പ്രഭാഷകനാവാൻ കൊതിച്ച് പള്ളിദർസിലെത്തിയ ബാല്യം
സി.എച്ച് അബ്ദുൽ ഖാദർ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി സ്വദേശിയാണ്. എസ്.ഐ.ഒ കേരളയുടെ ആദ്യ സെക്രട്ടറിയും അതിന്റെ പ്രഥമ ദേശീയ കമ്മിറ്റിയിൽ അംഗവുമായിരുന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, മേഖലാ നാസിം ഉത്തരവാദിത്വങ്ങളും നിർവഹിച്ചിട്ടുണ്ട്. പ്രഭാഷകനും ഗ്രന്ഥകാരനുമായ അദ്ദേഹം ജീവിതം പറയുന്നു. തയാറാക്കിയത് : ബഷീർ തൃപ്പനച്ചി
1951 ജനുവരി ഒന്നിന് മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിയിലാണ് എന്റെ ജനനം. പിതാവ് സി.എച്ച് മുഹമ്മദ് മൗലവി സ്കൂൾ അധ്യാപകനായിരുന്നു. ഉമ്മ സ്രാമ്പിക്കൽ ഫാത്തിമകുട്ടി. സ്കൂൾ അധ്യാപനത്തോടൊപ്പം പിതാവ് നാട്ടിലെ മദ്റസയിലെ ഉസ്താദായും സമസ്തയുടെ മദ്റസാ മുഫത്തിശായും സേവനം ചെയ്തിരുന്നു. അക്കാലത്ത് എൽ.പി സ്കൂൾ ഒന്നു മുതൽ അഞ്ചു വരെയായിരുന്നു. എൽ.പി ക്ലാസ് തൊട്ടേ എനിക്ക് പ്രസംഗത്തോട് താൽപര്യമുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച പ്രസംഗ മത്സരത്തിൽ നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പ്രഭാഷണത്തോടുള്ള ഈ താൽപര്യമാണ് പള്ളിദർസ് പഠനത്തിലേക്ക് ആകർഷിച്ചത്. ദീനീ രംഗമായിരുന്നുവല്ലോ അന്ന് പ്രഭാഷകരുടെ മുഖ്യയിടം.
അങ്ങനെ, കൂട്ടിലങ്ങാടി ജി.യു.പി.എസിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾപഠനം അവസാനിപ്പിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥി എന്ന നിലക്ക് പള്ളിദർസിലേക്കുള്ള എന്റെ കൂടുമാറ്റത്തെ അധ്യാപകരും വീട്ടുകാരും അനുകൂലിച്ചില്ല. ഉപ്പ എന്റെ ഇഷ്ടത്തിന് എതിരുനിന്നുമില്ല. പന്ത്രണ്ടാമത്തെ വയസ്സിൽ കടൂപ്പുറം പള്ളിദർസിൽ ചേർന്നു. ആറാട്ടുതൊട്ടി അബ്ദുൽ ഖാദർ മുസ്ലിയാർ ആയിരുന്നു ആദ്യ ഗുരു. പത്തുകിതാബ് ആണ് അവിടെ നിന്ന് ഓതിയത്. പിന്നീട് ഉമ്മയുടെ നാട് കൂടിയായ പട്ടർക്കടവ് പള്ളിദർസിൽ ചേർന്നു. അവിടത്തെ പഠനശേഷം ഉപ്പയുടെ സ്നേഹിതൻ കാടേരി അലവി മുസ്ലിയാർ നടത്തുന്ന കൊട്ടപ്പുറം പള്ളിദർസിൽ പഠനമാരംഭിച്ചു. നന്നായി കിതാബ് തിരിയുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കുന്ന കിതാബുകളൊക്കെ അദ്ദേഹത്തിൽ നിന്നാണ് ഓതിയത്. എന്നെ ഏറെ സ്വാധീനിച്ച, എന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ട ഗുരുനാഥനാണ് അദ്ദേഹം. സമൂഹത്തിൽ നിലനിൽക്കുന്ന പല ആചാരങ്ങൾക്കും കിതാബുകളുടെ പിൻബലമില്ലെന്ന് ക്ലാസ്സെടുക്കുമ്പോൾ അദ്ദേഹം വിമർശന രൂപത്തിലല്ലാതെ സൂചിപ്പിക്കുമായിരുന്നു.
