നൂറ്റാണ്ടിന്റെ ഭൂകമ്പം നൂറ്റാണ്ടിന്റെ രക്ഷാ പ്രവര്‍ത്തനം
ഭൂകമ്പം അവശേഷിപ്പിച്ച നഷ്ടങ്ങളുടെ വ്യാപ്തി നോക്കുമ്പോള്‍ തുര്‍ക്കിയയെ സംബന്ധിച്ചേടത്തോളം അത് നൂറ്റാണ്ടിന്റെ ദുരന്തമാണ്. സമീപ നൂറ്റാണ്ടുകളിലൊന്നും ഇത്ര നാശം വിതച്ച ഒരു ഭൂകമ്പം തുര്‍ക്കിയയില്‍ ഉണ്ടായിട്ടില്ലെന്നും വ്യക്തമാവുകയാണ് ഓരോ ദിനം പിന്നിടുമ്പോഴും. തുര്‍ക്കിയയിലും സിറിയയിലുമായി ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തയ്യായിരത്തോളമായി. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. തുര്‍ക്കിയ എന്ന രാഷ്ട്രത്തിന്റെ കിടപ്പ് ഒരു ഭൂകമ്പ സാധ്യതാ മേഖലയിലാണ്. ചരിത്രത്തിലുടനീളം അന്തോക്യൻ മേഖലയില്‍ ഭൂമികുലുക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറച്ചധികം കാലമായി ഭൂകമ്പം ഉണ്ടാകാതിരുന്നത് വലിയ ആശങ്കക്ക് ഇടവരുത്തിയിരുന്നു. അത് വൈകാതെ ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. പക്ഷേ, അത് എവിടെ, എപ്പോള്‍, തീവ്രത എത്രയളവില്‍ എന്ന് കൃത്യമായി പ്രവചിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. പതിനഞ്ച് ദശലക്ഷം പേരെ ഈ ഭൂകമ്പം നേരിട്ടോ പരോക്ഷമായോ ബാധിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്. മേഖലയിലെ പ്രധാന പാതകള്‍ ഉപയോഗശൂന്യമായി. കൃഷിഭൂമികള്‍ പലതും നശിച്ചു.
പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ എത്ര ദീര്‍ഘിച്ച യത്‌നവും ആസൂത്രണവും വേണ്ടിവരുമെന്ന് ഈ ഭൂകമ്പം നമ്മെ പഠിപ്പിച്ചു. അതിനു വേണ്ട ചടുലമായ സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ തുര്‍ക്കിയക്ക് സാധിച്ചു. രാഷ്ട്ര സംവിധാനങ്ങള്‍ മുഴുവന്‍ തോളോട് തോള്‍ ചേര്‍ന്നാണ് രക്ഷാ പ്രവർത്തനം. ഈ ചരിത്ര സന്ദര്‍ഭം തുര്‍ക്കിയക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. ഇതിനെക്കാളൊക്കെ പ്രധാനം പ്രതിസന്ധി ഘട്ടത്തില്‍ തുര്‍ക്കിയ ജനത പ്രദര്‍ശിപ്പിച്ച സഹകരണ മനോഭാവവും ഐക്യദാര്‍ഢ്യവുമാണ്. 2016 ജൂലൈ 15-ന് രാത്രി സിവില്‍ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമമുണ്ടായപ്പോഴും തുര്‍ക്കിയ ജനതയുടെ ചേര്‍ന്നുനില്‍പ് നാം കണ്ടതാണ്.
യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ലോകത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് വേണ്ടി തുര്‍ക്കിയ ജനത നല്‍കിക്കൊണ്ടിരിക്കുന്ന വമ്പിച്ച സഹായ പാക്കേജുകള്‍ നാം കണ്ടതാണ്. ബോസ്‌നിയ, ഫലസ്ത്വീന്‍, സോമാലിയ, യമന്‍, സിറിയ.... ആ പട്ടിക ഇങ്ങനെ നീളുന്നു. അടുത്ത കാലങ്ങളിലായി ഏറ്റവും കൂടുതല്‍ ഇത്തരം സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്, രാഷ്ട്രമെന്ന നിലക്കും ജനത എന്ന നിലക്കും തുര്‍ക്കിയ ആണെന്ന് പറയാന്‍ കഴിയും.
