1000 വർഷത്തെ യുദ്ധത്തുടർച്ച എന്തിന്, ആർക്കെതിരെ?
"ഹിന്ദു സമൂഹം ഒരായിരം കൊല്ലത്തിലധികമായി യുദ്ധത്തിലാണ്. വിദേശാക്രമണങ്ങൾക്കും സ്വാധീനത്തിനും ഗൂഢാലോചനകൾക്കുമെതിരെയാണീ പോരാട്ടം. സംഘം ഇക്കാര്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ളവരും അതെ, അതേപ്പറ്റി സംസാരിച്ച വളരെ പേരുണ്ട്. ഹിന്ദുസമൂഹം ഉണർന്നതു കൊണ്ടാണിത്. യുദ്ധത്തിലേർപ്പെട്ട ജനങ്ങൾ ആക്രമണാസക്തരാവുക സ്വാഭാവികവുമാണ്...
"ഒരു വിദേശ ശത്രുവിനെതിരായിട്ടല്ല ഈ യുദ്ധം. അകത്ത് തന്നെയുള്ള ശത്രുവിനെതിരെയാണ്. ഹിന്ദു സമൂഹത്തെയും ഹിന്ദു ധർമത്തെയും ഹിന്ദു സംസ്കാരത്തെയും പ്രതിരോധിക്കാനുള്ളതാണ് യുദ്ധം. വിദേശ ശത്രുക്കൾ ഇപ്പോളില്ല. എന്നാൽ, വിദേശ സ്വാധീനവും വിദേശ ഗൂഢാലോചനകളും അവശേഷിക്കുന്നു. ഇതൊരു യുദ്ധമായതു കൊണ്ട് ആളുകൾ പ്രകോപിതരായേക്കും. അഭിലഷണീയമല്ലെങ്കിലും പ്രകോപനപരമായ പ്രസ്താവനകൾ ചെയ്തെന്നിരിക്കും.
"ഭാരതത്തിൽ മുസ്്ലിംകൾക്ക് ഭയപ്പെടാനൊന്നും ഇല്ല. അവർക്ക് അവരുടെ വിശ്വാസത്തിൽ തുടരണമെങ്കിൽ അതാവാം. അതല്ല, മുൻഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതുമാകാം. ഇസ്്ലാമിന് ഒന്നും പേടിക്കാനില്ല. എല്ലാം അവരുടെ ഇഷ്ടമാണ്. എന്നാൽ, തങ്ങളുടേത് ഉന്നത വംശമാണെന്നും ഈ രാജ്യം ഒരു കാലത്ത് തങ്ങളുടെ ഭരണത്തിലായി വന്നെന്നും വീണ്ടും ഭരിക്കാൻ കഴിയുമെന്നുമുള്ള ചിന്ത അവർ ഒഴിവാക്കണം. തങ്ങളുടെ പാത മാത്രമാണ് ശരിയെന്നും ബാക്കിയുള്ളവരുടേതെല്ലാം തെറ്റാണെന്നുമുള്ള വിചാരം നിർത്തണം. ഇന്ത്യയിൽ ഹിന്ദുക്കളോ മുസ്ലിമീങ്ങളോ കമ്യൂണിസ്റ്റുകാരോ ആരായിക്കൊള്ളട്ടെ എല്ലാവരും അത്തരം ചിന്ത അവസാനിപ്പിക്കണം.''
ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് സംഘ് പരിവാർ ജിഹ്വകളായ ഓർഗനൈസറിനും പാഞ്ചജന്യക്കും അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞതിന്റെ ചുരുക്കമാണിത് (2023 ജനുവരി 12-ലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്). സ്വാഭാവികമായും ബി.ജെ.പി, സംഘത്തലവന്റെ വീക്ഷണങ്ങളെ സ്വാഗതം ചെയ്തപ്പോൾ കോൺഗ്രസ്, സി.പി.എം തുടങ്ങിയ പാർട്ടികളും അവയുടെ വക്താക്കളും വിമർശിച്ചിട്ടുണ്ട്. മോഹൻ ഭാഗവത് വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. മുസ്ലിംകൾക്ക് ഇന്ത്യയിൽ ജീവിക്കാൻ അനുവാദം തരാൻ മോഹൻ ഭാഗവത് ആരാണെന്നാണ് എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ചോദ്യം. കീഴാളരായാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിംകൾക്ക് കഴിയാനാവൂ എന്ന ഹെഡ്ഗെവാർ, ഗോൾവാൾക്കർ തുടങ്ങിയ ആർ.എസ്.എസ് ബിംബങ്ങളുടെ വർഗീയ എഴുത്തുകൾ ഒന്നുകൂടെ പുതുക്കി പറയുകയാണ് ഭാഗവതെന്ന് ഓർമിപ്പിച്ച സി.പി.എം പോളിറ്റ് ബ്യൂറോ, രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ ദേശഭക്തരായ ജനങ്ങൾ ശബ്ദമുയർത്തേണ്ട സന്ദർഭമാണിതെന്ന് ആഹ്വാനം ചെയ്്തിട്ടുമുണ്ട്.