പ്രസംഗകല വേണ്ടത്ര വഴങ്ങാത്ത പണ്ഡിതനായിരുന്നു കാടേരി അലവി മുസ്‌ലിയാർ. തന്റെ ഈ പോരായ്മ ശിഷ്യർക്കുണ്ടാവരുതെന്ന നിശ്ചയത്തിൽ അദ്ദേഹം, പള്ളിദർസിൽ ഖുത്വ്്ബ പരിശീലനത്തിന് പ്രത്യേക സാഹിത്യ സമാജവേദിയുണ്ടാക്കി. ഈ വേദിയാണ് മതപ്രഭാഷണം നടത്താനുള്ള ആത്മവിശ്വാസം എനിക്ക് നൽകിയത്. വെള്ളിയാഴ്ച ജുമുഅ ഖുത്വ്് ബക്ക് ശേഷം മുസ്ലിയാർ കുട്ടികൾ നടത്താറുള്ള 10 - 20 മിനിറ്റ് വരുന്ന ദീനീ പ്രഭാഷണങ്ങൾക്കാണ് ആദ്യം അവസരം കിട്ടിയത്.
ഒരേസമയം പ്രഭാഷണ ട്രെയ്നിംഗും ചെറിയ വരുമാന മാർഗവുമായിരുന്നു ആ ജുമുആനന്തര പ്രഭാഷണങ്ങൾ. കുറഞ്ഞ മാസങ്ങൾകൊണ്ട് ഒരു മണിക്കൂറൊക്കെ വഅ്ള് പറയാൻ കഴിയുന്ന മുസ്ലിയാർകുട്ടിയായി ഞാൻ മാറി. അതോടെ നബിദിന പ്രോഗ്രാമുകളിലും മദ്റസാ പരിപാടികളിലും വേദി ലഭിച്ചുതുടങ്ങി. പള്ളിദർസ് ജീവിതം ആറു വർഷം പിന്നിടവേ ഒരിക്കൽ ഉസ്താദ് എന്നെ വിളിച്ചു പറഞ്ഞു: "അബ്ദുൽ ഖാദറേ, നീ ആറാം ക്ലാസ് വരെ സ്കൂളിൽ പഠിച്ചതല്ലേ. ഏഴാംതരം പൂർത്തീകരിച്ചാൽ അറബി എൻട്രൻസ് പരീക്ഷയെങ്കിലും എഴുതി ഒരു ജോലിക്ക് ശ്രമിക്കാമായിരുന്നു. കേവലം ഒരു മുസ്ലിയാർ മാത്രമായി ഇക്കാലത്ത് ജീവിക്കുക പ്രയാസമാണ്. എല്ലാറ്റിനും ജനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വന്നാൽ നമ്മൾ പഠിച്ചത് പലതും തുറന്നുപറയാനും പറ്റില്ല."
