Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

സ്വയം പ്രതിരോധത്തിന്റെ ഉറുമി വീശി "ജനകീയ പ്രതിരോധം'

ബശീർ ഉളിയിൽ

പോലീസിലെ ആർ.എസ്.എസ് വത്കരണം, കൊച്ചാപ്പ – ചിറ്റപ്പാദി സ്വജനപക്ഷ വിവാദങ്ങൾ, ലൈഫ് മിഷൻ തട്ടിപ്പ്, വാഴക്കുലയിൽ കുടുങ്ങിയ പി.എച്ച്.ഡി മുതൽ സെക്രട്ടേറിയറ്റ് പടി കടന്ന് വന്ന 'അശ്വത്ഥാമാവ് എന്ന ആന’ വരെയുള്ള ഭരണതല വീഴ്ചകളെയും; പാർട്ടിയുടെ ശക്തിദുർഗമായ കണ്ണൂരിൽ പോലും നടക്കുന്ന പാർട്ടിതല 'ആകാശ്'  സ്ഫോടനങ്ങളെയും പ്രതിരോധിക്കാനുള്ള പടപ്പുറപ്പാടിലാണ് സി.പി.എം എന്നതാണ് നടപ്പുവാരത്തിലെ രാഷ്ട്രീയ സരസ വർത്തമാനം. പിടിപ്പത് പിടിപ്പുകേടുകൊണ്ട് ഖജനാവ് കാലിയായതിൽ മോങ്ങാനിരുന്നപ്പോഴാണ് തലയിൽ കേന്ദ്ര അവഗണനയുടെ തേങ്ങ കൂടി വീണത്. ലോക് സഭാ തെരഞ്ഞെടുപ്പ് അകലെയല്ലാത്ത സാഹചര്യത്തിൽ തലയിൽ വീണ തേങ്ങ സൗഭാഗ്യമായി കണക്കാക്കി ഒരു ജാഥ കാച്ചാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19-ലും സംപൂജ്യ സായൂജ്യരായി മൂലയിലിരിക്കേണ്ടിവന്ന അവസ്ഥയിൽ മാറ്റമുണ്ടാവണമെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര ജാഥ സംഘടിപ്പിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രൈസിസ് മാനേജരുടെ റോൾ നന്നായി അഭിനയിക്കാൻ പാടവമുള്ള ഗോവിന്ദൻ മാഷാണ് ജാഥാ ക്യാപ്റ്റൻ. വടിവൊത്ത ഭാഷയിൽ സ്ഫുടതയോടെ വിവരക്കേട് വിളമ്പാൻ വിരുതുള്ള എം. സ്വരാജ്, ജമാഅത്ത് വിരോധംകൊണ്ട് ആന്ധ്യം ബാധിച്ചു അന്തക്കേട് പറയുന്ന കെ.ടി ജലീൽ തുടങ്ങിയവരടങ്ങുന്ന പോരാളി ഷാജിമാരാണ് 'പ്രതിരോധ സേന'യിലുള്ളത്. 'കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ ജനകീയ പ്രതിരോധം’ എന്നാണ് ജാഥയുടെ തീമെങ്കിലും സ്വയം പ്രതിരോധത്തിന്റെ ഉറുമി വീശാനും ചാഞ്ഞ മരത്തിൽ ഓടിക്കയറി വർഗീയ ധ്രുവീകരണത്തിന്റെ ഫലം പറിക്കാനുമാണ് നിർഭാഗ്യവശാൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടി ജാഥയിലുടനീളം ശ്രമിച്ചത്. കാസർകോട്ട് കുമ്പളയിൽ നടന്ന ഉദ്ഘാടന വേദിയിൽ ഉയർന്നുകേട്ടത് കേന്ദ്രം ഭരിക്കുന്ന സംഘ് പരിവാറിനെതിരെയോ കേരളത്തിലെ പ്രതിപക്ഷത്തിന് നേരെ പോലുമോ ഉള്ള വിമർശനമായിരുന്നില്ല എന്നതാണ് കൗതുകകരം. ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പാടെ മറന്നുകൊണ്ട് കളിയിൽ കക്ഷിയല്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്ക് നേരെയാണ്, വി.കെ.എൻ ഭാഷയിൽ പറഞ്ഞാൽ ജാഥയുടെ ഒന്നാം ദിവസം കൂട്ടമണിയും നിലവിളിയും നെഞ്ചത്തടിയും നടന്നത്.  ജമാഅത്തെ ഇസ്‍ലാമിയുടെ തെങ്ങിൽ കെട്ടി യു.ഡി.എഫിനെ തല്ലാനാണ് ജാഥ ഉദ്ഘാടിച്ച മുഖ്യമന്ത്രി പിണറായി പോലും ശ്രമിച്ചത്. (ആർ.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചർച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫെയർ ത്രയത്തിനു പങ്കുണ്ടോ? - മുഖ്യമന്ത്രി, മംഗളം 21-2-2023).
