ചെറുതുകളെ നിസ്സാരവൽക്കരിക്കരുത്
عَنْ عَبْدِاللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ: “إيَّاكُمْ وَمُحَقَّراتِ الذُّنُوبِ ، فإنَّهنَّ يَجْتَمِعْنَ عَلَى الرَّجُلِ حتَّى يُهْلِكْنَهُ وإنَّ رَسُولَ اللَّهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ ضَرَبَ لَهُنَّ مَثَلًا : كَمَثَلِ قَوْمٍ نَزَلُوا بِأَرْض فُلَاةٍ ، فَحَضَرَ صَنِيعُ القَوْمِ ، فَجَعَلَ الرَّجُلُ يَنْطَلِقُ ، فَيَجِيءُ بِالعُودِ ، والرَّجُلُ يَجِيءُ بِالعُودِ ، حَتَّى جَمَعُوا سَوَادًا ، وأجَّجُوا نَارًا ، فَانْضَجُّوا مَا قَذَفُوا فِيهَا” (احمد ، الطبراني)
അബ്്ദുല്ലാഹിബ്്നു മസ്ഊദ് (റ) പറയുന്നു: "നിസ്സാരമായ പാപങ്ങളെ സൂക്ഷിക്കുക. അവ ഒരാളിൽ കുന്ന് കൂടുകയും അവസാനം അതവന്റെ നാശത്തിൽ കലാശിക്കുകയും ചെയ്യും. അല്ലാഹുവിന്റെ റസൂൽ (സ) അതിനൊരു ഉപമ പറഞ്ഞിട്ടുണ്ട്: ഒരു സമൂഹം മരുഭൂമിയിൽ ഇറങ്ങി. അവരിലെ പാചകക്കാരൻ ഭക്ഷണമുണ്ടാക്കാനൊരുങ്ങി. അവരിലൊരാൾ പോയി ഒരു വിറക് കൊള്ളി കൊണ്ടുവന്നു. മറ്റൊരാൾ വേറൊന്നും. അങ്ങനെ വിറക് കൊള്ളികൾ അവർ കൂമ്പാരമാക്കി കൂട്ടി. അവരത് അടുപ്പിൽ കത്തിച്ചു. അവർക്കാവശ്യമുള്ളതെല്ലാം പാകം ചെയ്തു."
(അഹ്്മദ്, ത്വബ്റാനി)
നിസ്സാരമെന്ന് കരുതപ്പെടുന്ന പാപങ്ങളെ സൂക്ഷിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. ചെറിയ തെറ്റുകളാണെങ്കിലും അവ ആവർത്തിച്ചാവർത്തിച്ച് ചെയ്യുന്നതോടെ വൻ പാപങ്ങളെപ്പോലെ ശിക്ഷാർഹമായിത്തീരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
തെറ്റുകൾ ചെറുതായാലും വലുതായാലും അല്ലാഹുവിന്റെ കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തുമെന്ന് വിശുദ്ധ ഖുർആൻ ഉണർത്തുന്നുണ്ട് : ''കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും.
അവര്‍ പറയും: 'അയ്യോ, ഞങ്ങള്‍ക്കു നാശം. ഇതെന്തൊരു കര്‍മരേഖ! ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ.' അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണും. നിന്റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല. "(18: 49). ഖുർആൻ വീണ്ടും : "അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും . അണുത്തൂക്കം തിൻമ ചെയ്തവൻ അതും കാണും" (99: 7- 8).
ഇതിന്റെ വിശദീകരണം തഫ്ഹീമുൽ ഖുർആനിൽ ഇങ്ങനെ കാണാം: "ഈ സൂക്തം മനുഷ്യനോട് ഉണര്‍ത്തുന്ന അതിപ്രധാനമായ ഒരു യാഥാര്‍ഥ്യമിതാണ്: നിങ്ങള്‍ ചെയ്യുന്ന നന്മകള്‍ എത്രതന്നെ നിസ്സാരമായിരുന്നാലും അവയോരോന്നിന്നും അതിന്റേതായ തൂക്കവും മൂല്യവുമുണ്ട്. തിന്മയുടെ സ്ഥിതിയും ഇതുതന്നെ. നിസ്സാരത്തില്‍ നിസ്സാരമായ തിന്മയും കണക്കില്‍പെടുകതന്നെ ചെയ്യും. അവഗണിക്കപ്പെടുന്നതായി യാതൊന്നുമില്ല. അതുകൊണ്ട് ഒരു ചെറിയ നന്മയെയും നിസ്സാരമായി കണക്കാക്കി തള്ളിക്കളഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍, അത്തരം ചെറു നന്മകള്‍ ചേര്‍ന്ന് അല്ലാഹുവിങ്കല്‍ നിങ്ങളുടെ പേരില്‍ ഒരു മഹാ നന്മയായി സ്ഥിരപ്പെടാം. ഒരു ചെറിയ തിന്മയും നിസ്സാരമെന്ന് കരുതി ചെയ്തുപോകയുമരുത്. എന്തുകൊണ്ടെന്നാല്‍, അത്തരം നിരവധി ചെറിയ തിന്മകള്‍ കൂടിച്ചേര്‍ന്ന് അല്ലാഹുവിങ്കല്‍ നിങ്ങളുടെ പേരില്‍ തിന്മയുടെ ഒരു മഹാ കൂമ്പാരമുയര്‍ന്നുവരാം."
