Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

ഹൽദ്വാനി വംശീയ കുറ്റകൃത്യങ്ങൾ നിയമത്തിന്റെ പിൻബലത്തിൽ

ശംസീർ ഇബ്റാഹീം

ഇന്ത്യയിലെ ഹിന്ദുത്വ വംശീയ ഫാഷിസം അധികാരത്തിലൂടെയും എക്സിക്യൂട്ടീവ്  - ജുഡീഷ്യൽ സ്വാധീനത്തിലൂടെയും മുസ്ലിം സമൂഹത്തിനെതിരിൽ  വ്യാപകമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധമായി മാറിയിരിക്കുന്നു ബുൾഡോസിംഗ്. കഴിഞ്ഞ വർഷത്തെ രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് നിരവധി സംസ്ഥാനങ്ങളിൽ ഒരേ പാറ്റേണിൽ മുസ്ലിംവിരുദ്ധ ആക്രമണങ്ങൾ നടക്കുകയുണ്ടായി. പോലീസും ഭരണകൂടവും ചേർന്ന് പലയിടത്തും മുസ്ലിംകളെ പ്രതി ചേർക്കുകയും മുസ്ലിം വീടുകളും കടകളും ബുൾഡോസ് ചെയ്തു തകർക്കുകയും ചെയ്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർ ബാബയായി മഹത്വവത്കരിക്കുന്നത് ഇന്നത്തെ യു.പിയിലെ പതിവ് രാഷ്ട്രീയ കാഴ്ചയാണ്. അസമിൽ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി എന്ന പ്രദേശം വാർത്തകളിൽ ഇടം പിടിക്കുന്നത്, അവിടത്തെ റെയിൽവേ സ്റ്റേഷനോട് ചേർന്നുകിടക്കുന്ന 29 ഏക്കർ ഭൂമിയിലേക്ക് ബുൾഡോസറുകളെത്താൻ പോകുന്നു എന്ന ഭീതിദമായ വാർത്ത പുറത്തുവന്നതോടെയാണ്.
നാലായിരം കുടുംബങ്ങളിലെ അമ്പതിനായിരത്തോളം മനുഷ്യരെ വഴിയാധാരമാക്കാനുള്ള തീരുമാനത്തിന് മേലൊപ്പ് ചാർത്തുന്നതാകട്ടെ സംസ്ഥാനത്തെ ഉന്നത നീതിപീഠവും. എത്ര ബലം പ്രയോഗിച്ചിട്ടാണെങ്കിലും കുടിയൊഴിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബർ 20-ന് 176 പേജുള്ള വിധിയിലൂടെ  ഉത്തരാഖണ്ഡ് ഹൈക്കോടതി പറയുമ്പോഴാണ് ലോകം ഹൽദ്വാനിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഈ അമ്പതിനായിരത്തിൽ മഹാഭൂരിപക്ഷവും മുസ്ലിംകളാണ് എന്നതും സവിശേഷ രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുന്നുണ്ട്. 2007 മുതൽ തുടർന്നുവരുന്ന പല രീതിയിലുള്ള നിയമ നടപടികളുടെ അവസാനഘട്ടത്തിലാണ് ഹൽദ്വാനിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി  5-ന് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു. വരുന്ന ഫെബ്രുവരി 7-ന് കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കുകയാണ്.
