Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

ദുരന്ത ഭൂമികളിൽ വിരിയുന്നത്​ പ്രത്യാശയുടെ പുതിയ ലോകക്രമം

എം.സി.എ നാസർ

അര ലക്ഷത്തോളം മനുഷ്യരുടെ വിയോഗം സൃഷ്​ടിച്ച കൊടുംവ്യഥ. അതിനിടയിലും ജീവിതം തിരിച്ചുപിടിക്കാനുള്ള മനുഷ്യരുടെ അസാധാരണ അതിജീവന മുദ്രകൾ. അതാണ്​​ തുർക്കിയയിലും  സിറിയയിലും കാണുന്നത്. ഒറ്റക്കല്ലെന്ന സന്ദേശത്തോടെ  ഇരു ജനതക്കും പിന്തുണയേകി ലോകം കൂടെയുണ്ട്​.  അതി​ന്റെ ബലത്തിലും പ്രത്യാശയിലുമാണ്,​ തുടർ ഭൂചലനങ്ങൾ സൃഷ്​ടിക്കുന്ന ഭീതിയുടെ ദിനരാത്രങ്ങൾക്കിടയിലും ജീവിതത്തിലേക്ക്​ ഇരകൾ തിരിച്ചുനടക്കുന്നത്​. കൊടിയ കാലുഷ്യങ്ങൾക്കും വിവേചനങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലും നാം ഒരു തോറ്റ ജനതയല്ലെന്ന്​ ലോകം നമ്മെ ഓർമിപ്പിക്കുകയാണ്​. സ്വന്തം വീട്ടുമുറ്റത്തെ ദുരന്തമായി  ഭൂരിഭാഗം രാജ്യങ്ങൾക്കും തുർക്കിയ, സിറിയ ഭൂകമ്പത്തെ കാണാനായി. അണമുറിയാത്ത സഹായ ഹസ്​തങ്ങളിലൂടെ ചേർന്നു നിൽക്കാനായി. ദിവസങ്ങൾക്കു ശേഷം കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽനിന്ന് കണ്ടെടുത്ത ജീവന്റെ തുടിപ്പുകൾ ലോകത്തി​ന്റെ മുഴുവൻ ആഹ്ലാദമായി മാറിയതും വെറുതെയല്ല.
അതിജീവനവും ഐക്യപ്പെടലും
ഫെബ്രുവരി ആറിന്​ വെളുപ്പിന്​ തുർക്കിയ, സിറിയ അതിർത്തി പ്രദേശങ്ങളെ വിറകൊള്ളിച്ച  പ്രകൃതിദുരന്തം. കൊടും തണുപ്പിനും മഞ്ഞിനും ഇടയിൽ വന്നെത്തിയ അപ്രതീക്ഷിത ആഘാതം. രക്ഷാപ്രവർത്തനം എളുപ്പമായിരുന്നില്ല. തുടക്കത്തിൽ ചില പിഴവുകൾ സംഭവിച്ചതായി ഭരണാധികാരികൾ തന്നെ തുറന്നുപറഞ്ഞു. 
