Prabodhanm Weekly

Pages

Search

2023 ജനുവരി 27

3287

1444 റജബ് 05

വെറുപ്പിന്റെ വ്യാപാരികളെ തടയാൻ ഭാരത് ജോഡോ യാത്രക്ക് സാധ്യമോ?

എ. റശീദുദ്ദീൻ

മോദി സര്‍ക്കാര്‍ ഉൽപാദിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയെ ഏതാണ്ടൊരു മാഫിയാ രാജ്യമാക്കി മാറ്റിയെടുത്തതിനു ശേഷമാണ് രാഹുല്‍ ഗാന്ധി 'ഭാരത് ജോഡോ' യാത്രയുമായി കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. ഭരണപരമായ കെടുകാര്യസ്ഥതകളെ വിദ്വേഷ പ്രചാരണത്തിലൂടെ മറച്ചു പിടിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ ശേഷിക്ക് രാഹുലിന് എത്രത്തോളം ക്ഷതമേല്‍പ്പിക്കാനായിട്ടുണ്ട്? അതോ, യാത്ര രാജ്യത്തെ സംബന്ധിച്ചേടത്തോളം കൂടുതല്‍ അപകടകരമായി മാറുമോ? ഭരണത്തുടര്‍ച്ച സാധ്യമാക്കുന്ന മറ്റൊരു മാര്‍ഗവും ബാക്കിയില്ലാത്തതു കൊണ്ട് 2023-ലെ തെരഞ്ഞെടുപ്പുകള്‍ അതികഠിനമായ വര്‍ഗീയ ധ്രുവീകരണ അജണ്ടകളുടേതാവാനുള്ള സാധ്യത ഇപ്പോഴേ കണ്ടുതുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉണ്ടാക്കാന്‍ ശ്രമിച്ച സാമൂഹിക അവബോധത്തെ റദ്ദ് ചെയ്യാനുള്ള ധൃതി സര്‍ക്കാറിലും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയിലും ഒരുപോലെ കാണാനുണ്ട്. ഹാന്‍ഡ് പമ്പുകള്‍ കൊണ്ടൊന്നും വിഷം തളിച്ചിട്ട് കാര്യമില്ലെന്നു വരുമ്പോള്‍ ഹെലികോപ്റ്ററില്‍ വന്ന് എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്നതു പോലെയായിരുന്നു ആര്‍.എസ്.എസ് അധ്യക്ഷന്റെ ഇടപെടല്‍. മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ല എന്നൊക്കെ മാധ്യമങ്ങള്‍ തലക്കെട്ടു നല്‍കിയെങ്കിലും സദുദ്ദേശ്യപരമായ ഒരു വാക്കുപോലും അതില്‍ ഉണ്ടായിരുന്നില്ല. ഭരണഘടന, പൗരാവകാശങ്ങള്‍, അവസര സമത്വം, ദാരിദ്ര്യം  മുതലായ വിഷയങ്ങളില്‍ രാഹുല്‍ ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ കേട്ട് ആരും ചാടിപ്പുറപ്പെടേണ്ടെന്നും അഥവാ വല്ലവരും രംഗത്തിറങ്ങിയാല്‍ അവരെ എന്തു ചെയ്യണമെന്നുമുള്ള വ്യംഗ്യമായ ഒരു സന്ദേശവുമാണ് ആകക്കൂടി അതിലടങ്ങിയിരുന്നത്. വംശഹത്യക്കുള്ള ആഹ്വാനമായി പോലും വേണമെങ്കില്‍ ആ പ്രസംഗത്തെ വ്യാഖ്യാനിക്കാമായിരുന്നു.
ഭരണകൂടം സമൂഹത്തില്‍ പടര്‍ത്താന്‍ ശ്രമിക്കുന്ന വിദ്വേഷത്തിനും ഭയത്തിനും സാമ്പത്തിക അസമത്വങ്ങള്‍ക്കുമെതിരെയാണ് രാഹുലിന്റെ യാത്ര. ബി.ജെ.