Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

അരുത്, ഒരു തുള്ളി ചോരയും ചിന്തരുത്

ശൈഖ് മുഹമ്മദ് കാരകുന്ന്

മക്കയുടെ വിമോചനത്തിനായി മുന്നോട്ടു നീങ്ങിയ പതിനായിരത്തിലേറെ സൈനികരെ നബി (സ) നാലു ദളങ്ങളാക്കി തിരിച്ചു. അവക്ക് നേതൃത്വം നൽകിയ സുബൈറുബ്നുൽ അവ്വാം, ഖാലിദുബ്നുൽ വലീദ്, അബൂ ഉബൈദ, സഅ്ദുബ്നു ഉബാദ എന്നിവരോട് യുദ്ധം ചെയ്യരുതെന്ന് പ്രത്യേകം നിർദേശിച്ചു. എന്നാൽ, സഅ്ദുബ്നു  ഉബാദ ഇത് കണക്കിലെടുക്കാതെ അത്യാവേശത്തിൽ പറഞ്ഞു: "ഇന്ന് കശാപ്പ് ദിനമാണ്. ഇന്ന് കഅ്ബയുടെ പവിത്രത മാനിക്കപ്പെടുകയില്ല."
വിവരമറിഞ്ഞ പ്രവാചകൻ അദ്ദേഹത്തെ സൈനിക നേതൃത്വത്തിൽനിന്ന് മാറ്റി. പകരം അദ്ദേഹത്തിന്റെ മകൻ ഖൈസിനെ നിശ്ചയിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: "സഅ്ദ് പറഞ്ഞത് കളവാണ്. ഇന്ന് കാരുണ്യത്തിന്റെ ദിനമാണ്. ഇന്ന് അല്ലാഹു കഅ്ബയെ ആദരിക്കുന്ന ദിനമാണ്" (ബുഖാരി).
തുടർന്ന് പിതാവിൽനിന്ന് പതാക തിരിച്ചുവാങ്ങി ഖൈസിനെ ഏൽപിച്ചു. അതിനാൽ നാല് സൈനിക ദളങ്ങളും യുദ്ധം ചെയ്യാതെയാണ് മക്കയിൽ കടന്നത്.
ഒരു തുള്ളി ചോര പോലും ചിന്താതെയായിരുന്നു മദീനയിൽ നബി ഒരു  രാഷ്ട്ര സംവിധാനം പടുത്തുയർത്തിയത്. അന്നാട്ടുകാർ അദ്ദേഹത്തെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നു. ആ നാടിനെ അദ്ദേഹത്തിന്റെ കൈകളിൽ ഏൽപിക്കുകയായിരുന്നു. ജന്മനാടായ മക്കയുടെ മോചനവും അവ്വിധം തന്നെ ഒരു തുള്ളി രക്തം പോലും ചിന്താതെ സമാധാനപരമായി നടക്കണമെന്ന് നബി തിരുമേനി ആഗ്രഹിച്ചു. ഭൂപ്രദേശം വിമോചിതമായി ഇസ്ലാമിന് അധീനപ്പെടുന്നതിന് മുമ്പ് അന്നാട്ടുകാരുടെ മനസ്സ് അതിന് കീഴ്്പ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ മക്കയുടെ വിമോചന വേളയിൽ ഒരു കെട്ടിടവും തകർക്കപ്പെട്ടില്ല. ഒരു സ്ഥാപനവും കൊള്ളയടിക്കപ്പെട്ടില്ല. ആരെയും പരാജയപ്പെടുത്താത്ത വിജയമായിരുന്നു അത്. ആരെയും അപമാനിതരാക്കാത്ത, ആരും ആരെയും കൊള്ളയടിക്കാത്ത വിമോചനം. മക്കാ നിവാസികൾക്ക് അറിയാമായിരുന്നു; തങ്ങളിലേക്ക് കടന്നുവരുന്ന മുഹമ്മദ് അക്രമിയോ ശത്രുവോ അല്ല. പ്രവാചകനും അവരും തമ്മിലുള്ള സംഭാഷണം അതിന് സാക്ഷ്യം വഹിക്കുന്നു.
വിശുദ്ധ കഅ്ബയുടെ കവാടത്തിന്റെ ഇരുവശവും പിടിച്ചുനിന്ന് നബിതിരുമേനി അവരോട് ചോദിച്ചു: "നിങ്ങൾ എന്താണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത്?"
അവർ ഏകസ്വരത്തിൽ പറഞ്ഞു: "ഞങ്ങൾ നല്ലതേ പ്രതീക്ഷിക്കുന്നുള്ളൂ. അങ്ങ് മാന്യനും ഉദാരനുമായ സഹോദരനാണ്. മാന്യനും ഉദാരനുമായ സഹോദരന്റെ മകനാണ്."