ലോകം ഒന്നാകെ പിന്നെ കൂടെ നിന്നു. ഉറച്ച രാഷ്ട്രീയ നേതൃത്വവും ഭാവനയും ഏകോപനത്തിലെ പ്രഫഷനലിസവും തുർക്കിയക്ക്​ കുറെയൊക്കെ തുണയായി. വ്യാഴവട്ടം നീണ്ട യുദ്ധക്കെടുതികളും സംഘർഷവും അകൽച്ചയും​ സിറിയൻ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ നടപടികൾക്കും തിരിച്ചടിയായി. നിസ്സഹായതയുടെ നിലവിളികൾ. ദിവസങ്ങളോളം നീണ്ട തെരച്ചിൽ. ആഴ്​ചകൾ പിന്നിട്ടിട്ടും തകർന്ന കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ ജീവിതത്തിലേക്ക്​ തിരിച്ചെത്തിയ ചുരുക്കം ചിലർ. അവരിൽ ഏതാനും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 
പരിക്കേറ്റവരുടെ ചികിൽസയും ദുരിത ഭൂമിയിൽ ബാക്കിയായവരുടെ അതിജീവനവും- ഇതാണ്​ തുർക്കിയയും സിറിയയും മുന്നിൽ കാണുന്നത്.   മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നൽകി കൂടെ നിൽക്കുക, അതിനേ കഴിയൂ എന്ന ബോധ്യത്തിലേക്ക്​ ഇറങ്ങിനിൽക്കുകയാണ്​ ഭരണകൂടങ്ങളും എയിഡ്​ ഏജൻസികളും. ആധുനിക ശാസ്ത്ര-സാ​ങ്കേതിക വിദ്യകൾ ഏറെ വളർന്നിരിക്കുന്നു. എന്നിട്ടും ഭൂമിയുടെ അടരുകൾ തെന്നിമാറാൻ പോകുന്നതി​ന്റെ നേർത്ത സൂചന പോലും ഗണിച്ചെടുക്കാൻ കഴിയാതെ പോയ നിസ്സഹായത കൂടിയാണ്​ ഭൂകമ്പ ദുരന്ത മേഖലകൾ നമ്മെ ഓർമിപ്പിക്കുന്നത്​. 
ലോകം മാതൃക തീർക്കുന്നു
ലോകം പക്ഷേ,  വെറുതെയിരുന്നില്ല. ഏതോ വിദൂര ദിക്കിൽ നടന്ന ദുരന്തം എന്നോർത്ത്​ ഉൾവലിഞ്ഞതുമില്ല. രാഷ്​ട്രാന്തരീയ കാഴ്​ചപ്പാടുകളുടെയും സമീപനങ്ങളുടെയും മാനദണ്ഡങ്ങൾ നോക്കി ഐക്യപ്പെടലിനെ മാറ്റിവെച്ചതുമില്ല രാജ്യങ്ങൾ. വിയോജിപ്പുകളുടെ രാഷ്​ട്രീയത്തിന്​ അവധി നൽകി ഒരേ ആവേഗത്തിൽ മനുഷ്യരിലേക്കും അവ​രുടെ വേദനകളിലേക്കും പടർന്നു കയറുകയായിരുന്നു ലോകം. ദുരിത ബാധിതർക്ക്​ ആശ്വാസം പകർന്നതും ലോകത്തി​ന്റെ ഈ സംഘബോധവും ചടുലതയുമാണ്​.  ഭക്ഷ്യോൽപന്നങ്ങൾ, ജല വിതരണം, താൽക്കാലിക താമസ കേന്ദ്രങ്ങൾ, ആരോഗ്യ സേവനം ഉൾപ്പെടെ പല തലങ്ങളിലായി നടന്ന ചിട്ടയായ പ്രവർത്തനങ്ങൾ. ആഗോള തലത്തിൽ കൃത്യതയോടെ നടന്ന ഏകോപനം.  സാ​ങ്കേതിക കുരുക്കുകൾ സിറിയയുടെ കാര്യത്തിൽ മാത്രം പ്രശ്​നമായി. 
നൂറിലേറെ രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ ദുരന്ത വേളയിൽ ത​ന്റെ രാജ്യത്തിനും ജനതക്കും തുണയായെന്ന്​ ഉർദുഗാൻ പറഞ്ഞു. ദുബൈയിൽ നടന്ന സർക്കാർതല ഉച്ചകോടിയെ ഓൺലൈൻ വഴി അഭിസംബോധന ചെയ്​ത ഉർദുഗാൻ ലോകത്തി​െന്റ നൻമയെ പുകഴ്​ത്തുകയായിരുന്നു. അപ്രതീക്ഷിത ആഘാതത്തിൽ തളർന്നുപോയ തുർക്കിയക്കും സിറിയക്കും അതിജീവന സാന്ത്വനം പകർന്ന ലോക രാജ്യങ്ങളോടുള്ള കടപ്പാടി​െന്റയും നന്ദിയുടെയും വാക്കുകളായിരുന്നു ഉർദുഗാ​േന്റത്​. 