ഉസ്താദിന്റെ ഈ നിർദേശവും പള്ളിദർസ് ജീവിതത്തിൽ അനുഭവപ്പെട്ടിരുന്ന മടുപ്പും, കിതാബിൽ പഠിക്കുന്നതും സമൂഹത്തിൽ കാണുന്നതും തമ്മിലുള്ള വൈരുധ്യങ്ങളുമെല്ലാം ഒത്തുചേർന്നപ്പോൾ പള്ളിദർസ് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ആറു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്കൂളിൽ ചേർന്നു. ഏഴാം ക്ലാസ് പൂർത്തീകരിച്ച ശേഷം മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെത്തി. അനുജൻ മുഹമ്മദലി അന്നവിടെ ഒമ്പതാം ക്ലാസിൽ പഠിക്കുന്നുണ്ടായിരുന്നു. ഹൈസ്കൂൾ പഠനത്തോടൊപ്പം ഒതുക്കുങ്ങൽ കെ.എം അബ്ദുല്ല മൗലവിയുടെ നേതൃത്വത്തിൽ നടത്തുന്ന അഫ്ദലുൽ ഉലമാ അറബിക് എൻട്രൻസ് കോച്ചിംഗിനും ചേർന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അഫ്ദലുൽ ഉലമാ എൻട്രൻസ് പരീക്ഷ പാസായി. ഇതാണ് പിന്നീട് ദീർഘകാലം അധ്യാപകനാകാനുള്ള അവസരമൊരുക്കിയത്.
ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക്
ഹൈസ്കൂളിൽ അന്ന് സജീവ വിദ്യാർഥി രാഷ്ട്രീയമുള്ള കാലമാണ്. എം.എസ്.എഫിന്റെ പ്രവർത്തകനായി സ്കൂളിൽ മുൻനിരയിലുണ്ടായിരുന്നു. നാട്ടിൽ യൂത്ത് ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന സന്ദർഭത്തിൽ അരീക്കോട് നടന്ന എം.എസ്.എഫ് ഏറനാട് താലൂക്ക് സമ്മേളനത്തിൽ 'വിദ്യാർഥികളും സജീവ രാഷ്ട്രീയവും' എന്ന തലക്കെട്ടിൽ പ്രബന്ധ മത്സരം ഉണ്ടായിരുന്നു. അന്നതിൽ ഒന്നാം സ്ഥാനം ലഭിച്ച എനിക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകിയത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബ്.
മുസ്ലിം ലീഗിലും സമസ്തയിലും സജീവമായി മുന്നോട്ടുപോകുമ്പോൾ തന്നെ അയൽവാസികളും ബന്ധുക്കളുമായ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുമായി ചർച്ചകളും സംസാരങ്ങളും നടക്കുക പതിവായിരുന്നു. കൂട്ടിലങ്ങാടിയിലെ പഴയ ജമാഅത്ത് പ്രവർത്തകനായിരുന്ന എൻ.പി അഹമ്മദ് സാഹിബ്, എന്റെ മച്ചുനനും ഹോമിയോ ഡോക്ടറുമായ ടി.പി മുഹമ്മദ്, സി.എച്ച് മുഹമ്മദ് സാഹിബ് എന്നിവരായിരുന്നു ഞാനുമായി സംസാരിക്കാറുണ്ടായിരുന്നത്. ചില പുസ്തകങ്ങൾ അവർ എനിക്ക് വായിക്കാൻ നൽകി. ജമാഅത്തുമായി ബന്ധപ്പെടുന്നതിലോ ഇത്തരം പുസ്തകങ്ങൾ വായിക്കുന്നതിലോ ഉപ്പാക്ക് വലിയ എതിർപ്പുണ്ടായിരുന്നില്ല. അധ്യാപകൻ കൂടിയായതിനാൽ വായന പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ സി.എച്ച് മുഹമ്മദ് സാഹിബിന്റെ ക്ഷണ പ്രകാരം ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിവാര യോഗത്തിൽ പങ്കെടുത്തു. യോഗത്തിലുണ്ടായിരുന്നവർ എന്നെ ആവേശത്തോടെ സ്വീകരിച്ചു. സി.എച്ച് മുഹമ്മദ് സാഹിബും ഞാനും തമ്മിലുള്ള വ്യക്തിബന്ധം അതോടെ വർധിച്ചു. മിക്ക ദിവസവും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഹോട്ടലിൽ കൊണ്ടുപോയി ചായയും ഭക്ഷണവും ഒരുമിച്ച് കഴിച്ചശേഷമേ ദിവസവും അദ്ദേഹം എന്നെ തിരിച്ചയക്കാറുണ്ടായിരുന്നുള്ളൂ.
