Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

വ്യാജത്തിന്മേല്‍ കെട്ടിപ്പൊക്കിയ പ്രചാരണ തന്ത്രം വീണ്ടും

എ.ആര്‍

ഒടുവില്‍ ചെമ്പ് പുറത്തായിരിക്കുന്നു. 'ജമാഅത്തെ ഇസ് ലാമി- ആര്‍.എസ്.എസ് ചര്‍ച്ച'യുടെ ഉള്ളടക്കം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടിയുടെ ജനകീയ പ്രതിരോധ ജാഥ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യവെ സ്ഥിരം പ്രതിയോഗികളായ യു.ഡി.എഫാണ് ചര്‍ച്ചയുടെ പിന്നിലെന്ന് ആരോപിച്ചതോടെ സി.പി.എമ്മിന്റെ ലോക്‌സഭ ഇലക്്ഷന്‍ പ്രചാരണത്തിന്റെ ഭാഗമാണ് ഈ പച്ചക്കള്ളമെന്ന് പകല്‍ വെളിച്ചത്തില്‍ തെളിഞ്ഞിരിക്കുകയാണ്.
 2022 ജനുവരി 14-ന്  ന്യൂദല്‍ഹിയില്‍ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്്ലാമി ഹിന്ദ്, അഹ്്ലെ ഹദീസ് എന്നിവയുള്‍പ്പെടെയുള്ള സംഘടനകളുടെയും പ്രസിദ്ധ മതസ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെയും പ്രതിനിധികളും മുന്‍ ഇലക്്ഷന്‍ കമീഷണര്‍ എസ്.വൈ ഖുറൈശി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശാഹിദ് സിദ്ദീഖി, മുന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് എന്നിവരുടെയും സാന്നിധ്യത്തില്‍ ആര്‍.എസ്.എസ് പ്രമുഖരായ ഇന്ദ്രേഷ് കുമാര്‍ റാംലാല്‍, കൃഷ്ണഗോപാല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചകളുടെ വാര്‍ത്ത ജനുവരി 26-ലെ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നതാണ്. ഫെബ്രുവരി 14-ലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ജമാഅത്തെ ഇസ്്ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി ടി. ആരിഫലിയുടെ വിശദമായ മുഖാമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് സംഭവം ജമാഅത്തെ ഇസ്്ലാമി -ആര്‍.എസ്.എസ് തമ്മിലെ ചര്‍ച്ചയായി തോന്നിയെങ്കില്‍ അത് സി.പി.എമ്മിന്റെ സൃഗാല തന്ത്രത്തിന്റെ ഭാഗമായേ വിലയിരുത്താനാവൂ. ചര്‍ച്ചയുടെ ഉള്ളടക്കം വെളിപ്പെടുത്തണം എന്നായിരുന്നല്ലോ മുഖ്യമന്ത്രിയുടെ ഒന്നാമത്തെ ആവശ്യം. ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് സംഘ് ജിഹ്വകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ച മുസ്്ലിംകളുമായുള്ള ആയിരം കൊല്ലത്തെ യുദ്ധം, ഹിന്ദുത്വ വക്താക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍, മഥുര-കാശി മസ്ജിദുകളുടെ പേരിലുള്ള അവകാശ വാദങ്ങള്‍, ഗോഹത്യയുടെ പേരിലെ അക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചക്ക് വിഷയീഭവിച്ചതെന്ന് പ്രസ്തുത വാര്‍ത്തകളില്‍ വ്യക്തമാക്കാതിരുന്നിട്ടില്ല. ഇതൊന്നുമല്ല വേറെ പലതുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നാണ് പിണറായിക്കോ സി.പി.എമ്മിനോ തോന്നുന്നതെങ്കില്‍ അത് തുറന്നു പറയാമെന്നല്ലാതെ ഉള്ളടക്കം വ്യക്തമാക്കണമെന്ന് ജമാഅത്തിനോട് ആവശ്യപ്പെടുന്നതിലെ ഉള്ളിലിരിപ്പ് വേറെയാണെന്നതിൽ ഇനിയാർക്കും സംശയം തോന്നേണ്ടതില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെന്നപോലെ അടുത്ത വര്‍ഷം വരാനിരിക്കുന്ന ഇലക്്ഷനിലും ജമാഅത്തെ ഇസ്്ലാമിയെ ഒറ്റപ്പെടുത്തി ആക്രമിച്ചു ഒരേയവസരത്തില്‍ മുസ്്ലിം മത സംഘടനകളുടെയും ഹിന്ദു ജനസാമാന്യത്തിന്റെയും വോട്ട് സമാഹരിക്കാമെന്നാവും സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റു നേതാക്കളും കണ്ണ് മുറുക്കിച്ചിമ്മി ഒരേ ആരോപണം ആവർത്തിക്കുമ്പോൾ ടാർജറ്റ് വ്യക്തമാണ്.