പശുവിനെക്കുറിച്ച് എഴുതുക എന്ന ചോദ്യത്തിന് പശുവിന് നാല് കാലുണ്ടെന്നും കൊമ്പുണ്ടെന്നും എഴുതാതെ പശുവിനെ കെട്ടിയ തെങ്ങില്‍നിന്നും നെഹ്‌റുവിലേക്കും ഗാന്ധിജിയിലേക്കും ഉത്തരം നീട്ടിയെഴുതി ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും സഞ്ചരിച്ചു ഒടുവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം അമേരിക്കയാണ് എന്ന പോയിന്റിൽ ഉത്തരം അവസാനിപ്പിച്ച നാലാം ക്ലാസ് വിദ്യാർഥിയുടെ നിലവാരത്തിലായിരുന്നു മുഖ്യന്റെ ഉദ്ഘാടന പ്രഭാഷണം.
ആശയപ്പട്ടിണികൊണ്ട് കുടൽ കത്തുന്ന പാർട്ടി കഴിഞ്ഞ മാസം ദില്ലിയിൽ ആർ.എസ്.എസും പ്രമുഖ മുസ്‌ലിം സംഘടനകളും തമ്മിൽ നടന്ന ചർച്ച കൊണ്ടാണ് ജാഥയിലുടനീളം സദ്യ ഒരുക്കിയത്. പ്രസ്തുത ചർച്ചയിൽ പങ്കെടുത്ത ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അടക്കമുള്ള മുസ്‌ലിം സംഘടനകളെ കുറിച്ച് ഒന്നും പറയാതെ ജമാഅത്തെ ഇസ്‌ലാമിയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ഇന്ത്യൻ മുസ്‌ലിംകളുടെ ആധികാരിക ശബ്ദമാണ് ജമാഅത്തെ ഇസ്‌ലാമി എന്നും ആ ശബ്ദത്തെ നിശ്ശബ്ദമാക്കിയാൽ മാത്രമേ അവരുടെ വിമോചകരായി അവതരിക്കാൻ തങ്ങൾക്ക് കഴിയൂ എന്നും പറയാതെ പറയുകയാണ് സി.പി.എം. അല്ലെങ്കിൽ എന്തിനാണ് "ഇന്ത്യൻ മുസ്‌ലിംകളിൽ അര ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്‌ലാമി” (കെ.ടി ജലീൽ - സിറാജ് 20-2-23) ക്കെതിരെ  മാത്രം  സൈദ്ധാന്തിക സദാനന്ദന്മാർ മുതൽ അണ്ടിമുക്ക് ശാഖയിലെ റെഡ് വളണ്ടിയർ ചാവേറുകൾ വരെയുള്ളവരെ അരിവാളും ചുറ്റികയും നൽകി പാർട്ടി തുറന്നുവിടുന്നത്? ക്വട്ടേഷൻ സംഘാംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ആകാശ് തില്ലങ്കേരിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അയാൾ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ആളല്ലാത്തതു കൊണ്ട് മറുപടി പറയാനില്ല' എന്ന് പറഞ്ഞൊഴിഞ്ഞ എ.എ റഹീമാണ് ഈ തല്ലുമാലയിൽ  ജലീലിനൊപ്പം അഭിനയിക്കുന്ന മറ്റൊരു മണവാളൻ വസീം.