ജമാഅത്ത് ഹൽഖയിൽ പതിയെ ഞാൻ പതിവായി പങ്കെടുത്തു തുടങ്ങി. ഇത് ഉപ്പയുടെ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപെട്ടു. മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് നോക്കിയാൽ ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ കൂട്ടിലങ്ങാടി ഓഫീസ് കാണാം. ഞാൻ മുസ്ലിം യൂത്ത് ലീഗിന്റെയും ജമാഅത്തിന്റെയും മീറ്റിംഗിൽ ഒരേപോലെ പങ്കെടുത്തുവരികയായിരുന്നു. യൂത്ത് ലീഗ് മീറ്റിംഗിനെക്കാൾ പ്രാധാന്യം ജമാഅത്ത് യോഗത്തിന് നൽകിത്തുടങ്ങിയതോടെ പരാതിയുമായി ചിലർ ഉപ്പയുടെ മുന്നിലെത്തി. 'അവർക്കൊപ്പം നടന്നാൽ എന്റെ കുട്ടി നേരത്തിന് നിസ്കരിച്ചോളും' എന്ന് പിതാവ് അവർക്ക് മറുപടി കൊടുത്തു. ഞാൻ പൂർണ ജമാഅത്തുകാരനുമായി. എന്നോടൊപ്പം ഉപ്പയുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും മനസ്സ് ജമാഅത്തിലേക്ക് ചായുവാനും തുടങ്ങി.
1969-ൽ കൂട്ടിലങ്ങാടി ഹൽഖക്ക് കീഴിൽ മുസ്ലിം യുവജന സംഘം എന്നൊരു കൂട്ടായ്മ രൂപവത്കരിച്ചു. അതിന് കീഴിൽ വ്യത്യസ്ത പരിപാടികൾ നാട്ടിലുടനീളം നടന്നു. പ്രഭാഷണങ്ങളും കുടുംബ സദസ്സുകളും നാടകവും മറ്റു കലാപരിപാടികളും ആ വേദിക്ക് കീഴിൽ അരങ്ങേറി. അതിന്റെയെല്ലാം മുൻനിരയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞു. ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇതെല്ലാം. നാടകങ്ങൾ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും സജീവമായതോടെ പ്രഭാഷകൻ എന്നതിനൊപ്പം കലാകാരൻ എന്ന മേൽവിലാസവും ചാർത്തിക്കിട്ടി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഐഡിയൽ സ്റ്റുഡന്റ്സ് ലീഗ് (ഐ.എസ്.എൽ) എന്ന ഇസ്ലാമിക വിദ്യാർഥി സംഘടന രൂപവത്കരിക്കപ്പെട്ട വിവരം അറിയിച്ചുകൊണ്ട് എനിക്കൊരു കത്ത് അതിന്റെ നേതൃത്വം അയക്കുന്നത്. ഐ.എസ്.എല്ലിൽ മെമ്പർഷിപ്പെടുക്കാനും ഞാൻ പഠിക്കുന്ന മലപ്പുറം ഗവ. ഹൈസ്കൂളിൽ ഐ.എസ്.എല്ലിന്റെ യൂനിറ്റിടാനുമാണ് ആ കത്തിൽ എന്നോട് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക വിദ്യാർഥി കൂട്ടായ്മയായിരുന്നു ഐഡിയൽ സ്റ്റുഡന്റ്സ് ലീഗ് . അതിന്റെ തുടക്കവർഷത്തിലേ, എന്റെ സ്കൂൾകാലം തൊട്ട് അതിൽ മെമ്പറാവാനും സംഘടനയുടെ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെടാനും എനിക്ക് അവസരം ലഭിച്ചു. l
(തുടരും)
Comments