Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

നേതാക്കള്‍ നിലപാട് പുനഃപരിശോധിക്കുമോ?

ഹബീബ് മസ്ഊദ് പുറക്കാട്

ഇന്ത്യയിലെ മുസ്്ലിം സമൂഹത്തിന്റെ ഭാവിയെയും സുരക്ഷിതത്വത്തെയും സംബന്ധിച്ച് സമുദായ സംഘടനകള്‍ സ്വീകരിച്ചുവരുന്ന സമീപനങ്ങള്‍ ഇന്ന് വലിയൊരു ചര്‍ച്ചാ വിഷയമാണ്. ഇന്ത്യന്‍ മുസ്്ലിംകള്‍ അനുഭവിക്കുന്ന സങ്കീര്‍ണവും ആഴമേറിയതുമായ പ്രതിസന്ധികളെ സംബന്ധിച്ച് എല്ലാ മുസ്്ലിം സംഘടനാ നേതൃത്വങ്ങളും പൊതുവില്‍ ബോധവാന്‍മാരാണെങ്കിലും അതിന്റെ മൗലിക പരിഹാരങ്ങളെക്കുറിച്ച് കൂട്ടായ ആലോചനകള്‍ നടക്കുകയോ  വ്യക്തമായ കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കപ്പെടുകയോ ചെയ്യുന്നില്ല.  പകരം സമുദായത്തെയും ദീനിനെയും ബാധിക്കുന്ന ചര്‍ച്ചകളും ആസൂത്രണങ്ങളുമെല്ലാം സംഘടനകള്‍ക്കുള്ളില്‍  പരിമിതപ്പെടുകയാണ്. സമുദായത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണ വൈജാത്യങ്ങളും സംഘടനാ വൈവിധ്യങ്ങളുമെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യത്തെ മുസ്്ലിം സമുദായത്തിന് പൊതുവായി വിശ്വാസമര്‍പ്പിക്കാനും അവലംബിക്കാനും സാധിക്കുന്ന ഒരു നേതൃത്വം ഇന്നേവരെ അവര്‍ക്കുണ്ടായിട്ടില്ല. അങ്ങനെയൊന്നുണ്ടാവണമെന്ന് സമുദായത്തിലെ സംഘടനാ നേതൃത്വങ്ങളും ബഹുമാന്യരായ പണ്ഡിതന്‍മാരും ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടുണ്ടോ എന്നു പോലും സംശയമാണ്. പകരം താല്‍ക്കാലികമായോ വിഷയാധിഷ്ഠിതമായോ  രൂപപ്പെടുന്ന ചില കൂട്ടായ്മകളും വേദികളും മാത്രമാണ് അവര്‍ക്കുള്ളത്. അതാകട്ടെ, വളരെ ദുര്‍ബലവും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പരിമിതവുമാണ്.  സമുദായത്തെ ശാക്തീകരിക്കാനും അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നുനല്‍കാനും സാധിക്കുന്ന രീതിയില്‍  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പൊതു കര്‍മപരിപാടി ആവിഷ്‌കരിക്കാനുള്ള ആലോചനകളും ആസൂത്രണങ്ങളും നടത്താന്‍ പല കാരണങ്ങളാല്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതിന് മുന്‍കൈയെടുക്കാന്‍ കരുത്തുള്ള ഒരു സംവിധാനത്തിന്റെ അഭാവം സമുദായത്തിന്റെ അനാഥത്വത്തെയാണ് അടയാളപ്പെടുത്തുന്നത്.
