നജാത്തുല്ലാ സിദ്ദീഖി ബദൽ സാമ്പത്തിക ശാസ്ത്രത്തിനൊരു കൈയൊപ്പ്
ബദൽ സാമ്പത്തിക ശാസ്ത്രത്തിന് നിസ്തുലമായ സംഭാവനകളർപ്പിച്ച് ഈ അടുത്ത കാലത്ത് ലോകത്തോട് വിട പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡോ. മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി. ഒരു പണ്ഡിതന്റെ സംഭാവനകൾ മഹത്തരമാകുന്നത് താനുൾപ്പെട്ട പഠനശാഖയിലെ സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരവും ബദൽ മാതൃകകളും അവതരിപ്പിക്കുമ്പോഴാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾക്ക് പരിഹാരവും ബദലും പലിശ രഹിത സാമ്പത്തിക വ്യവസ്ഥയിലൂടെ മുന്നോട്ടു വച്ച മഹാനാണ് നജാത്തുല്ലാ സിദ്ദീഖി. അതുകൊണ്ടു തന്നെ ഒരു ബദൽ സാമ്പത്തിക ശാസ്ത്രജ്ഞനായി അദ്ദേഹത്തെ അറിയാൻ ശ്രമിക്കണം.
ഉൽപാദനവും വിതരണവും കൈമാറ്റവും ഉപഭോഗവുമെല്ലാം കമ്പോളത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന മുഖ്യധാരാ യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രം (Orthodox Economics) ആഗോള സാമ്പത്തിക വ്യവസ്ഥ കൈയടക്കിയിട്ട് നൂറ്റാണ്ടുകളായി. കൃത്യമായ വിവരങ്ങളുടെയും വിലനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ സാമ്പത്തിക ക്രയവിക്രയങ്ങളും കമ്പോളവും സ്ഥിരതയിലും സന്തുലിതാവസ്ഥയിലുമാണെന്ന മിഥ്യാധാരണയിലാണ് യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രം നിലനിൽക്കുന്നത്. ആവശ്യത്തിനനുസരിച്ച് ചരക്കുകളും മൂലധനവും മനുഷ്യവിഭവശേഷിയുമൊക്കെ വിതരണം ചെയ്യപ്പെടാൻ വിലയും പലിശയുമൊക്കെ ഉപകാരണങ്ങളാവുന്നു. എന്നാൽ, 1930-ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതൽ 2008- ലെ ആഗോള സാമ്പത്തിക മാന്ദ്യം വരെ അടിക്കടിയുണ്ടാകുന്ന പ്രതിസന്ധികൾ പരമ്പരാഗത ആശയങ്ങളിലെ പരിമിതികൾ തെളിച്ചുകാട്ടുന്നു. അതിനാൽ തന്നെ യാഥാസ്ഥിതിക വിരുദ്ധമായ (Heterodox) വലിയ ഒരു നിര തന്നെ ബദൽ സാമ്പത്തിക ശാസ്ത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിന്റെ ഭാഗമായി കേവലം കമ്പോളത്തിന്റെയോ സന്തുലിതത്വത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ വൈവിധ്യവും വ്യത്യസ്തവുമായ ആശയധാരകളും രീതിശാസ്ത്രവും (Methodology) ലോകത്ത് ഇതിനോടകം വികാസം പ്രാപിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് മാർക്സിയൻ ഇക്കണോമിക്‌സ്, കെയ്‌നീഷ്യൻ ഇക്കണോമിക്‌സ്, ബിഹേവിയറൽ ഇക്കണോമിക്‌സ്, ജെൻഡർ ഇക്കണോമിക്‌സ്, ഇൻസ്റ്റിറ്റ്യൂഷനൽ ഇക്കണോമിക്‌സ്, ഇസ്്ലാമിക് ഇക്കണോമിക്‌സ്, ന്യൂറോ ഇക്കണോമിക്‌സ് തുടങ്ങിയവ. ഇത്തരത്തിൽ ഉടലെടുത്ത ബദൽ ധാരകളിൽ കമ്പോളത്തിനും കമ്പോളേതര ഘടകങ്ങൾക്കുമാണ് പ്രാധാന്യം.
