Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

വംശീയതയുടെ ലോകക്രമം

അർഷദ് ചെറുവാടി

വംശീയതയുടെ വിവിധ തലങ്ങൾ ചർച്ചചെയ്യുകയാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ശിഹാബ് പൂക്കോട്ടൂരിന്റെ വംശീയതയുടെ ലോകം എന്ന പുസ്തകം. 'വ്യവസ്ഥാപിതമാവുന്ന ദേശവംശീയ ലോകക്രമങ്ങൾ' എന്ന ഒന്നാമധ്യായത്തിൽ ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും നിലനിൽക്കുന്ന വംശീയദേശീയതകളെ താരതമ്യം ചെയ്ത്  ലോകത്ത് എപ്രകാരമാണ് വംശീയത അതിന്റെ വേരുകൾ ആഴ്ത്തുന്നതെന്ന് സമർഥിക്കുന്നു. സാമൂഹിക മേഖലയിൽ മാത്രമല്ല, സാമ്പത്തിക മേഖലയിലും എപ്രകാരമാണ് ഇന്ത്യൻ ജാതിവംശീയത പരോക്ഷമായി നിലകൊള്ളുന്നതെന്നും ഈ അധ്യായം വ്യക്തമാക്കുന്നു. 
വംശീയതയുമായി ബന്ധപ്പെട്ട ഒരു തിയറി നിലനിൽക്കുന്നത് മുസ്്ലിം സ്ത്രീയുമായും അവളുടെ വേഷവുമായും ബന്ധപ്പെട്ടുകൊണ്ടാണ്. ഹിജാബ്  കാരണം സ്ത്രീകൾ മറ്റെന്ത് ചെയ്താലും അതെല്ലാം പാഴ് വേലയാണെന്ന തരത്തിലുള്ള വർത്തമാനത്തിലേക്ക് പൊതു മണ്ഡലം എത്തിയിട്ടുണ്ട്. 'ഇസ്്ലാമിക നാഗരികതയുടെ വികസനത്തിൽ സ്ത്രീകളുടെ പങ്ക് വിസ്മൃതിയിലേക്ക് തള്ളിവിട്ട് വിമോചനം ആവശ്യപ്പെടുന്നവർ കോളനിവൽക്കരണത്തെ നിലനിർത്തുകയും യൂറോപ്പിന്റെ വംശീയ അധികാരത്തെ ശരിവെക്കുകയുമാണ് ചെയ്യുന്നത്' എന്ന ഗ്രന്ഥകാരന്റെ നിഗമനം വളരെ പ്രസക്തമാണ്.
വംശീയതയുടെ പുക എന്നൊരു പ്രയോഗം രചയിതാവ് നടത്തുന്നുണ്ട്. എന്തെങ്കിലുമൊന്ന് കത്തുമ്പോഴാണ് പുകയുണ്ടാവുക. 'വംശീയതയുടെ ശ്വാസം മുട്ടിക്കുന്ന പുകപടലങ്ങൾ' എന്ന അധ്യായം അതിനെക്കുറിച്ച് സൂചന തരുന്നുണ്ട്.  നിറം, ജാതി തുടങ്ങിയ നിർമിത വരേണ്യതകൾ കത്തിക്കപ്പെടുമ്പോഴുണ്ടാവുന്ന പുകപടലമാണ് ഇന്ന് ലോകത്തെ മൂടിയിരിക്കുന്നത്.
'സ്ഥല നാമമാറ്റം ചരിത്രത്തെ അപഹരിക്കുന്നവർ' എന്ന അധ്യായത്തിൽ പേരുമാറ്റത്തിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശകലനം ചെയ്യപ്പെടുന്നു. യഥാർഥത്തിൽ ചരിത്രത്തെ മാത്രമല്ല, ഓരോ ദേശത്തിന്റെയും സംസ്കാരത്തെ കൂടിയാണ് സ്ഥലപ്പേരു മാറ്റത്തിലൂടെ അവർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. വംശീയതയുടെ ലോകം എന്ന ഈ പുസ്തകം ആഗോള തലത്തിലുള്ള വംശീയതകളെയും ഇന്ത്യയിലെ സവിശേഷമായ ജാതിഭ്രാന്തിനെയും കൃത്യമായി ചോദ്യം ചെയ്യുന്നുണ്ട്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്