കേസ് സുപ്രീം കോടതി പരിഗണനക്കെടുക്കുന്ന ജനുവരി അഞ്ചിനായിരുന്നു ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയും ജാമിഅ മില്ലിയയിലെ ഗവേഷകനുമായ ലുബൈബ് ബഷീർ, സുഹൃത്ത് ഷർജീൽ ഉസ്മാനി, മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കൾ മീർ ഫൈസൽ, മെഹർബാൻ, സഫർ ആഫാഖ് തുടങ്ങിയവരോടൊപ്പം ഹൽദ്വാനിയിൽ പോയത്. ഹൽദ്വാനി റെയിൽവേ സ്റ്റേഷനടുത്തു താമസിക്കുന്ന അലീഗഢ് പൂർവ വിദ്യാർഥി അഹ്ബറിന്റെ വീട്ടിലാണ് ഞങ്ങൾ ആദ്യമെത്തിയത്. ഉത്തരാഖണ്ഡ് ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ട നാലായിരത്തിൽപരം കെട്ടിടങ്ങളിൽ ഒന്നാണ് ആ വീട്. മുമ്പ് സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി അലഹബാദിൽ പോയപ്പോൾ അവിടെ ആതിഥ്യമരുളിയ ജാവേദ് മുഹമ്മദ്‌ സാഹിബിന്റെയും അഫ്രീൻ ഫാത്തിമയുടെയും വീടിന്റെ സ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങളുടെ പടുകൂമ്പാരമാണല്ലോ ഇന്നുള്ളത് എന്ന ആലോചന അറിയാതെ മനസ്സിൽ വന്നു. അഹ്ബറിന്റെ പിതാവിന്റെ സംസാരത്തിൽ വരാനിരിക്കുന്ന സുപ്രീം കോടതി വിധിയെ കുറിച്ച ആശങ്കകൾ നിറഞ്ഞുനിന്നു. സംസാരത്തിനിടയിൽ മൂന്നോ നാലോ തവണ അദ്ദേഹം ഹിയറിങ്ങ് തുടങ്ങിയോ എന്ന് ഞങ്ങളിൽ പലരോടായി ചോദിക്കുന്നുണ്ടായിരുന്നു.
സമരം നടക്കുന്ന സ്ഥലത്ത് വലിയ ജനക്കൂട്ടമുണ്ട്. വഴി പോലീസ് ബാരിക്കേഡ് വെച്ച് ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും മറ്റൊരു വഴിയിലൂടെ അവർ അവിടെ എത്തിച്ചേർന്നതാണ്. സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നെന്ന് കേട്ടപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് ഹൽദ്വാനി വാസികൾ അതിനെ വരവേറ്റത്. ബറേൽവി മതപണ്ഡിതന്മാരുടെയും പള്ളി ഇമാമുമാരുടെയും നേതൃത്വത്തിൽ റോഡുകളിൽ സമര വേദികൾ കെട്ടിയുണ്ടാക്കിയിരുന്നു. ജനങ്ങൾ  ദിക്റുകൾ ചൊല്ലിയും പ്രാർഥിച്ചും തെരുവുകളിൽ നിലയുറപ്പിച്ചത് സമര നാളുകളിൽ ഹൽദ്വാനിയിലെ സ്ഥിരം കാഴ്ചയായിരുന്നു. തലമുറകളായി ജീവിച്ചുവരുന്ന, വർഷങ്ങളായി എല്ലാ തരം നികുതികളും അടച്ചുപോരുന്ന, തങ്ങൾ ജനിച്ചുവളർന്ന ഈ നാട്ടിൽനിന്ന് എങ്ങോട്ട് പോകുമെന്ന ഭീതി അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. തങ്ങൾക്കു വേണ്ടി സംസാരിക്കാനും ഐക്യദാർഢ്യപ്പെടാനും എത്തിയവരെ  ഹൽദ്വാനി നിവാസികൾ തങ്ങളുടെ വീടുകളിലും പള്ളികളിലും പാർപ്പിച്ചു, അവരെ അങ്ങേയറ്റത്തെ ആതിഥ്യ പരിലാളനകളോടെ സ്വീകരിച്ചു. ഭരണകൂടവും നീതിന്യായ സംവിധാനവും തങ്ങളെ കൈയൊഴിയുകയാണെന്ന  ആശങ്ക അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും പ്രകടമായിരുന്നു.
വീട്, കച്ചവട സ്ഥാപനങ്ങൾ, വലിയ പള്ളികൾ എന്നു വേണ്ട പതിനായിരക്കണക്കിന് ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരിടത്ത് ഉണ്ടാവേണ്ട എല്ലാ നിർമിതികളും സംവിധാനങ്ങളും അവിടെയുണ്ട്. സ്റ്റേ ചെയ്തുകൊണ്ടുള്ള വാർത്ത മൈക്കിൽ വിളിച്ചു പറഞ്ഞപ്പോൾ ചെറുപ്പക്കാരെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ സമരവേദിക്ക് മുന്നിൽ കൂടിയിരിക്കുന്നവരിൽ പലരും കരഞ്ഞു. ളുഹ്ർ നമസ്കാര സമയം അടുത്തതിനാൽ കുറെ പേർ ആശ്വാസത്തിന്റെ പുഞ്ചിരിയുമായി പള്ളികളിലേക്ക് പോയി. ചെറുപ്പക്കാർ ഞൊടിയിടയിൽ 'താങ്ക് യൂ സുപ്രീം കോർട്ട്' എന്നെഴുതിയ പോസ്റ്ററുകളുമായി മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നു. സമരവേദിക്ക് നേതൃത്വം കൊടുത്തിരുന്ന മുസ്ലിം മതപണ്ഡിതന്മാർ, സമരം അവസാനിച്ചെന്ന് ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും അവകാശങ്ങൾ പൂർണമായും അനുവദിച്ചുകിട്ടുംവരെ സമരം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും ആവർത്തിച്ചുണർത്തുന്നുണ്ടായിരുന്നു.
