Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

ഖിലാഫത്ത് അധിനിവേശമായിരുന്നില്ല

പി.പി അബ്ദുർറസാഖ്

 ഭീകരവാദത്തിന്റെ വേരും വളവും - 4

 

അമേരിക്ക,ആസ്ത്രേലിയ, ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളിൽ പാശ്ചാത്യ കൊളോണിയൽ ശക്തികൾ നടത്തിയ വംശീയ ഉന്മൂലനങ്ങൾ പോലുള്ളവ 1300 വർഷം നീണ്ടുനിന്ന ഇസ്‌ലാമിലെ ഖിലാഫത്തിന്റെ ചരിത്രത്തിന് അന്യമാണ്.  800 വർഷം സ്പെയിനും ആയിരത്തിലേറെ വർഷം ഇന്ത്യയും മുസ്്ലിംകൾ ഭരിച്ചിട്ടും അങ്ങനെ ഒരു ഉദാഹരണം ചരിത്രത്തിൽ കാണാൻ സാധിക്കാത്തത് അതുകൊണ്ടാണ്. ഖിലാഫത്ത് അതിന്റെ എല്ലാ നിമ്നോന്നതികളോടും കൂടി പതിമൂന്ന് നൂറ്റാണ്ട് നീണ്ടുനിന്നപ്പോൾ നേരിട്ടുള്ള പാശ്ചാത്യ  കൊളോണിയലിസം കേവലം മുന്നൂറു വർഷമാണ് നിലനിന്നിരുന്നത്. അധിനിവിഷ്ട രാജ്യങ്ങളിലെ ജനങ്ങളോട് പാശ്ചാത്യ കൊളോണിയൽ ഭരണകൂടങ്ങൾ ചെയ്ത ക്രൂരതകൾക്ക് ചരിത്രത്തിൽ  സമാനതകളില്ല.  എന്നാൽ, ഖിലാഫത്ത് ഭരണത്തിൽ ഏതെങ്കിലും ജനവിഭാഗത്തോട് ആ നാട്ടിലെ വിഭവങ്ങൾ കൊള്ളയടിക്കാൻ വേണ്ടി ഇത്തരം ക്രൂരതകൾ കാണിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാണിക്കാൻ സാധ്യമല്ല . 
ഖിലാഫത്ത് ഭരണത്തെയും പാശ്ചാത്യ അധിനിവേശങ്ങളെയും അതത് രാജ്യങ്ങളിലെ ജനങ്ങൾ സ്വീകരിച്ചതും തിരസ്്കരിച്ചതും പഠന വിധേയമാക്കിയാൽ തന്നെ രണ്ടും തമ്മിലെ വ്യത്യാസം മനസ്സിലാവും. പാശ്ചാത്യ കൊളോണിയലിസത്തിന് കീഴിലെ ജീവിതം തദ്ദേശീയ ജനവിഭാഗങ്ങൾ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഭീകരാനുഭവമായിരുന്നുവെങ്കിൽ, ഖിലാഫത്ത് വ്യവസ്ഥ അതിനു കീഴിൽ ജീവിച്ച ജനവിഭാഗങ്ങൾക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന സുന്ദരവും സുമോഹനവുമായ അനുഭവമാണ്. പാശ്ചാത്യ കൊളോണിയൽ രാജ്യങ്ങളുടെ തലസ്ഥാനം ഒരിക്കലും അധിനിവേശ ശക്തികളുടെ രാജ്യ തലസ്ഥാനത്തുനിന്ന് മാറിയതായി കാണാൻ സാധിക്കാത്തത്, അവർ അധിനിവിഷ്ട രാജ്യങ്ങളിലെ ജനങ്ങളെ കണ്ടത് കീഴടക്കപ്പെട്ടവരും ചൂഷണം ചെയ്യപ്പെടേണ്ടവരുമായിട്ടായിരുന്നു എന്നതുകൊണ്ടാണ്. എന്നാൽ, മദീനയിൽ തുടങ്ങിയ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനം ഇസ്‌ലാമിന് വേരോട്ടമുണ്ടായ ഇതര രാജ്യങ്ങളിലേക്ക് നിരന്തരം മാറുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യയുടെ അയൽപക്കത്തുള്ള അഫ്‌ഗാനിൽനിന്നു വന്ന മുഗളന്മാർക്കു പോലും ഇന്ത്യക്ക് പുറത്തുള്ള കാബൂൾ ആയിരുന്നില്ല ആസ്ഥാനം. ഇന്ത്യക്കുള്ളിൽ ദൽഹി തന്നെയായിരുന്നു. ഇത് നാല് കാര്യങ്ങൾ തെളിയിക്കുന്നു:
