നീതിക്കായി കാത്തിരിക്കുന്ന ഹൽദ്വാനി നിവാസികൾ
അലീഗഢ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ഷർജീൽ ഉസ്മാനി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: "ഹൽദ്വാനിയിലൂടെ കടന്നുപോകുന്ന റെയിൽപാത ബറേലി മുതൽ കാട്ട്ഗൊദാം വരെ 90 കിലോമീറ്ററാണ്. ഇതിൽ റെയിൽവെ പരിസരത്ത് മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന 2.1 കി.മീ. ഭാഗത്ത് മാത്രമാണ് റെയിൽവെ ഉടമസ്ഥാവകാശം ഉന്നയിച്ചിരിക്കുന്നത്. ഇവിടെ ട്രാക്കിൽനിന്ന് 820 മീറ്റർ വിസ്തൃതിയിൽ ഭൂഭാഗം തങ്ങളുടേതാണെന്നാണ് വാദം. റെയിൽപാതയുടെ ബാക്കിയുള്ള 87.9 കി. മീറ്ററിൽ റെയിൽവെയുടെ ഭൂമി ട്രാക്കിൽനിന്ന് 65-70 മീറ്റർ മാത്രമേ ഉള്ളൂവെന്നും അധികൃതർ പറയുന്നു." ഇത് പച്ചയായ അനീതിയല്ലേ എന്നാണ് ഉത്തരാഖണ്ഡിലെ ഹൽദ്വാനി നിവാസികൾ ചോദിക്കുന്നത്. മുസ്ലിംകൾ താമസിക്കുന്നേടത്ത് എത്തുമ്പോൾ മാത്രം റെയിൽവെ ഭൂമി വികസിക്കുന്നത് എങ്ങനെയാണെന്നാണ് അവർക്ക് മനസ്സിലാവാത്തത്. അതേ പാതയുടെ മറ്റിടങ്ങളിൽ റെയിൽവെ ഭൂമിയുടെ വിസ്തൃതി നൂറ് മീറ്റർ പോലുമില്ല! ഹൽദ്വാനിയിലെ ഗഫൂർ നഗർ, ധോലക് ബസ്തി, തൊട്ടടുത്ത പ്രദേശങ്ങളായ ഇന്ദിരാ നഗർ, നയീ ബസ്തി, ലൈൻ നമ്പർ: 17,18,19,20 എന്നിവിടങ്ങളിൽ നിന്ന് നാലായിരത്തിലധികം കുടുംബങ്ങളെ ഉടനടി കുടിയൊഴിപ്പിക്കാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തു എന്നതു മാത്രമാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന അര ലക്ഷത്തിലധികം വരുന്ന ഈ മനുഷ്യരുടെ ഏക ആശ്വാസം. പക്ഷേ, ഫെബ്രുവരിയിൽ തന്നെ സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കും. സ്റ്റേ ചെയ്ത ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞ കാര്യങ്ങൾ ആ പ്രദേശത്തുകാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
റെയിൽവെയെ മുന്നിൽ നിർത്തി സംസ്ഥാന ഭരണകൂടം നടത്തുന്ന നീക്കങ്ങളിൽ ഒരുപാട് ദുരൂഹതകളുണ്ട്. 2007-ൽ റെയിൽവെ പറഞ്ഞിരുന്നത് തങ്ങൾക്കിവിടെ 29 ഏക്കർ ഭൂമി ഉണ്ടെന്നാണ്. 2022 ആയപ്പോഴേക്കും അത് 78 ഏക്കർ ആയി. അതെങ്ങനെ സംഭവിച്ചു? മാത്രമല്ല, ഇവിടെ താമസിക്കുന്ന എല്ലാ കുടുംബങ്ങളും - അവരിൽ ഏതാനും ഹിന്ദു കുടുംബങ്ങളുമുണ്ട് - മതിയായ രേഖകൾ കൈവശമുള്ളവരാണ്. നികുതിയടച്ചതിന്റെയും മറ്റും രശീതികളുമുണ്ട്. റെയിൽവെ ഭൂമിയായിരുന്നെങ്കിൽ, നാല് ഗവൺ മെന്റ് സ്കൂളുകൾ, പതിനൊന്ന് സ്വകാര്യ സ്കൂളുകൾ, ഒരു ബാങ്ക്, രണ്ട് വലിയ വാട്ടർ ടാങ്കുകൾ, പത്ത് മസ്ജിദുകൾ, നാല് ക്ഷേത്രങ്ങൾ എന്നിവ സ്ഥാപി ക്കാൻ ഭരണകൂടം എങ്ങനെ അനുവാദം കൊടുത്തു എന്ന ചോദ്യമുയരുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി മലിക് മുഅ്തസിം ഖാന്റെയും സീനിയർ പത്രപ്രവർ ത്തകൻ പ്രശാന്ത് ടാണ്ടന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം പ്രശ്നങ്ങൾ പഠിക്കാനായി ഹൽദ്വാനിയിൽ എത്തിയിരുന്നു. കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളൊ ന്നും ചട്ടപ്രകാരമായിരുന്നില്ല എന്നാണ് സംഘം കണ്ടെത്തിയത്. ചട്ടപ്രകാരം ഓരോ കുടുംബത്തിനും കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകണം. എന്നാൽ, 'റെയിൽവെ ഭൂമിയിൽ കുടിയേറിയവർ ഒഴിഞ്ഞു പോവുക' എന്ന പൊതു നോട്ടീസ് നൽകുക മാത്രമാണ് അധികൃതർ ചെയ്തത്. പുതിയ സാഹചര്യത്തിൽ, മുസ്ലിം സമൂഹത്തെ ടാർഗറ്റ് ചെയ്യുന്ന സമാനമായ നീക്കങ്ങൾ പലയിടത്തും ഉണ്ടാകാമെന്നതിനാൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വളരെ നിർണായകമാവും. l
Comments