Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ

ഡോ. മുഹമ്മദ് പാണ്ടിക്കാട്

‏عَنْ ‏ ‏عُثْمَانَ بْنِ أَبِي سَوْدَةَ ‏ ‏عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ: ‏ ‏قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ‏‏مَنْ ‏ ‏عَادَ ‏ ‏مَرِيضًا أَوْ  زَارَ  أَخًا لَهُ فِي اللَّهِ نَادَاهُ مُنَادٍ أَنْ طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنْ الْجَنَّةِ مَنْزِلًا  ( الترمذي )

ഉസ്മാനുബ്്നു അബീ സൗദയിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ആരെങ്കിലും രോഗിയെ പരിചരിക്കുകയോ അല്ലാഹുവിന്റെ മാർഗത്തിലുള്ള തന്റെ സഹോദരനെ സന്ദർശിക്കുകയോ ചെയ്താൽ ഒരാൾ വിളിച്ചുപറയും: "നീ നന്നായി ചെയ്തിരിക്കുന്നു. നിന്റെ നടത്തം സുകൃതമായിരിക്കുന്നു. സ്വർഗത്തിൽ നീയൊരു വീട് ഒരുക്കുകയും ചെയ്തിരിക്കുന്നു" (തിർമിദി).

മനുഷ്യർക്കിടയിൽ സ്നേഹവും സാഹോദര്യവും ദൃഢപ്പെടുത്തുന്നതിനുള്ള രണ്ട് കാര്യങ്ങളാണ് ഹദീസിൽ വിവരിക്കുന്നത്: രോഗികളെ പരിചരിക്കുക, സ്നേഹിതരെ സന്ദർശിക്കുക. രോഗിയെ സന്ദർശിക്കുന്നതിന് عَادَ എന്നും സഹോദരനെ സന്ദർശിക്കുന്നതിന്  زَارَ എന്നുമാണ് പ്രയോഗിച്ചിരിക്കുന്നത്.  ഈ രണ്ട് പദങ്ങൾ തമ്മിൽ അർഥവ്യത്യാസമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ളവരെ സന്ദർശിക്കുന്നതാണ് സിയാറത്. രോഗികളെ സന്ദർശിക്കുന്നത് ഇയാദതും. ആവശ്യമെങ്കിൽ, പരിചരണം കൂടി ഉദ്ദേശിച്ച് പതിവായുളള സന്ദർശനമാണ് ഇയാദത്.
    ശൈഖ് ഇബ്നുൽ ഉസൈമീൻ എഴുതി: "സിയാറത് (زيارة) നും ഇയാദത്  (عيادة) നും ഇടയിൽ വ്യത്യാസമുണ്ട്.
ഒരു തരം സിയാറത് തന്നെയാണ് ഇയാദത്. പക്ഷേ, പരിചരണത്തോടെയുള്ള സിയാറതാണ് ഇയാദത്. രോഗിയെ സിയാറത് ചെയ്യുകയല്ല, ഇയാദത് ചെയ്യുകയാണ് വേണ്ടത്. ആവർത്തിച്ച് ചെയ്യുന്നതാണ് ഇയാദത്. കാരണം, മടക്കം എന്നർഥമുള്ള ഔദ് (عود)-ൽ നിന്നാണത്; ആവർത്തിച്ച് വരുന്ന പെരുന്നാളിന് അൽഈദ്  ( العيد) എന്ന് പേരുള്ളതു പോലെ. കൊല്ലത്തിൽ ഒരു തവണ മാത്രം ചെയ്യുന്ന സന്ദർശനങ്ങൾക്ക് സിയാറത് എന്ന് പറയും. എന്നാൽ, ആവശ്യമുണ്ടാവുമ്പോഴെല്ലാം സന്ദർശിക്കുന്നതാണ് ഇയാദത്." (alathar.net).
ചികിത്സിക്കുന്നതിനായി ഡോക്ടർ രോഗിയെ സന്ദർശിക്കുന്നതിനാണ്  عَادَ الطَّبِيبُ الْمَرِيضَ എന്ന് പറയുക. ആധുനിക അറബി ഭാഷയിൽ الْعِيَادَة ക്ലിനിക് ആണ്.
ഇസ്്ലാം രോഗികളെ പരിചരിക്കുന്നതിനും സന്ദർശിക്കുന്നതിനും അത്യധികം പ്രാധാന്യം നൽകുകയും ധാരാളം പ്രതിഫലം വാഗ്ദാനം നൽകുകയും ചെയ്യുന്നു. രോഗികളെയും കഷ്ടപ്പെടുന്നവരെയും സന്ദർശിക്കലും പരിചരിക്കലും അല്ലാഹുവിനെ സന്ദർശിക്കുന്നതിന്  തുല്യമാണെന്ന്  പോലും ഖുദ്സിയായ ഹദീസിൽ റസൂൽ ഉണർത്തി (മുസ്്ലിം).
രോഗികളെ പരിചരിക്കുന്നതിനായി കൂടുതൽ പ്രതിഫലമുള്ള പുണ്യങ്ങളെപ്പോലും മാറ്റിവെക്കാം.
