Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

പ്രീണനത്തിന്റെ രാഷ്ട്രീയവും വിശുദ്ധ ഖുർആന്ർറെ പാഠങ്ങളും

പി.കെ ജമാൽ

അത്യന്തം സങ്കീര്‍ണവും വിപല്‍ക്കരവുമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് മുസ്ലിം സമൂഹം കടന്നുപോകുന്നത്. ഇസ്ലാമോഫോബിയയുടെ ഈ കെട്ടകാലത്ത് പുറത്തുനിന്നുള്ള ആക്രമണങ്ങളെക്കാള്‍ ശക്തമായ ആക്രമണങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ അകത്തുനിന്നുതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ ഖേദകരം.  അന്ധവിശ്വാസങ്ങളും ബിദ്അത്തുകളും ശിര്‍ക്കിലേക്ക് നയിക്കുന്ന വ്യാജ കറാമത്തുകളെക്കുറിച്ചുള്ള പുതിയ വെളിപാടുകളും ഒരു ഭാഗത്ത് അരങ്ങ് തകര്‍ക്കുകയാണ്. മുമ്പ്കാലത്ത് പാതിരാ പ്രസംഗ സദസ്സുകളില്‍ വരുന്ന ഏതാനും സ്ത്രീ-പുരുഷന്മാര്‍ മാത്രമായിരുന്നു പണ്ഡിത വേഷധാരികളില്‍നിന്നുള്ള ജല്‍പനങ്ങള്‍ കേട്ടുകൊണ്ടിരുന്നതെങ്കില്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്ലാറ്റ്‌ഫോമുകളില്‍ കയറിനിന്ന് ഇവര്‍ വിസര്‍ജിക്കുന്ന വാക് മാലിന്യങ്ങള്‍ ആയിരങ്ങളിലേക്ക് എത്തുകയും ആയിരക്കണക്കില്‍ മനസ്സുകളെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 'താരതമ്യേന അന്ധവിശ്വാസങ്ങള്‍ കുറഞ്ഞ മതം ഇസ്ലാമാണെന്നും ഒരു മതം പുല്‍കേണ്ടിവരികയാണെങ്കില്‍ അത് ഇസ്ലാമായിരിക്കുമെന്നും' പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള നിരീശ്വര-നിര്‍മത വാദികളായ ബുദ്ധിജീവികള്‍ക്ക് ഒരു കാലത്ത് പറയാന്‍ കഴിയുമായിരുന്നു. ഇന്ന് അതിനുള്ള സാധ്യത നഷ്ടപ്പെടുത്തി ഈ പണ്ഡിത വേഷധാരികള്‍. ഇസ്ലാമിനെ തലങ്ങും വിലങ്ങും പ്രഹരിക്കാനുള്ള വക ശത്രുക്കള്‍ക്ക് ദിനേനയെന്നോണം അവര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പോലും കൈവെച്ച് ഔലിയാക്കളെ വാഴ്ത്താന്‍ ധൃഷ്ടരാവുന്ന പുരോഹിതപ്പരിഷകള്‍ മുസ്ലിം ബഹുജനങ്ങളെ ഇസ്ലാമില്‍നിന്നകറ്റി ബഹുദൈവാരാധനയിലേക്കും ശിര്‍ക്കിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. മാറിയ രൂപഭാവങ്ങളോടെ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന പുത്തന്‍ ആചാരങ്ങളും, മായാവിക്കഥകളെ പോലും വെല്ലുന്ന കറാമത്ത് വിശേഷങ്ങളും