കെവിൻ ലീ ഇസ്്ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് മറ്റൊരു പ്രതിഭ കൂടി
ഇടിക്കൂട്ടിൽ അയാൾ എതിരാളികളെ ഇടിച്ചു വീഴ്ത്തുമ്പോൾ ഗാലറിയിൽ നിന്ന് ആരവങ്ങൾ ഉയരും. ആരവങ്ങൾക്കിടയിലും അയാളുടെ മനസ്സ് ഏകാന്തമായിരുന്നു. ആൾക്കൂട്ടത്തിനിടയിലും അയാൾ തനിച്ചായിരുന്നു. പ്രശസ്തിയുടെ ആകാശത്ത് നക്ഷത്രമായി വിഹരിക്കുമ്പോഴും മറ്റൊരു വെളിച്ചം തേടി അയാളുടെ മനസ്സ് അലഞ്ഞിരിക്കണം. ഒടുവിൽ ആ വെളിച്ചം അയാൾ കണ്ടെത്തി. ഇസ്ലാം എന്ന വെളിച്ചം. ആ വെളിച്ചത്തിൽ കുളിച്ച് നിൽക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ആ മനസ്സ് നിറയെ. അതുകൊണ്ടാണ് ഇസ്ലാം സ്വീകരണം പരസ്യമാക്കിയ ശേഷം അദ്ദേഹം പറഞ്ഞത്: "അല്ലാഹുവിന് എപ്പോഴും ഒരു പ്ലാനുണ്ട്. ഞാൻ ഇപ്പോൾ അങ്ങേയറ്റം സംതൃപ്തനും സന്തുഷ്ടനുമാണ്. കാരണം, ശരിയായ പാതയിൽ ഞാൻ എത്തിപ്പെട്ടിരിക്കുന്നു".
ആൾക്കൂട്ടത്തിന് നടുവിലും ഏതോ ഏകാന്തത അദ്ദേഹം അനുഭവിച്ചിരിക്കണം. ഏകാന്തതയിൽ നിന്ന് വിശാലമായ സാഹോദര്യത്തിന്റെ ലോകത്തേക്കാണ് ഇസ്ലാം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത്. "മുസ്ലിം എന്ന നിലയിൽ ഇപ്പോൾ ജീവിതത്തിൽ എന്റെ സ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ എപ്പോഴും ഏകാന്തനായിയുന്നു. ഇസ്‌ലാം എന്നെ സാഹോദര്യത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി."
പറഞ്ഞുവരുന്നത് കെവിൻ ലീയെ കുറിച്ചാണ്; കായിക ലോകത്ത് ധാരാളം ആരാധകരുള്ള കെവിൻ ലീ. അമേരിക്കൻ പ്രഫഷനൽ മിക്സഡ് മാർഷൽ ആർട്സ് താരം. ആയോധന കലകൾ പല തരമുണ്ട്. അവയിൽ ആവേശകരമായ ഇനങ്ങളിലൊന്നാണ് മിക്സഡ് മാർഷൽ ആർട്സ് (എം.എംഎ). ബോക്സിംഗ്, റെസ്ലിംഗ്, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകളുടെ ഒരു സംയോജിത രൂപമാണ് മിക്സഡ് മാർഷൽ ആർട്സ്. ഒരു സങ്കരയിനം ആയോധന കല.