ആഇശ(റ)യോട് റസൂൽ പറഞ്ഞു: "ആഇശാ, നിസ്സാര കർമങ്ങൾ സൂക്ഷിക്കണം. അതിനായി അല്ലാഹു പ്രത്യേക അന്വേഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്." (ഇബ്്നു മാജ)
നിസ്സാരമെന്ന് കരുതിയ പുണ്യം കൊണ്ടായിരിക്കാം പലരും പരലോകത്ത് രക്ഷപ്പെടുന്നത്. നബി (സ) ഉപദേശിച്ചു: ''ഒരു തുണ്ട് കാരക്ക ദാനം ചെയ്തോ, അല്ലെങ്കില്‍ ഒരു നല്ല വാക്കുരിയാടിയോ നിങ്ങള്‍ നരകത്തില്‍നിന്നു രക്ഷ നേടിക്കൊള്ളുക'' (ബുഖാരി, മുസ്്ലിം).
മറ്റൊരിക്കൽ മൊഴിഞ്ഞു: ''ഒരു സല്‍ക്കര്‍മത്തെയും നിസ്സാരമായി ഗണിക്കരുത്. അത്, വെള്ളം ചോദിച്ചവന്റെ പാത്രത്തില്‍ ഒരു കോരി വെള്ളമൊഴിച്ചുകൊടുക്കുന്നതോ തന്റെ സഹോദരനെ പ്രസന്നവദനത്തോടെ അഭിമുഖീകരിക്കുന്നതോ ആയിരുന്നാല്‍പോലും'' (മുസ്്ലിം). ജീവിതത്തിൽ ചെറിയ തെറ്റുകൾ വന്നുപോകുന്നതും ശ്രദ്ധിക്കണം. ആഇശ (റ)യോട് റസൂൽ പറഞ്ഞു: ''ഓ ആഇശാ, നിസ്സാരമെന്ന് കരുതപ്പെടുന്ന കുറ്റങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. അല്ലാഹുവിങ്കല്‍ അവയും ചോദ്യം ചെയ്യപ്പെടുന്നതാകുന്നു'' (നസാഈ).
ഇമാം ഗസാലി (റ) എഴുതി: "ചെറിയ പാപങ്ങൾ വലുതായി മാറും; അവയെ നിസ്സാരമായി കണ്ടാലും സ്ഥിരമായി അവ ചെയ്തു കൊണ്ടിരുന്നാലും. ഒരു തെറ്റിനെ അടിമ വലുതായി കാണുമ്പോഴെല്ലാം അത് അല്ലാഹുവിന്റെയടുക്കൽ ചെറുതാവുന്നു. അതിനെ അടിമ നിസ്സാരമാക്കുമ്പോഴാവട്ടെ അല്ലാഹുവിന്റെയടുക്കൽ വലുതാവുന്നു. കാരണം, തെറ്റുകളെ വലുതായി കാണുമ്പോൾ അതിനെ ഹൃദയം വെറുക്കുകയും അതിൽ നിന്ന് അകലുകയും ചെയ്യും. തെറ്റുകളെ ചെറുതായി കാണുമ്പോൾ അതിനോട് ഇണക്കവും അടുപ്പവുമുണ്ടാവുന്നു."
അൽ ഹകീം പറഞ്ഞു: ''നിസ്സാര പാപങ്ങളെ ചെറുതായിക്കണ്ടാൽ ഈമാനിൽ കലർപ്പുണ്ടാവും. ഗാംഭീര്യം നഷ്ടപ്പെടും. പ്രവർത്തനങ്ങളിൽ വൈകല്യമുണ്ടാവും; സൂര്യന് ഗ്രഹണം ബാധിച്ചതു പോലെ. ഗ്രഹണം വളരെ നേരിയതാണെങ്കിലും അതിന്റെ അനുരണനം ഭൂമിയിൽ പ്രതിഫലിക്കും. വിജ്ഞാനത്തിന്റെ വെളിച്ചം പാപത്തിന്റെ തോതനുസരിച്ച് കുറയും. അവസാനം ഹൃദയം അല്ലാഹുവിൽ നിന്ന് മറയും.
ദുൻയാവ് മുഴുവൻ നഷ്്ടപ്പെടുന്നതിനെക്കാൾ മാരകമാണത്. പാപങ്ങൾ കുന്ന് കുടുന്നതോടെ ഒന്നും ഗ്രഹിക്കാനാവാത്ത മരമണ്ടനായി അവൻ മാറും. അതോടെ സകല വിജ്ഞാനവും അവന് വിലക്കപ്പെടും" (ഫൈദുൽ ഖദീർ 3/127).
ഇബ്്നു അബ്ബാസ് (റ) പറഞ്ഞു: لَا كَبِيرَةَ مَعَ الِاسْتِغْفَارِ، وَلَا صَغِيرَةَ مَعَ الْإِصْرَار (പാപമോചനമുണ്ടെങ്കിൽ അത് വലുതല്ലാതാവുന്നു; ഉറച്ചു നിന്നാൽ അത് ചെറുതുമല്ലാതാവുന്നു).
മാപ്പിരക്കുകയാണെങ്കിൽ ഏത് വൻ പാപവും പൊറുക്കപ്പെടുമെന്നും, എത്ര ചെറിയ പാപമാണെങ്കിലും മാപ്പിരക്കാതെ നിരന്തരം ചെയ്തുകൊണ്ടിരുന്നാൽ അത് വൻപാപമായി മാറുമെന്നും സാരം.
l
Comments