Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

സംഘടനകള്‍ സമുദായത്തേക്കാള്‍ പ്രധാനമാകുമ്പോള്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി

വിശുദ്ധ ഖുര്‍ആന്‍ അല്‍അമ്പിയാഅ് അധ്യായത്തില്‍ ഇബ്‌റാഹീം, ലൂത്വ്, നൂഹ്, ദാവൂദ്, സുലൈമാന്‍, അയ്യൂബ്, ഇസ്മാഈല്‍, ഇദ്‌രീസ്, ദുല്‍കിഫ്ൽ, യൂനുസ്, സകരിയ്യാ, യഹ്്യാ, മർയം എന്നിവരുടെ ആദര്‍ശാത്മക ജീവിതം സംക്ഷിപ്തമായി പരിചയപ്പെടുത്തിയ ശേഷം പറയുന്നു: ''തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏക സമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത്ത് ചെയ്യുവിന്‍'' (അൽഅമ്പിയാഅ് 92). ഒരേയൊരു നാഥന് ഇബാദത്ത് ചെയ്ത് ജീവിക്കേണ്ട ആദര്‍ശാത്മക സമൂഹം എന്നാണ് മുസ്്‌ലിം സമുദായത്തിന്റെ സവിശേഷത എന്ന് മേല്‍ സൂക്തം വ്യക്തമാക്കുന്നു. എല്ലാ നബിമാരുടെയും സമുദായങ്ങളോട് ഇതാണ് അനുശാസിക്കപ്പെട്ടിരുന്നത്. എന്നാല്‍, ആദര്‍ശസമൂഹത്തിന്റെ ഐക്യത്തിനും ഭദ്രതക്കും തുരങ്കം വെച്ച് കക്ഷിപക്ഷ താല്‍പര്യങ്ങള്‍ ഭീഷണിയായി മാറിയെന്നും തൊട്ടടുത്ത സൂക്തത്തില്‍ കാണാം: ''എന്നാല്‍ അവര്‍ക്കിടയില്‍ അവരുടെ കാര്യം അവര്‍ ശിഥിലമാക്കിക്കളഞ്ഞിരിക്കുകയാണ്. എല്ലാവരും നമ്മുടെ അടുത്തേക്ക് തന്നെ മടങ്ങിവരുന്നവരത്രെ'' (അൽഅമ്പിയാഅ് 93). ഇത് ഖുര്‍ആന്‍ ഒരിടത്തു മാത്രം പങ്കുവെച്ച ആശയമല്ല. ഈസാ നബി തൊട്ടിലില്‍ വെച്ച് ഇക്കാര്യം സംസാരിച്ചതായി ഖുര്‍ആന്‍ പറയുന്നുണ്ട്: ''തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക. ഇതത്രെ നേരായ മാര്‍ഗം'' (മര്‍യം 36). ഇവിടെയും തൊട്ടടുത്ത സൂക്തത്തില്‍, ആദര്‍ശം മറന്ന് കക്ഷി പക്ഷ താല്‍പര്യങ്ങള്‍ക്ക് വശംവദരായവരെക്കുറിച്ചും അവരുടെ പരിണതിയെക്കുറിച്ചും പറയുന്നുണ്ട്. ''എന്നാല്‍, അവരില്‍ വിവിധ വിഭാഗങ്ങള്‍ പരസ്പരം ഭിന്നിച്ചു തുടങ്ങി. നിഷേധിച്ചവര്‍ക്ക് ആ ഭയങ്കരനാള്‍ ദൃശ്യമാകുമ്പോള്‍ മഹാ നാശമായിരിക്കും'' (മര്‍യം 37).