ഇടിക്കൂട്ടിൽ കെവിൻ കയറുന്ന ദിവസം ആ പോരാട്ടം കാണാൻ കളിയാസ്വാദകർ ഒഴുകിയെത്തും. അവരെ ഹരംകൊള്ളിക്കുന്ന പോരാട്ടം നടത്തുന്ന ഫൈറ്ററാണ് ലീ. കായിക ലോകത്ത് നിന്ന് ഇസ്ലാമിലേക്കുള്ള സഞ്ചാരം പുതിയ കാര്യമല്ല. കായിക ലോകത്തെ ഇളക്കിമറിച്ച പല താരങ്ങളും ഇസ്ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് കയറിവന്നിട്ടുണ്ട്. മുഹമ്മദ് അലി അടക്കമുള്ളവർ ഉൾക്കൊള്ളുന്ന ആ പട്ടിക ചെറുതല്ല. ആ പട്ടികയിലെ പുതിയ പേരാണ് കെവിൻ ലീ. 2021-ൽ തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും 2023 ജനുവരി പത്തിനാണ് അക്കാര്യം അദ്ദേഹം പുറംലോകത്തെ അറിയിച്ചത്. സ്പോർട്സ് ചാനലായ ഇ.എസ്.പി.എന്നിന് (ESPN) നൽകിയ അഭിമുഖത്തിൽ ഇസ്ലാം സ്വീകരണത്തിന് ശേഷമുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
കെവിൻ ലീ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ ഹൃദയസ്പർശിയാണ്. അതിലൊന്ന് ഇങ്ങനെയാണ്: "ഞാൻ മുസ്ലിമായ കാര്യം പുറംലോകം അറിഞ്ഞത് മുതൽ നിരവധി ആളുകൾ പിന്തുണയുമായി എത്തി. എന്നെ തേടി വന്ന എല്ലാ മെസ്സേജുകളിലും കാളുകളിലും എനിക്ക് അനുഭവപ്പെടുന്നത് സ്നേഹത്തിന്റെ സ്പർശമാണ്."
മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറയുന്നു: "ഒരു കാര്യം വ്യക്തമാക്കാനുണ്ട്. കാരണം, ഞാൻ ചില ചോദ്യങ്ങൾ കാണുന്നു. 2021 ഒക്ടോബറിൽ ഞാൻ ഇസ്ലാം സ്വീകരിച്ചു. എന്നാൽ, ഇപ്പോഴാണ് ഞാനത് പരസ്യമാക്കിയത്. എത്രയും വേഗം ഞാൻ ഒരു പോഡ്കാസ്റ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്നു. അനുഭവങ്ങൾ കൂടുതൽ ആഴത്തിൽ എനിക്ക് പങ്കുവെക്കാനുണ്ട്."
തന്റെ പുതിയ ബിസിനസ് മാനേജറായ അലി അബ്ദുൽ അസീസിനെ കുറിച്ച് കെവിന്റെ വാക്കുകൾ അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്: "അലി എനിക്ക് വർഷങ്ങളായി പരിചയമുള്ള വ്യക്തിയാണ്. ഞങ്ങൾ ഒരുമിച്ച് പരിശീലിച്ചിട്ടുണ്ട്. ഞങ്ങൾ പരസ്പരം ആഴത്തിൽ ബഹുമാനിച്ചിരുന്നു."
30 വയസ്സുകാരനായ കെവിൻ ലീ അമേരിക്കയിലാണ് ജനിച്ചത്. കൗമാര കാലത്ത് ബാസ്കറ്റ് ബോളിലായിരുന്നു കമ്പം. പിന്നീട് റെസ്ലിംഗിലേക്ക് ചുവടുമാറി. ശേഷം മിക്സഡ് മാർഷൽ ആർട്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പുതിയ അങ്കത്തട്ടിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും കായിക ലോകത്ത് ശ്രദ്ധേയനാവുകയും ചെയ്തു. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിലെ (U.F.C) ഫൈറ്ററായി മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുത്തു. 2021 നവംബറിൽ യു.എഫ്.സിയിൽ നിന്ന് കെവിൻ ലീ പടിയിറങ്ങി. അതേവർഷം ഡിസംബറിൽ ഈഗിൾ ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിലെ (E.F.C) ഫൈറ്ററായി കരാറിൽ ഒപ്പിട്ടു. മുൻ യു.എഫ്.സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ ഖബീബ് നർമഗോമെഡോവ് 2020-ൽ സ്ഥാപിച്ച റഷ്യൻ മിക്സഡ് മാർഷൽ ആർട്സ് പ്രൊമോഷൻ കമ്പനിയാണ് ഇ.എഫ്.സി. എക്കാലത്തേയും മികച്ച മിക്സഡ് മാർഷൽ ആർട്ടിസ്റ്റാണ് ഖബീബ്. l
Comments