ഇടക്കണ്ണികള്‍ തെരയുന്ന പരിണാമ വാദം
പല ജാതിയില്‍ പെട്ട ആള്‍ക്കുരങ്ങന്മാരുടെ തലയോട്ടികളും പ്രാകൃതകാലത്ത് മണ്‍മറഞ്ഞുപോയ ചില മനുഷ്യരുടെ തലയോട്ടികളും ചേര്‍ത്തുവെച്ച് ഒരു സാങ്കല്‍പിക പരിണാമ ചക്രം വരക്കുകയാണ് പരിണാമവാദികള്‍ ചെയ്യുന്നത്. വ്യതിയാനം, പാരമ്പര്യം, നിലനില്‍പിനുള്ള പോരാട്ടം- ഈ മൂന്ന് തത്ത്വങ്ങളുടെ പരസ്പര പ്രവര്‍ത്തനം മൂലം പരിണാമം നടക്കുന്നുവെന്ന നിഗമനമാണ് 'ഡാര്‍വിനിസം.' ഇതൊരു സൈദ്ധാന്തിക (ശാസ്ത്ര) വിജ്ഞാനമല്ല. കേവലം നിരീക്ഷണമാണ്; പരീക്ഷണ സാധ്യതയില്ല.
ഇടക്കണ്ണികള്‍ ലഭിച്ചാലേ ഈ വാദത്തിന് നിലനിലനിൽപ്പുള്ളൂ. ഡാര്‍വിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷീസ്' പ്രസിദ്ധീകരിച്ചിട്ട് ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തിന്റെ പല ഭാഗങ്ങളില്‍ പാറ ഖനനം നടത്തിയിട്ടും ഇന്നേവരെ ഇടജാതികളെ (നരനെയും നരവാനരനെയും ബന്ധിപ്പിക്കുന്നവ) കണ്ടെത്താനായിട്ടില്ല.
പരിണാമ ജീവശാസ്ത്രത്തില്‍ ഒരു ജീവജാതി ഫോസില്‍ രേഖയില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ജനസംഖ്യാ സ്ഥിരത കൈവരിക്കുമെന്ന് പറയുന്ന മറ്റൊരു സങ്കല്‍പമുണ്ട്- പംക്ചുവേറ്റഡ് ഈക്യുലീബ്രിയം. ഇത് പരിണാമവാദത്തിനെതിരാണ്. സിദ്ധാന്തത്തിലെ ദുര്‍ഘടങ്ങളെപ്പറ്റി വിവരിക്കുന്ന ഒരു അധ്യായം തന്നെ ഈ പുസ്തകത്തില്‍ (Origin of Species) ഉണ്ട്.
'വിവിധ ദൂരക്കാഴ്ചകളില്‍ ഫോക്കസ് ക്രമീകരിക്കാനും പ്രകാശ പ്രവേഗം നിയന്ത്രിക്കാനും വര്‍ണരൂപ ഭ്രംശങ്ങളെ സംശോധിക്കാനും അനുപമ സംവിധാനമുള്ള കണ്ണ്, പ്രകൃതി നിര്‍ധാരണത്തിലൂടെ ഉടലെടുത്തതാണെന്ന് കരുതുക വിഡ്ഢിത്തമാണെന്ന് ഞാന്‍ കലവറയില്ലാതെ സമ്മതിക്കുന്നു' എന്ന് ഡാര്‍വിന്‍ എഴുതിയിട്ടുണ്ട്. കണ്ണിന്റെ ലെന്‍സിലൂടെ കടന്നുവരുന്ന പ്രകാശതരംഗത്തിലെ 'ഫോട്ടോണുകള്‍' റെറ്റിന (ഫോട്ടോ ഇലക്ട്രിക് സ്‌ക്രീന്‍)യില്‍ പതിക്കുമ്പോള്‍, അതിലുള്ള ഫോട്ടോ സെല്ലുകളിലെ ആറ്റമില്‍നിന്ന് ഇലക്ട്രോണ്‍ സ്വതന്ത്രമാകുന്നു. ഇലക്ട്രോണുകളുടെ പ്രവാഹം, ഇലക്ട്രിക് സിഗ്നലായി, ഓപ്റ്റിക് നേര്‍വ് വഴി തലച്ചോറിലെത്തുന്നു. മസ്തിഷ്‌കം ഇത് വ്യാഖ്യാനിക്കുന്നതാണ് കാഴ്ച.