2024-ൽ നടക്കേണ്ട ലോക്്സഭാ തെരഞ്ഞെടുപ്പും ഇക്കൊല്ലം നടക്കേണ്ട ഒമ്പത് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും മുമ്പിൽ കണ്ട് ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള സംഘ് പരിവാർ പരിപാടിയുടെ ഭാഗമാണ് മോഹൻ ഭാഗവതിന്റെ ഉപര്യുക്ത മുഖാമുഖം എന്ന് പ്രത്യക്ഷത്തിൽ തോന്നാം. ഹിന്ദുത്വ ശക്തികളെ വീണ്ടും അധികാരത്തിലേറ്റാൻ ഭരണത്തിലിരിക്കെ കാഴ്ചവെച്ച വികസന പദ്ധതികളോ, ജനകീയ പ്രശ്നങ്ങളുടെ പരിഹാരമോ, മാധ്യമങ്ങളിലൂടെ ഊതിവീർപ്പിച്ചെടുത്ത മോദിയുടെ പ്രതിഛായയോ ഒന്നും പര്യാപ്തമാവില്ലെന്ന തിരിച്ചറിവായിരിക്കാം വർഗീയ ധ്രുവീകരണത്തിന്റെ വഴി തന്നെ സ്വീകരിക്കാൻ അവരെ നിർബന്ധിക്കുന്നത്. ഒരു വശത്ത് ഇന്ത്യൻ രൂപയുടെ തകർച്ചയും ജനജീവിതത്തെ ദുസ്സഹമാക്കുന്ന വിലക്കയറ്റവും രൂക്ഷതരമായ തൊഴിലില്ലായ്മയും അന്താരാഷ്ട്ര ഏജൻസികൾ പുറത്ത് വിടുന്ന ഭീകര പട്ടിണിക്കണക്കുകളും, അനുസ്യൂതം തുടരുന്ന ന്യൂനപക്ഷ പീഡനങ്ങളും ഇന്ത്യയുടെ പ്രതിഛായ മോശമാക്കിക്കൊണ്ടേ തുടരുന്നു. മറുവശത്ത് അദാനി-അംബാനി-ടാറ്റ പ്രഭൃതികൾക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ കിട്ടിയ വിലയ്ക്ക് പതിച്ചുകൊടുത്തുകൊണ്ടേ പോവുന്നു. ഇതിൽനിന്നൊക്കെ ശ്രദ്ധ തിരിക്കാൻ ഏറ്റവും ഫലപ്രദമായ കുറുക്കുവഴി, തീവ്രഹിന്ദുത്വ വാദഗതികളും പ്രചാരണങ്ങളും പൂർവോപരി ശക്തിയിൽ ആവർത്തിക്കുകയാണ് ഒറ്റമൂലി എന്ന് ഭാഗവതും അനുയായികളും കണക്ക് കൂട്ടുന്നുണ്ടാവാം. സുപ്രീം കോടതി വിധിയിൽ തന്നെ ചൂണ്ടിക്കാട്ടിയ പോലെ അയോധ്യയിൽ ഇല്ലാത്ത രാമക്ഷേത്രത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം നിലനിന്ന മുസ്ലിം ആരാധനാലയം തകർത്തു രാമജന്മഭൂമി വികാരം മതിയാവോളം ഊതിവീർപ്പിച്ച് തദടിസ്ഥാനത്തിൽ ഒന്നിലധികം തവണ തെരഞ്ഞെടുപ്പു വിജയം നേടിയെടുക്കാൻ കഴിഞ്ഞത് വൻ വിജയമായി വരവ്്വെക്കുന്നുമുണ്ടാവാം. പൗരത്വ നിഷേധവും ബുൾഡോസർ രാജും യു.എ.പി.എ പ്രയോഗവും, കൂടുതൽ കൂടുതൽ മസ്ജിദുകളിലെ കൈയേറ്റവും കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കലുമെല്ലാമാണ് രണ്ടാമൂഴത്തിലെ എടുത്തുകാട്ടാവുന്ന നേട്ടങ്ങളെങ്കിൽ മൂന്നാമൂഴത്തിനും സദൃശ പരിപാടികൾ തന്നെ മതി എന്ന് തീരുമാനിച്ചതാവാം.