കക്ഷികളായി പിരിയുക മാത്രമല്ല, കക്ഷിത്വത്തില്‍ അഭിരമിക്കുക കൂടി ചെയ്ത(അര്‍റൂം 32)വരെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്. ഇവിടെയെല്ലാം തോല്‍ക്കുന്നത് ആദര്‍ശസമുദായവും, ജയിക്കുന്നത് കക്ഷികളും സംഘടനകളുമാണ് (മഹത്തായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിലവില്‍ വന്ന രാഷ്ട്രീയ സംഘടനകള്‍ ആദര്‍ശം മറന്നപ്പോള്‍ സംഘടനകളും ചില വ്യക്തികളും മാത്രം ബാക്കിയായതും ആദര്‍ശം ചരമഗതി പ്രാപിച്ചതും ഇതോട് ചേര്‍ത്തുവായിക്കാം). കേരളത്തിലെ ചില മുസ്്‌ലിം സംഘടനകള്‍ ഈയിടെ സ്വീകരിച്ചുവരുന്ന ചില നിലപാടുകള്‍ ആദര്‍ശസമൂഹം എന്ന നിലയിലെ മുസ്്‌ലിം ഐക്യത്തെ തീര്‍ത്തും ബലഹീനമാക്കുന്നതും വലിയൊരു പരിധിയോളം ശത്രുക്കള്‍ക്ക് സമുദായത്തെത്തന്നെ ഒറ്റുകൊടുക്കുന്നതുമാണെന്ന് പറയേണ്ടിവരും.
വലാഅ്, ബറാഅ്
ആദര്‍ശ സമൂഹം എന്ന നിലയില്‍ മുസ്്‌ലിംകള്‍ തമ്മില്‍ ആഭ്യന്തരമായും, മുസ്്‌ലിംകളും അമുസ്്‌ലിംകളും തമ്മില്‍ സവിശേഷമായും ഉണ്ടാവേണ്ട ബന്ധങ്ങളെ സൂചിപ്പിക്കുന്ന ഖുര്‍ആനിക സാങ്കേതിക പദങ്ങളാണ് 'വലാഅ്', 'ബറാഅ്' എന്നിവ. ആദര്‍ശപരമായോ സ്ഥലപരമായോ ആപേക്ഷികമായോ സൗഹൃദപരമായോ മറ്റോ ഒരേ ഇനത്തില്‍ പെട്ടതു മാത്രം ഒന്നിച്ചു ചേര്‍ന്നുനില്‍ക്കുക എന്നത്രെ 'വലാഇ'ന്റെ വിവക്ഷ. 'സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം ആത്മമിത്രങ്ങളാകുന്നു' (അത്തൗബ 71) എന്ന സൂക്തം ഉദാഹരണം. 'ബറാഅ്' എന്നാല്‍ 'ഒരു വസ്തുവിന്റെ സാമീപ്യം പോലും ദുസ്സഹമാവുക' എന്നാണ്. 'എനിക്കുള്ളത് എന്റെ കര്‍മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് നിങ്ങള്‍ വിമുക്തരാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഞാനും വിമുക്തനാണ്' (യൂനുസ് 41) എന്ന സൂക്തം ഉദാഹരണം. മേല്‍ നിര്‍വചന പ്രകാരം, ഇസ്്‌ലാമേതര ഗ്രൂപ്പുകളുമായി ഇസ്്‌ലാമിക സമൂഹത്തിന്റെ ആദര്‍ശപരമായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ബന്ധങ്ങള്‍ പാടില്ല (ഇത് ഇസ്്‌ലാമിക സമൂഹം മാത്രമല്ല, എല്ലാ ആദര്‍ശ സമൂഹങ്ങളും തങ്ങള്‍ക്കിടയില്‍ ആഭ്യന്തരമായി കാത്തുസൂക്ഷിക്കുന്ന തത്ത്വമാണ്). അതേസമയം മുസ്്‌ലിം-അമുസ്്‌ലിം സമൂഹങ്ങള്‍ക്കിടയിലെ മാനുഷിക ബന്ധങ്ങളിലെ ഉദാരമായ സഹവര്‍ത്തിത്വം ആദര്‍ശത്തിന്റെ തന്നെ താല്‍പര്യമാണെന്ന് ഖുർആന്‍ പലേടങ്ങളിലായി പഠിപ്പിക്കുന്നുണ്ട്.
