കെണി തിരിച്ചറിയണം, റഷ്യയും യുക്രെയ്‌നും
റഷ്യ-യുക്രെയ്്ൻ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം തുടങ്ങുമ്പോള്‍ പാശ്ചാത്യരുടെ വരെ കണക്കുകൂട്ടല്‍, 96 മണിക്കൂറിനുള്ളില്‍ യുക്രെയ്‌ന്റെ കഥ കഴിയുമെന്നായിരുന്നു. ഇപ്പോള്‍ പറയുന്നതോ, ആഗോള യുദ്ധമായി പരിണമിച്ചില്ലെങ്കില്‍ അത് 8 മുതല്‍ 20 വര്‍ഷം വരെ നീണ്ടേക്കുമെന്ന്. എത്രയധികം ജീവനുകള്‍ ഇനിയും പൊലിയാനിരിക്കുന്നു, എത്രയധികം നശീകരണ ബോംബിംഗും മിസൈലാക്രമണവും വരാനിരിക്കുന്നു!
യുദ്ധത്തെ സംബന്ധിച്ച് രണ്ട് ആഖ്യാനങ്ങളുണ്ട്. റഷ്യന്‍ നരേറ്റീവ് പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സോവിയറ്റാനന്തരമുള്ള റഷ്യയെ ഒതുക്കാനും തകര്‍ക്കാനും അമേരിക്കയും യൂറോപ്യന്‍ സഖ്യ കക്ഷികളും നടത്തുന്ന പലതരം ഒളിയാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. ഈ ഒളിയാക്രമണത്തിന് മുഖ്യമായും മറയാക്കുന്നത് 'നാറ്റോ'യെ ആണ്. സോവിയറ്റ് യൂനിയനെ നേരിടാനാണ് ഈ സൈനിക സഖ്യം രൂപവത്കരിച്ചത് തന്നെ. സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ തല്‍സ്ഥാനത്ത് ശത്രുവായി റഷ്യയെ പ്രതിഷ്ഠിച്ചു. 1999-ല്‍ മുന്‍ സോവിയറ്റ് ഉപഗ്രഹ രാഷ്ട്രങ്ങളായ പോളണ്ടിനെയും ഹംഗറിയെയും ചെക് റിപ്പബ്ലിക്കിനെയും 'നാറ്റോ'യില്‍ എടുത്തുകൊണ്ടായിരുന്നു ആദ്യത്തെ ഒളിയാക്രമണം. 2004-ല്‍, നേരത്തെ സോവിയറ്റ് മേധാവിത്വത്തിന് കീഴിലുണ്ടായിരുന്ന ആറ് രാഷ്ട്രങ്ങള്‍ക്ക് കൂടി 'നാറ്റോ'യില്‍ അംഗത്വം നല്‍കി. 2008-ൽ ജോര്‍ജിയയിലും ഇപ്പോള്‍ യുക്രെയ്‌നിലും റഷ്യ നടത്തിയ സൈനിക ഇടപെടല്‍ ഇതിനെതിരെയുള്ള പ്രതിരോധമാണ്.
ഇനി അമേരിക്കയുടെ നരേറ്റീവ് നോക്കാം. വ്ലാദ്മിര്‍ പുടിന്‍ എന്ന സ്വേഛാധിപതിയുടെ സാമ്രാജ്യത്വ മോഹങ്ങളാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം. പഴയ സാറിസ്റ്റ് റഷ്യയുടെയോ സോവിയറ്റ് യൂനിയന്റെയോ മാതൃകയിലുള്ള വിശാല സാമ്രാജ്യമാണ് പുടിന്‍ സ്വപ്‌നം കാണുന്നത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം പുടിന്‍ സര്‍വ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കുന്നത് ഈയൊരു ലക്ഷ്യത്തിനു വേണ്ടിയാണ്- അമേരിക്കന്‍ ആഖ്യാനം ഇങ്ങനെ നീളുന്നു.
ഏതാണ് ശരി? രണ്ട് നരേറ്റീവുകളും ശരിയാണ്. എന്നല്ല രണ്ടും ചേര്‍ത്തുവെച്ചാലേ യഥാര്‍ഥ ചിത്രം തെളിഞ്ഞു കിട്ടുകയുമുള്ളൂ. പക്ഷേ, ഒരു കാര്യം ഉറപ്പ്: അമേരിക്ക വെച്ച കെണിയില്‍ മുന്‍ പിന്‍ നോക്കാതെ തല വെച്ചുകൊടുക്കുകയാണ് പുടിന്‍ ചെയ്തത്. ഈ യുദ്ധത്തില്‍ അമേരിക്കക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ: യുക്രെയ്ൻ തോല്‍ക്കരുത്, റഷ്യ ജയിക്കരുത്. യുദ്ധം ചെയ്യാനുള്ള ശേഷി ഇരു കൂട്ടര്‍ക്കും ഇല്ലാതായിപ്പോവരുത്. യുദ്ധം ദീര്‍ഘിപ്പിച്ച് റഷ്യയുടെ സൈനിക, സാമ്പത്തിക ശക്തി ചോര്‍ത്തിക്കളയാമെന്ന് അമേരിക്ക കണക്ക് കൂട്ടുന്നു. അതിനിടയില്‍ യുക്രെയ്ൻ ചുടലപ്പറമ്പായാലും അമേരിക്കക്ക് പ്രശ്‌നമല്ല. അമേരിക്കയുടെ സൈനികര്‍ക്ക് ജീവാപായമുണ്ടാകുന്നില്ലല്ലോ. അവരുടെ ദേശ സുരക്ഷയെ യുദ്ധം അപകടപ്പെടുത്തുന്നുമില്ല. ഈ കുടില തന്ത്രം തിരിച്ചറിയാന്‍ റഷ്യക്കോ യുക്രെയ്‌നോ കഴിയുന്നില്ല. l
Comments