എന്നാൽ, സൂക്ഷ്മമായ വിലയിരുത്തലിൽ ഇപ്പറഞ്ഞതിലപ്പുറം മാനങ്ങൾ എം.എസ് ഗോൾവാൾക്കറുടെ പദവിയിലിരിക്കുന്ന മോഹൻ ഭാഗവതിന്റെ വചനങ്ങളിൽനിന്ന് വായിച്ചെടുക്കുന്നതാണ് ശരി:
ഒന്ന്, 1925-ലെ വിജയ ദശമി ദിനത്തിൽ പ്രയാണമാരംഭിച്ച രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് 2025-ലെ വിജയ ദശമിയോടെ നൂറ് വർഷം തികയുകയാണ്. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് സംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇപ്പോൾ തന്നെ ഭാരതം ഹിന്ദുരാഷ്ട്രമായിക്കഴിഞ്ഞുവെന്ന് തീവ്രഹിന്ദുത്വരിൽ ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും ആ അവകാശവാദത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കാരണം, താത്ത്വികാചാര്യൻ വിചാരധാരയിൽ രേഖപ്പെടുത്തിയ രാഷ്ട്രസങ്കൽപത്തിൽ മുസ്്ലിംകളോ ക്രിസ്ത്യാനികളോ കമ്യൂണിസ്റ്റുകാരോ ഇല്ല. അവരൊക്കെ വൈദേശിക ചിന്താ ധാരകളിൽ വിശ്വസിക്കുന്നവരാണ്. ജന്മഭൂമിയോട് കൂറ് പുലർത്താൻ അവർക്കാവില്ല. നിലവിലെ ഇന്ത്യൻ ഭരണഘടനയാവട്ടെ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമാണ്. ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യയെ സ്വരാജ്യമായി അംഗീകരിച്ചവരോ ആയ സർവരുടെയും പൗരത്വവും പൗരാവകാശങ്ങളും ഭരണഘടന ഉറപ്പ് നൽകുന്നു. അത് പ്രാബല്യത്തിൽ തുടരുന്നേടത്തോളം കാലം ഒളിഞ്ഞും തെളിഞ്ഞുമുള്ള ലംഘനങ്ങളേ നടക്കൂ; മൗലിക മാറ്റം സാധ്യമല്ല. ഭരണഘടന പ്രകാരം നിലവിൽ വന്ന സ്വതന്ത്ര ജുഡീഷ്യറിയിൽ എത്രതന്നെ നുഴഞ്ഞുകയറാൻ ശ്രമിച്ചാലും ഗുരുതരമായ പരിമിതികളുണ്ട്. അതിനാൽ, നെഹ്റു-അംബേദ്കർ ടീം എഴുതിയുണ്ടാക്കിയ ഭരണഘടനയുടെ അലകും പിടിയും മാറ്റാൻ പാർലമെന്റിന്റെ ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയേ തീരൂ. അതിന് 80 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ പരമാവധി സമാഹരിക്കുകയേ പോംവഴിയുള്ളൂ. അതിനാണ് ആയിരം വർഷത്തെ പോരാട്ടം തുടരുകയാണ് ഹിന്ദു സമൂഹത്തിന്റെ മുക്തിമാർഗം എന്ന് പറഞ്ഞുവെക്കുന്നത്. ശരാശരി ഇന്ത്യക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ സഹസ്രാബ്ദം നീണ്ട പോരാട്ടം ഏതായിരുന്നുവെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രം. ആയിരം സംവത്സരക്കാലത്തെ പരസ്പര പോരാട്ടത്തിൽനിന്ന് മുതലെടുത്താണ് വിദേശ ശക്തികൾ രാജ്യത്തേക്ക് കടന്നുവന്നത് എന്ന സത്യത്തിന്റെ മുന്നിൽ മിഴിച്ചിരിക്കാനല്ലാതെ സംഘ് പരിവാറിന്റെ മുന്നിൽ വേറെ വഴിയില്ല. ഒരിക്കലും മുഗിളർക്കോ ഇംഗ്ലീഷുകാർക്കോ മറ്റു വിദേശീയർക്കോ എതിരെ ഹിന്ദുക്കളുടെ യോജിച്ച പോരാട്ടം ഇന്ത്യാ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. 