ഇന്ത്യയിലെ മതേതര സമൂഹം തീവ്ര ഹിന്ദുത്വത്തിനെതിരെ പൊരുതുമ്പോള്‍ ആര്‍.എസ്.എസിന്റെ അജണ്ടക്ക് ഒത്താശ ചെയ്യുന്നതാണത്രെ ഇത്തരം നടപടികള്‍. എത്തരം നടപടികള്‍? ആര്‍.എസ്.എസ്, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്്ലിം മതസംഘടനകളുമായും മതപണ്ഡിതന്മാരുമായും വെവ്വേറെ ചര്‍ച്ചയിലേര്‍പ്പെട്ട് ഒരേസമയം അവക്കുള്ളിലും സമുദായത്തിലും സംശയങ്ങളും ഭിന്നതകളും വളര്‍ത്തുന്ന തന്ത്രവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും നൂറ്റാണ്ട് പിന്നിട്ടതുമായ മുസ്്ലിം പണ്ഡിത സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ മേധാവികളായ മൗലാനാ മഹ്്മൂദ് മദനിയെയും അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ അര്‍ശദ് മദനിയെയും ഇതിന്റെ പേരില്‍ അകറ്റാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉന്നത മതസ്ഥാപനമായ ദയൂബന്ദ് ദാറുല്‍ ഉലൂമിലും പിളര്‍പ്പിന്റെ അനുരണനങ്ങളുണ്ടായി. ലക്‌നൗ നദ്്വത്തുല്‍ ഉലമായുടെ ഉന്നത വിജ്ഞാന ഗേഹമായ ദാറുല്‍ ഉലൂമിനെയും വിഖ്യാത പണ്ഡിതന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്്വിയുടെ സഹോദര പുത്രന്‍ സല്‍മാന്‍ നദ്്വിയെയും ചര്‍ച്ചയുടെ വലയത്തില്‍ കൊണ്ടു വന്ന് മറ്റുള്ളവരില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തി. ആര്‍.എസ്.എസിന്റെ, ഇപ്രകാരം 'ബെടക്കാക്കി തനിക്കാക്കുക' എന്ന കുതന്ത്രത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കിയ യഥാര്‍ഥ സമുദായ സ്‌നേഹികളാണ്, സംഘ് പരിവാറുമായി സംവദിക്കുന്നുവെങ്കില്‍ അത് ഒറ്റക്കൊറ്റക്ക് വേണ്ട വിവിധ സംഘടനകളുടെ കൂട്ടായ്മ, കൃത്യമായി നിര്‍ണയിച്ച പൊതു അജണ്ടയുടെ അടിസ്ഥാനത്തില്‍, നേതൃതലത്തില്‍ സംഘ് പരിവാര്‍ നേതൃത്വവുമായി സംവദിക്കുകയാണ് കരണീയം എന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തിലും തദടിസ്ഥാനത്തിലുള്ള നീക്കങ്ങളിലും ജമാഅത്തെ ഇസ്്ലാമി ഹിന്ദ് സജീവ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് സത്യമാണ്. കാരണം, സമുദായ ഐക്യം മുമ്പെന്നത്തെക്കാളും അനിവാര്യവും അനുപേക്ഷ്യവുമാണ് ഇന്നത്തെ ചുറ്റുപാടില്‍. ദക്ഷിണേന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ സാഹചര്യമല്ല ഉത്തരേന്ത്യയില്‍. വെറും 88 ലക്ഷമാണ് കേരളത്തിലെ മുസ് ലിം ജനസംഖ്യ. അതായത്, ഇന്ത്യയിലെ മൊത്തം മുസ്്ലിം ജനസംഖ്യയുടെ വെറും 5.22 ശതമാനം. ബാക്കിവരുന്ന മഹാഭൂരിപക്ഷം ജീവന്നും സ്വത്തിനും സുരക്ഷയില്ലാതെ ഭയപ്പാടിന്റെയും അരക്ഷിതബോധത്തിന്റെയും ഭീകരാന്തരീക്ഷത്തില്‍ കഴിയുകയാണ്. ഏത് നിമിഷമാണ് 'ഗോ സംരക്ഷകര്‍' ആള്‍ക്കൂട്ടമായി വന്ന് തല്ലിക്കൊല്ലുക എന്നവര്‍ക്ക് അറിഞ്ഞുകൂടാ. ഏത് നിമിഷവും ഔദ്യോഗിക സന്നാഹങ്ങളോടെ ബുള്‍ഡോസറുകള്‍ വന്നു പാര്‍പ്പിടങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കാം. ഏതര്‍ധ രാത്രിയിലും എന്‍.ഐ.എ സംഘമെത്തി ചെയ്യാത്ത കുറ്റം ചുമത്തി യുവാക്കളെ കൊണ്ടുപോയി കാരാഗൃഹത്തിലടച്ചാല്‍ ചോദിക്കാനും പറയാനും ആളില്ലാതെ ഇരകളും കുടുംബങ്ങളും ജീവിതമെന്ന ശിക്ഷ അനുഭവിച്ചു തീര്‍ക്കുന്നു. അസമിലും ബംഗാളിലും ലക്ഷക്കണക്കില്‍ മുസ്്ലിംകളുടെ പൗരത്വം തുലാസിലാണ്. പോരാത്തതിന് ശൈശവ വിവാഹക്കുറ്റം ചുമത്തി പ്രായമായ ദമ്പതികളെ വരെ കൂട്ടത്തോടെ ജയിലിലടക്കുന്നു. മുത്ത്വലാഖോ മതപരിവര്‍ത്തനമോ ഗോവധമോ അല്ല ഇപ്പോൾ അവരുടെ ബേജാറ്. നിയമാനുസൃത പൗരന്മാരായി പിറന്ന നാട്ടില്‍ കഴിയാന്‍ അവസരം നിഷേധിക്കപ്പെടുമോ എന്നതാണ്. വേണ്ടിയിരുന്നത് ആറ് പതിറ്റാണ്ട് ഭരിച്ച മതേതര സമൂഹം നട്ടെല്ലോടെ ഈ സ്ഥിതിവിശേഷത്തോട് നേരിട്ട് മത ന്യൂനപക്ഷത്തിന്റെ ഭീതിയകറ്റാനും സ്വസ്ഥ ജീവിതം ഉറപ്പുവരുത്താനും രംഗത്തുവരികയായിരുന്നു. സ്ഥാനമാനങ്ങളും പണച്ചാക്കുകളും വെച്ചുനീട്ടിയും കരിമ്പണ വേട്ട ചൂണ്ടിക്കാട്ടി പേടിപ്പിച്ചും സെക്യുലര്‍ പാര്‍ട്ടി നേതാക്കളെ നിര്‍വീര്യമാക്കുന്നതില്‍ മോദി ഭരണകൂടം വിജയിച്ചുകൊണ്ടിരിക്കെ ശുഭപ്രതീക്ഷക്ക് എത്രത്തോളം പ്രസക്തി എന്നതാണ് ചോദ്യം. രണ്ടര കോടി മുസ് ലിംകളുള്ള ബംഗാളില്‍ അവരുടെ പൂര്‍ണമായ പിന്തുണയോടെ മൂന്നര പതിറ്റാണ്ട് ഭരിച്ച സി.പി.എം മുന്നണി സിംഗൂരും നന്ദിഗ്രാമുമാണ് ഒടുവിലവര്‍ക്ക് സമ്മാനിച്ചത് എന്നോര്‍ത്താല്‍ ഇവരുടെ മതേതര പ്രതിബദ്ധതയുടെയും ന്യൂനപക്ഷ പ്രേമത്തിന്റെയും ആഴം പിടികിട്ടും.
