ഓർമകളുടെ അടയാളപ്പെടുത്തൽ
ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ പ്രസിദ്ധീകരിച്ച രണ്ട് ഓർമയെഴുത്തുകളാണ് 'ഇസ്ഹാഖ് അലി മൗലവി: ധിഷണയുടെ നക്ഷത്രത്തിളക്കം', 'ഫാറൂഖ് ശാന്തപുരം: സുകൃതങ്ങളുടെ പാഠപുസ്തകം' എന്നിവ. ഇസ്ഹാഖ് അലി മൗലവി വിടപറഞ്ഞ് മൂന്നര പതിറ്റാണ്ടിനു ശേഷമാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ശിഷ്യന്മാരുടെയും ഓർമകൾ ചേർത്തൊരുക്കി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശാന്തപുരം കോളേജായിരുന്നു ഇസ്ഹാഖ് അലി മൗലവിയുടെ തട്ടകം. കുറ്റ്യാടി ഇസ്ലാമിയാ കോളേജ്, ചേന്ദമംഗല്ലൂർ ഇസ്ലാഹിയ്യ, എടവനക്കാട് ഇർശാദുൽ മുസ്ലിമീൻ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം അധ്യാപകനായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വിദ്യാർഥികളായിരുന്നവരും ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം അവരുടെ ഓർമകൾ ഈ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്. പണ്ഡിതൻ, അധ്യാപകൻ, എഴുത്തുകാരൻ, പരിഭാഷകൻ, പ്രസ്ഥാന നായകൻ, കുടുംബനാഥൻ എന്നീ നിലകളിലുള്ള ഇസ്ഹാഖ് അലി മൗലവിയുടെ ജീവിതമാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്.
ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ നിർവാഹക സമിതി അംഗം കൂടിയായിരുന്ന എ. ഫാറൂഖ് ശാന്തപുരം 2020 ഡിസംബർ 13- നാണ് മരണപ്പെട്ടത്. അൽജാമിഅ ആർട്സ് ആന്റ് സയൻസ് കോളേജ് ചെയർമാൻ, അൽജാമിഅ നോളജ് വേൾഡ് പ്രോജക്ട് ഡയറക്ടർ, അൽജാമിഅ പബ്ലിക് റിലേഷൻസ് ഹെഡ് എന്നീ ഉത്തരവാദിത്വങ്ങളും അൽജാമിഅയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായിരുന്നു. 2012-ൽ ജിദ്ദയിലെ പ്രവാസം അവസാനിപ്പിച്ച് വന്ന ശേഷമാണ് അദ്ദേഹം അൽജാമിഅയിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത്. 2012-ന് മുമ്പുള്ള നീണ്ട പ്രവാസ ജീവിതമാണ് എ. ഫാറൂഖിന്റെ യഥാർഥ സേവനകാലമെന്ന് പറയാം.
ഇക്കാലത്ത് ജിദ്ദയിലെത്തിയ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖരെയെല്ലാം അടുത്ത് പരിചയപ്പെടാനും അദ്ദേഹത്തിന് സാധിച്ചു. ഒരിക്കൽ പരിചയപ്പെട്ടവരെല്ലാം ഫാറൂഖിന്റെ അടുപ്പക്കാരായി മാറി. ഇന്നും അവരിൽ പലരും കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മത മേഖലയിലെ തലയെടുപ്പുള്ള നേതാക്കളാണ്. ഓരോരുത്തരും ഓരോ ഇടത്തിൽ വെച്ചാണ് ഫാറൂഖിനെ പരിചയപ്പെട്ടത്. ആ മേഖലയിൽ നിന്നുള്ള അനുഭവമാണവർ പങ്കുവെക്കുന്നത്. ഒരു മനുഷ്യന് ഇത്രയധികം മേഖലകളിൽ ഒരേസമയം എങ്ങനെ സജീവമായി ഇടപെടാൻ കഴിഞ്ഞുവെന്ന അത്ഭുതമാണ് എ. ഫാറൂഖിനെ അനുഭവിച്ചവർ പങ്കുവെക്കുന്നത്. l
Comments