അപ്പോൾ പ്രവാചകൻ പ്രഖ്യാപിച്ചു: "എന്റെ സഹോദരൻ  യൂസുഫ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ. ഇന്ന് നിങ്ങൾക്കെതിരെ പ്രതികാരമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. അവൻ പരമകാരുണികനാണല്ലോ. നിങ്ങൾ പോകൂ. നിങ്ങളെല്ലാം വിമോചിതരാണ്."
അങ്ങനെ മക്കയിൽ ഒരു പുതുയുഗം പിറന്നു. സർവരും പരസ്പരം സഹോദരന്മാരായി മാറി. എല്ലാവരുടെയും അഭിമാനം സംരക്ഷിക്കപ്പെട്ടു. മക്കാ നിവാസികളുടെ മനസ്സിൽ സമാധാനം പെയ്തിറങ്ങി.
 
ത്രിമൂർത്തികൾക്കും മാപ്പ് 
വിമോചിപ്പിക്കപ്പെട്ട ശേഷവും ഇസ്ലാമിനോടും പ്രവാചകനോടും കടുത്ത ശത്രുത പുലർത്തുന്ന മൂന്ന് തീവ്രവാദികളുണ്ടായിരുന്നു മക്കയിൽ. സ്വഫ്്വാനുബ്നു ഉമയ്യ, ഇക്്രിമതുബ്നു അബീജഹൽ,സുഹൈലുബ്നു അംറ് എന്നിവരായിരുന്നു അവർ. എന്നാൽ, മക്കാ നിവാസികൾ അവരുടെ പിന്നിൽ അണിനിരന്നില്ല. അതുകൊണ്ടാണ് രക്തച്ചൊരിച്ചിൽ പൂർണമായും ഒഴിവായത്. മൂന്നു പേരും ഹുദൈബിയാ സന്ധി വ്യവസ്ഥകൾ  ലംഘിച്ചു. അവരുടെ മൂന്നു പേരുടെയും കഥകഴിക്കണമെന്ന് പ്രവാചകൻ തന്റെ മക്കാ പ്രവേശനത്തിന് മുമ്പ് കൽപിച്ചിരുന്നു.  സ്വഫ്്വാനും ഇക്്രിമയുമാണ്  സന്ധി വ്യവസ്ഥകൾ ലംഘിച്ച് കൊടിയ വഞ്ചന കാണിച്ചതിനോടൊപ്പം ഖുസാഅ ഗോത്രത്തോട് യുദ്ധം ചെയ്ത കൊടും കുറ്റവാളികൾ. അതുകൊണ്ടുതന്നെ സുഹൈലിന് മാപ്പ് കൊടുത്തപ്പോഴും മറ്റു രണ്ടുപേരെയും എവിടെക്കണ്ടാലും പിടികൂടണമെന്ന് പ്രവാചകൻ കൽപിച്ചു. സുഹൈലിനെ അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലായുടെ ശിപാർശ സ്വീകരിച്ച് പ്രവാചകൻ വെറുതെ വിട്ടു.
അബൂജഹലിന്റെ മകൻ ഇക്്രിമ കപ്പലിൽ യമനിലേക്ക് രക്ഷപ്പെടാനായി തീരദേശത്തേക്ക് ഒളിച്ചോടി. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുഹകീം പ്രവാചകനെ സമീപിച്ച് ഭർത്താവിന് മാപ്പ് നൽകാൻ അപേക്ഷിച്ചു. അതനുസരിച്ച് പ്രവാചകൻ അദ്ദേഹത്തിനും മാപ്പ് നൽകി. മാത്രമല്ല, അവിടുന്ന് തന്റെ അനുചരന്മാരോട് പറഞ്ഞു: "വിശ്വാസിയും മുഹാജിറുമായി ഇക്്രിമ നിങ്ങളുടെ അടുത്തെത്തും. നിങ്ങൾ അദ്ദേഹത്തിന്റെ പിതാവിനെ അസഭ്യം പറയരുത്. മരിച്ചവരെ ചീത്ത വിളിച്ചാൽ ജീവിച്ചിരിക്കുന്നവർക്കാണ് ദോഷം. മരിച്ചവരിലേക്ക് ആ ദോഷം എത്തുകയില്ല."
പിന്നീട് പ്രവാചകനെ സമീപിച്ച് ഇക്്രിമ പറയുന്നുണ്ട്: "ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയാൻ ചെലവാക്കിയ സമ്പത്തിന്റെ ഇരട്ടി അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ ചെലവഴിക്കും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് ജനങ്ങളെ തടയാൻ നടത്തിയ പോരാട്ടത്തിന്റെ ഇരട്ടി പരീക്ഷണങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ അനുഭവിക്കാൻ ഞാൻ തയാറാണ്."