ഏറ്റവുമൊടുവിലത്തെ ഭൂകമ്പത്തിന് മുമ്പ്, കഴിഞ്ഞ ഇരുപത് വര്‍ഷമായി തുർക്കിയ ഭൂകമ്പം, വെള്ളപ്പൊക്കം, കാട്ടുതീ പോലുള്ള നിരവധി പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇവയെ നേരിടാനുള്ള അസാധാരണമായ അനുഭവ പരിചയവും വളരെക്കൂടുതലായി അവര്‍ നേടിയെടുത്തിട്ടുണ്ട്. പക്ഷേ, മുമ്പുണ്ടായ പ്രകൃതി ദുരന്തങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഒന്നേയല്ല ഇപ്പോഴത്തെ ഭൂകമ്പം. കണക്കു കൂട്ടാന്‍ പറ്റാത്തതാണ് നശീകരണത്തിന്റെ വ്യാപ്തി. എങ്കിലും പ്രകൃതി ദുരന്ത നിവാരണ സംഘത്തിന്റെ അനുഭവപരിചയം വളരെ നല്ല നിലയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അവരെ പ്രാപ്തരാക്കി.
പത്ത് പ്രവിശ്യകളിലെ മുഴുവന്‍ നഗരങ്ങളും ഭൂകമ്പക്കെടുതികള്‍ക്കിരയായി എന്നു മനസ്സിലാക്കണം. പതിനായിരക്കണക്കിന് സ്ഥലങ്ങളില്‍ ഒരേസമയം രക്ഷാ പ്രവര്‍ത്തനം നടത്തുക! ഏതൊരു മികവുറ്റ സംവിധാനത്തിനും ഇത് അസാധ്യമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാല്‍, തുടക്കത്തില്‍ ചില പതര്‍ച്ചകളും തടസ്സങ്ങളുമുണ്ടായി. മുഖ്യ തടസ്സമായത് ദുരന്ത രാത്രിയില്‍ മേഖലയില്‍ ആഞ്ഞുവീശിയ മഞ്ഞു കാറ്റും കനത്ത മഴയും തന്നെ. ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള വഴികള്‍ തടസ്സപ്പെടാന്‍ അത് കാരണമായി. മറ്റു ചില തടസ്സങ്ങളാല്‍ ചിലേടത്ത് ഉടനടി സഹായമെത്തിക്കാനും കഴിഞ്ഞില്ല. ഇതൊന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ വന്ന അലംഭാവം കൊണ്ടായിരുന്നില്ല. അത്യന്തം പ്രതികൂലമായ കാലാവസ്ഥയില്‍, ഇത്രക്കും വ്യാപ്തിയുള്ള ഒരു മഹാ ദുരന്തത്തിന് മുന്നില്‍ ഏത് സംവിധാനവും അന്ധാളിച്ചുപോവുക സ്വാഭാവികമാണല്ലോ. പക്ഷേ, അധികം വൈകാതെ തന്നെ ദുരന്ത നിവാരണ സംഘ(AFAD)ത്തിന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി. തുര്‍ക്കിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലവും സംഘടിതവുമായ രക്ഷാ പ്രവര്‍ത്തനത്തിനാണ് നാമിപ്പോള്‍ സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.
ദുരന്തമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ എല്ലാ മന്ത്രിമാരെയും വിവിധ ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പിച്ചിരുന്നു. ഭരണകൂടം തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്കുണ്ടായി. ഒന്നാം ദിവസം തന്നെ അങ്കാറയിലെ തന്റെ ഓഫീസിലിരുന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ മുഴുവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. മൂന്നാം ദിവസം അദ്ദേഹം ദുരന്ത ബാധിത പ്രദേശങ്ങളിലെത്തി. അഞ്ചു ദിവസം തുടര്‍ച്ചയായി അദ്ദേഹവും ഭാര്യ അമീനയും ദുരന്ത ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ നേരില്‍ ചെന്നു കണ്ട് ആശ്വസിപ്പിച്ചു.