1. ഖിലാഫത്തിന്റെയും മുസ്്ലിം ഭരണത്തിന്റെയും വ്യാപനത്തിൽ കീഴടക്കിയവരെന്നോ കീഴടക്കപ്പെട്ടവരെന്നോ ഉള്ള ചിന്താഗതി ആരിലും ഉണ്ടായിരുന്നില്ല.  ഖിലാഫത്ത് അനുഭവിക്കാൻ അവസരം ലഭിച്ച പുതിയ പ്രദേശത്തെ ജനതതികൾ, തങ്ങൾ അതുവരെ അനുഭവിച്ച ക്രൂരതകളിൽനിന്നും കിരാതത്വത്തിൽനിന്നുമുള്ള മോചനമായും അതിന് സഹായിച്ച മുസ്്ലിം സൈനികരെ വിമോചകരായും ആണ് കണ്ടിരുന്നത്.
2. ഖിലാഫത്തോ അതല്ലെങ്കിൽ ഖിലാഫത്തിന് പുറത്തുണ്ടായിരുന്ന ഇതര മുസ്്ലിം ഭരണാധികാരികളോ  അവർ ഭരണം നടത്തിയ പ്രദേശത്തെ കൊള്ളയടിച്ചു അവർ വന്നിരുന്ന രാജ്യത്തേക്ക് കട്ടു കടത്തിയിരുന്നില്ല.
3. അവർ ഭൂമിയിൽ അതിർ വരമ്പുകൾ വരച്ചു ജനതതികളെ വേർതിരിച്ചു കണ്ടിരുന്നില്ല. അവർ ഏത് പ്രദേശത്ത് എത്തിപ്പെട്ടുവോ, ആ പ്രദേശത്തുകാരായി ജീവിക്കുകയും ആ പ്രദേശത്തിന്റെ വികസനത്തിനും സർവതോമുഖമായ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുകയും ആ മണ്ണിൽ തന്നെ മരിക്കുകയും ചെയ്തു.
4. ഇസ്‌ലാമിക ഖിലാഫത്തും ഭരണവും എത്തിയ പ്രദേശങ്ങളിലെ കൈകാര്യകർതൃത്വാധികാരം അതത് പ്രദേശത്തെ ജനങ്ങളിലെ യോഗ്യരായ പ്രതിനിധികളെ, അത് ലഭ്യമാകുന്ന ആദ്യാവസരത്തിൽ തന്നെ ഏൽപിക്കുകയായിരുന്നു.
ഇരുണ്ട മധ്യകാലഘട്ടത്തിൽ യൂറോപ്പ് നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രചാരണത്തിന്റെ അതേ ഛായയും വർണങ്ങളും 'തീവ്രവാദ'ത്തിന്റെയും 'ഭീകരവാദ'ത്തിന്റെയും മറ ഉപയോഗിച്ചുള്ള ആധുനിക 'ഇസ്്ലാമോഫോബിയ' സൃഷ്ടിയിലും കാണാനാവും.  പ്രമുഖ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾ പല തരത്തിലും രൂപത്തിലും ഈ പ്രചാരണത്തിൽ പങ്കാളികളുമാണ്. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന രണ്ട് ബില്യനിലേറെ വരുന്ന മുസ്‌ലിംകള്‍ മുഴുക്കെ ഇസ്്ലാമിക സംസ്കാരം പിന്തുടരുന്നവരല്ല. അവരിൽ പേരിനു മാത്രം മുസ്‌ലിംകളായവർ ധാരാളമുണ്ട്.  