കേട്ടും കണ്ടും അമ്പരന്നിരിക്കുകയാണ് സമൂഹം. സമൂഹ ഹൃദയത്തിലേക്ക് ശിര്‍ക്കിന്റെ നുഴഞ്ഞുകയറ്റം അതിസൂക്ഷ്മമായിരിക്കുമെന്നും അതിനെതിരെ ജാഗ്രത്തായിരിക്കണമെന്നും മുഹമ്മദ് നബി (സ) ആവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുണ്ട്. ആഇശ (റ) ഉദ്ധരിക്കുന്ന നബിവചനം: 'ഇരുള്‍മുറ്റിയ രാത്രിയില്‍ കരിമ്പാറക്ക് മുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉറുമ്പിനെപ്പോലെ അദൃശ്യവും അതിസൂക്ഷ്മവുമായ വിധത്തിലായിരിക്കും എന്റെ സമുദായത്തില്‍ ശിര്‍ക്ക് അരിച്ചെത്തുന്നത്. അതിലേറ്റവും താഴെ തട്ടിലുള്ളത് അനീതിയെ ഇഷ്ടപ്പെടാനും നീതിയെ വെറുക്കാനുമുള്ള പ്രവണതയാണ്. ദീന്‍ എന്നാല്‍ അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കലും അല്ലാഹുവിനു വേണ്ടി വെറുക്കലും അല്ലാതെ മറ്റെന്താണ്?' (സുയൂത്വി- സ്വഹീഹുൽ ജാമിഇസ്സഗീര്‍ ലില്‍ അല്‍ബാനി).
സമുദായ ശരീരത്തിലേക്ക് ശിര്‍ക്കിന്റെ മാരക രോഗാണുക്കളെ കടത്തിവിട്ട് ഇസ്ലാമിനെ നശിപ്പിക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാരെപ്പോലെ തന്നെ അപകടം വിതക്കുന്നുണ്ട് ചില സൂഫി സെക്ടുകളും.  സാമൂഹിക ജീവിതത്തിന്റെ രാജപാതയില്‍നിന്ന് ഇസ്ലാനെ പുറംതള്ളി ആത്മീയതയുടെ സ്വകാര്യ തലങ്ങളിലേക്ക് വിശ്വാസികളെ തെളിച്ചുകൊണ്ടുപോകുന്ന ആ വിഭാഗങ്ങൾ ദൈവികാദര്‍ശത്തിന്റെ സാമൂഹിക ഉള്ളടക്കത്തെ റദ്ദ് ചെയ്യുന്നു എന്നതാണ് ഏറെ അപകടകരമായിട്ടുള്ളത്. ഇസ്ലാമിന്റെ വിപ്ലവ പരതയെയും വിമോചന ശക്തിയെയും ഭയപ്പെടുന്ന ഭരണാധികാരികളും രാഷ്ട്രീയ നായകന്മാരും ഈ വിഭാഗത്തെ അകമഴിഞ്ഞ് സഹായിക്കുകയും തങ്ങളോടൊപ്പം ചേർത്തുനിര്‍ത്തുന്നതില്‍ മത്സരിക്കുകയും ചെയ്യുന്നു. തങ്ങളുടെ അനീതികള്‍ക്കും അത്യാചാരങ്ങള്‍ക്കും മതത്തിന്റെ മേലങ്കിയണിയിക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇരു വിഭാഗത്തിനും പ്രയോജനകരമാണ് ഈ ഇടപാട്. സൂഫീ കൂട്ടായ്മകളെയും സൂഫീ സമ്മേളനങ്ങളെയും ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചാൽ യഥാര്‍ഥ ഇസ്ലാമിന്റെ ചൈതന്യം ചോര്‍ത്തിക്കളഞ്ഞ് തങ്ങളുടെ ആലയില്‍ അവരുടെ അനുയായികളെ കൊണ്ടുപോയി കെട്ടാമെന്ന പൂര്‍ണ ബോധ്യം ഭരണകൂടങ്ങള്‍ക്കുണ്ട്. 