'വലാഇ'ന്റെ പ്രാഥമിക താല്‍പര്യം
മുസ്്‌ലിംകള്‍ ഈ അര്‍ഥത്തില്‍ സവിശേഷമായ ഒരു ആദര്‍ശ സമൂഹമാണെന്ന് അംഗീകരിക്കുന്നവര്‍ പ്രാഥമികമായി ചില മര്യാദകള്‍ മാനിക്കേണ്ടതുണ്ട്. അവയില്‍ പ്രധാനം, ഓരോ സത്യവിശ്വാസിയും തന്റെ ആദര്‍ശ സഹോദരന്റെ സംരക്ഷകനായിരിക്കണം എന്നതാണ്. 'മുസ്്‌ലിം മുസ്്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയില്ല. അവനെ ശത്രുക്കള്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയില്ല' (ബുഖാരി, മുസ്്‌ലിം). ഇസ്്‌ലാമിക സമൂഹത്തിന്റെ ഭാഗമായ വ്യക്തികളെയും ഗ്രൂപ്പുകളെയും വ്യക്തിപരമോ സംഘടനാപരമോ മറ്റു വല്ലതുമോ ആയ താല്‍പര്യങ്ങളുടെ പേരില്‍ ശത്രുപക്ഷത്തിന് ഒറ്റു കൊടുക്കുന്നത് മേല്‍ ഹദീസിന്റെ പരിധിയില്‍ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
ശത്രുക്കള്‍ക്ക് സന്തോഷിക്കാൻ അവസരം നല്‍കാതിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. മുസ്്‌ലിംകള്‍ക്കിടയിലെ ഏതുതരം ഛിദ്രതയും ശത്രുക്കള്‍ക്ക് സന്തോഷിക്കാൻ അവസരം നല്‍കും. ഹാറൂന്‍ നബി, ജ്യേഷ്ഠ സഹോദരന്‍ മൂസായോട് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്'' (അല്‍ അഅ്‌റാഫ് 150). മറ്റു പലതിനുമൊപ്പം നബി (സ), ശത്രുക്കളുടെ സന്തോഷത്തില്‍നിന്ന് അഭയം തേടിയിരുന്നതായി കാണാം (ബുഖാരി, മുസ്്‌ലിം). ശത്രുക്കൾ സന്തോഷിച്ചാലും വേണ്ടില്ല, തങ്ങള്‍ക്കിഷ്ടമില്ലാത്ത സഹസംഘടനകള്‍ ശത്രുക്കള്‍ക്കിരയാവട്ടെ എന്നേടത്തോളം ഇന്ന് സംഘടനാ മൗഢ്യവും ആന്ധ്യവും ആഢ്യത്തരവും അധഃപതിച്ചിരിക്കുന്നു.
കാഴ്ചപ്പാടുകളുടെയും നിലപാടുകളുടെയും പേരിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ (ഇഖ്തിലാഫ്) സ്വാഭാവികമാണെങ്കിലും അതിന്റെ പേരില്‍ ഹൃദയങ്ങള്‍ അകലുന്നതിനെ (തഫര്‍റുഖ്) ഇസ്്‌ലാം അനാശാസ്യമായാണ് കാണുന്നത്.
ശത്രുക്കളുമായുള്ള അവിശുദ്ധ ബന്ധം വഴി ലഭ്യമാകാവുന്ന ആനുകൂല്യങ്ങളിലൂടെ അന്തസ്സ് നേടിയെടുക്കാന്‍ കഴിയും എന്ന് ചിലര്‍ പ്രതീക്ഷിക്കുന്നതായി ചില വര്‍ത്തമാന കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇസ്്‌ലാമിക വീക്ഷണത്തില്‍ അന്തസ്സ് (ഇസ്സത്ത്) ബാഹ്യമായ സ്രോതസ്സില്‍നിന്ന് ലഭിക്കുന്നതല്ല. സത്യസന്ധവും നിസ്വാര്‍ഥവുമായ സത്യവിശ്വാസത്തിന്റെ ഫലമായി ഒരു മുസ്്‌ലിമില്‍ ജാതമാവുന്ന സ്വാഭാവികവും സമുന്നതവുമായ പ്രതാപ ബോധമാണ് ഇസ്സത്ത്. അത് താല്‍പര്യങ്ങളുടെ പേരില്‍ നടക്കുന്ന കൊള്ളക്കൊടുക്കകളിലൂടെ നേടാന്‍ കഴിയുന്നതല്ല. നബി(സ)യെയും സ്വഹാബത്തിനെയും തറപറ്റിക്കാന്‍ ബഹുദൈവ വിശ്വാസികളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അതിലൂടെ തങ്ങള്‍ക്ക് ഇസ്സത്ത് കൈവരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്ന കപട വിശ്വാസികളുടെ സ്വപ്‌നത്തെ തകിടംമറിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളെ മാറ്റിനിര്‍ത്തി സത്യനിഷേധികളെ ആത്മമിത്രങ്ങളാക്കുന്ന കപട വിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് നീ സന്തോഷ വാര്‍ത്ത അറിയിക്കുക. അവര്‍ അവരുടെ അടുത്ത് പ്രതാപം ആഗ്രഹിക്കുകയാണോ?  തീര്‍ച്ചയായും എല്ലാ ഇസ്സത്തും അല്ലാഹുവിനാകുന്നു'' (അന്നിസാഅ് 138,139).