110 രാജ്യങ്ങൾ, 16 അന്താരാഷ്​ട്ര സംഘടനകൾ ഒരുമിച്ച്​ സംഗമിക്കുകയായിരുന്നു ദുരന്തഭൂമിയിൽ. ഇന്ത്യ മുതൽ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുൾപ്പെടെ അടിയന്തര സഹായം ലഭിച്ചു.  അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവരാനും വഴിയൊരുക്കിയത്​ വിവിധ രാജ്യങ്ങളുടെ പൊടുന്നനെയുള്ള ഇടപെടൽ തന്നെയാണ്. ദരിദ്ര രാജ്യങ്ങൾ പോലും കൈമെയ്​ മറന്ന്​ കൂടെ നിന്നു. അഫ്​ഗാനിസ്താൻ  മാത്രം 15 ദശലക്ഷത്തി​െന്റ റിലീഫ്​ ഉപകരണങ്ങളാണ്​ ഇരു രാജ്യങ്ങളിലേക്കും അയച്ചത്​. അൽബേനിയ മെഡിക്കൽ സംഘത്തെ അയച്ചതിനു പുറമെ ഒരു മില്യൻ യൂറോയുടെ സഹായവും നൽകി.  എല്ലാ  രാഷ്​​ട്രീയ വിയോജിപ്പുകളും മാറ്റിവെച്ച്​ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും തുർക്കിയയുടെയും സിറിയയുടെയും രക്ഷക്കെത്തി. ഇന്ത്യ എൻ.ഡി.ആർ.എഫ്​ സംഘത്തെ ആദ്യം തന്നെ അയച്ചത്​ പലരുടെയും  ജീവൻ രക്ഷിക്കാൻ സഹായിച്ചു. വിവിധ രാജ്യങ്ങൾ നിരവധി ഫീൽഡ്​ ഹോസ്​പിറ്റലുകൾ ഒരുക്കി. നിരവധി ഡോക്​ടർമാരും പാരാ മെഡിക്കൽ സ്​റ്റാഫും പങ്കുചേർന്നു. എണ്ണമറ്റ വിമാനങ്ങളിൽ രക്ഷാസംഘങ്ങൾ ദുരിതഭൂമികളിലേക്ക്​ പറന്നു. ഏറ്റവും മികച്ച ഉപകരണങ്ങളുമായാണ്​ ഇന്ത്യൻ സംഘം കണ്ണീർഭൂമിയിൽ രക്ഷാപ്രവർത്തനം ഏറ്റെടുത്ത്​ മാതൃകയായത്​. ദൽഹി ഉൾപ്പെടെ പല രാജ്യങ്ങളിലെയും തുർക്കിയ എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും​ പുതപ്പുകളും വസ്​ത്രങ്ങളും മരുന്നുകളും വന്നുനിറഞ്ഞു.
ദുബൈയിലെ ഒരു തുർക്കിയ ഹോട്ടൽ  നല്ലൊരു ആശയം മുന്നോട്ടുവെച്ചു: ‘പുതപ്പ്​ തരൂ, ഭക്ഷണം തരാം.’ കേൾക്കേണ്ട താമസം, പുതപ്പുകളുടെയും പുതുവസ്​ത്രങ്ങളുടെയും ഒഴുക്കായിരുന്നു ഹോട്ടലിലേക്ക്. ഭക്ഷണം നിരസിച്ച്​ പുതപ്പ്​ കൈമാറി പോകുന്ന അസംഖ്യം മനുഷ്യർ ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചും നമ്മിൽ പ്രത്യാശകൾ നിറക്കുകയാണ്​.