ലുബൈബിന്റെ വേഷവും കൈയിലെ കനം തൂങ്ങിയ ബാഗും കണ്ടതിനാലാകാം മൂന്നാം ക്ലാസുകാരൻ ഫൈസ് അടുത്തേക്ക് വന്നു. അവന് അറിയേണ്ടത് ഞങ്ങൾ റിപ്പോർട്ടർമാരാണോ എന്നാണ്.  അവനോട് ഇവിടെ എന്താണ് പ്രശ്നമെന്നു ചോദിച്ചപ്പോൾ വീടിന്റെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനം പറയുമെന്നായിരുന്നു മറുപടി. കോടതി സ്റ്റേ അവൻ അറിഞ്ഞ മട്ടില്ല. വീടൊന്നും പൊളിക്കില്ല, കോടതി നിർത്തിവെക്കാൻ ഇപ്പോൾ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ ആ ചെറിയ കണ്ണുകൾ തിളങ്ങി. പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞിറങ്ങുമ്പോൾ വൃദ്ധനായ നൂർ മുഹമ്മദ്‌, ലുബൈബിനെ മുറുക്കി കെട്ടിപ്പിടിച്ചു കരയുന്നു. ധരിച്ച ജാക്കറ്റിനെ നനച്ചുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് കണ്ണുനീരൊഴുകുന്നു. പള്ളിയിൽനിന്നിറങ്ങുമ്പോൾ ഞങ്ങൾ രണ്ടു പേരുടെയും തലയിൽ കൈ വെച്ച് അദ്ദേഹം പ്രാർഥിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങുന്ന വഴിയിൽ ബൈക്കിൽ രണ്ടു പേർ- മുന്നിലുള്ള ആളുടെ കൈയിൽ മൈക്കും പിറകിൽ സ്പീക്കറും. ഓരോ സ്ഥലത്ത് ഇടവിട്ട് നിർത്തി അവർ ആളുകളോട് നിസ്കരിക്കാൻ ഉപദേശിക്കുന്നു; പടച്ചവനോട് കൂടുതൽ അടുക്കാനും.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരിൽ റെയിൽവേ ലൈനിനോട്  ചേർന്നുനിൽക്കുന്ന വിശാലമായ ചേരിപ്രദേശത്ത് താമസിക്കുന്നവരുമുണ്ട്. തകര ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ പാർപ്പിടങ്ങളാണ് മിക്കതും. ചേരിപ്രദേശം കഴിഞ്ഞാൽ മധ്യവർഗ കുടുംബങ്ങൾ താമസിക്കുന്ന വിശാലമായ ഭാഗം. പള്ളികൾ, സ്‌കൂളുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹെൽത്ത് സെന്ററുകൾ എല്ലാം ഇവിടെയുണ്ട്. അതു കഴിഞ്ഞുള്ള കുറച്ചു ഭാഗം ഉപരിവർഗ കുടുംബങ്ങൾ താമസിക്കുന്ന അൽപം മെച്ചപ്പെട്ട ഫ്‌ളാറ്റുകളും വീടുകളും. കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ് ഇവരെല്ലാവരും.