പ്രീണന-പ്രലോഭന തന്ത്രം

ഇസ്ലാമിന്റെ ശത്രുക്കള്‍ ഓരോ കാലത്തും അവലംബിച്ചുപോന്ന കുതന്ത്രങ്ങളും രീതികളും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. പ്രീണനം, പ്രലോഭനം, ഭീഷണി, പീഡനം തുടങ്ങി ഏതൊക്കെ മുറകൾ പ്രയോഗിച്ച് ഓരോ വിഭാഗത്തെയും എങ്ങനെ വശത്താക്കാം എന്നതിനെക്കുറിച്ച് തികഞ്ഞ ധാരണയും ബോധ്യവുമുള്ളവരാണ് പ്രതിയോഗികള്‍. ഓരോ സന്ദര്‍ഭത്തിലും ശത്രുക്കള്‍ മുഹമ്മദ് നബിയോട് കൈക്കൊണ്ട രീതികള്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം അല്ലാഹു ഇടപെട്ട് പ്രവാചകന് മാര്‍ഗദര്‍ശനം നല്‍കുകയും ശത്രുക്കളുടെ ഉപജാപങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തതായി കാണാം. പ്രീണനമായിരുന്നു ഒരു രീതി. 'അതിനാല്‍, ഈ നിഷേധികളുടെ സമ്മര്‍ദത്തിന് വഴങ്ങിപ്പോകരുത്. നീ അല്‍പം മയപ്പെടുത്തുകയാണെങ്കില്‍ തങ്ങള്‍ക്കും മയപ്പെടുത്താമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്' (വദ്ദൂ ലൗ തുദ്ഹിനു ഫയൂദ്ഹിനൂന്‍'-  അല്‍ഖലം 8,9).
ഇസ്ലാമിക പ്രബോധനം പ്രവാചകന്‍ ഒന്ന് കടുപ്പം കുറച്ച് മയപ്പെടുത്തുകയാണെങ്കില്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പ് ഇക്കൂട്ടരും അല്‍പം മയപ്പെടുത്തും. അല്ലെങ്കില്‍ ഇവരെ പരിഗണിച്ച് പ്രവാചകന്‍ സ്വന്തം ആദര്‍ശത്തില്‍ ചില്ലറ ഭേദഗതികള്‍ വരുത്താന്‍ സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹവുമായി സന്ധിയാവാന്‍ അവര്‍ സന്നദ്ധരായിരുന്നു. ശത്രുക്കളെ സുഖിപ്പിക്കുകയും അവര്‍ക്ക് അലോസരമുണ്ടാവാത്ത വിധത്തില്‍ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന രീതിയാണ് 'മുദാഹനത്ത്' എന്ന, പന്ത്രണ്ടോളം മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങള്‍ സമാഹരിച്ച് ഖുര്‍ത്വുബി തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിങ്ങനെ: ''ഭാഷയും ആശയവും വെച്ചുനോക്കിയാല്‍ ഈ വ്യാഖ്യാനങ്ങളെല്ലാം ശരിയാണ്. 