അൾട്രാ സെക്യുലറിസ്റ്റുകളും വിധേയത്വ മനഃസ്ഥിതിയോടെ പാശ്ചാത്യ സംസ്കാരത്തെ പുൽകുന്നവരും അവരിലുണ്ട്. മുസ്്ലിം സമൂഹ ഗാത്രത്തിൽ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ചു രക്തം ഊറ്റിക്കുടിക്കുകയും ശത്രുക്കൾക്ക് ആക്രമിക്കാൻ ഉള്ളിൽനിന്നു തുരങ്കങ്ങൾ നിർമിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം കപടവിശ്വാസികളെയും കാണാൻ കഴിയും. മുസ്‌ലിംകൾ എന്ന് വിളിക്കപ്പെടുന്നവരിൽ പലരും  ഇസ്‌ലാമിനോടും മുസ്്ലിംകളോടും നിതാന്ത ശത്രുത വെച്ചുപുലർത്തുന്ന രാജ്യങ്ങളിൽ സർക്കാർ രഹസ്യാന്വേഷണ ഏജൻസികളുടെ പാവകളും ചാരന്മാരുമായി ജോലി ചെയ്യുന്നവരായും ഉണ്ട്.
അതിനാൽ, ഇത്തരം 'ഭീകര' പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പാറ്റേണുകളിൽനിന്ന് നിരീക്ഷിക്കാവുന്ന സാധ്യമായ ഇതര സാധ്യതകളെ നമുക്ക് ഒഴിവാക്കാനാവില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ ഉടമസ്ഥതയിലുള്ള പാശ്ചാത്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരം ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതെന്ന കാര്യം  ഓർമയിൽ  വേണം. അമേരിക്കയുടെയും ഇതര പാശ്ചാത്യ രാജ്യങ്ങളുടെയും ഇസ്രായേലിന്റെയുമൊക്കെ ഇന്റലിജൻസ് ഏജൻസികൾ  ഈ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട് എന്ന വസ്തുതയും വിസ്മരിക്കാവതല്ല. തെളിവുകളില്ലാതെ ആർക്കും അനുകൂലമായോ എതിരായോ വിധി പറയാനാവില്ല. ഇസ്്ലാമിന്റെ പേരിൽ ആരോപിക്കപ്പെടുന്ന, പ്രാദേശിക തലത്തിലും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലുമുള്ള നിഗൂഢമായ ഭീകരവാദ പ്രവർത്തനങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.  ഈ നിഗൂഢതയിലെ ഏറ്റവും വലിയ കുറ്റവാളിയാകാൻ സാധ്യതയുള്ള പോലീസിൽനിന്നും, സർക്കാർ അധികാരികളിൽനിന്നുമുള്ള റിപ്പോർട്ടുകൾ മാത്രമാണ് ഇസ്‌ലാമിനെ പ്രതിയാക്കിയുള്ള ആരോപണങ്ങളുടെ മുഖ്യ സ്രോതസ്സ്. 'കുതിരയുടെ വായി'ൽ നിന്ന് നമുക്ക് ഇതിനെ കുറിച്ച് അറിയാനോ കേൾക്കാനോ കഴിയുമ്പോഴേ ഇതിന്റെ നിജസ്ഥിതി കൃത്യമായും വ്യക്തമാകൂ. പ്രാദേശിക തലത്തിലെ 'മാഷാ അല്ലാഹ്' സ്റ്റിക്കർ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നടപ്പാക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന, ആദ്യത്തിൽ ഇസ്‌ലാമിന്റെ പേരിൽ ആരോപിക്കപ്പെട്ട്, പിന്നീട് ശത്രുക്കളാൽ ചെയ്യപ്പെട്ടതെന്ന് തെളിഞ്ഞതും 'കുതിരയുടെ വായി'ൽനിന്നു തന്നെ വ്യക്തമായതുമായ നിരവധി അനുഭവങ്ങൾ നമ്മുടെ കൺമുമ്പിലുണ്ട്. l
(അവസാനിച്ചു- എഴുതി വരുന്ന പഠനത്തിന്റെ ആദ്യ ഭാഗം).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്