മറുഭാഗത്താവട്ടെ അത്തരം ഗൗരവപ്പെട്ട ആലോചനകള്‍ അസാധ്യമാക്കുന്ന രീതിയിലുള്ളതാണ് പല സംഘടനകളിലും നിലനില്‍ക്കുന്ന സംഘടനാ നേതാക്കളുടെ മേധാവിത്വവും അവരില്‍ പലരും കൊണ്ടുനടക്കുന്ന പ്രമാണിത്തവും. സമുദായ സംഘടനകള്‍ക്കിടയില്‍ ആദ്യമായി ഉണ്ടാവേണ്ടത് ഉള്ളറിഞ്ഞ സഹകരണവും നേതാക്കള്‍ക്കിടയിലെ വിശാല മനസ്സും സഹിഷ്ണുതയുമാണ്.  ഐക്യവും സഹകരണവും ഇസ്്ലാമിന്റെയും ഈമാനിന്റെയും അനിവാര്യ തേട്ടമാണന്നും ശൈഥില്യവും നിസ്സഹകരണവും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും നിഫാഖിന്റെയും സൃഷ്ടിയാണെന്നും സ്വയം അറിഞ്ഞിട്ടും സമുദായ സംഘടനകള്‍ക്ക് യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഐക്യപ്പെടാന്‍ എന്തുകൊണ്ടാണ് സാധിക്കാതെ പോകുന്നത്? നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ചേരികളായി നിന്ന് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുമ്പോഴും അവര്‍ക്ക് പൊതു പ്രശ്‌നങ്ങളില്‍ ഒന്നിച്ചിരിക്കാനും വേദി പങ്കിടാനും സാധിക്കുന്നതു പോലെ മുസ്്ലിം സംഘടനാ നേതൃത്വങ്ങള്‍ക്ക് അങ്ങനെ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ ഗൗരവപൂര്‍വം അല്ലാഹുവിനെ മുന്‍നിര്‍ത്തി ആലോചിക്കണം.  ഇത്ര മാത്രം അകല്‍ച്ചയും വിരോധവും എങ്ങനെയാണ് സംഘടനാ നേതാക്കള്‍ സമുദായ മനസ്സില്‍ വളര്‍ത്തിയെടുത്തത് ?
കാരണം വളരെ വ്യക്തമാണ്: ഒന്നാമതായി, സംഘടനകള്‍ക്ക്  അവയുടെ അണികള്‍ ചിന്താപരമായ വിശാലത നേടുന്നതും അവര്‍ മറ്റുള്ളവരുമായി ആശയപരമായ ചര്‍ച്ചകള്‍ നടത്തുന്നതും ഭയമാണ്. നേതാക്കളാകട്ടെ തങ്ങളുടെ സംഘടനാപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമുദായത്തിനിടയില്‍ പടര്‍ത്തുന്നത് പരസ്പരമുള്ള തെറ്റിദ്ധാരണകളും മതത്തെ കുറിച്ച ഇടുങ്ങിയതും വികലവുമായ ധാരണകളുമാണ്. ഈ ശൈലിയില്‍നിന്ന് സംഘടനാ നേതാക്കള്‍ സാവകാശമെങ്കിലും പിന്‍മാറുന്നില്ലെങ്കില്‍ ചെന്നായുടെ മുന്നില്‍പെട്ട ഇടയനില്ലാതെ കൂട്ടം തെറ്റിയ ആട്ടിൻ പറ്റങ്ങളെപ്പോലെ സമുദായം ശത്രുക്കളുടെ മുന്നില്‍ എന്നും ഏറെ ദുര്‍ബലരും നിസ്സഹായരും ഭീരുക്കളുമായി കഴിയേണ്ടി വരും.  