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേ അവിടെ താമസിച്ചുവരുന്നവരുടെ തലമുറകൾ ഇന്നും അവിടെയുണ്ട്. എൺപതുകാരൻ മുഹമ്മദ് അസ്ലമിന് തന്റെ വീടിന്റെ എതിർവശത്തുള്ള ബൻഭൂൽപുര ഗവണ്മെന്റ് സ്‌കൂളിൽ പഠിച്ച ചരിത്രം പറയാനുണ്ട്. 1971 മുതൽ അവിടെ താമസിച്ചുവരുന്ന എഴുപതുകാരൻ ശിവ് ചരൺ സാഹു തന്റെ വൈദ്യുതി - വെള്ളം ബില്ലുകളും കെട്ടിട നികുതി അടച്ചതിന്റെ റസീപ്റ്റുകളും ഉയർത്തി ചോദിക്കുന്നു: 'ഇത്ര നാളും ഈ ഭൂമിയിൽ താമസിച്ചവർ എങ്ങനെയാണ് പൊടുന്നനെ അനധികൃത കുടിയേറ്റക്കാരാകുന്നത്?' 80 വയസ്സ് പ്രായമുള്ള ഗൗസ് റാസ  ഖാന്റെ കൈയിൽ, 1937-ൽ അന്നത്തെ ബ്രിട്ടീഷ് അധികൃതർ തന്റെ പിതാമഹന് വീട് നിർമിക്കാൻ വേണ്ടി പാട്ടക്കരാർ പ്രകാരം കൊടുത്ത 'നസൂൽ ഭൂമി'(അനന്തരാവകാശികളില്ലാതെയോ മറ്റോ അവകാശികളില്ലാതെ വരുമ്പോൾ സർക്കാർ ഏറ്റെടുത്തിരുന്ന ഭൂമി. ഇത് പിന്നീട് സർക്കാർ പാട്ടത്തിനു കൊടുത്തിരുന്നു)യുടെ രേഖകൾ ഇപ്പോഴുമുണ്ട്. 1954-ലെ നഷ്ടപരിഹാര - പുനരധിവാസ നിയമപ്രകാരം ലഭിച്ച ഭൂമിയുടെ രേഖകളാണ് അറുപതുകാരൻ വാരിസ് ഷായ്ക്ക് കാണിക്കാനുള്ളത്. റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്ന ഹുസ്ൻ ബാനുവിന്റെ വീട് നിർമിച്ചതാകട്ടെ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2015-ൽ മുനിസിപ്പൽ കൗൺസിൽ വഴി അവരുടെ ബാങ്കിലേക്ക് കൈമാറിക്കിട്ടിയ 77,500 രൂപ ഉപയോഗിച്ചാണ്.
നിയമപരമായും മാനുഷിക പരിഗണനകൾ  വെച്ചും കണക്കിലെടുക്കേണ്ട യാതൊന്നും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞത് എന്ന വിമർശനം വ്യാപകമായി കേൾക്കാൻ കഴിഞ്ഞു. പ്രദേശവാസികൾക്ക് ഭൂമിയുടെ മേൽ നിയമപരമായ ഉടമസ്ഥാവകാശം ഇല്ലെന്ന ഹൈക്കോടതി വിധി വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ കുടിയൊഴിപ്പിക്കലിന് മുമ്പായി ജനങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങൾ കോടതി മുഖവിലക്കെടുക്കേണ്ടേ എന്ന ചോദ്യം മുന്നിലുണ്ട്. 1985-ലെ ഓൽഗ ടെല്ലിസ്‌ vs ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ സുപ്രീം കോടതി വിധിയിൽ, കുടിയൊഴിപ്പിക്കുന്ന സന്ദർഭങ്ങളിൽ നിയമപരമായ രേഖകൾ ഇല്ലെങ്കിൽ പോലും ജനങ്ങളുടെ, ജീവിക്കാനും ജീവനോപാധിക്കും പാർപ്പിടത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിധിയെഴുതിയിട്ടുണ്ട്. കുടിയൊഴിപ്പിക്കുന്നതിനു മുമ്പായി, പ്രദേശവാസികളിൽ ആർക്കൊക്കെ നിലവിലുള്ള സംസ്ഥാന - കേന്ദ്ര സർക്കാർ നയങ്ങൾക്കനുസൃതമായി പുനരധിവസിപ്പിക്കപ്പെടാൻ അർഹതയുണ്ട് എന്ന കണക്കെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി - ഹൈക്കോടതി വിധികളും നിലവിലുണ്ട്. സർക്കാർ സംവിധാനങ്ങൾ ഈ ബാധ്യത നിർവഹിക്കാത്ത പക്ഷം അത് പൗരന്മാരുടെ ഭരണഘടനാദത്തമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായും വിധികൾ നിരീക്ഷിക്കുന്നു. പുനരധിവാസത്തിനായി എന്ത് സർക്കാർ നയമാണുള്ളത്, ആരൊക്കെയാണ് അതിനർഹർ എന്നിങ്ങനെയുള്ള സുപ്രധാനമായ രണ്ടു കാര്യങ്ങളും ഉത്തരാഖണ്ഡ് ഹൈക്കോടതി പരിഗണിച്ചിട്ടില്ല.
