Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

പ്രവാചക സ്‌നേഹം

മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി

'അല്ലാഹുവിന്റെ ദൂതരേ, ഈ സത്യസന്ദേശം എത്ര കാലം ഒളിച്ചുവെക്കും? കഅ്ബക്കരികിലെത്തി ദൈവിക സന്ദേശം എല്ലാവരും കേള്‍ക്കും വിധം ഉച്ചത്തില്‍ ഉദ്‌ഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- അബൂബക്ർ (റ) വികാരഭരിതനായി പറഞ്ഞു.
'അങ്ങനെ ചെയ്യരുത്' - സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള പ്രവാചകന്‍ പ്രതികരിച്ചു. ഇന്ന് തന്നെ അല്ലാഹുവില്‍ നിന്ന് ലഭ്യമായ സത്യം ഏവര്‍ക്കും എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് വളരെ അസ്വസ്ഥനായി അബൂബക്ർ (റ) നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ പ്രവാചകന്‍ സമ്മതിച്ചു. വിശ്വാസികളും കഅ്ബക്കരികില്‍ ഒരുമിച്ചുകൂടിയിട്ടുണ്ട്.
വിവരമറിഞ്ഞു ധാരാളം സത്യനിഷേധികളും അവിടെ എത്തിച്ചേര്‍ന്നു. അബൂബക്ർ (റ) സദസ്സിനെ അഭിസംബോധന ചെയ്യാനായി എഴുന്നേറ്റുനിന്നു. ഇസ്‌ലാമിക പ്രബോധനത്തിനായി നടത്തപ്പെടുന്ന പ്രഥമ പൊതുപരിപാടിയാണിത്. അന്നു തന്നെയാണ്  പ്രവാചകന്റെ പിതൃവ്യന്‍ ഹംസ (റ) ഇസ്‌ലാം സ്വീകരിച്ചതും.
തൗഹീദിന്റെ ശബ്ദം കേട്ട് അസഹിഷ്ണുക്കളായ ബിംബാരാധകര്‍ മുസ്‌ലിംകള്‍ക്കു നേരെ ആക്രമണമഴിച്ചുവിട്ടു. അബൂബക്ർ (റ) അവരുടെ നിര്‍ദയവും നിഷ്ഠുരവുമായ കൈയേറ്റത്തിനു വിധേയനായി. അദ്ദേഹത്തിന്റെ കാതും മൂക്കും മുഖവും രക്തത്തില്‍ കുതിര്‍ന്നു. മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായി. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. സംഭവമറിഞ്ഞ ഉടനെ തന്റെ ഗോത്രക്കാരായ ബനൂ തമീമുകാര്‍ ഓടിയെത്തി അദ്ദേഹത്തെ അവിടന്ന് കൊണ്ടുപോയി. അബൂബക്ർ സ്വിദ്ദീഖി(റ)ന്റെ ആരോഗ്യ നില കൂടുതല്‍ മോശമായി. ഏതാനും മണിക്കൂറുകള്‍ക്കകം അദ്ദേഹം അന്ത്യയാത്ര പറഞ്ഞേക്കുമെന്ന് അവര്‍ക്ക് തോന്നി. ബനൂ തമീമിലെ നേതാക്കള്‍ കഅ്ബയിലെത്തി പ്രഖ്യാപിച്ചു: 'അബൂബക്ർ ഈ ആഘാതത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ ഞങ്ങള്‍ ഉത്ബയെയും ജീവിക്കാന്‍ വിടില്ല.'
അബൂബക്ർ സ്വിദ്ദീഖി(റ)ന്റെ ചുറ്റും കൂടിയവര്‍ അദ്ദേഹം ഒന്നു കണ്ണുതുറക്കാന്‍ മനമുരുകി പ്രാര്‍ഥിക്കുകയാണ്. തന്റെ മകന് സംഭവിച്ച വിപത്തില്‍ ഏറെ ആശങ്കാകുലയും അസ്വസ്ഥയുമായിരുന്നു അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവ് ഉമ്മുല്‍ ഖൈര്‍. അവര്‍ പല രൂപത്തില്‍ ശബ്ദമുയര്‍ത്തി  വിളിച്ചിട്ടും അദ്ദേഹം കണ്ണു തുറന്നില്ല; ഒരക്ഷരം ഉരിയാടിയതുമില്ല. മാരകമായ പരിക്കുകളാല്‍ പറ്റെ തളര്‍ന്നുപോയ അദ്ദേഹത്തിന് അനങ്ങാന്‍ പോലും കഴിവുണ്ടായിരുന്നില്ല.