ഒറിജിന്‍ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നത് 1859-ലാണ്. ഹെന്റിച്ച് ഹെര്‍ട്ട്‌സ് ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് കണ്ടുപിടിക്കുന്നത് 1887-ലും. അതിനു മുമ്പ് ഈ സാങ്കേതിക വിജ്ഞാനം അജ്ഞാതമായിരുന്നു. വര്‍ണ പ്രപഞ്ചം വിവിധ ജീവിസമൂഹങ്ങളില്‍ വ്യത്യസ്തമാണ്. മനുഷ്യന്റെ റെറ്റിനയില്‍ അടിസ്ഥാന വര്‍ണങ്ങളുടെ (ചുവപ്പ്, പച്ച, നീല) മൂന്ന് കളര്‍കോണുകളാണുള്ളത്. അതുപയോഗിച്ച് ദശലക്ഷം ഷെയ്ഡുകള്‍ തിരിച്ചറിയാനാകും. എന്നാല്‍, പറവകള്‍ക്ക് പച്ചയും പഴുത്തതുമായ നാനാ വര്‍ണങ്ങളിലുള്ള പഴങ്ങളാണ് ഭക്ഷണം. ശലഭങ്ങള്‍ക്ക് ലക്ഷക്കണക്കിന് വര്‍ണഭേദങ്ങളുള്ള പുഷ്പങ്ങളെ സമീപിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇവക്കൊക്കെ ഒരു അള്‍ട്രാ വയലറ്റ് കളര്‍കോണു കൂടി സ്രഷ്ടാവ് വെച്ചുകൊടുത്തു. നാല്‍ക്കാലികള്‍ക്ക് ഭൂമിയിലെ പുല്ലും ഇലകളുമാണ് ആഹാരം. അതുകൊണ്ട് അവക്ക് രണ്ട് കളര്‍കോണുകള്‍ മതിയാകും. ചുവപ്പും പച്ചയും അവക്ക് തിരിച്ചറിയാനാവുകയില്ല. സ്‌പെയിനിലെ കാള വിരളുന്നത് ചുവപ്പ് കണ്ടിട്ടല്ല. അതിനെ പ്രകോപിപ്പിക്കാന്‍ വേറെ വിദ്യകളാണ് പ്രയോഗിക്കുന്നത്.
പൂര്‍ണവും സങ്കീര്‍ണവുമായ അവയവങ്ങളുടെ കാര്യത്തില്‍ ഡാര്‍വിനിസം പ്രായോഗികമല്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്. തലച്ചോറിന്റെ കാര്യമെടുത്താല്‍ മനുഷ്യനും ഇതര ജീവികളും തമ്മില്‍ അനന്തമായ അന്തരമുണ്ട്. യഥേഷ്ടം പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്ന ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ് വിശ്വശില്‍പി മര്‍ത്യന്റെ തലക്കകത്ത് വെച്ചുകൊടുത്തിരിക്കുന്നത്. ബാക്കിയുള്ള ജീവിസമൂഹങ്ങള്‍ക്ക് പ്രാഥമികമായി രണ്ട് ആവശ്യങ്ങളേയുള്ളൂ. ഇര തേടുക, ഇണചേരുക. അതിനനുയോജ്യമായ രീതിയില്‍ പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടറുകളാണ് അവയുടെ തലയില്‍ ഉറപ്പിച്ചിരിക്കുന്നത്. ഓരോ അവയവത്തിന്റെയും പ്രവര്‍ത്തനത്തിനു പിന്നിലും അതിവിദഗ്ധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാന്‍ കഴിയും.
'അതിവിദഗ്ധനായ സൃഷ്ടികര്‍ത്താവ് (അല്ലാഹു) അനുഗ്രഹപൂര്‍ണനായിരിക്കുന്നു' (വിശുദ്ധ ഖുര്‍ആന്‍ 23:14).
ആദം സന്തതിയോ ആള്‍ക്കുരങ്ങോ?
1856 ആഗസ്റ്റില്‍ ജര്‍മനിയിലെ സുഡന്‍ഫോര്‍ഡ് എന്ന സ്ഥലത്തുള്ള താഴ്വരയില്‍ പാറപൊട്ടിച്ചപ്പോള്‍ ഒരു സ്‌കള്‍ക്യാപ്പും (തലയോട്ടിയില്‍ ഒട്ടിപ്പിടിച്ച തൊപ്പി) തുടയസ്ഥിയും കൈയെല്ലിന്റെ ഭാഗങ്ങളും വാരിയെല്ലിന്റെ കഷണങ്ങളും കിട്ടി. ഈ താഴ്വരയെ നിയാണ്ടര്‍ (New Man) താള്‍ (താഴ്വര)എന്നും, കിട്ടിയ അശ്മകങ്ങള്‍ ചേര്‍ത്തു വെച്ച് അതിനെ നിയാണ്ടര്‍ താള്‍ മനുഷ്യനെന്നും വിളിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സൈബീരിയ(റഷ്യ)ക്കടുത്ത് 'ആള്‍ട്ട്' എന്ന സ്ഥലത്തെ 'ഡനിസോവ' ഗുഹയില്‍ പ്രാചീന കാലത്ത് നിയാണ്ടര്‍ താള്‍ മനുഷ്യനും ഡനിസോവ മനുഷ്യനും താമസിച്ചിരിക്കാം എന്ന അനുമാനത്തില്‍ അവിടെ പരിശോധിച്ചു. അവിടന്ന് കിട്ടിയതാണ് കൈവിരലിന്റെ അസ്ഥികള്‍ (അവലംബം : World Before Us- TOM HIGHAM). ഡോ. പാബോവിന്റെ ഗവേഷണത്തില്‍ ഈ ഹൊമിനിനികളില്‍ കാണുന്ന ഡി.എന്‍.എയുടെ വളരെ ചെറിയ ഒരംശം (ഒന്നു മുതല്‍ രണ്ടു വരെ ശതമാനം ) മാത്രമേ (ആധുനിക) മനുഷ്യരിലുള്ളൂ. അതും യൂറോപ്യന്‍ വംശജരിലും ഏഷ്യക്കാരിലും മാത്രം. ആഫ്രിക്കക്കാരില്‍ ഒട്ടും ഇല്ലത്രെ.