മൂലധനത്തിന്റെ അപര്യാപ്തതയും അനുയോജ്യമായ നിക്ഷേപ സാധ്യതകളുടെ അഭാവവും മതപരമായ വിശ്വാസവും കാരണം സാമ്പത്തിക പ്രക്രിയകളിൽ ആഴത്തിൽ വ്യാപൃതരാവാതെയും വളർച്ച പ്രാപിക്കാതെയും വലിയ ഒരു വിഭാഗം ജനത ഈ ലോകത്തുണ്ട്. ക്രയവിക്രയങ്ങൾക്ക് പലിശയെ പ്രതിഫലമായി നിശ്ചയിക്കുന്നതിനാലാണ് ഇത്തരം തടസ്സങ്ങൾ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത്. ഇത് സുസ്ഥിര വികസന സങ്കൽപങ്ങൾക്ക് എതിരായിത്തീരുന്നു. ഒരേ സമയം വലിയ ഒരു വിഭാഗത്തെ സാമ്പത്തികമായി പുറന്തള്ളുന്നതോടൊപ്പം (Financial Exclusion) ബാക്കി വരുന്ന വിഭാഗത്തിന്റെ സജീവ സാമ്പത്തിക പ്രവർത്തന (Financial Deepening) ങ്ങൾക്ക് പലിശ വിഘാതമാവുന്നുണ്ടെന്ന് ഇന്ത്യയിലടക്കം നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.
ഇത്തരത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരമായി ആധുനിക സാമ്പത്തിക ശാസ്ത്രത്തെ ഉപയോഗിച്ചു തന്നെ പലിശരഹിത സംവിധാനങ്ങൾ രൂപപ്പെടുത്തി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ഡോ. നജാത്തുല്ലാ സിദ്ദീഖി ഒരു Heterodox Economist ഉം, ബദലായി രൂപപ്പെട്ട ഇസ്‌ലാമിക് ഫൈനാൻസ് ഒരു Heterodox Economics ശാഖയും ആണ്. ഒരു ശിൽപിയെ പോലെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന് കൃത്യമായ രൂപഭാവങ്ങൾ കൊത്തിയെടുത്തു അദ്ദേഹം. പലിശയ്ക്ക് പകരം അദ്ദേഹം അവതരിപ്പിച്ച സുപ്രധാന ബദൽ ആണ് പങ്കാളിത്ത ഫൈനാൻസിങ്ങ് (Participatory Financing). 'Banking without Interest' എന്ന തന്റെ പ്രസിദ്ധ കൃതിയിലൂടെ 'പലിശ' എന്ന പ്രതിഫലത്തിനു പകരം ലാഭ-നഷ്ട പങ്കാളിത്തത്തിലൂന്നിക്കൊണ്ട് കേന്ദ്ര ബാങ്കുകൾക്കും വാണിജ്യ ബാങ്കുകൾക്കും അനായാസം പ്രവർത്തിക്കാവുന്ന മാതൃകകൾ അദ്ദേഹം അവതരിപ്പിച്ചു.
നീതിയിലും സമത്വത്തിലുമൂന്നിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഒരു ബദൽ ആണ് പങ്കാളിത്ത ഫൈനാൻസിങ്. ഒരു വ്യക്തി അല്ലെങ്കിൽ ധനകാര്യ സ്ഥാപനം (Fund Supplier) തങ്ങളുടെ ഫണ്ട് നൽകുമ്പോൾ അതിന്റെ ഉപയോക്താവിൽ (Fund User) മാത്രം റിസ്ക് കേന്ദ്രീകരിക്കുന്ന നീതിയുക്തമല്ലാത്ത പരമ്പരാഗത രീതികൾക്ക് പകരം ഉപയോക്താവിനും ദാതാവിനും റിസ്കിൽ പങ്കാളിത്തം നിശ്‌ചയിച്ചു കൊണ്ട് നീതിയുക്തമായ മാതൃകയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഇത് ഒരേ സമയം ക്ഷേമവും ഉൽപാദനക്ഷമതയും വർധിക്കാൻ സഹായകമാണെന്നും മനുഷ്യന്റെ ജീവിത പ്രകൃതവുമായി ഇണങ്ങുന്നതും പരസ്പര സഹകരണത്തിന് പ്രാധാന്യം നല്കുന്നതുമാണെന്നും നജാത്തുല്ലാ സിദ്ദീഖി സമർഥിക്കുന്നു. പലിശാധിഷ്ഠിത നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തോതിലാണെങ്കിലും തള്ളിക്കളയാനാവാത്തതും, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നിക്ഷേപങ്ങളായതിനാൽ തന്നെ ദൂരവ്യാപകമായതുമായ ഫലസാധ്യതയാണ് പങ്കാളിത്ത ഫൈനാൻസിങ്ങിന്. ലാഭത്തിന്റെ തോത് പരിശോധിക്കുമ്പോൾ ചെറുതെന്ന് തോന്നാമെങ്കിലും ദീർഘകാല അവലോകനത്തിൽ ലാഭസാധ്യതയും സാമൂഹിക പ്രഭാവവും ഇത്തരത്തിലുള്ള നിക്ഷേപങ്ങൾക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മുദാറബ, മുശാറക, ഡിമിനിഷിങ് മുശാറക തുടങ്ങിയ ക്രിയാത്മകമായ പ്രവർത്തന രീതികളും അതിന്റെ പ്രാധാന്യവും പ്രായോഗികതയും അദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി. അവ ഇന്ത്യയിലടക്കം നടപ്പിൽ വരുത്താനായി കോ-ഓപ്പറേറ്റീവ് ബാങ്കിങ്, മൈക്രോ ഫൈനാൻസിങ്, സുകൂക് (Islamic Bonds) തുടങ്ങിയ മാതൃകകൾ ഉപയോഗപ്പെടുത്തി. ബിസിനസ് സംരംഭകത്വവും സ്ത്രീ ശാക്തീകരണവും സാമ്പത്തിക ഉൾച്ചേർക്കലും ശക്തിപ്പെടുത്തുന്ന ഇത്തരം സംവിധാനങ്ങൾ നമ്മുടെ രാജ്യത്തും പരീക്ഷിച്ച് വിജയം നേടിയ മാതൃകകളാണ്.