നേരം ഇരുട്ടിയപ്പോള്‍ അദ്ദേഹം കണ്ണു തുറന്നു. പതുക്കെ പതുക്കെ എന്തോ പറയാന്‍ ഭാവിക്കുന്ന പോലെ ചുണ്ടുകള്‍ ചലിപ്പിച്ചു. വീട്ടുകാര്‍ സന്തുഷ്ടരായി. മാതാവിന് മനസ്സമാധാനമായി. അബൂബക്ർ (റ) പറയുന്നത് കാത് കൂര്‍പ്പിച്ചു കേട്ടപ്പോള്‍ അവര്‍ക്ക് കലികയറി. ആര്‍ കാരണത്താലാണോ ഈ ദുരന്തമുണ്ടായത്, ബോധം തെളിഞ്ഞപ്പോള്‍ ആ ആളെത്തന്നെയാണ് ഓര്‍ക്കുന്നതും അന്വേഷിക്കുന്നതും! 'എന്റെ മാര്‍ഗദര്‍ശിയും നേതാവുമായ തിരുദൂതരെ ശത്രുക്കള്‍ മര്‍ദിച്ചവശനാക്കിയോ?' അതാണ് അന്വേഷിക്കുന്നത്.
മാതാവ് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും അതേ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു: 'പ്രവാചകനെന്ത് പറ്റി? അദ്ദേഹത്തിന്റെ അവസ്ഥയെന്ത്?'
'എനിക്ക് അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല. നീ വല്ലതും കഴിക്കൂ... എന്നാലേ നിന്റെ ആരോഗ്യം വീണ്ടെടുക്കാനാവുകയുള്ളൂ'- മാതാവ് കേണപേക്ഷിച്ചു.
അബൂബക്ർ (റ) വീണ്ടും പറഞ്ഞു: 'ഉമ്മാ, ഉമ്മു ജമീലിനെക്കണ്ട് നബിയുടെ വിശേഷങ്ങള്‍ അറിഞ്ഞു വരിക.'
അബൂബക്ർ സ്വിദ്ദീഖി(റ)ന്റെ മാതാവ് ഉമ്മുല്‍ ഖൈര്‍ ഈ ഘട്ടത്തില്‍  ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. വേദനയാല്‍ പുളയുന്ന പ്രിയ മകന്റെ ദയനീയ അപേക്ഷ ഒരുമ്മക്ക് എങ്ങനെ നിരസിക്കാനാകും! അവര്‍ താമസംവിനാ ഉമറിന്റെ സഹോദരി ഉമ്മു ജമീലിന്റെ വീട്ടിലെത്തി, വിവരങ്ങളന്വേഷിച്ചു. ഉമ്മു ജമീലാകട്ടെ പ്രതികൂല സാഹചര്യത്തില്‍ തന്റെ വിശ്വാസം രഹസ്യമാക്കി ജീവിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: 'റസൂലിനെപ്പറ്റി ഞാനെന്തു പറയാന്‍?! താങ്കളുടെ മകന്റെ വിഷമാവസ്ഥയില്‍ ഏറെ ദുഃഖമുണ്ട്. അബൂബക്‌റിനെ കാണാന്‍ ഞാനും വരുന്നു.' അവര്‍ ഉമ്മുൽ ‍ഖൈറിനോടൊപ്പം അബൂബക്‌റിന്റെ വീട്ടിലേക്ക് തിരിച്ചു.
