Prabodhanm Weekly

Pages

Search

2023 മാർച്ച് 03

3292

1444 ശഅ്ബാൻ 10

നിര്‍ബന്ധ മതംമാറ്റം ഒരു സംഘ് പരിവാര്‍ കള്ളക്കഥ

റഹ്്മാന്‍ മധുരക്കുഴി

മതപരിവര്‍ത്തനത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിലപാട് ഏറെ ശ്രദ്ധാര്‍ഹമാണ്. ഭീഷണിപ്പെടുത്തിയും പണവും മറ്റു സാധനങ്ങളും നല്‍കിയും മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ ഈ അഭിപ്രായ പ്രകടനം. കഴിഞ്ഞ ഡിസംബറില്‍ ബംഗളൂരുവിലെ മല്ലേശ്വരത്ത് ക്രൈസ്തവ മിഷ്യനറി സംഘം ബൈബിള്‍ വിതരണം ചെയ്യുന്നതിനിടയില്‍ സംഘ് പരിവാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണമുണ്ടായി. നിയമവിരുദ്ധ മതപരിവര്‍ത്തനത്തെയാണ് തങ്ങള്‍ തടയുന്നതെന്നാണ് സംഘ് പരിവാര്‍ ഭാഷ്യം. നിര്‍ബന്ധ മതപരിവര്‍ത്തനമാരോപിച്ച് ആരാധനാലയങ്ങള്‍ക്ക് നേരെയും മതപ്രബോധകര്‍ക്കെതിരെയും അവര്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. വഞ്ചനാപരമായ മതപരിവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടക്ക്, തമിഴ്‌നാടിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അത്തരത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി.
മതസ്വാതന്ത്ര്യമെന്നത് മതപരിവര്‍ത്തന സ്വാതന്ത്ര്യമല്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് നേരെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഈ വാളോങ്ങല്‍. ജീവിതം നയിക്കേണ്ടതെങ്ങനെയെന്നും ഏത് മതത്തില്‍ വിശ്വസിക്കണമെന്നും എന്ത് കഴിക്കണമെന്നും തീരുമാനിക്കാന്‍ ഭരണഘടന ഓരോ പൗരന്നും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഭരണഘടന അനുവദിക്കുന്ന ഈ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്ന് വാദിച്ചാണ് ഉത്തരേന്ത്യയില്‍ വ്യാപകമായ തോതില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതര്‍ക്കുമെതിരെ സംഘ് പരിവാര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ 'മതപരിവര്‍ത്തനം തടയല്‍' നിയമത്തിലെ വ്യവസ്ഥയുടെ ലംഘനം ശിക്ഷാര്‍ഹമല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. എല്ലാ മതപരിവര്‍ത്തനവും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. മതം മാറുന്നവരെ വിചാരണ ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ഭരണഘടനാ വിരുദ്ധമാണെങ്കിലും ബി.ജെ.പി വാഴുന്ന പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. നിര്‍ബന്ധ മതപരിവര്‍ത്തനം നടന്നുവെന്ന് തെളിയിക്കുന്ന ആധികാരികമായ ഒരു രേഖയും ഇതു വരെ എവിടെയും സമര്‍പ്പിക്കപ്പെട്ടിട്ടുമില്ല. നിയമപ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയോ കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല. 2021 ജനുവരിയില്‍ മധ്യപ്രദേശില്‍ കര്‍ശന വ്യവസ്ഥകളോടെ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. 23 ദിവസത്തിനുള്ളില്‍ 23 കേസുകളാണ് റജിസ്റ്റര്‍ ചെയ്്തത്. എന്നാല്‍, ഇതിലൊന്നിൽപോലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
അതിനിടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നിരവധി കേസുകളുണ്ടാവുകയും ചെയ്തു. 2014-ല്‍ 57 മുസ്്ലിം കുടുംബങ്ങള്‍ ആഗ്രയില്‍ ഹിന്ദുമതത്തിലേക്ക് മാറിയതായി വാര്‍ത്ത വന്നിരുന്നു. 2021-ല്‍ ഹരിയാനയില്‍ 300 മുസ്്ലിംകളാണ് ഹിന്ദുമതം സ്വീകരിച്ചത്. എന്നാല്‍, മുസ്്ലിംകള്‍ ഹിന്ദുമതത്തിലേക്ക് മാറിയപ്പോള്‍ മതപരിവര്‍ത്തന നിയമം പിടിമുറുക്കിയില്ല. അതിനെ ഘര്‍വാപസിയെന്ന് വിളിച്ച് ആഘോഷിക്കുകയാണ് ചെയ്തത്.
മുസ്്ലിം ഭരണകാലത്തെ നിര്‍ബന്ധിത മാറ്റത്തിന് വിധേയമായവരുടെ പിന്‍തലമുറക്കാരാണ് ഇന്ത്യയിലെ മുസ്്ലിംകളെന്നും അവരിപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും ഹിന്ദുത്വര്‍ വാദിക്കുകയും ചെയ്യുന്നു. ഈ തലതിരിഞ്ഞ അവകാശവാദത്തെ ഡോ. എന്‍.വി.പി ഉണിത്തിരി ഖണ്ഡിക്കുന്നതിങ്ങനെ: ''നൂറ്റാണ്ടുകള്‍ മുസ്്ലിം ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഉത്തര്‍പ്രദേശില്‍ പോലും 14 ശതമാനം മാത്രമേ മുസ്്ലിംകളുള്ളൂ. വര്‍ഷങ്ങളോളം ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും കീഴില്‍ ഉണ്ടായിരുന്ന മൈസൂരില്‍ (കര്‍ണാടകത്തില്‍) അഞ്ച് ശതമാനം മാത്രമേ മുസ്്ലിംകളുള്ളൂ. നിര്‍ബന്ധ മതപരിവര്‍ത്തനം നടന്നിരുന്നുവെങ്കില്‍ അവിടങ്ങളിലെ മുസ്്ലിം ജനസംഖ്യ ഇത്ര ചുരുങ്ങുമായിരുന്നോ?' (അധ്യാപക ലോകം, 1993 ആഗസ്റ്റ്).
''മധ്യ കാലഘട്ടത്തിലെ ഭരണകൂടം, ഇസ്്ലാം മതത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയോ, ഇസ്്ലാംമതാചാര പ്രകാരമുള്ള ഭരണക്രമം നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല' എന്ന് സി. അച്യുത മേനോന്‍ പറയുന്നു (ജനയുഗം വാരിക 26-11-1978).
മുസ്്ലിം ഭരണകാലത്ത് ഹിന്ദുമതത്തിന് തളര്‍ച്ചയല്ല; വ്യാപകമായ വളര്‍ച്ചയുണ്ടായെന്ന് ആര്‍.എസ്.എസ് നേതാവ് തന്നെ വ്യക്തമാക്കുന്നതിങ്ങനെ: 'ഭാരതത്തിന്റെ മേലുള്ള മുസ്്ലിം ആക്രമണം ഇവിടുത്തെ വിവിധ ഗോത്രങ്ങളുടെ സംസ്‌കൃതീകരണത്തിന്റെയും ഹൈന്ദവ വല്‍ക്കരണത്തിന്റെയും പ്രക്രിയയെ ത്വരിതപ്പെടുത്തുകയുണ്ടായി- മാക്‌സ് വെമ്പറുടെ അഭിപ്രായത്തില്‍, 800 വര്‍ഷത്തെ മുസ്്ലിം ഭരണകാലത്തിനിടയ്ക്ക് ഹിന്ദുമതം ഈ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചു'' (ഹിന്ദു ചരിത്രത്തില്‍- കെ.ആര്‍ മല്‍ക്കാനി, കേസരി 24-7-1983).