അതിപ്രാചീന കാലത്ത് ഭൂമിയില്‍ നരന്മാരും നരവാനരന്മാരും ഇടകലര്‍ന്ന് വേട്ടയാടിയാണ് ഉപജീവനം കഴിച്ചിരുന്നത്. പാറ ഖനനങ്ങളിലൂടെ ലഭിച്ച ഇവരുടെ ഫോസിലുകള്‍ പരസ്പരം മാറിപ്പോകാം. അല്ലെങ്കില്‍ ആള്‍ക്കുരങ്ങുകളുടെ അശ്മകങ്ങള്‍ (ഫോസില്‍സ്) ഇടക്കണ്ണിയാണെന്ന് തെറ്റിദ്ധരിക്കാം.
ഇന്ത്യയിലെ സിവാലിക് കുന്നുകളിലെ മയോസീന്‍ കാലഘട്ടത്തിലെ അവശിഷ്ടങ്ങളില്‍നിന്നാണ് 'രാമപിഥേക്കസ്' (Ramapithecus) എന്ന വംശനാശം സംഭവിച്ച കുരങ്ങിന്റെ അശ്മകം കിട്ടിയത്. ഇത് മനുഷ്യന്റെ പരിണാമദിശയിലെ ഒരിടക്കാല ജാതിയെ പ്രതിനിധാനം ചെയ്യുന്നതാണെന്ന് തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍, രാമപിഥേക്കസ്, ശിവപിത്തേക്കസ് എന്ന വര്‍ഗത്തിലെ സ്ത്രീയാണെന്നും ഈ വര്‍ഗം ഇന്തോനേഷ്യയിലെ കാടുകളില്‍ കണ്ടുവരുന്ന ഉറാങ്ങ് ഊട്ടാനെന്ന ആള്‍ക്കുരങ്ങിന്റെ ജാതിയില്‍ പെട്ടതാണെന്നും പിന്നീട് തെളിഞ്ഞു (പ്രാഗ് ചരിത്രം/ ഇര്‍ഫാന്‍ ഹബീബ്).
ഇതുപോലെ ഇടക്കണ്ണികളാണെന്നു പറഞ്ഞ് പരിണാമ വാദികള്‍ കൊണ്ടുവരുന്ന തെളിവുകള്‍ പിന്നീട് പൊളിയുകയാണ് പതിവ്. പ്രാകൃത കാലത്ത് പ്രകൃതിക്ഷോഭം കാരണം പല ജനവിഭാഗങ്ങളും കുരങ്ങന്മാരും മണ്ണിനടിയിലോ പാറക്കുള്ളിലോ പെട്ടുപോയിട്ടുണ്ട്. മനുഷ്യനോട് വളരെയടുത്തു നില്‍ക്കുന്ന, ആള്‍ക്കുരങ്ങുകളുടെയോ അല്ലെങ്കില്‍ പ്രാകൃത മനുഷ്യരുടെയോ അവശിഷ്ടങ്ങള്‍ ഇടക്കണ്ണികളാണെന്ന നിഗമനത്തില്‍ പരിണാമ സിദ്ധാന്തത്തിന് താങ്ങ് കൊടുക്കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യനും (ആദം സന്തതി) 'മര്‍ക്കട'വും ഇവ രണ്ടിന്റെയും ഇടയിലുള്ള ഒരു ജാതിയെ എന്നെങ്കിലും ലഭിക്കുമെന്ന് 'സൃഷ്ടിവാദികള്‍' (ഈശ്വര വിശ്വാസികള്‍) ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പരിണാമവാദികള്‍ ഇടക്കണ്ണികള്‍(Missing Links)ക്കു വേണ്ടി തെരയുകയും ചെയ്യുന്നു. നിസ്സാര പിടിവള്ളികളില്‍ പിടിച്ച് ഇടജാതികളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം. l
Comments