നബീല സയ്യിദ് പുതുചരിത്രം രചിക്കുമ്പോൾ
അമേരിക്കയിൽ ഒരു ഇന്ത്യൻ വംശജ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നബീല സയ്യിദ് എന്ന ഇരുപത്തിമൂന്നുകാരി ഇല്ലിനോയിസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ഇക്കഴിഞ്ഞ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മത്സരിച്ചാണ് ഈ ചരിത്രവിജയം നേടിയത്. ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നതു കൊണ്ടല്ല നബീലയുടെ വിജയം ശ്രദ്ധേയമാകുന്നത്. പോരാടാനുള്ള മനസ്സുണ്ടെങ്കിൽ വിപരീത സാഹചര്യങ്ങൾ എങ്ങനെ ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യത്തെ ബലപ്പെടുത്തി അത് വിജയത്തിലെത്തിക്കുമെന്നതിന്റെ തെളിവായിട്ടാണ് ഞാനിതിനെ കാണുന്നത്.
കാലിഫോർണിയാ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങാൻ തനിക്കുള്ള യഥാർഥ പ്രചോദനം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്നാണ് നബീല ഒരു അഭിമുഖത്തിൽ പറഞ്ഞത്. ട്രംപിന്റെ വിദ്വേഷ ശൈലി സ്വീകരിക്കാനല്ല, മറിച്ച് കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയാശയങ്ങൾ കൊണ്ട് അതിനെ ചെറുക്കേണ്ടതുണ്ട് എന്ന ചിന്തയാണ് നബീലക്ക് പ്രചോദനമായത്. ട്രംപിന്റെ വെറുപ്പ് വമിക്കുന്ന ഭാഷയും വിഭജനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളും വിവേചനപരമായ നടപടികളും ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിക്കൂടാ എന്ന് തന്നെ പഠിപ്പിച്ചതായി നബീല പറയുന്നു.
ഓർമവെച്ച നാൾ മുതൽ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും നോക്കി തീവ്രവാദി എന്ന് അടക്കം പറഞ്ഞ സമൂഹത്തിലാണ് നബീല വളർന്നത്. രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ നടന്ന 9/11 ആക്രമണങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെയെന്ന പോലെ നബീലയുടെ ജീവിതത്തിലും ദുരന്ത നാളുകളാണ് കരുതിവെച്ചത്. സ്‍കൂളിലും പുറത്തും സൂപ്പർ മാർക്കറ്റിലുമെല്ലാം തങ്ങൾക്ക് നേരിടേണ്ടി വന്നത് വെറുപ്പ് വമിക്കുന്ന നോട്ടങ്ങളും, രാജ്യത്ത് തങ്ങൾ അധികപ്പറ്റാണെന്ന മട്ടിലുള്ള പെരുമാറ്റവും ആയിരുന്നുവെന്ന് അവർ ഓർമിക്കുന്നു. ആ ദുരന്തത്തിൽനിന്ന് അമേരിക്കയും ന്യൂയോർക്ക് നഗരവും കരകയറി ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ലോകമെമ്പാടുമുള്ള മുസ്ലിംകൾ തങ്ങളുടേതല്ലാത്ത തെറ്റിന്റെ ശിക്ഷ ഇന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് നബീല പറയുന്നത്.
വിദ്യാഭ്യാസ കാലത്ത് TRUMP എന്നെഴുതിയ ടീഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ തന്നെ തീവ്രവാദി എന്ന് മുഖത്ത് നോക്കി ആക്രോശിക്കുകയും തന്റെ നേർക്ക് തുപ്പുകയും ചെയ്തതായി നബീല ഓർക്കുന്നു. 2016-ൽ ഡൊണാൾഡ് ട്രംപ് രാജ്യമെങ്ങും മുസ്ലിം വിരോധം വാരിവിതറി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചിരുന്ന കാലമായിരുന്നു അത്. തന്റെ മുഖത്ത് തുപ്പിയ ആളോട് ആദ്യം വെറുപ്പ് തോന്നിയെങ്കിലും പിന്നീട് അയാൾ തലച്ചോറ് മറ്റാർക്കോ പണയം വെച്ച വെറും രാഷ്ട്രീയ കളിപ്പാവയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ വികാരം മാറിക്കിട്ടി എന്ന് നബീല പറയുന്നു.