നടന്നത് ജമാഅത്ത് - ആർ.എസ്.എസ് രഹസ്യ ചർച്ചയല്ല, ആർ.എസ്.എസ് മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ജമാഅത്തടക്കമുള്ള മുസ്‌ലിം സംഘടനകൾ പങ്കെടുക്കുകയായിരുന്നുവെന്നും, ചർച്ച ചെയ്ത വിഷയങ്ങൾ പലവട്ടം പരസ്യപ്പെടുത്തിയതാണെന്നും ആവർത്തിച്ചു പറഞ്ഞിട്ടും "ആർ.എസ്.എസുമായി എന്ത്  കാര്യമാണ് ചർച്ച ചെയ്തത്, കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്്ലാമി വെളിപ്പെടുത്തണം" (കലാകൗമുദി 17-2-23) എന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നത്, അണികളുടെ അജ്ഞതയെ കുറിച്ച ആത്മവിശ്വാസംകൊണ്ടു മാത്രമാണ്. ലാത്തി വീശുന്ന പോലീസിന് നേരെ വിരൽ ചൂണ്ടിയ ദില്ലിയിലെ ‘ഫ്രറ്റേണിറ്റി’യുടെ പൗരത്വ സമരനായിക എസ്.എഫ്.ഐക്കാരിയാണെന്ന് ചാനൽ ചർച്ചയിൽ ഒട്ടും ധമനീസങ്കോചമില്ലാതെ പറയാൻ തലമുതിർന്ന  പാർട്ടി വക്താക്കൾക്ക് പോലും കഴിയുമെങ്കിൽ ദേശാഭിമാനിക്കപ്പുറം ഒരു സത്യവുമില്ലെന്ന് വിശ്വസിക്കുന്ന സാധുക്കളായ സാദാ സഖാക്കളുടെ കാര്യം പറയാനില്ല. അവരാണ് റിസോർട്ടുകളോളം വളരുന്ന പാർട്ടിയുടെ മൂലധനം. ശ്രീ എം എന്ന ‘ആത്മീയാചാര്യ'ന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയുമായും വത്സന്‍ തില്ലങ്കേരിയുമായും പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ സാന്നിധ്യത്തിൽ രഹസ്യ ചർച്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനാ('The RSS And The Making of The Deep Nation' –Dinesh Narayanan) ണ് മുസ്‌ലിം സംഘടനകളുടെ നടപടിയെ വിമർശിക്കുന്നത്.
ജമാഅത്തെ ഇസ്്ലാമിയടക്കമുള്ള മുസ്‌ലിം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിന്റെ ശരി-തെറ്റുകളെ കുറിച്ച് മുസ്‌ലിം ലീഗടക്കമുള്ള സംഘടനകൾ ക്രിയാത്മകമായാണ് പ്രതികരിച്ചത്. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടതു പോലെ, 'ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു സർക്കാറിന്റെ വീഴ്ചകൾ മറയ്ക്കാനുള്ള അടവ് മാത്രമാണ് ഈ വിവാദം' (മാധ്യമം 22-2-23). ചർച്ചയുടെ  സാംഗത്യത്തിൽ  സന്ദേഹിക്കുകയും 'നയപരമായ വീഴ്ച' എന്ന് മാന്യമായി വിയോജിക്കുകയും ചെയ്ത സംഘടനകളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല.  “ഗുജറാത്ത് കലാപം അറിയില്ല; മോദി ഭരണത്തില്‍ ആശങ്കയില്ല” (ദേശാഭിമാനി 11-11-2014) എന്നൊക്കെ അർഥശങ്കക്കിടയില്ലാത്തവിധം പലവട്ടം പറഞ്ഞവരെ തോളിൽ ഇരുത്തിക്കൊണ്ടാണ് പിണറായി സഖാവും സഹചാരി ജലീലുമൊക്കെ ജമാഅത്തിന് നേരെ ഹാലിളകുന്നത്. ഒരു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുള്ളവര്‍ വിരല്‍ ചൂണ്ടുക സ്വാഭാവികമാണെന്നായിരുന്നു ('Fight terror with education’ – Kanthapuram AP Aboobaker Musliar - Khaleej Times - 22-6- 2016)  ഫാഷിസത്തിനെതിരെ ചൂണ്ടുന്ന വിരലുകളെ കുറിച്ച് പോലും അവരുടെ നിലപാട്.
മുസ്‌ലിംകൾക്ക് മുസ്‌ലിംകളായിക്കൊണ്ട് ആർ.എസ്.എസുമായി ചർച്ച നടത്താൻ പാടില്ലെന്നും അവർക്കു വേണ്ടി തങ്ങളാണ് സംസാരിക്കേണ്ടതെന്നുമാണ് സി.പി.എം ധാർഷ്ട്യത്തിന്റെ ആകസാരം. 'എന്നാൽ മതേതര കക്ഷികളും കേരളത്തിലെ മാധ്യമങ്ങളും മനസ്സിലാക്കേണ്ട വസ്തുത നിങ്ങളുടെ ഏജൻസി ഇല്ലാതെ സ്വന്തം നിലയിൽ ചർച്ച നടത്താൻ അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് നിങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ്... അപകടകരമായ നിസ്സഹായതയിലാണ് മുസ്‌ലിം സമുദായം ഉള്ളത്. ആർ.എസ്.എസിൽനിന്ന് എന്തെങ്കിലും ആനുകൂല്യം പറ്റുന്നതിനോ മറ്റേതെങ്കിലും മുസ്‌ലിം സംഘടനകളെ ഒറ്റുകൊടുക്കാനോ അല്ല ചർച്ചയ്ക്ക് പോയത്... (ചർച്ച ചെയ്യാൻ കൊള്ളാവുന്ന സംഘമാണോ ആർ.എസ്.എസ്? - കെ.പി ഹാരിസ് - The Critic 21-2-2023). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്