കേരളത്തിലെ മുസ്്ലിം സംഘടനകളെ ഒരു സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയാല്‍ ധാരാളം ഗുണവശങ്ങള്‍ക്കൊപ്പം  ദോഷ വശങ്ങളും അവക്കുണ്ടെന്ന് ബോധ്യമാവും. മുസ്്ലിം സംഘടനകളുടെ പ്രവര്‍ത്തന ഫലമായി അനേകം സദ്ഫലങ്ങള്‍ സമുദായത്തിന് അനുഭവിക്കാനായിട്ടുണ്ട്. ഇന്ന് സമുദായത്തില്‍ കാണുന്ന നേട്ടങ്ങളുടെയും പുരോഗതിയുടെയും എണ്‍പത് ശതമാനവും മുസ്്ലിം സമുദായത്തിലെ സംഘടനാ നേതാക്കളും പണ്ഡിതന്മാരും പ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കി അധ്വാനിച്ച്  നേടിയെടുത്തതാണ്. സമുദായത്തില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന ദീനീ വിജ്ഞാനത്തിന്റെ സാര്‍വത്രികതയും  ആദര്‍ശ വിശ്വാസരംഗത്തുള്ള അഭിമാന ബോധവും പൊതു വിദ്യാഭ്യാസ രംഗത്തെ പുരോഗതിയുമെല്ലാം നേടിത്തന്നതില്‍ ത്യാഗികളും സമര്‍പ്പിതരുമായ ആദ്യ കാല സംഘടനാ നേതാക്കള്‍ക്കും പണ്ഡിതന്‍മാര്‍ക്കുമുള്ള പങ്ക് വളരെ ആദരവോടും നന്ദിയോടും കൂടി മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ആ സംഘടനകള്‍ മത്സര ബുദ്ധിയോടെ  നടത്തുന്ന വിദ്യാഭ്യാസ, ജന സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏതൊരു സമൂഹത്തിനും മാതൃകയുമാണ്. ഇതിന് മറ്റു ചില മറുവശങ്ങള്‍ കൂടിയുണ്ട്. രാജ്യത്തെ ആദര്‍ശാധിഷ്ഠിതമായ ജീവിതം നയിക്കുന്ന പ്രബോധക സമൂഹമാവേണ്ടവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ  ന്യൂനപക്ഷമായ മുസ്്ലിം  സമുദായം. അവര്‍ കൂട്ടായി നിര്‍വഹിക്കേണ്ട, രാജ്യനിവാസികള്‍ക്കിടയിലെ ഇസ്്ലാമിന്റെ ഉത്തമമായ പ്രതിനിധാനമെന്ന ദൗത്യത്തോട് അര്‍ഹിക്കുന്ന  അളവില്‍ നീതി ചെയ്യാന്‍ അവര്‍ക്ക് ഇന്നും സാധിച്ചിട്ടില്ല. കേരളത്തില്‍ സ്ഥിതി അല്‍പം മെച്ചമാണെങ്കിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെ മുസ്്ലിംകള്‍ ഇന്നും എല്ലാ രംഗത്തും പതിതരും അസംഘടിതരും ശത്രുക്കളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഇരകളുമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇസ്്ലാമിനെ കുറിച്ച പക്വവും സന്തുലിതവുമായ കാഴ്ചപ്പാടില്‍ ഊന്നിനിന്നുകൊണ്ട് വര്‍ത്തമാന കാല ഇന്ത്യന്‍ മുസ്്ലിംകളുടെ സംസ്‌കരണവും സുരക്ഷിതത്വവും സാമൂഹിക വികാസവും സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കാന്‍ സംഘടനാ നേതാക്കള്‍ക്കും പണ്ഡിതന്‍മാര്‍ക്കും