സ്വാമി വിവേകാനന്ദന് പറയാനുള്ളതും മറ്റൊന്നല്ല: ''മുഹമ്മദീയര്‍ ഭാരതീയരെ കീഴടക്കിയത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ഒരു മോചനമായിട്ടാണ് അനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ ആളുകളില്‍ അഞ്ചിലൊന്ന് മുഹമ്മദീയരായത്. വെറും വാളാലല്ല അത് മുഴുവന്‍ നേടിയത്. അതെല്ലാം വാളും തീയും കൊണ്ട് നേടിയതാണെന്ന് കരുതുന്നത് ഭ്രാന്തിന്റെ പാരമ്യമത്രേ'' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, ഭാഗം 3, പുറം 186-187).
എന്തുകൊണ്ട് മതംമാറ്റം?
സ്വന്തം സമുദായം ഒരാളോട് കൃതഘ്‌നത കാട്ടുമ്പോഴാണ് മതം മാറുന്നതെന്നാണ് സ്വാമി വിവേകാനന്ദന്‍ പറയുന്നത്. ലക്ഷക്കണക്കില്‍ അനുയായികളൊന്നിച്ച്, ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാന്‍ ഡോ. അംബേദ്ക്കറെ നിര്‍ബന്ധിതമാക്കിയത്, അധഃസ്ഥിത വിഭാഗം അനുഭവിക്കേണ്ടിവന്ന മനുഷ്യത്വ രഹിതമായ ജാതി പീഡനത്തിന്റെ ഫലമായിരുന്നുവല്ലോ. പറയത്തക്ക മാറ്റമൊന്നുമില്ലാതെ ഇന്നും നമ്മുടെ രാജ്യത്ത് ക്രൂരമായ ജാതി പീഡനങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണ്.
തമിഴ്‌നാട്ടില്‍, ജാതീയ ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കോടിയിലധികം ദലിതരുണ്ടെന്നാണ് കണക്ക്. ചത്ത പശുവിന്റെ തൊലി ഉരിഞ്ഞ 'മഹാ അപരാധ'ത്തിനായിരുന്നു ഹരിയാനയില്‍ 5 ദലിതരെ ക്രൂരമായി മര്‍ദിച്ച ശേഷം ചുട്ടുകൊന്നത്. മധ്യപ്രദേശിലെ റെയില്‍വെ സ്റ്റേഷനില്‍ ചത്ത പശുവിനെ നീക്കം ചെയ്തതിന് ദലിത് യുവാക്കളെ പിടികൂടി നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ദലിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധം. പൊതു ശ്മശാനത്തില്‍ ശവസംസ്‌കാരം അസാധ്യം. പൊതു കിണറ്റില്‍നിന്ന് കുടിവെള്ളം എടുക്കാനാവില്ല. പൊതു നിരത്തിലൂടെ നടക്കാന്‍ പോലും പാടില്ല. മൂന്ന് യുവാക്കള്‍ മനുഷ്യ വിസര്‍ജ്യം ഭക്ഷിക്കാന്‍ നിര്‍ബന്ധിതമായ അത്യന്തം ലജ്ജാവഹമായ സംഭവം പോലും ഉണ്ടായി. ഉയര്‍ന്ന ജാതിയില്‍പെട്ട ഒരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് ദിണ്ഡിഗല്‍ ജില്ലയില്‍ ഒരു ദലിതനെ മൂത്രം കുടിപ്പിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്്ലാമിലേക്ക് കൂട്ട മതപരിവര്‍ത്തനമുണ്ടായപ്പോള്‍, ജാതി പീഡനത്തിന്റെ ക്രൂരതകള്‍ സമ്മതിച്ചുകൊണ്ട് ഹിന്ദുത്വ മുഖവാരിക കേസരി മുഖപ്രസംഗമെഴുതി: ''ഒരു പരിധിവരെ തമിഴ്‌നാട്ടില്‍ ഇയ്യിടെയുണ്ടായ ഇസ്്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് കാരണം ജാതീയമായി താഴ്ന്ന വിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളാണെന്നത് ഒരു വസ്തുത മാത്രമാണ്'' (കേസരി മുഖപ്രസംഗം, 1982 ഫെബ്രുവരി 7).
''ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാരില്‍നിന്ന് ഇന്ന് വരെ തൊഴി മാത്രം ലഭിച്ചിട്ടുള്ളവര്‍ സ്‌നേഹത്തിനും പരിചരണത്തിനും ദാഹിച്ചു കഴിയുന്നു. അവരോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുക. ഹിന്ദു സഹോദരങ്ങളില്‍നിന്ന് തൊഴിയും, ക്രിസ്ത്യാനികളില്‍നിന്നും മുസ്്ലിംകളില്‍നിന്നും സ്‌നേഹവും എന്നതാണ് ഹരിജനങ്ങളുടെ അനുഭവം'' (സ്വാമി ചിന്മയാനന്ദന്‍- കേസരി 1982 നവംബര്‍ 21). സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞത് അനിഷേധ്യ യാഥാര്‍ഥ്യമല്ലേ?
മാതൃഭൂമി മുഖപ്രസംഗം വിലയിരുത്തുന്നത് ഇങ്ങനെ വായിക്കാം: ''ഹൈന്ദവ ധര്‍മ സംരക്ഷകര്‍ സ്വന്തം സാംസ്‌കാരിക മഹത്വത്തെക്കുറിച്ച് എന്ത് തന്നെ വാദിച്ചാലും ശരി, അവരുടെ ഉദ്‌ബോധനങ്ങളിലൊന്നും ഹൈന്ദവ സമത്വം എന്ന വാക്ക് ഉള്‍പ്പെടുന്നില്ല. ചാതുര്‍ വര്‍ണ്യവും അതിന്റെ പിമ്പേയുള്ള 3800-ല്‍ പരം ജാതികളും അവയുടേതായ ഉച്ചനീചത്വങ്ങളും ചൂഷണങ്ങളും അവസാനിപ്പിച്ച് ഏക ഹൈന്ദവ സമൂഹം കെട്ടിപ്പടുക്കുമെന്ന സങ്കല്‍പം പോലും അവരുടെ കര്‍മ പരിപാടിയിലില്ല. ഈ നില തുടരുന്ന കാലത്തോളം ഹരിജനങ്ങളില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കും. സ്വന്തം ജീവനും സ്വത്തും രക്ഷിക്കാന്‍ അവര്‍ മറ്റു വഴികള്‍ തേടുന്നതും സ്വാഭാവികമാണ്'' (മാതൃഭൂമി മുഖപ്രസംഗം, 1976 ഒക്ടോബര്‍ 12).
മനുഷ്യത്വ രഹിതവും ക്രൂരവുമായ സവര്‍ണ പീഡനങ്ങള്‍ മൂലം മനുഷ്യമക്കള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍, അവര്‍ വഴിമാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇപ്പറഞ്ഞതിന്റെ അനിഷേധ്യമായ അനുഭവ യാഥാര്‍ഥ്യമാണ്, കഴിഞ്ഞ ഒക്ടോബര്‍ 5-ന് ദല്‍ഹിയില്‍ 8000 ദലിതര്‍ തങ്ങള്‍ക്ക് ജന്മം നല്‍കിയ ഹിന്ദുമതം ഉപേക്ഷിച്ച്, അന്തസ്സുള്ള ജീവിതം നയിക്കാനായി ബുദ്ധമതം സ്വീകരിച്ചത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിവാര്യവും സ്വാഭാവികവുമായ മതംമാറ്റങ്ങളെ നിര്‍ബന്ധ മതംമാറ്റങ്ങളെന്നാരോപിച്ച് ബഹളം വെച്ച്, മതംമാറ്റം നിരോധിക്കാന്‍ നിയമം കൊണ്ടുവരാനും സ്വാഭാവിക മതംമാറ്റങ്ങളെ നിര്‍ബന്ധിത മതംമാറ്റമാണെന്നാരോപിച്ച് മര്‍ദനമഴിച്ചു വിടാനും ശ്രമിക്കുന്നത് മൗലികാവകാശ നിരോധനവും ശുദ്ധ ഫാഷിസവുമാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 79-83
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരൊക്കെയാണ് ഉത്കൃഷ്ടർ?
ഡോ. മുഹമ്മദ് പാണ്ടിക്കാട്