നബി (സ) യുടെ പുത്രി രോഗിയായപ്പോൾ ഭർത്താവ് ഉസ്മാൻ (റ)വിന് അവരെ പരിചരിക്കാനായി ബദ്ർ യുദ്ധത്തിൽനിന്ന് വിട്ടു നിൽക്കാൻ  അനുവാദം നൽകി.
"താങ്കൾക്ക് ബദ്റിൽ പങ്കെടുത്തവരുടെ പ്രതിഫലവും വിഹിതവുമുണ്ട് " എന്ന് റസൂൽ അദ്ദേഹത്തിന് ഉറപ്പ് നൽകി ( ബുഖാരി).
ഹസനുൽ ബസ്വരി (റ) പറഞ്ഞു: "ആയിരം റക്അത് നമസ്കരിക്കുന്നതിനെക്കാൾ  എനിക്കിഷ്ടം ഒരു മുസ്‌ലിമിന്റെ ആവശ്യം നിർവഹിച്ചു കൊടുക്കലാണ്." (ഖദാഉൽ ഹവാഇജ്).
രോഗികളെ സന്ദർശിക്കുമ്പോൾ അവർക്ക് പ്രയാസമുണ്ടാക്കാത്ത സമയം സന്ദർശനത്തിനായി തെരഞ്ഞെടുക്കണം. അത്യാവശ്യമില്ലെങ്കിൽ സന്ദർശന സമയം കൂടുതൽ ദീർഘിപ്പിക്കരുത്. തന്നെ നന്നായി പരിഗണിക്കുന്നുണ്ടെന്ന ബോധം രോഗിയിലുണ്ടാക്കണം.
രോഗ ശമനത്തിനായി ഹൃദയമുരുകി പ്രാർഥിക്കണം. നല്ല വാക്കുകൾ പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്.
അക്ഷമയുടെയും അധിക ഉത്കണ്ഠയുടെയും ഭവിഷ്യത്ത് ഓർമിപ്പിക്കണം. രോഗിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്.
നബി (സ) ഒരു കഥ പറയുകയുണ്ടായി: "ഒരാൾ തന്റെ സുഹൃത്തിനെ സന്ദർശിക്കാനായി ഒരു ഗ്രാമത്തിലെത്തി. അല്ലാഹു അവനെ നിരീക്ഷിക്കാനായി ഒരു മാലാഖയെ ചുമതലപ്പെടുത്തി.
"താങ്കൾ എവിടെപ്പോവുന്നു?"
മാലാഖ ചോദിച്ചു.
"ഈ ഗ്രാമത്തിലുള്ള എന്റെ സ്നേഹിതനെ തേടി ഇറങ്ങിയതാണ്."
"നിനക്ക് അവനിൽ നിന്ന് വല്ലതും കിട്ടാനുണ്ടോ? "
"ഇല്ല, അല്ലാഹുവിന്റെ പ്രീതിക്കായി മാത്രമാണ് ഞാൻ അയാളെ ഇഷ്ടപ്പെടുന്നത്."
"ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. നീ  സുഹൃത്തിനെ സ്നേഹിച്ചതു പോലെ അല്ലാഹു നിന്നെയും സ്നേഹിച്ചിരിക്കുന്നു" - മാലാഖ അഭിനന്ദിച്ചു (തിർമിദി).
അനസ് (റ) ഒരു സംഭവം  വിവരിക്കുന്നു: "റസൂലുല്ലാഹി (സ) മരണമടഞ്ഞ ശേഷം ഉമർ (റ) വിനോട് അബൂബക്ർ സ്വിദ്ദീഖ് (റ) പറഞ്ഞു: "നമുക്ക് പ്രവാചകന്റെ വളർത്തുമ്മ ഉമ്മുഅയ്മന്റെ അടുത്തേക്ക് പോവാം. അല്ലാഹുവിന്റെ റസൂൽ (സ) അവരെ സന്ദർശിക്കാറുണ്ടായിരുന്നല്ലോ." ഇരുവരെയും കണ്ടതോടെ ഉമ്മുഅയ്മൻ കരയാൻ തുടങ്ങി.
"എന്തിനാണ് കരയുന്നത്? അല്ലാഹുവിന്റെ റസൂലിന് അല്ലാഹുവിന്റെയടുക്കലുള്ളത് ഏറെ അഭികാമ്യമാണെന്ന് അറിയില്ലേ..?"
"അതറിയാത്തതു കൊണ്ടല്ല; ആകാശലോകത്ത്നിന്ന് ഇനി  വഹ്്യ് അവതരിക്കുകയില്ലല്ലോ എന്നോർത്തുപോയി." ഇതോടെ അവരും വിതുമ്പി" (മുസ്്ലിം).
സഹോദരനെ സന്ദർശിക്കുന്നവന് വേണ്ടി എഴുപതിനായിരം മലക്കുകൾ  പ്രാർഥിച്ചുകൊണ്ടിരിക്കുമെന്നും ഹദീസിൽ കാണാം (തിർമിദി). അവരുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കുമെന്നും സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ അവർ സ്വർഗക്കനികൾക്കരികിലാണെന്നും റസൂൽ വർണിച്ചിട്ടുണ്ട് (മുസ്്ലിം).
ബന്ധങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഒതുങ്ങിപ്പോയ പുതിയ കാലത്ത് ഇത്തരം നന്മകൾക്ക് ജീവൻ നൽകുന്നതിന് കൂടുതൽ പ്രസക്തിയുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്