പിയുടെ പ്രായോജകരായ മാട്ടിറച്ചി കയറ്റുമതിക്കാര്‍ക്കു വേണ്ടി കുറഞ്ഞ വിലയ്ക്ക് ഉരുക്കളെ ലഭ്യമാക്കാനും അതിന്റെ വ്യാപാരം മുസ്ലിംകളില്‍ നിന്ന് എടുത്തുമാറ്റി സംഘ് പരിവാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ടാരംഭിച്ച കൊലപാതക പരമ്പരയില്‍ നിന്ന് തുടങ്ങി പൗരത്വ ബില്ലിലൂടെയും അയോധ്യാ വിധിയിലൂടെയും മുന്നോട്ടു പോയ, കാശിയും മഥുരയും താജ്മഹലും നിയമത്തിനതീതമായ പുതിയ തര്‍ക്ക വിഷയങ്ങളായി ഉയര്‍ത്തിയെടുത്ത, ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെയും അസം - ഹൽദ്വാനി കുടിയൊഴിപ്പിക്കല്‍ മാതൃകകളിലൂടെയും കരുത്താര്‍ജിച്ച, എന്‍.ഐ.എ, സി.ബി.ഐ മുതലായ സംവിധാനങ്ങളും യു.എ.പി.എ നിയമവും ന്യൂനപക്ഷ വേട്ടയുടെ ആയുധങ്ങളാക്കി മാറ്റിയ വെറുപ്പിന്റെ ഹിംസാത്മ ക രാഷ്ട്രീയത്തെയാണ് രാഹുല്‍ തെരുവിലിറങ്ങി നേരിടാന്‍ നോക്കിയത്. ഒരര്‍ഥത്തില്‍ വിഭജനകാലത്ത് മഹാത്മാ ഗാന്ധി രാജ്യത്തോടു പറഞ്ഞ, ഒരു കാലത്ത് കോണ്‍ഗ്രസ് എന്ന സംഘടനയുടെ തന്നെ അടിസ്ഥാനമായിരുന്ന മുദ്രാവാക്യങ്ങളാണിത്. ഈ തത്ത്വങ്ങളെ അംഗീകരിക്കുകയും ആരോപണങ്ങളെ എതിര്‍ക്കുകയുമല്ല സര്‍ക്കാറും അവരുടെ സംഘടനകളും ചെയ്തത്. ഭയത്തെ അരക്കിട്ടുറപ്പിക്കാനും വിദ്വേഷത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമാണ്. മുസ്‌ലിംകള്‍ മേധാവിത്വം പുലര്‍ത്താന്‍ ശ്രമിച്ചേക്കരുതെന്നും ഒതുങ്ങിനിന്നോളണമെന്നുമുള്ള താക്കീതുമായി ആര്‍.എസ്.എസ് ആചാര്യന്‍ നേരിട്ട് തന്നെ രംഗത്തിറങ്ങിയതിനെ ഈ യാത്രയുണ്ടാക്കിയ അലയൊലികളുമായി ചേര്‍ത്തുവായിച്ചാല്‍ മതി. തെലങ്കാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനത്തിനിറങ്ങിയതും യാത്രയോടുള്ള പ്രതികരണമായി കാണാനാവും.
ഭാരത് ജോഡോ യാത്രയിൽ രാഹുലിനെ താറടിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ബി.ജെ.പി അന്വേഷിക്കുന്നുണ്ടായിരുന്നു. അവരുടെ വാലാട്ടി ചാനലുകളിലൂടെ കടുത്ത അളവില്‍ പുഛരസവും നുണക്കഥകളും വാരിവിതറിയിരുന്നു. കോടിക്കണക്കിന് രൂപ തന്നെ പാര്‍ട്ടി ഈ അപവാദ പ്രചാരണത്തിന് ചെലവിട്ടിട്ടുമുണ്ടാകും. എട്ടു വര്‍ഷക്കാലത്തെ ഭരണത്തെ രാഹുല്‍ കണക്കുകള്‍ നിരത്തിവെച്ച് ചോദ്യം ചെയ്യുകയും, മോദിഭരണം രാജ്യത്തെ തമ്മിലടിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വരച്ചുകാട്ടുകയും ചെയ്താല്‍ എങ്ങനെ സഹിക്കും ബി.ജെ.പി!
ബഹുജനാടിത്തറയുള്ള ഒരു സാമൂഹിക പ്രക്ഷോഭത്തിലൂടെ മാത്രമാണ് നരേന്ദ്ര മോദിയുടെ ക്ഷുദ്ര രാഷ്ട്രീയത്തെ നേരിടാന്‍ കഴിയുക എന്ന കാഴ്ചപ്പാടിലൂടെയാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടു പോകുന്നത്. ആ മാറ്റം പൊടുന്നനെയൊന്നും സംഭവിക്കാന്‍ പോകുന്ന കാര്യമേ ആയിരുന്നില്ല. ഈ യാത്രയിലൂടെ കോണ്‍ഗ്രസ് പുനരുജ്ജീവിക്കപ്പെടുകയോ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത ഭീഷണിയായി മാറുകയോ ഒന്നും ചെയ്യാൻ പോകുന്നില്ല. തിക്തമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് കാലത്ത് സാമാന്യബുദ്ധി മോദിക്ക് പണയം വെക്കുന്ന തലച്ചോറുകളാണ് ഇപ്പോഴും ഇന്ത്യയില്‍ വോട്ടു ചെയ്യാന്‍ പോകുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും വര്‍ഗീയതയുമൊക്കെ മുഖ്യ വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടി രാഹുലിന്റെ യാത്ര നടക്കുന്നതിനിടയില്‍ കടന്നുവന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോൺഗ്രസ് തവിടുപൊടിയായത് ഉദാഹരണം. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന തുടങ്ങി ഒമ്പത് ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്  2023-ല്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഭാരത് ജോഡോ യാത്രയാണ് ഈ തെരഞ്ഞെടുപ്പുകളുടെ വിധി നിശ്ചയിക്കുകയെന്നൊക്കെ പറയണമെങ്കില്‍ കുറച്ചൊന്നും വിവരക്കേട് മതിയാവില്ല. എങ്കില്‍ പോലും രാഹുല്‍ ഗാന്ധിക്കും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി വിരുദ്ധതക്കും വലിയ സ്വീകാര്യത നേടിയെടുക്കാന്‍ ഈ യാത്ര കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ കക്ഷി സ്ഥാനത്തേക്ക് ചെറിയ ഒരു ഇടവേളക്കു ശേഷം കോണ്‍ഗ്രസ് മടങ്ങിയെത്തുകയാണ് ഈ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണവശങ്ങളിലൊന്ന്. അലസനായ രാഷ്ട്രീയക്കാരന്‍ എന്ന പ്രതിഛായ ഈ യാത്രയിലൂടെ രാഹുല്‍ ഗാന്ധി മാറ്റിയെടുത്തിട്ടുണ്ട്. രാഹുലിന്റെ ജനപ്രീതി ഈ യാത്രയിലൂടെ കുത്തനെ വര്‍ധിച്ചുവെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സീവോട്ടര്‍ സർവെകള്‍ ചൂണ്ടിക്കാട്ടിയത്. കര്‍ണാടകയില്‍ 38.8-ല്‍ നിന്ന് 57.7-ലേക്കാണ് രാഹുലിന്റെ ജനപ്രീതി വര്‍ധിച്ചത്. തെലങ്കാനയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ ഇതാണ് ചിത്രം.  പാര്‍ട്ടി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ പുതിയ അധ്യക്ഷന് കഴിയുകയും പ്രതിപക്ഷത്തെ പ്രമുഖരുമായി ധാരണകളുണ്ടാക്കുകയും പൊതുജനത്തിന്റെ നിരാശ വോട്ടുകളായി മാറുകയും ചെയ്താല്‍ വലിയ നേട്ടങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്.  കൂടുതലും ആശയതലത്തിലൂടെ രാഷ്ട്രീയത്തെ സമീപിച്ചുകൊണ്ടിരുന്ന രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്ന് മാറിയത് കോണ്‍ഗ്രസിന്റെ നേട്ടമായി മാറിയെന്നാണ് പൊതുവെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. 'പ്രായോഗിക വാദി'കളായ നേതാക്കള്‍ക്ക് കോണ്‍ഗ്രസിനെ വിട്ടുകൊടുത്ത് പുതു തലമുറയെ ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയം പഠിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചതെന്ന് വിലയിരുത്തുന്നതാണ് കുറെക്കൂടി വസ്തുതാപരം. പാര്‍ട്ടിക്കകത്തെ നേതാക്കളുമായി ഗുസ്തി പിടിച്ച്  സമയം കളയുന്നതിനു പകരം തന്റെ ആശയങ്ങളുടെ ജനസമ്മതിയാണ് രാഹുല്‍ തെളിയിക്കാന്‍ മെനക്കെട്ടത്. കോണ്‍ഗ്രസിനെ കുറിച്ച് ബി.ജെ.പി മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത പ്രതിഛായയും വലിയൊരളവില്‍ അദ്ദേഹം മാറ്റിയെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതികരണങ്ങളെ മുസ്‌ലിം താല്‍പര്യങ്ങളായും രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ അര്‍ബന്‍ നക്‌സലൈറ്റുകളുടെയും മാവോയിസ്റ്റുകളുടെയും നിലപാടുകളായിട്ടുമാണ് ഗോദി മീഡിയ വിേശഷിപ്പി ച്ചുകൊണ്ടിരുന്നത്. പക്ഷേ, ഭാരത് ജോഡോ യാത്രക്കെതിരെ ഇവയിലൊന്നു പോലും ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലെ ഒരു തര്‍ക്കമായല്ല യാത്ര അവസാനിക്കാൻ പോകുന്നത്. മറിച്ച്, രാഷ്ട്രീയത്തിനതീതമായി ഇന്ത്യയെ കുറിച്ച് ആശങ്കിക്കുന്നവരും, ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറും എന്ന ദ്വന്ദ്വ നിർമിതിയായാണ്.  കക്ഷി രാഷ്ട്രീയത്തിന്റെ ലെന്‍സിലൂടെ നോക്കുമ്പോഴാണ് രാഹുലിേന്റത് പരാജയപ്പെട്ട യാത്രയാണെന്ന് തോന്നുക. വളരെ ലളിതമായാരംഭിച്ച ഈ യാത്ര മുന്നോട്ടു പോകുന്തോറും അതില്‍ ഇതര സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പ്രധാനപ്പെട്ട വ്യക്തികളെയും വിഭാഗങ്ങളെയും ഒപ്പം ചേര്‍ക്കാന്‍ രാഹുലിന് കഴിഞ്ഞിരുന്നു. ഈ യാത്രക്കു വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വിട്ടുനിന്നതെങ്കിൽ, ഇനിയങ്ങോട്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അപ്പുറത്തുള്ള മറ്റൊരു കൂട്ടായ്മയിലൂടെയാണ് മോദിയും സംഘവും ഉൽപാദിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ രാഹുല്‍ നേരിടാന്‍ പോകുന്നതെങ്കിൽ വലിയ  പ്രതീക്ഷകളാണ് ബാക്കിയാവുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെയാവാം ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും യാത്ര സംഘടിപ്പിച്ചത്. പക്ഷേ, വരവേറ്റത് രാഷ്ട്രീയത്തിനതീതമായി എല്ലാ ഇന്ത്യക്കാരും ചേര്‍ന്നാണ്. എല്ലാറ്റിനുമൊടുവില്‍ അത് മുഴുവന്‍ പ്രതിപക്ഷത്തിന്റെയും യാത്രയായാണ് പരിണമിച്ചത്; കോണ്‍ഗ്രസിന്റെ യാത്രയായല്ല.
