന്ന്, ഇരകളെ വാക്കിനാലും പ്രവൃത്തിയാലും ചേർത്തുപിടിക്കുന്ന ജസീന്തയെയും ലോകം അത്ര പെട്ടെന്നൊന്നും മറക്കില്ല. ഇരകളുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സമാശ്വസിപ്പിക്കുകയും സാന്ത്വനത്തിന്റെ ഹസ്തം നീട്ടുകയും ചെയ്തത് മറ്റു രാഷ്ട്ര നേതാക്കൾക്ക് പകർത്താനാവുന്ന വലിയ പാഠവും നേതൃഗുണവുമാണ്. ഗുരുതരമായ പരിക്ക് പറ്റിയ വിദേശിയും ഹൈദരാബാദ് സ്വദേശിയുമായ മുഹമ്മദ് ഇഖ്ബാലിന്റെ ആശുപത്രി കിടക്കക്കരികിലേക്ക് അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്ത് കടന്നുവരികയും സുഖവിവരങ്ങൾ ആരായുകയും ചെയ്യാൻ ഒരു രാഷ്ട്രനായകത്വം വഹിക്കുന്ന ഒരാൾക്ക് കഴിഞ്ഞുവെങ്കിൽ തീർച്ചയായും പ്രധാനമന്ത്രി പദവി എന്നതിനെക്കാൾ അവരുടെയുള്ളിൽ ആർദ്രത വറ്റാത്ത ഒരു മനുഷ്യനുണ്ട്.
കിവി അത്ര ചെറിയ പക്ഷിയൊന്നുമല്ല. അതിനാൽതന്നെ പറക്കാനുമാകില്ല. വലതുപക്ഷ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ദേശരാഷ്ട്രങ്ങളുടെ കാലത്ത്, ജസീന്തയെന്ന കിവീസുകാരി, അനുകമ്പയുടെ ചിറക് വിരിച്ച് പറക്കുന്ന അത്ര ചെറിയ ആൾരൂപവുമല്ല. l
Comments