എന്നാൽ, അമേരിക്കക്കാർ പൊതുവെ സ്നേഹവും സഹാനുഭൂതിയും മനുഷ്യത്വവുമുള്ളവരാണെന്നാണ് നബീലയുടെ അഭിപ്രായം. ഹിജാബ് ഉൾപ്പെടെയുള്ള ഇസ്ലാമിന്റെ ചിഹ്നങ്ങൾ സ്വീകരിക്കുന്ന തന്നോട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അവർ സ്നേഹമസൃണമായി പെരുമാറിയെന്നും, തന്റെ തനതായ സംസ്കാരത്തിൽ ഉറച്ചുനിന്നുകൊണ്ട് നാടിനു വേണ്ടി പ്രയത്നിക്കുന്നതിനെ പ്രകീർത്തിച്ചെന്നും നബീല നന്ദിയോടെ ഓർക്കുന്നു. വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയിലാണ് നബീലയുടെ വിജയമെന്നത് ചെറിയ കാര്യമല്ല. ഒരിക്കൽ വെറുപ്പോടെ കണ്ടിരുന്ന സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാൻ എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് നബീല തരുന്ന ഉത്തരം ലളിതമാണ്: വെറുക്കുന്നവനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഇസ്ലാംമത വിശ്വാസിയായ താൻ പഠനത്തിനിടെ തന്നെ ശത്രുവും തീവ്രവാദിയുമായി കണ്ട സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിച്ചു. ഒടുവിൽ കേട്ടുകേൾവികൾ അസംബന്ധമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അവർ കൺമുന്നിലെ സത്യത്തിൽ വിശ്വസിച്ചു.
നബീലയുടെ വിജയം, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സമാനമായ വെല്ലുവിളികൾ നേരിടുന്ന മുസ്ലിംകളും മറ്റു ന്യൂനപക്ഷങ്ങളും പിന്നാക്കക്കാരുമടങ്ങുന്ന യുവതീയുവാക്കൾക്ക് പ്രചോദനമാകേണ്ടതുണ്ട്. അമേരിക്കയിൽ ഭൂരിപക്ഷ വിഭാഗത്തിൽനിന്ന് നബീലക്ക് കിട്ടിയ തുറന്ന പിന്തുണയും പ്രചോദനവും ഒരുപക്ഷേ, ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായേക്കാം. വെള്ളക്കാർ ഭൂരിപക്ഷമുള്ള പ്രദേശത്ത് ഹിജാബിട്ട ഒരു മുസ്ലിം പെൺകുട്ടിക്ക് കിട്ടിയ വിജയം ജാതി, മത, വർണ, ഭാഷ തുടങ്ങിയ സങ്കുചിത ചിന്തകൾക്കപ്പുറം ഇനിയും വികസിക്കാത്ത ഇന്ത്യൻ മതേതരത്വത്തിൽ ഒരു ദിവാസ്വപ്നമാണെന്ന് കരുതുന്നവരും ഉണ്ടാവാം.
ഹിജാബ് ധരിച്ചു എന്ന ഒറ്റക്കാരണത്താൽ വിദ്യാഭ്യാസം മുടങ്ങി ഭാവി തുലാസിലാടുന്ന ഇന്ത്യയിലെ മുസ്ലിം യുവതികൾക്ക് മുന്നേറാൻ ഇന്ന് നബീലയുടെ സമാനമായ സാമൂഹിക സാഹചര്യങ്ങൾ പലയിടത്തും ഇല്ലെന്നതും സമ്മതിക്കുന്നു. പക്ഷേ, വിപരീത സാഹചര്യങ്ങളിലും തന്നെ വെറുപ്പോടെ നോക്കുകയും മുഖത്തു തുപ്പുകയും വരെ ചെയ്ത മനുഷ്യർക്ക് തിരികെ കനിവും കാരുണ്യവും സേവനവും നൽകുന്ന നബീലയുടെ ഉദ്ദേശ്യശുദ്ധിയും നന്മയും ഇന്ത്യയിലെ വേട്ടയാടപ്പെടുന്ന സമൂഹങ്ങൾക്ക് ഉപകരിക്കുക തന്നെ ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. അധികാരംകൊണ്ടോ ശക്തികൊണ്ടോ തോൽപിക്കാനാവാത്ത സമൂഹത്തെ സ്നേഹംകൊണ്ട് കീഴടക്കാനാവും എന്ന മഹിത സന്ദേശം (ഖുർആൻ 41: 34) നബീല നമ്മെ ഓർമിപ്പിക്കുന്നു. l
Comments