കഴിയണം. ഓരോരുത്തരും സ്വന്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചും, ഊന്നേണ്ട  തലങ്ങളെ വര്‍ഗീകരിച്ചും, അതിനു മുന്‍ഗണനാ ക്രമം നിശ്ചയിച്ചും ക്രമപ്പെടുത്താന്‍ സാധിക്കണം. അതിനു  പകരം സമുദായത്തിന് പൊതുവായി പ്രയോജനപ്പെടേണ്ട ക്രയശേഷിയും ചെറുപ്പത്തിന്റെ ധൈഷണിക മികവും സംഘടനകള്‍ വീതംവെക്കുന്നതാണ് നാം കാണുന്നത്. അതിന്റെ ഉപയോഗമാകട്ടെ പലപ്പോഴും സംഘടനക്കകത്ത് മാത്രം പരിമിതപ്പെടുന്നു.  പൊതു സ്വത്തായി പ്രയോജനപ്പെടേണ്ട പലതിനെയും  സംഘടനകള്‍ അവര്‍ക്കു മാത്രം അവകാശപ്പെട്ടതാക്കി മാറ്റുന്നു.  ഇത് സംഘടനാ വത്കരണത്തിന്റെ തിരുത്തപ്പെടേണ്ട ദോഷ വശമാണ്. അതിലൂടെ സമുദായത്തിലെ നിരവധി പ്രതിഭകളും അവരുടെ ക്രയശേഷിയും മൊത്തം സമുദായത്തിനും ദീനിനും പ്രയോജനപ്പെടാതെ പോകുന്നു. സംഘടനാ താല്‍പര്യങ്ങളുടെ സംരക്ഷണവും അതിലൂടെ വന്നുചേരുന്ന സങ്കുചിതത്വവും പക്ഷപാതിത്വവുമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം. ഓരോ സംഘടനക്കും അത് രൂപപ്പെട്ട ഒരു പശ്ചാത്തലവും, അത് ഇസ്്ലാമിനെ കുറിച്ച് രൂപവത്കരിച്ചെടുത്ത കാഴ്ചപ്പാടുകളും, അവര്‍ നിശ്ചയിച്ച ലക്ഷ്യങ്ങളും, അത് നേടിയെടുക്കാനുള്ള കര്‍മപരിപാടികളുമുണ്ടാവും. അതിനു വേണ്ടി അവര്‍ നിശ്ചയിച്ച പ്രവര്‍ത്തന ശൈലിയും മുന്‍ഗണനകളും ഊന്നലുകളുമുണ്ടാവും. അത്തരം കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമെല്ലാം അതിന്റെ മൗലികതയില്‍ ഒന്നാണെങ്കിലും വിശദാംശങ്ങളില്‍ വ്യത്യസ്തവുമായിരിക്കും. അതിനാല്‍, ആശയസംവാദങ്ങളിലൂടെയും ആരോഗ്യകരമായ ചര്‍ച്ചകളിലൂടെയും സംഘടനകള്‍ക്കിടയിലുള്ള അകലം ഇനിയെങ്കിലും കുറക്കാനുള്ള സ്ട്രാറ്റജി സംഘടനകള്‍ കൂട്ടായി രൂപപ്പെടുത്തണം. അതുവഴി  തെറ്റിദ്ധാരണകള്‍ ഒരു പരിധി വരെ ദൂരീകരിക്കാനും സാധിക്കും. അത് നടക്കാതിരിക്കുമ്പോള്‍, ശരീരം ചിലപ്പോഴെങ്കിലും ഒന്നിച്ചിരിക്കുമെങ്കിലും മനസ്സുകള്‍ക്കിടയിലുള്ള അകലം വര്‍ധിക്കുകയോ ഉള്ളത് നിലനില്‍ക്കുകയോ ആണ് ചെയ്യുന്നത്. ഒന്നിച്ചിരിക്കുന്നത് ആര്‍ക്കോ വേണ്ടിയാണെന്ന ബോധമാണ് പല നേതാക്കളെയും നയിക്കുന്നത്. അതുകൊണ്ടുതന്നെ അവസരം കിട്ടിയാല്‍ എങ്ങനെ അപരനെ ഇകഴ്്ത്താം എന്നാണ് സംഘടനാ നേതാക്കളില്‍ പലരും  ആലോചിക്കുന്നത്.