ബഹുമുഖമായ ഇസ്്‌ലാമിക നവോന്മേഷം ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. വ്യത്യസ്ത മത സംഘടനകള്‍, പത്രങ്ങള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയ മുന്‍കൈകള്‍, വിപുലമായ സാമൂഹിക സാന്നിധ്യം... അങ്ങനെ പലതും. പക്ഷേ, സമുദായത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് സമുദായത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കൂട്ടായ്മ രൂപവത്കരിക്കാന്‍ ഇനിയും സാധ്യമായിട്ടില്ല. തന്നെയുമല്ല, ഈ പതിതാവസ്ഥയിലും സമുദായത്തിലെ സഹ സംഘടനകളെയും സമുദായത്തെ തന്നെയും ബലി കൊടുത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചിലര്‍ എളുപ്പ വഴികൾ അന്വേഷിക്കുന്നത്. സംഘടനാ നേതാക്കള്‍ തമ്മില്‍ ആശയ വിനിമയങ്ങള്‍ നടക്കുകയും ബന്ധങ്ങള്‍ തുടരുകയും ചെയ്യുമ്പോഴും ഇതറിഞ്ഞോ അറിയാതെയോ അനുയായികള്‍ തമ്മില്‍ 'സംഘടനാ അച്ചടക്ക'ത്തിന്റെ ഭാഗമായി മറ്റു സംഘടനകളിലെ പ്രവര്‍ത്തകരുമായി സാമൂഹിക അകലം പാലിക്കുന്ന അവസ്ഥയും നാം കാണുന്നു. ഇവിടെയും ജയിക്കുന്നത് സംഘടന തന്നെ. തോല്‍ക്കുന്നത് വിശാലമായ ഇസ്്‌ലാമിക സാഹോദര്യവും.
മുസ്്‌ലിംകളെ സംബന്ധിച്ചേടത്തോളം മുസ്്‌ലിംകള്‍ തന്നെയായിരിക്കും ശത്രുക്കളെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. നബി (സ) പ്രസ്താവിച്ചതായി സൗബാന്‍ (റ) നിവേദനം ചെയ്യുന്നു: 'എന്റെ സമുദായത്തെ പൊതുവായ ക്ഷാമത്താലും അവരുടെ പുറത്തുനിന്നുള്ള ശത്രുവാലും നശിപ്പിക്കരുതെന്ന് ഞാന്‍ എന്റെ നാഥനോട് പ്രാര്‍ഥിച്ചിരിക്കുന്നു. അങ്ങനെ മുസ്്‌ലിംകള്‍ മുസ്്‌ലിംകളുടെ തന്നെ പ്രതാപത്തെ കെടുത്തിക്കളയും. അവരില്‍ ചിലര്‍ മറ്റു ചിലരെ ബന്ദികളാക്കും. എന്റെ സമുദായത്തിലെ ചില ഗോത്രങ്ങള്‍ ബഹുദൈവ വിശ്വാസികള്‍ക്കൊപ്പം ചേരുന്നതു വരെയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നതു വരെയും ലോകാവസാനം സംഭവിക്കുകയില്ല' (ഇബ്‌നു ഹിബ്ബാന്‍). ശത്രുക്കള്‍ക്കെതിരെ നിലയുറപ്പിക്കേണ്ടവര്‍ സ്വന്തം സഹോദരങ്ങളെ ശത്രുക്കളായി കാണുന്ന വൈരുധ്യവും അതിന്റെ ദുരന്ത പരിണതിയുമാണ് മേല്‍ നബിവചനത്തിന്റെ പൊരുള്‍.