രക്ഷാ പ്രവര്‍ത്തനത്തില്‍ പരിചയവും വൈദഗ്ധ്യവുമുള്ള 35,000 പേരെയാണ് വിവിധ പ്രദേശങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. അവര്‍ ഉള്‍പ്പെടെ രണ്ടര ലക്ഷം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനത്തിലും പുനരധിവാസ പ്രക്രിയയിലും ഏര്‍പ്പെട്ടിരിക്കുന്നു. തുര്‍ക്കിയയിലെ എഴുപത്തിയൊന്ന് പ്രവിശ്യകളില്‍നിന്ന് എത്തിച്ചേര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. പ്രവിശ്യാ അടിസ്ഥാനത്തിലും പ്രാദേശികമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും മറ്റുമായി പന്ത്രണ്ടായിരം യന്ത്രങ്ങള്‍, 76 വിമാനങ്ങള്‍, 121 ഹെലികോപ്റ്ററുകള്‍, 26 കപ്പലുകള്‍, 46 ഡ്രോണുകള്‍ എന്നിവയും ഭൂകമ്പ ബാധിത മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. 320 സഞ്ചരിക്കുന്ന അടുക്കളകളുണ്ട്. ഓരോ പ്രദേശത്തും ചൂടോടെ ഭക്ഷണമെത്തിക്കുന്ന സംവിധാനം. 20 ദശലക്ഷം ഭക്ഷണപ്പൊതികള്‍ തങ്ങള്‍ മാത്രം വിതരണം ചെയ്തതായി റെഡ് ക്രസന്റ് അറിയിക്കുന്നു. തുര്‍ക്കിയാ സൈന്യവും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്. രക്ഷാ പ്രവര്‍ത്തനവും പുനരധിവാസവും കഴിവിന്റെ പരമാവധി കാര്യക്ഷമമാക്കാന്‍ ശ്രമമുണ്ടെങ്കിലും, സ്വന്തക്കാരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ അത് മതിയാവുകയില്ലല്ലോ. എല്ലാം നഷ്ടപ്പെട്ട ആ മനുഷ്യര്‍ക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ട് തങ്ങള്‍ എപ്പോഴും അവരോടൊപ്പമുണ്ടാവും എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയണം.
തുര്‍ക്കിയയിലെ പ്രതിപക്ഷം ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഗവണ്‍മെന്റിന്റെ തലയില്‍ കെട്ടിവെക്കുകയാണ്. ഭൂമികുലുങ്ങിയതിന് മനുഷ്യര്‍ ഉത്തരവാദികളാവുകയില്ലല്ലോ. എന്നാലും രക്ഷാ പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിച്ചുവെന്ന് ആരോപിക്കാം. അതാണിപ്പോള്‍ തുര്‍ക്കിയയിലെ പ്രതിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്ര വലിയ ഒരു ദുരന്തമുഖത്ത് ലോകത്ത് ഇന്നുള്ള ഒരു ഭരണകൂടത്തിനും ഒരേ സമയം സഹായ ഹസ്തവുമായി ഉടനടി എത്തിച്ചേരാന്‍ കഴിയില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. പ്രതിപക്ഷത്തിന്റെ മറ്റൊരാരോപണം, ഭരണകക്ഷിയുടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഭരണത്തിനിടക്കാണ് തകര്‍ന്ന കെട്ടിടങ്ങളില്‍ മിക്കതും നിര്‍മിച്ചത് എന്നായിരുന്നു. അതായത് ഭൂകമ്പ ചട്ടങ്ങള്‍ പാലിച്ചല്ല അവ നിര്‍മിച്ചത്, ഭരണകൂടം പരിശോധന നടത്തിയില്ല എന്ന്. പുറംലോകത്ത് വലിയ പ്രചാരം ഈ ആരോപണത്തിന് ലഭിക്കുകയും ചെയ്തു. ഉര്‍ദുഗാനെ പൂട്ടാന്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ ഈ ആരോപണം പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നു. പക്ഷേ, ഈ ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായതാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ 98 ശതമാനവും 1999-ന് മുമ്പ് നിര്‍മിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. 'അക്' പാര്‍ട്ടി ഗവണ്‍മെന്റിന് കീഴിലുള്ള പാര്‍പ്പിട നിര്‍മാണ സമിതി (TOKI) ഈ മേഖലയില്‍ നിര്‍മിച്ചുകൊടുത്ത ഒന്നര ലക്ഷം കെട്ടിടങ്ങള്‍ക്ക് പൊതുവെ കേടുപാടുകളൊന്നും പറ്റിയിട്ടില്ല.
മറ്റൊരു കാര്യമുണ്ട്. ഈ ഭൂക മ്പം കൊണ്ട് വലിയ അളവില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നത് ശരി തന്നെ. പക്ഷേ, പലതും പുനര്‍നിര്‍മിക്കാന്‍ ഇത് അവസരമൊരുക്കി എന്നതും സത്യമാണ്. മഹാ ദുരന്തം വരുത്തിവെക്കുമ്പോഴും ഓരോ ഭൂകമ്പവും ഇത്തരം അവസരങ്ങള്‍ തുറക്കുന്നുണ്ട്. l
(തുര്‍ക്കിയയിലെ അക്കാദമിഷ്യനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍)
Comments