1857-ലെ ശിപായി ലഹള മാത്രം ഇതിനപവാദമായി അവശേഷിക്കുന്നു. അതാവട്ടെ, ഹിന്ദു-മുസ്ലിം സംയുക്ത ചെറുത്ത്നിൽപുമായിരുന്നു. അല്ലെങ്കിലും ആര്യ-ദ്രാവിഡ യുദ്ധങ്ങളിൽ നിന്നാരംഭിച്ച, ചാതുർവർണ്യത്തിലൂടെ സമൂഹത്തെ വിശ്വാസപരമായിത്തന്നെ വിഭജിച്ചുനിർത്തിയ ഒരു മതത്തിന് അഥവാ സംസ്കാരത്തിന് യോജിച്ച പോരാട്ടം എങ്ങനെ സാധ്യമാവും എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. അടിസ്ഥാന പ്രമാണമായ മനുസ്മൃതി മനുഷ്യരെ പിറവിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചു നിർത്തുന്നു, അതാവട്ടെ സംഘ് പരിവാർ തള്ളിപ്പറഞ്ഞിട്ടുമില്ല. ഏതു തരം ശത്രുക്കളോടാണെങ്കിലും 15 ശതമാനം മാത്രം വരുന്ന ബ്രാഹ്മണരുടെ മേധാവിത്വത്തിന് വേണ്ടി 85 ശതമാനം വരുന്ന അവർണർ ആയുധമെടുക്കണമെന്ന മോഹം പുലരാനുള്ളതല്ല.
രണ്ട്, മുസ്്ലിംകൾ പേടിക്കേണ്ടതില്ല; അവർക്ക് വേണമെങ്കിൽ ഇസ്്ലാമിൽ വിശ്വസിച്ചുകൊണ്ട് തന്നെ ഇന്ത്യയിൽ തുടരാം എന്ന ഭാഗവതിന്റെ സൗമനസ്യത്തെ സംബന്ധിച്ചേടത്തോളം, അത് പറയാൻ താങ്കളാര് എന്ന ഉവൈസിയുടെ ചോദ്യം മാറ്റിനിർത്തിയാൽ തന്നെ ഹിന്ദുരാഷ്ട്രത്തിൽ സമാവകാശമുള്ള പൗരന്മാരായി തുടരാൻ മുസ്്ലിംകളെ അനുവദിക്കുമോ എന്ന ചോദ്യം പ്രസക്തമായി ഉയരുന്നു. ഈ വരുന്ന ഫെബ്രുവരിയിൽ സന്യാസിമാരുടെ ധർമസൻസദ് അവതരിപ്പിക്കാൻ പോവുന്ന ഹിന്ദുരാഷ്ട്ര ഭരണഘടനയിൽ മുസ്്ലിംകൾക്ക് വോട്ടവകാശം നൽകില്ല എന്ന് കാലേക്കൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ മോഹൻ ഭാഗവത് എവിടെ നിൽക്കുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ട്. രണ്ടാംകിട പൗരന്മാരായി സ്വന്തം രാജ്യത്ത് കഴിയാൻ 20 കോടിയിലെ 'പസ്മാന്ദകൾ' സന്നദ്ധരാവുമോ എന്നുമറിയണം. ബാക്കിയുള്ളവരെയൊക്കെ അടച്ചുപൂട്ടാൻ മാത്രം ക്യാമ്പുകൾ രാജ്യത്ത് നിർമിക്കാനാവുമോ എന്നുമുണ്ട് സംശയം. വിദേശീയരായ ശത്രുക്കളോടല്ല ആഭ്യന്തര ശത്രുക്കളോടാണ് ഹിന്ദു സമൂഹത്തിന്റെ യുദ്ധം എന്നു പറയുമ്പോൾ ആചാര്യൻ സൂചിപ്പിച്ച മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരോടായിരിക്കുമല്ലോ യുദ്ധം; പ്രത്യേകിച്ച് എണ്ണത്തിൽ കൂടുതലുള്ള മുസ്ലിം സമൂഹത്തോട്. അതിൽ ആർ.