ചാരന്റെ ചൂരറിയുക
തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ സാമൂഹിക ബഹിഷ്‌കരണത്തിനു വിധേയനായ കഅ്ബുബ്‌നു മാലികി(റ)നെ വശത്താക്കി ഇസ്്‌ലാമിക സമൂഹത്തിലേക്കും മദീനാ രാഷ്ട്രത്തിലേക്കും കടന്നുകയറാന്‍ ഗസ്സാനിലെ രാജാവ് ശ്രമിച്ചിരുന്നു. മദീനയിൽ ഭക്ഷ്യ ധാന്യ വില്‍പനക്കെത്തിയ ഒരു ശാമുകാരന്‍, 'കഅ്ബുബ്‌നു മാലികിനെ കാണിച്ചുതരാമോ' എന്ന് അന്വേഷിച്ചതായും ആളുകള്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തതായും, അയാള്‍ തനിക്ക് ഗസ്സാനിലെ രാജാവിന്റെ കത്ത് കൈമാറിയതായും കഅ്ബ് അനുസ്മരിക്കുന്നുണ്ട്. 'മുഹമ്മദ് നിങ്ങളെ കൈയൊഴിഞ്ഞതായി നാം അറിഞ്ഞിരിക്കുന്നു, ദൈവം നിങ്ങളെ കൈയൊഴിയുകയില്ല. നമ്മുടെ അടുത്തേക്ക് വരിക. നാം താങ്കളെ ചേര്‍ത്തുപിടിക്കാം' - ഇതായിരുന്നു കത്തിലെ ഉള്ളടക്കം. നബി(സ)യുടെ ബഹിഷ്‌കരണം മാത്രമല്ല, ഈ കത്തിലെ ഉള്ളടക്കവും പരീക്ഷണം തന്നെ എന്ന് ആത്മഗതം ചെയ്ത് അദ്ദേഹം കത്ത് അടുപ്പിലിട്ട് കത്തിക്കുകയായിരുന്നു. ശത്രുക്കൾ സമുദായത്തില്‍നിന്ന് മഴു കണ്ടെത്തുന്നതിന്റെ നല്ലൊരു ഉദാഹരണമാണ് മേല്‍ സംഭവം. ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം.
അലി(റ)യും മുആവിയ(റ)യും തമ്മില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ അവസരം മുതലാക്കാനൊരുങ്ങിയ റോം ചക്രവര്‍ത്തി മുആവിയയെ വശത്താക്കാനായി കത്തയച്ചു: 'നിങ്ങളും അലിയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അറിഞ്ഞു. അലിയെക്കാള്‍ രാഷ്ട്രീയ വൈഭവമുള്ള നിങ്ങള്‍ തന്നെയാണ് അധികാരത്തിന് യോഗ്യന്‍. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കില്‍ അലിയുടെ തലയറുക്കാന്‍ ഞാന്‍ സൈന്യത്തെ അയക്കാം. ആ സൈന്യത്തിന്റെ ഒരറ്റം നിങ്ങളുടെ അടുത്തും മറ്റേ അറ്റം എന്റെ അടുത്തുമായിരിക്കും.'
കത്തിന് വായടപ്പന്‍ മറുപടി നല്‍കിക്കൊണ്ട് മുആവിയ തിരിച്ചടിച്ചു: 'ഞങ്ങള്‍ രണ്ടുപേരും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് കരുതി നിങ്ങള്‍ എങ്ങനെയാണ് ഞങ്ങള്‍ക്കിടയില്‍ കടന്നുകയറുക? നിങ്ങള്‍ എങ്ങനെയാണ് കുരക്കുക? നിങ്ങള്‍ കുര നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ നേരെ ഞാന്‍ സൈന്യത്തെ അയക്കും. അതിന്റെ ഒരറ്റം നിങ്ങളുടെ അടുത്തും മറ്റേ അറ്റം എന്റെ അടുത്തുമായിരിക്കും. നിങ്ങളുടെ തലയറുത്ത് ഞാന്‍ അലിക്ക് സമര്‍പ്പിക്കുന്നതായിരിക്കും.' സമുദായത്തില്‍ ഒറ്റുകാരെ കണ്ടെത്താന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ക്കുള്ള വാചാലമായ താക്കീതാണ് മേല്‍ കത്ത്.