ഉദാരതയുടെ 
കൈത്താങ്ങുമായി ഗൾഫ്​
ഗൾഫ്​ രാജ്യങ്ങളുടെ ഉദാരത ചാലി​ട്ടൊഴുകി എന്നുതന്നെ വേണം പറയാൻ. തുർക്കിയക്കും സിറിയക്കും വേണ്ടി സർക്കാർ, സ്വകാര്യ സംവിധാനങ്ങളും സ്ഥാപനങ്ങളും മാധ്യമങ്ങളും പൊതു സമൂഹവും കൈകോർത്തു. ഭരണാധികാരികളുടെ സഹായധന പ്രഖ്യാപനത്തിന്​ പിന്നാലെ വൻ തുകയുടെ സംഭാവനകൾ ദുരിത കേന്ദ്രങ്ങളിലേക്ക്​ പ്രവഹിച്ചു. രണ്ടാഴ്​ചക്കാലം തെരച്ചിൽ പ്രവർത്തനങ്ങൾക്കായി ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എണ്ണമറ്റ വിദഗ്​ധ സംഘങ്ങളാണ്​ തുർക്കിയയിലും സിറിയയിലും നിലയുറപ്പിച്ചത്. 150 മില്യൻ ഡോളർ സഹായധനമാണ്​  യു.എ.ഇ ഭരണകൂടം മാത്രം പ്രഖ്യാപിച്ചത്​.  ‘ഗാലന്റ് നൈറ്റ്​/2’​ എന്നു പേരിട്ടായിരുന്നു യു.എ.ഇ പ്രതിരോധ മന്ത്രാലയത്തി​െന്റ രക്ഷാദൗത്യം. വിവിധ സ്ഥാപനങ്ങൾ മുൻകൈയെടുത്ത്​ വൻ തുകയുടെ സഹായം വേറെയും. ദുരിത​ മേഖലകളിലേക്ക്​ സാധന സാമഗ്രികൾ എത്തിക്കാൻ പ്രത്യേക പദ്ധതിക്കും ഗൾഫ്​ രാജ്യങ്ങൾ രൂപം നൽകി. 76 കാർഗോ വിമാനങ്ങളാണ്​ രണ്ടാഴ്​ചക്കിടയിൽ മാത്രം യു.എ.ഇയിൽ നിന്ന്​ തുർക്കിയയിലേക്ക്​ പറന്നത്. 2535 ടൺ ഉൽപന്നങ്ങൾ വഹിച്ചായിരുന്നു ഈ യാത്ര. സിറിയയിലേക്ക്​ 840 ടൺ വസ്​തുക്കളുമായി 42 വിമാനങ്ങളും പറന്നു. 
സുഊദിയിൽ മാത്രം ജനകീയ കാമ്പയിൻ മുഖേന സമാഹരിച്ചത്​ 38 കോടി റിയാൽ. എണ്ണമറ്റ കാർഗോ വിമാനങ്ങളിലായി വൻ തോതിൽ ദുരിതാശ്വാസ ഉൽപന്നങ്ങളാണ്​ സുഊദി രണ്ടു രാജ്യങ്ങളിലും എത്തിച്ചത്. ഖത്തർ 253 ദശലക്ഷം റിയാലി​​െന്റ അടിയന്തര സഹായം പ്രഖ്യാപിച്ചു. 650 മൊബൈൽ വീടുകളുടെ റെഡിമെയ്​ഡ്​ ഹൗസിങ്​ യൂനിറ്റുകൾ അയച്ചു. പതിനായിരം മൊബൈൽ വീടുകളാണ്​ ഖത്തർ ഓഫർ. 600 ടണ്ണിലേറെ ഉൽപന്നങ്ങളാണ്​ ദുരന്ത ഭൂമികളിൽ എത്തിച്ചത്​. മുപ്പതിലേറെ കാർ​േഗാ വിമാനങ്ങൾ പറന്നു. കുവൈത്ത്​ റെഡ്​ക്രസന്റ് ​20 ലക്ഷം ഡോളർ സഹായധനം​ സിറിയക്ക്​ പ്രഖ്യാപിച്ചു​. റസ്​ക്യൂ സംഘത്തെ അയച്ചും സഹായധനം പ്രഖ്യാപിച്ചും ബഹ്​റൈനും രംഗത്തുവന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്