ഇസ്്ലാം ശരീരമാണെങ്കില്‍ സംഘടനയെന്നത് അതിന്റെ ഭംഗിക്കും സുരക്ഷക്കും വേണ്ടി ധരിക്കുന്ന വസ്ത്രമാണ്. കാലപ്പഴക്കത്തിനനുസരിച്ച് വസ്ത്രം ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പുതു വസ്ത്രങ്ങള്‍ വാങ്ങാന്‍ നാം നിര്‍ബന്ധിതരാവും.  വസ്ത്രമല്ല ശരീരമാണ് പ്രധാനം. എന്നാല്‍, വസ്ത്രമാകുന്ന സംഘടനക്ക് ഏല്‍ക്കുന്ന പരിക്കിനെ ശരീരമാവുന്ന ഇസ്്ലാമിനും സമുദായത്തിനും ഏല്‍ക്കുന്ന നാശത്തെക്കാള്‍ വലുതായിട്ടാണ് പല സംഘടനകളും നോക്കിക്കാണുന്നത്. അതുകൊണ്ടാണ് സമുദായമനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ ഗൗരവപൂര്‍വം അഭിമുഖീകരിക്കുന്നതില്‍ നിന്ന് അത്തരം സംഘടനാ നേതാക്കള്‍ക്ക് പിന്നോട്ടു പോകേണ്ടിവരുന്നത്.  ഇതിലൂടെ ഇസ്്ലാമിനു വേണ്ടി രൂപവത്കരിക്കപ്പെട്ട സംഘടനയും അതിന്റെ താല്‍പര്യങ്ങളും ഇസ്്ലാമിന്റെയും സമുദായത്തിന്റെയും താല്‍പര്യ സംരക്ഷണങ്ങള്‍ക്ക് മുന്നില്‍ മുഖ്യ തടസ്സമായിത്തീരുകയാണ്.
ഇത്തരം ഒരവസ്ഥക്ക് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. സംഘടനാ തീരുമാനങ്ങളെ ദീനീ നിയമങ്ങളാക്കി സ്വന്തം അണികള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന പ്രവണതയാണത്. അങ്ങനെ അവതരിപ്പിച്ചെങ്കിലേ സമുദായത്തിലെ വ്യക്തികളില്‍ അത് മതത്തിന്റെ ഭാഗമാണെന്ന നിലയില്‍ സ്വീകാര്യത ലഭിക്കുകയുള്ളൂ. സംഘടനാ തീരുമാനങ്ങളെ സ്വാധീനിക്കുന്ന മുഖ്യമായ ഘടകം പലപ്പോഴും ആ തീരുമാനം കൈക്കൊള്ളുന്ന സാഹചര്യമാണ്. അത് മാറുന്നതോടെ തീരുമാനങ്ങളിലും ചിലപ്പോള്‍ ഭേദഗതികള്‍ വേണ്ടി വരും. അത്തരം തീരുമാനങ്ങളെ മതനിയമങ്ങളാക്കി അവതരിപ്പിക്കുമ്പോള്‍ അവ പിന്നീട് ദേദഗതിക്കോ മാറ്റത്തിനോ സാധ്യമാവാത്ത ഒന്നായി മാറും. മത നിയമങ്ങളായിത്തീര്‍ന്നതിനാല്‍ അത്തരം തീരുമാനങ്ങള്‍ തിരുത്തിപ്പറയുമ്പോള്‍ എതിരാളികളുടെ വിമര്‍ശനങ്ങള്‍ ഭയപ്പെടേണ്ടിവരുന്നു. മത നിയമങ്ങളെയും സംഘടനാ തീരുമാനങ്ങളെയും രണ്ടായി കാണാന്‍ സംഘടനകള്‍ക്ക് സാധിക്കണം. കാലവും സമൂഹവും മാറുന്നതിനനുസരിച്ച് സംഘടനാ നയങ്ങളും തീരുമാനങ്ങളും മാറ്റേണ്ടിവരുമെന്ന ലളിതമായ സത്യം അംഗീകരിക്കാതെ അത് വ്യാഖ്യാനിച്ച് ശരിപ്പെടുത്താനുള്ള സാഹസികത സംഘടനകളുടെ അകത്തളം ഇടുക്കമുള്ളതാക്കാന്‍ കാരണമാവും. 50 വര്‍ഷം മുമ്പുള്ള ഒരു തീരുമാനം അന്ന്  ശരിയായിരിക്കാം. പക്ഷേ,  ഇന്ന് അനിവാര്യമായ മാറ്റങ്ങള്‍ക്ക് ചെവികൊടുക്കാതെ, അവ തിരുത്തപ്പെടാന്‍ പാടില്ലാത്ത പ്രമാണ പാഠങ്ങളായിക്കണ്ട് സംഘടനകള്‍  ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇഛാശക്തിയോടെ തിരുത്താന്‍ സന്നദ്ധമാവുകയാണ് അവര്‍ വേണ്ടിയിരുന്നത്. അതിലൂടെ വലിയ മുന്നേറ്റം നടത്താല്‍ സമുദായത്തിന് സാധ്യമായിത്തീരും.