മൂന്ന് കാളകള്‍
ശത്രുക്കളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയാത്തവരെ അലി (റ) ഒരു കഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. കഥ ഇങ്ങനെ: ''ഒരു വനത്തില്‍ ഒരു കറുത്ത കാളയും ഒരു വെളുത്ത കാളയും ഒരു ചുവന്ന കാളയും ഉണ്ടായിരുന്നു. മൂന്നു കാളകളും ഒന്നിച്ചായതിനാല്‍ ഓരോന്നിനെയും ഒറ്റപ്പെടുത്തി തിന്നാന്‍ വനരാജന്‍ സിംഹത്തിന് കഴിഞ്ഞിരുന്നില്ല. ഒരു ദിവസം സിംഹം കറുത്ത കാളയോടും ചുവന്ന കാളയോടും പറഞ്ഞു: 'ഈ വനത്തില്‍ നാം ഉള്ളത് ആളുകള്‍ അറിയുന്നത് വെള്ളക്കാള കാരണമാണ്. അങ്ങനത്തെ നിറമാണല്ലോ അവന്റേത്. നിങ്ങള്‍ രണ്ടുപേരും അനുവദിക്കുകയാണെങ്കില്‍ ഞാന്‍ അവനെ തിന്നാം. അതോടെ വനം നിങ്ങള്‍ രണ്ടു പേരുടേതും മാത്രമാവും.
കറുത്ത കാളയും ചുവന്ന കാളയും പറഞ്ഞു: 'നിങ്ങള്‍ തിന്നോളൂ.' അങ്ങനെ സിംഹം വെളുത്ത കാളയെ തിന്നു. ദിവസങ്ങള്‍ കഴിഞ്ഞു. സിംഹം ചുവന്ന കാളയോട് പറഞ്ഞു: 'നാം രണ്ടു പേരും ഒരേ നിറക്കാരാണ്. നാം തമ്മില്‍ യോജിപ്പുണ്ട്. കറുത്ത കാളയെ തിന്നാന്‍ അനുവദിക്കണം.' ചുവന്ന കാള സമ്മതിച്ചു. സിംഹം കറുത്ത കാളയെ തിന്നു. നാളുകള്‍ കഴിഞ്ഞു. സിംഹം ചുവന്ന കാളയോട് മുഖവുരയില്ലാതെ പറഞ്ഞു: 'ഞാന്‍ നിന്നെ തിന്നാന്‍ പോവുകയാണ്. തിന്നാതെ വിടില്ല.'
ചുവന്ന കാള പറഞ്ഞു: 'എനിക്ക് ഒരു കാര്യം മൂന്നു തവണ വിളിച്ചുപറയാനുണ്ട്. അതിന് അനുവദിക്കണം.' സിംഹം: 'വിളിച്ചുപറഞ്ഞോളൂ.' ചുവന്ന കാള ഉച്ചത്തില്‍ മൂന്നു തവണ വിളിച്ചുപറഞ്ഞു: 'വെളുത്ത കാള തിന്നപ്പെട്ട ദിവസം തന്നെ ഞാനും തിന്നപ്പെട്ടുകഴിഞ്ഞിരുന്നു.' ഈ കഥ പറഞ്ഞ ശേഷം, ഉസ്മാന്‍  (റ) വധിക്കപ്പെട്ട ദിവസം തന്നെ ഞാനും വധിക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്ന് അലി (റ) കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
വ്യക്തിപരമോ സംഘടനാപരമോ മറ്റോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി സമുദായത്തെ ബലി കൊടുക്കുന്നവര്‍ ഗൗരവത്തോടെയും തിരിച്ചറിവോടെയും വായിക്കേണ്ടതാണ് അലി (റ) പറഞ്ഞ കഥ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്