വിഷം പുരട്ടിയ വാളുമായി പ്രവാചകനെ വധിക്കാൻ ഉമൈറുബ്നു വഹബിനെ നിയോഗിച്ചയാൾ കൂടിയാണ് സ്വഫ്്വാനുബ്നു ഉമയ്യ. അദ്ദേഹം കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ഒളിച്ചോടിയതായിരുന്നു.  ഉമൈർ അദ്ദേഹത്തിന് വേണ്ടി മാപ്പപേക്ഷിച്ചു. പ്രവാചകൻ  സ്വഫ്്വാനും മാപ്പ് നൽകി. അക്കാര്യം സ്വഫ്്വാന് വിശ്വാസമാകാൻ തന്റെ തലപ്പാവ് ഉമൈർ വശം കൊടുത്തയക്കുകയും ചെയ്തു റസൂൽ. സ്വഫ് വാൻ ഇസ്ലാം സ്വീകരിക്കാതെ തന്നെ പ്രവാചകൻ അദ്ദേഹത്തിന് മാപ്പ് നൽകുകയായിരുന്നു. അദ്ദേഹവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തു. ഹുനൈൻ യുദ്ധത്തിന് ശേഷം മാത്രമാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്.
  മനുഷ്യന്റെ ജീവനും അഭിമാനവും സംരക്ഷിക്കാൻ പ്രവാചകനെപ്പോലെ ത്യാഗം സഹിച്ച, വിട്ടുവീഴ്ച ചെയ്ത മറ്റാരാണ് മനുഷ്യ ചരിത്രത്തിലുള്ളത്! യുദ്ധത്തിൽ പോലും മനുഷ്യജീവൻ പരമാവധി സംരക്ഷിക്കാനാണ് പ്രവാചകൻ അനുചരന്മാരോട് ആവശ്യപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആയുധമില്ലാത്തവരെയും പിന്തിരിഞ്ഞു പോകുന്നവരെയും പുരോഹിതന്മാരെയും ആരാധനയിൽ മുഴുകിയവരെയുമൊന്നും വധിക്കരുതെന്ന് നിഷ്കർഷിച്ചു. അതുകൊണ്ടുതന്നെ പ്രവാചകൻ പങ്കാളിയായ യുദ്ധങ്ങളിൽ ആകെ വധിക്കപ്പെട്ടത് 1018 പേർ മാത്രമാണ്. 259 മുസ്ലിംകളും 759 ശത്രുക്കളും.
   യുദ്ധത്തിൽ പരാജയപ്പെട്ടവരെ വധിക്കരുതെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. എതിരാളികളോട് ഇത്രയേറെ ഉദാരതയും വിട്ടുവീഴ്ചയും കാണിച്ച പ്രവാചകനെ അക്രമിയും പ്രതികാര ദാഹിയും വെറുപ്പിന്റെ വാഹകനുമായി ചിത്രീകരിക്കാൻ ഇസ്ലാമിന്റെ വിമർശകർ നിരന്തരം ശ്രമിക്കാറുണ്ട്. അതി ഗുരുതരമായ തെറ്റ് ചെയ്യുകയും പശ്ചാത്തപിക്കുകയോ മാപ്പ് ചോദിക്കുകയോ ചെയ്യാതെ ധിക്കാരത്തിൽ തന്നെ തുടരുകയും ചെയ്ത ഏതാനും കൊടിയ അതിക്രമികളെ ശിക്ഷിച്ചതിന്റെ പേരിൽ പ്രവാചകനെ പ്രതികാര ദാഹിയായി ചിത്രീകരിക്കാൻ സാമുദായികത ഭ്രാന്തായി മാറിയ ചിലർ ശ്രമിക്കാറുണ്ട്.
വിശ്വാസ പ്രചോദിതരായി ഇസ്ലാമിക പ്രബോധനം നിർവഹിക്കുന്നവർ എപ്പോഴും ശ്രമിക്കുക, ലോകാനുഗ്രഹിയായ പ്രവാചക ജീവിതത്തിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും ഉദാരതയുടെയും സമാനതകളില്ലാത്ത മാതൃകകൾ സമൂഹത്തിന് മുമ്പിൽ നിരന്തരം സമർപ്പിക്കാനും മറിച്ചുള്ള പ്രചാരണങ്ങളെ പ്രമാണസഹിതം പ്രതിരോധിക്കാനുമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്