മറ്റൊന്ന്, കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവകാശമാണ്. കേസിൽ കക്ഷിചേർന്ന് കോടതിയിൽ വാദങ്ങൾ സമർപ്പിക്കുക എന്നതിനുമപ്പുറത്ത്,  പൗരന്മാർക്ക് തങ്ങളുടെ ന്യായവാദങ്ങൾ  ബോധിപ്പിക്കാനുള്ള അവകാശമാണത്.  നിയമപരമായ രേഖകൾ കൈവശമില്ലെങ്കിൽ പോലും തങ്ങളുടെ അവകാശവാദങ്ങൾ സമർപ്പിക്കാനുള്ള അവസരങ്ങളുണ്ടാകണം. കോടതികളിൽ വിഷയം എത്തുന്നതിനു മുമ്പായി ഇത് നടക്കേണ്ടത്  സർക്കാർ സംവിധാനങ്ങൾ വഴിയാണ്. സർക്കാർ സംവിധാനങ്ങളിലൂടെയുള്ള പുനരധിവാസ പാക്കേജുകളും പരിഹാരങ്ങളും തീരുമാനങ്ങളും നീതിപൂർവകമല്ലെന്ന് വന്നാൽ ജനങ്ങൾക്ക് കോടതികളെ സമീപിക്കാം. ഇത്തരത്തിൽ ഉണ്ടാകേണ്ട എല്ലാ സ്വാഭാവിക നിയമ നടപടിക്രമങ്ങളും ഹൽദ്വാനിയിൽ അട്ടിമറിക്കപ്പെട്ടു.
നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നത് നാം കേട്ടു ശീലിച്ച  വർത്തമാനമാണ്. എന്നാൽ, വർത്തമാന കാല ഇന്ത്യയിൽ വംശീയ കുറ്റകൃത്യങ്ങളും അനീതികളും അരങ്ങേറുന്നത് ഇപ്പറഞ്ഞ നിയമ നടപടിക്രമങ്ങളിലൂടെയാണെന്ന, തീർത്തും വിചിത്രമായ അനുഭവ പരിസരങ്ങളിലൂടെയാണ് മുസ്ലിം സമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സി. എ.എ, മുത്ത്വലാഖ്, ബാബരി, ഹിജാബ് നിരോധനം തൊട്ട്, ഇപ്പോൾ ഹൽദ്വാനി വരെ നിയമഭാഷയിലാണ് അനീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വർത്തമാന കാല ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷത, നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നതിൽ ജനാധിപത്യത്തിന്റെ ഈ സുപ്രധാന തൂൺ എത്രത്തോളം വിജയിക്കുന്നുണ്ട് തുടങ്ങിയ ചർച്ചകൾ വ്യാപകമായി നടക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ തൂണുകൾ പരസ്പരം തിരുത്തി ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന് പകരം ലെജിസ്ളേച്ചറിന്റെ താൽപര്യങ്ങളെ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും മാധ്യമങ്ങളും ഒരേപോലെ പിന്താങ്ങുന്നത് വലിയ ദുരന്തങ്ങളാണ് വരുത്തിവെക്കുക. രാഷ്ട്രസംവിധാനങ്ങളിൽ പൗരന്മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് പ്രഥമമായും പ്രധാനമായും അതതു സംവിധാനങ്ങളുടെ തന്നെ ബാധ്യതയാണ്. നിർഭാഗ്യവശാൽ ഹൽദ്വാനിയിലെ അമ്പതിനായിരത്തോളം വരുന്ന ജനസഞ്ചയത്തെ നിയമത്തിനപ്പുറത്തുള്ള മാനുഷിക കോണിലൂടെ നോക്കിക്കാണുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടു എന്നു പറയാതെ നിർവാഹമില്ല. നിയമം നിയമത്തിന്റെ വഴിക്കല്ല, മറിച്ച് നീതിയുടെയും മനുഷ്യാവകാശത്തിന്റെയും വഴിക്കാണ് പോകേണ്ടത് എന്ന തിരുത്തും തിരിച്ചറിവും കൂടി നൽകുന്നുണ്ട് ഹൽദ്വാനി. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്