എസ്.എസ് മേധാവി കണ്ടുപിടിച്ച ന്യായം അവർ മേധാവിത്വം ഉന്നംവെക്കുന്നു എന്നുള്ളതാണ്. അവർ മുമ്പത് ചെയ്തു, ഇനി അത് നടപ്പില്ല; തങ്ങളുടേത് മാത്രമാണ് ശരി, മറ്റുള്ളവരുടേതെല്ലാം തെറ്റ് എന്നാണ് മുസ്്ലിംകൾ കരുതുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഏത് ആദർശത്തിൽ വിശ്വസിക്കുന്നവനും അതാണ് പരമമായ ശരി എന്ന ധാരണയുടെ അടിസ്ഥാനത്തിൽ തന്നെയാവും അത്. 'അതും ശരി, ഇതും ശരി, എല്ലാം ശരി' എന്ന് ഭംഗിവാക്ക് പറയാൻ പറ്റും എന്നല്ലാതെ ഏതൊരാളുടെയും ആത്മാർഥമായ വിശ്വാസം തന്നെ സ്വാധീനിച്ച പ്രമാണങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തിൽ ശരിയെന്ന് ബോധ്യപ്പെട്ട കാര്യങ്ങളിലായിരിക്കും. അതിനർഥം മറ്റുള്ളതെല്ലാം തെറ്റ് എന്നല്ല, മറ്റുള്ള വിശ്വാസ സംഹിതകളിലെ ശരി തന്റെ വിശ്വാസ സംഹിതയുടെ ഉരകല്ലിൽ ആയിരിക്കും അയാൾ വിലയിരുത്തുക എന്ന് മാത്രമാണ്. ഹൈന്ദവാചാര്യന്മാരും പുണ്യാത്മാക്കളും പണ്ഡിതന്മാരും ഹൈന്ദവേതര മതങ്ങളെയും ദർശനങ്ങളെയും വിലയിരുത്തുന്നത് അതേ മാനദണ്ഡപ്രകാരം തന്നെയായിരിക്കുമല്ലോ. മുസ്ലിം പടനായകരും രാജാക്കന്മാരുമെല്ലാം ഇന്ത്യയിലേക്ക് കടന്നുവന്നത് ഇസ്്ലാമാണ് സർവോത്കൃഷ്ടം എന്ന് വിശ്വസിച്ചിട്ടോ വാദിച്ചിട്ടോ അല്ല. അധിനിവേശത്തിന് ശേഷവും അവർ തങ്ങളുടെ വിശ്വാസാദർശങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപിച്ച ചരിത്രവുമില്ല. മറിച്ച്, ഹിന്ദുക്കളായ യോദ്ധാക്കളെ വരെ അണിനിരത്തി മുസ്്ലിം പേരുള്ള രാജാക്കന്മാരോട് യുദ്ധം ചെയ്തതാണ് അവരിൽ പലരുടെയും ചരിത്രം. ഹിന്ദു നാടുവാഴികളും പരസ്പരം പോരാടിയതും മായ്ക്കാനാവാത്ത ഭൂതകാലം. ഏറെ ആഘോഷിക്കപ്പെടുന്ന ഛത്രപതി ശിവജിയും മുഗൾ ഭരണാധികാരി ഔറംഗസീബും തമ്മിൽ നടന്ന യുദ്ധങ്ങളും മതത്തിന്റെ പേരിലായിരുന്നില്ല.
മൂന്ന്, ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര നിർമിതിക്കെതിരെ മുസ്ലിംരാഷ്ട്ര നിർമിതിക്കായി പണിയെടുക്കുന്ന ഒരു കൂട്ടായ്മയും രാജ്യത്തില്ല. നഷ്ടപ്പെട്ട സാമ്രാജ്യത്തിന്റെ പേരിൽ കണ്ണീർ വാർക്കുന്നവരെയും ഇനി കണ്ടെത്തിയിട്ട് വേണം. നിലവിലെ ഭരണഘടന അനുശാസിക്കുന്ന തുല്യാവകാശങ്ങൾക്കു വേണ്ടിയും ഉന്മൂലന നടപടികൾക്കെതിരെയുമാണ് മുസ്്ലിം സമൂഹം ശബ്ദമുയർത്തുന്നത്. അതു പോലും പൊറുക്കാനാവാത്തവരുടെ തീവ്രവികാരമാണ് ആർ.എസ്.എസ് മേധാവിയുടെ നാവിലൂടെ പുറത്തു വന്നത്. l
Comments