ഇപ്പറഞ്ഞതാണ് വസ്തുത എന്നിരിക്കെ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന മുസ്്ലിം സംഘടനകള്‍ ചേര്‍ന്ന് വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തില്‍, രാജ്യം ഭരിക്കുന്ന ആര്‍.എസ്.എസിന്റെ ക്ഷണപ്രകാരം അവരുമായി സംസാരിക്കാന്‍ പോയതും ആശയ വിനിമയം നടത്തിയതും മഹാപരാധമായി കാണാന്‍ മനുഷ്യസ്‌നേഹികള്‍ക്ക് കഴിയില്ല. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്്ലാമിക്ക് നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. എ.കെ.ജി സെന്ററില്‍നിന്ന് ഏതായാലുമല്ലെന്ന് കട്ടായമായിട്ടും പറയാം. എന്നാല്‍ ജനാധിപത്യം, മതനിരപേക്ഷത, ഇന്ത്യന്‍ ഭരണഘടന, അതില്‍ രേഖപ്പെട്ട ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാനും വാദിക്കാനുമുള്ള അവകാശം സി.പി.എമ്മിന് മാത്രമാണെന്ന് വകവെച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. രാജ്യത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന, ഭരണഘടനാ ലംഘനം നടത്തിയെന്ന് ഇന്നുവരെ തെളിയിക്കപ്പെടാത്ത, പീഡിത ന്യൂനപക്ഷത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ കഴിവിന്റെ പരമാവധി നിറവേറ്റാന്‍ പ്രയത്‌നിച്ച, ഇന്നും എന്നും അരികുവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം നിന്ന ചരിത്രമുള്ള ജമാഅത്തെ ഇസ്്ലാമിക്ക് അതിനൊന്നും അവകാശമില്ലെന്ന് സി.പി.എം മാത്രം തീരുമാനിച്ചാല്‍ മതിയോ? ദേശീയ തലത്തില്‍ മുസ്്ലിം പ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം ഡോ. സയ്യിദ് മഹ്്മൂദ്, മൗലാനാ അലി മിയാന്‍, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍, മൗലാനാ അബുല്ലൈസ് ഇസ്വ്്ലാഹി, മുഫ്തി അതീഖുര്‍റഹ്്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 1967-ല്‍ സ്ഥാപിച്ച ആള്‍ ഇന്ത്യാ മുസ്്ലിം മജ്‌ലിസെ മുശാവറയില്‍ അന്നു മുതല്‍ ഇന്നു വരെ സജീവാംഗത്വം ജമാഅത്തെ ഇസ്്ലാമിക്കുണ്ട്. സാമുദായിക പ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥവും ശരീഅത്ത് സംരക്ഷണത്തിനും വേണ്ടി 1980-കളില്‍ രൂപവത്കൃതമായ ഏകദേശം മുഴുവന്‍ മുസ്്ലിം സംഘടനകള്‍ക്കും അംഗത്വമുള്ള ആള്‍ ഇന്ത്യാ മുസ്്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിലും സജീവാംഗമാണ് ജമാഅത്ത്. ഇത്തരം കൂട്ടായ്മകളിലൊക്കെ പങ്കാളിത്തമുള്ള അഖിലേന്ത്യാ സംഘടനകളില്‍ ചിലതിന്റെ പ്രതിനിധികളാണ് ആര്‍.എസ്.എസ് വക്താക്കളെ കണ്ടത്; അവര്‍ വ്യക്തമാക്കിയതു പ്രകാരം ഇനിയും ചര്‍ച്ച തുടരാന്‍ പോവുന്നതും. അത് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ എവ്വിധം ബാധിക്കുമെന്നതൊന്നും അവര്‍ ആലോചിച്ചിട്ടുണ്ടാവില്ല. പിണറായി സര്‍ക്കാറിന് അത് പ്രശ്‌നമാവേണ്ടതുമല്ല. സി.പി.എമ്മിലെ മുസ്്ലിം ദല്ലാളുമാരുടെ 'ദൂഷിത വലയം' എഴുതിത്തയാറാക്കുന്നതിന്റെ ചുവട്ടിലൊക്കെ ഒപ്പിട്ട് കൊടുക്കാതിരിക്കുന്നതാണ് പിണറായിക്കും പാര്‍ട്ടിക്കും ആരോഗ്യകരം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്