ആം ആദ്മി ഒഴികെയുള്ള പ്രതിപക്ഷ നിരയില്‍ വരുന്ന മാറ്റങ്ങളാണ് നിര്‍ണായകം. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ മറിച്ചിടുമെന്ന വീമ്പുമായി അഹമഹമികയാ തിക്കിത്തിരക്കിക്കൊണ്ടിരുന്ന പ്രാദേശിക കക്ഷികളൊക്കെ പത്തി മടക്കാനാരംഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലായി ചുരുങ്ങുകയാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. പ്രതിപക്ഷ നിരയില്‍ ഐക്യം രൂപപ്പെടുന്നുണ്ടെങ്കിലും അപകടരമായ രീതിയില്‍ ആം ആദ്മി പാര്‍ട്ടി വളര്‍ന്നുവരുന്നുണ്ട്. പ്രതിലോമകരമായ രാഷ്ട്രീയമാണ് നിലവില്‍ കെജ്്രിവാളിേന്റത്. ഭരണപരമായ അഴിമതി നിര്‍മാര്‍ജനം ചെയ്യുക എന്ന സിംഗിള്‍ പോയന്റ് അജണ്ടയില്‍ ബി.ജെ.പിയെ എതിരിടാന്‍ പോകുന്ന കെജ്്രിവാള്‍ മറുഭാഗത്ത് ഹിന്ദുത്വത്തെ തന്റെ വാഹനമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചിരുന്നുവെങ്കില്‍ അവരുടെ തത്ത്വശൂന്യമായ രാഷ്ട്രീയവും ഗുജറാത്തിലെ ഹിന്ദുത്വവും തമ്മിലുള്ള ഒത്തുകളി ശരിക്കും പുറത്തുവരുമായിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യാത്ത ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടിയായാണ് ആം ആദ്മി നിലവില്‍ മാറിക്കൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണപരാജയവും കോര്‍പറേറ്റ് ദാസ്യവും മാത്രമാണ് കെജ്്രിവാള്‍ എതിര്‍ക്കുന്നത്. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 'ഭയമുക്തവും വിദ്വേഷ രഹിത'വുമായ രാഷ്ട്രീയത്തോട് കെജ്്രിവാളിന് വലിയ യോജിപ്പൊന്നും ഉണ്ടാവണമെന്നില്ല.
ഒരു ജനത എന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കേണ്ടതിനെക്കുറിച്ച് എത്രത്തോളം ഇന്ത്യയെ ബോധ്യപ്പെടുത്താനായി എന്നതാണ് ഈ യാത്ര ഉയര്‍ത്തുന്ന പ്രധാന ചോദ്യം. യാത്രക്കിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെ രാഹുല്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്: കോണ്‍ഗ്രസ് എന്നത് പ്രവര്‍ത്തകരുടെ തപസ്സിലൂടെ ഉണ്ടായ പ്രസ്ഥാനമാണ്. അതായത്, കഠിനമായ ആത്മത്യാഗം. എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ മോദി ഭരണത്തെ പൂജിക്കണമെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്.  ഈ തപസ്യയില്‍ എത്ര പേര്‍ ഭാഗഭാക്കാവുന്നു എന്നതും, തപസ്സും പൂജയും തമ്മിലുള്ള ഈ വ്യത്യാസം എത്രപേര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നു എന്നതുമാണ് പ്രധാനം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് - സൂക്തം 54-59
ടി.കെ ഉബൈദ്

ഹദീസ്‌

ചെറുതുകളെ നിസ്സാരവൽക്കരിക്കരുത്
ഡോ. മുഹമ്മദ് പാണ്ടിക്കാട്