അബൂബക്ർ സ്വിദ്ദീഖി(റ)ന്റെ വ്രണിത മുഖം കണ്ട അവര്‍ക്ക് രോഷമടക്കാനായില്ല. ആ ദുഷ്ടന്മാര്‍ ഇത്രയും ക്രൂരമായി മര്‍ദിച്ചല്ലോ എന്ന് പറഞ്ഞു നിയന്ത്രണം വിട്ട്  പൊട്ടിക്കരയാന്‍ തുടങ്ങി.
അബൂബക്ർ (റ) അക്ഷമനായി ചോദിച്ചു: 'ഉമ്മു ജമീല്‍, തിരുമേനിയുടെ അവസ്ഥയെന്താണ്?' ഉമ്മുല്‍ ഖൈറിന്റെ സാന്നിധ്യത്തില്‍ എങ്ങനെ മറുപടി പറയുമെന്ന് അവര്‍ ആംഗ്യം കാണിച്ചു.
'അത് പ്രശ്‌നമാക്കേണ്ടാ. നീ പറഞ്ഞാലും' - അബൂബക്ർ (റ) അവരെ നിര്‍ബന്ധിച്ചു.
'അല്ലാഹുവിന് സ്തുതി, നന്ദി. റസൂല്‍ സുരക്ഷിതനായി സമാധാനത്തോടെ അര്‍ഖമിന്റെ വീട്ടില്‍ കഴിയുന്നു.'
ആ വാക്കുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് മന്ദഹാസം വിടര്‍ത്തി. 'അദ്ദേഹത്തെ നേരില്‍ കണ്ടു ആശ്വസിക്കുവോളം ഞാന്‍ ആഹാരം കഴിക്കുകയില്ല.' മകന്റെ വാക്കുകള്‍ ഉമ്മുല്‍ ഖൈറിനെ കൂടുതല്‍ പരിഭ്രാന്തയാക്കി. മകന്‍ വല്ലതും കഴിച്ചു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായിരുന്നു അവര്‍ ആശിച്ചത്. മകനാകട്ടെ ഒന്നും ഭക്ഷിക്കുകയില്ലെന്ന് ആണയിട്ട് പറയുകയും ചെയ്യുന്നു.
വയോധികയായ മാതാവിന് പുത്രനോട് അഗാധമായ സ്‌നേഹമുണ്ട്. അവന്റെ ഇഷ്ടം നടക്കട്ടെ എന്ന് വെക്കുകയല്ലാതെ യാതൊരു പോംവഴിയുമില്ല.
രാത്രി മക്കയുടെ തെരുവീഥികള്‍ വിജനമായി, കൂരിരുട്ടു പരന്നപ്പോള്‍ അവര്‍ മകനെയും കൂട്ടി അര്‍ഖമിന്റെ വീട്ടിലേക്ക് നടന്നു. പ്രവാചക സന്നിധിയില്‍ മകനെ ഹാജരാക്കി. അബൂബക്‌റിന്റെ ആദര്‍ശ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ ഏറെ ദുഃഖിതരായി കരഞ്ഞു. പ്രവാചകനും അബൂബക്‌റിനെ വാരിപ്പുണര്‍ന്നു കരഞ്ഞു.
'പ്രവാചകരേ, താങ്കള്‍ വ്യസനിക്കരുത്. താങ്കളുമായി സന്ധിച്ചതോടെ ഞാന്‍ എന്റെ വിഷമങ്ങളെല്ലാം വിസ്മരിച്ചിരിക്കുന്നു.' എന്നിട്ട് മാതാവിന്റെ നേരെ തിരിഞ്ഞു  പ്രവാചകനോട് തന്റെ മാതാവിന് സന്മാര്‍ഗദര്‍ശനത്തിനായി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് അപേക്ഷിച്ചു. പ്രവാചകന്റെ പ്രാര്‍ഥനാനന്തരം ഉമ്മുൽ ഖൈര്‍ സത്യസാക്ഷ്യ വാക്യമുരുവിട്ട് ഇസ്‌ലാം സ്വീകരിച്ചു. l

(റോഷന്‍ സിതാരെ എന്ന കൃതിയില്‍നിന്ന്. മൊഴി മാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്