ടി.കെ അബ്ദുല്ല സാഹിബ് അദ്ദേഹം അവസാനമെഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടതു പോലെ, സംഘടനാ താല്‍പര്യങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കണം. മുസ്്ലിം സമുദായ സംഘടനകളുടെ ഐക്യത്തിന്റെ രസതന്ത്രം നന്നായി അറിയുന്ന ടി.കെ, സമുദായത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ച യാഥാര്‍ഥ്യ ബോധത്തില്‍ നിന്ന്, സംഘടനാ നേതൃത്വങ്ങള്‍ മനസ്സു വെച്ചാല്‍ സാധ്യമാവുന്ന ലളിതമായ ചില പരിഹാര നിര്‍ദേശങ്ങള്‍  മുന്നോട്ടു വെച്ചിരുന്നു. അതില്‍ മുഖ്യമായത് സൗഹൃദ വേദിയുടെ പുനരുജ്ജീവനമാണ്. പ്രസ്തുത വേദി കൂടുതല്‍ ഫലപ്രദവും അതിന്റെ ലക്ഷ്യം ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന കര്‍മ പരിപാടികളുടെ ആവിഷ്‌കാരവുമായിരിക്കണം. അതിനു കീഴില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കുകയും വേണം. സമുദായത്തിന്റെ വിദ്യാഭ്യാസ / തൊഴില്‍ രംഗത്തെ മുന്നേറ്റം, മാധ്യമ / നിയമ / സാംസ്‌കാരിക രംഗത്തെ സാന്നിധ്യവും അക്കാദമിക രംഗത്തെ ഇടപെടലും, സാമ്പത്തിക രംഗത്തെ ശാക്തീകരണം, പൊതു സമൂഹത്തിലെ ഇസ്്ലാമിന്റെ പ്രതിനിധാനം, മുസ്്ലിം വിരുദ്ധ പൊതുബോധത്തെ തിരുത്താനുള്ള പദ്ധതി, രാഷ്ട്രീയ തലത്തിലുള്ള മുന്നേറ്റം തുടങ്ങി മുസ്്ലിം സമൂഹം കൂട്ടായി ആലോചിച്ച് നടപ്പാക്കേണ്ട, ഇതും ഇതു പോലുള്ളതുമായ ധാരാളം വിഷയങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു കര്‍മപദ്ധതി തയാറാക്കാന്‍ സൗഹൃദ വേദിക്ക് സാധിക്കണം. ഇതിനായി സമുദായത്തിന്റെ  മുഴുവന്‍ റിസോഴ്‌സുമുപയോഗിച്ച് ഓരോന്നിനും വിദഗ്ധ സമിതികള്‍ രൂപവത്കരിക്കണം.  അങ്ങനെ കേരളീയ മുസ്്ലിം സമൂഹത്തില്‍ രൂപപ്പെടുന്ന ഇത്തരമൊരു കര്‍മപദ്ധതിയെ അടിസ്ഥാനപ്പെടുത്തി ദേശീയ തലത്തിലും ഇത് വികസിപ്പിക്കാന്‍ സാധിക്കും. സമയം അല്‍പം പോലും വൈകാതെ ഇതില്‍ ഇടപെടാന്‍ എല്ലാ സംഘടനാ നേതാക്കള്‍ക്കും ബാധ്യതയുണ്ട്. അവര്‍ നിലപാട് പുനഃപരിശോധിക്കുമോ എന്നതാണ് യഥാര്‍ഥ പ്രശ്‌നം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്