'ഇദ്ദിഹാന്‍' എന്നാല്‍ പ്രത്യുപകാരം മോഹിച്ചുള്ള പ്രവൃത്തിയും സമീപനവുമാണ്. ശത്രുവിനെ സുഖിപ്പിക്കുന്ന ഭംഗിവാക്ക് പറയുന്നതും ശത്രുവിനോടുള്ള ചായ്്വുമാണ് അര്‍ഥമെന്ന അഭിപ്രായവുമുണ്ട്.'' സമാനമായ വ്യാഖ്യാനമാണ് ഇബ്‌നു ജരീറുത്ത്വബരിയും ഈ സൂക്തത്തിന് നല്‍കിയിട്ടുള്ളത്. സൂറഃ അല്‍ഇസ്്റാഇലെ സമാന സ്വഭാവമുള്ള സൂക്തങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ''പ്രവാചകാ, നിന്നെ കുഴപ്പത്തില്‍ അകപ്പെടുത്തി, നാം അയക്കുന്ന ദിവ്യസന്ദേശങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ ഈ ജനം യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല- നീ സ്വയംകൃത വചനങ്ങള്‍ നമ്മുടെ പേരില്‍ ആരോപിക്കാന്‍ വേണ്ടി. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അവര്‍ നിന്നെ സുഹൃത്തായി സ്വീകരിക്കും. നാം നിന്നെ ഉറപ്പിച്ചുനിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ നീ അവരുടെ പക്ഷത്തേക്ക് അല്‍പാല്‍പം ചാഞ്ഞുപോവുക വിദൂരമായിരുന്നില്ല. എന്നാല്‍, അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ നാം നിന്നെ ഇഹത്തില്‍ ഇരട്ടി ശിക്ഷ അനുഭവിപ്പിക്കും. ഇരട്ടി ശിക്ഷ പരലോകത്തിലും അനുഭവിപ്പിക്കും. നമുക്കെതിരില്‍ നിനക്ക് ഒരു സഹായിയെയും കിട്ടുകയുമില്ല'' (അല്‍ ഇസ്റാഅ് 73-75). ഇതിന് നൽകിയിരിക്കുന്ന വ്യാഖ്യാനങ്ങൾ കാണുക:
''പ്രവാചകന് നല്‍കിയ പിന്തുണയും പാപസുരക്ഷിതത്വവും ദുഷ്ടരുടെ നീചവൃത്തികളില്‍നിന്നും അധര്‍മികളുടെ കുതന്ത്രങ്ങളില്‍നിന്നും നല്‍കിയ സുരക്ഷിതത്വവും പ്രതിപാദിക്കുകയാണ് അല്ലാഹു. പ്രവാചകന്റെ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നവനും അദ്ദേഹത്തെ സഹായിക്കുന്നവനുമാകുന്നു അല്ലാഹു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമൊക്കെ ആരൊക്കെ എതിര്‍ത്താലും ശത്രുത പുലര്‍ത്തിയാലും ഈ ദീനിന്റെ വിജയം അവന്‍ ഉറപ്പുവരുത്തും'' (ഇബ്‌നു കസീര്‍).
''മക്കയിലെ സത്യനിഷേധികള്‍ നബിയെ തൗഹീദ് പ്രബോധനത്തില്‍നിന്ന് തെറ്റിക്കാനും അവരുടെ ശിര്‍ക്കുമായും ജാഹിലിയ്യത്തുമായും സന്ധി ചെയ്യിക്കാനുമുള്ള തീവ്ര ശ്രമമാണ് നടത്തിയിരുന്നത്. തിരുമേനിയെ ഫിത്‌നയില്‍ അകപ്പെടുത്താന്‍ അവര്‍ ആവുന്നതൊക്കെ ചെയ്തുനോക്കി. കുതന്ത്രങ്ങള്‍ പ്രയോഗിച്ചു; പ്രലോഭിപ്പിച്ചു; ഭീഷണിപ്പെടുത്തി; കള്ള പ്രചാരവേലകളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു; അക്രമ മര്‍ദനങ്ങള്‍ ഏല്‍പിച്ചു; സാമ്പത്തിക സമ്മര്‍ദങ്ങള്‍ ഉണ്ടാക്കി; സാമൂഹികമായി ഒറ്റപ്പെടുത്തി... ആ സംഭവങ്ങളെല്ലാം അവലോകനം ചെയ്ത് അല്ലാഹു രണ്ട് കാര്യങ്ങളാണിവിടെ പ്രസ്താവിക്കുന്നത്: ഒന്ന്, താങ്കള്‍ സത്യത്തെ സത്യമാണെന്ന് മനസ്സിലാക്കിയ ശേഷം അസത്യവുമായി വല്ല സന്ധിയിലും എത്തിച്ചേരുകയാണെങ്കില്‍ ഈ വഴിപിഴച്ച ജനത സന്തോഷിക്കുമെന്നത് ശരിതന്നെ. പക്ഷേ, ദൈവകോപം താങ്കളുടെ മേല്‍ ഉഗ്രമായി ആളിക്കത്തും. ഇഹത്തിലും പരത്തിലും ഇരട്ടി ശിക്ഷ ലഭിക്കുകയും ചെയ്യും. രണ്ട്, മനുഷ്യന്-അവന്‍ പ്രവാചകനാണെങ്കില്‍ പോലും- തന്റെ സ്വന്തം ശക്തികൊണ്ടുമാത്രം അസത്യത്തിന്റെ കൊടുങ്കാറ്റിനെ നേരിടാന്‍ സാധ്യമല്ല. അതിന് അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും കൂടിയുണ്ടായിരിക്കണം. ആദ്യന്തം അല്ലാഹുവില്‍ നിന്ന് ലഭിച്ച സഹനവും സ്ഥൈര്യവും കൊണ്ടാണ് നീതിയുടെയും സത്യത്തിന്റെയും സ്ഥാനത്ത് പര്‍വതം പോലെ ഉറച്ചുനില്‍ക്കാനും വിനാശത്തിന്റെ പ്രവാഹത്തില്‍ സ്വസ്ഥാനത്ത് നിന്ന് ഒരു മുടിയിട പോലും തെറ്റാതിരിക്കാനും നബിതിരുമേനിക്ക് സാധിച്ചത്'' (സയ്യിദ് അബുൽ അഅ്ലാ മൗദൂദി- തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം 2, പേജ് 583).
''ഭരണാധികാരികള്‍ പ്രബോധകന്മാരെ ക്രമാനുഗതമായി നാശത്തിന്റെ പടുകുഴിയിലേക്ക് കൊണ്ടുപോകും. ഒരു ചെറിയൊരംശത്തില്‍ അവര്‍ കീഴടങ്ങുന്നതോടെ അവരുടെ വിശുദ്ധിയും ആദര്‍ശ ഗരിമയും വിനഷ്ടമാകുന്നു. അധികാരത്തിന്റെ  സ്വാധീനവും മേല്‍ക്കോയ്മയും കൈയടക്കി വെച്ചവര്‍ക്കറിയാം നിരന്തരമായ വില പേശലും വിലകൂട്ടലും സമ്പൂര്‍ണമായ അടിയറവിലേ കലാശിക്കുകയുള്ളൂവെന്നും, അങ്ങനെ തങ്ങളുടെ ഡീല്‍ ഉറപ്പിക്കാന്‍ സാധിക്കുമെന്നും. പ്രബോധനത്തിന്റെ നാനാവശങ്ങളില്‍ നിസ്സാരമായ ഒരു വശത്തില്‍ പോലും കീഴടങ്ങുന്നതോ അടിയറവ് പറയുന്നതോ, ഭരണാധികാരികള്‍ക്ക് തങ്ങളുടെ അണിയിലേക്ക് ആളുകളെ ചേര്‍ക്കുക എന്ന നേട്ടമുണ്ടാക്കുന്നുണ്ട്.  ഇസ്ലാമിക പ്രബോധനത്തിന്റെ വിജയത്തിന് ഭരണാധികാരികളെ കൂട്ടുപിടിക്കുകയും ആശ്രയിക്കുകയും ചെയ്യുക എന്നത് ആത്മീയ പരാജയമാണ്. വിശ്വാസികള്‍ പ്രബോധനത്തില്‍ അവലംബമാക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്. പരാജയം ഹൃദയത്തിന്റെ രഹസ്യ അറകളുടെ അഗാധതകളില്‍ അരിച്ചെത്തിയാല്‍, ആ തോല്‍വികളൊന്നും വിജയമായി  മാറില്ല'' സയ്യിദ് ഖുത്വ്്ബ് -ഫീ ളിലാലില്‍ ഖുര്‍ആന്‍, അൽ ഇസ്റാഅ് വ്യാഖ്യാനം). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്