പഠനാന്വേഷണങ്ങളുമായി തന്റെ അടുക്കൽ എത്തുന്നവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകാൻ ജീവിതാവസാനം വരെ അദ്ദേഹം ഉത്സുകനായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ആകൃഷ്ടയായതിനാൽ, ബദൽ വിഭവ സമാഹരണത്തിലും എൻ.ആർ.ഐ നിക്ഷേപ സാധ്യതയിലും പലിശരഹിത പങ്കാളിത്ത ഫൈനാൻസിങ്ങിന്റെ പങ്കിനെ സംബന്ധിച്ചതായിരുന്നു എന്റെ പി.എച്ച്.ഡി പഠനം. തെക്കേ ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്ന മാതൃകകളുടെ വിഭവ സമാഹരണ- വായ്‌പാ- നിക്ഷേപ രീതികളും സാധ്യതകളും പഠന വിധേയമാക്കി. പഠനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇന്ത്യൻ സെന്റർ ഫോർ ഇസ്‌ലാമിക് ഫിനാൻസ്, അലീഗഢ്, ജാമിഅ മില്ലിയ്യ, ജെ. എൻ. യു ലൈബ്രറികളും പ്രഗത്ഭ പ്രഫസർമാരെയും സന്ദർശിച്ച കൂട്ടത്തിൽ ഡോ. മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖിയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചു. ഗവേഷണ കാലയളവിൽ ലഭിച്ച നിരവധി അവസരങ്ങളിൽ അമൂല്യമായ ഒന്നായിരുന്നു ആ കൂടിക്കാഴ്ച. സിനോപ്സിസ് പരിശോധിച്ച് ആവശ്യമായ നിർദേശങ്ങളും തിരുത്തലുകളും ആശീർവാദങ്ങളും നൽകി അദ്ദേഹം. കിംഗ് ഫൈസൽ അവാർഡിനെക്കുറിച്ച് ആരാഞ്ഞപ്പോൾ തനിക്ക് അവാർഡ് കാണണോ എന്ന് ചോദിച്ച് പത്നിയെ വിളിച്ച് പതക്കം എടുപ്പിച്ച് കൈയിൽ തന്നു. വലിയ ഒരു അക്കാദമിക പിൻബലമുള്ള അദ്ദേഹത്തിനുള്ളിലെ എളിയ മനുഷ്യനെ അനുഭവിച്ചറിഞ്ഞു.
തെക്കേ ഇന്ത്യയിൽ, വിശിഷ്യാ കേരളത്തിൽ തന്നെ ചെറിയ തോതിലാണെങ്കിലും പരമ്പരാഗത ബാങ്കിംഗ്-ഫൈനാൻസിംഗ് നിയമങ്ങൾക്കനുസൃതമായി നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി, പബ്ലിക് ലിമിറ്റഡ് കമ്പനി, മൈക്രോ ഫൈനാൻസ് മാതൃകകളിൽ പങ്കാളിത്ത ഫൈനാൻസിംഗ് സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ മുദാറബ, മുശാറക, ഡിമിനിഷിംഗ് മുശാറക, ഇതിന്റെയൊക്കെ മിശ്രിത ഉൽപന്നങ്ങൾ തുടങ്ങിയവയൊക്കെ പങ്കാളിത്താടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തിപ്പോരുന്നു. പഠനത്തിന്റെ ഭാഗമായുള്ള എൻ.ആർ.ഐ സർവേയിൽ ഭൂരിഭാഗവും പലിശാധിഷ്ഠിത മുഖ്യധാരാ സംവിധാനങ്ങളിൽ വിമുഖത കാണിക്കുന്നതിന്റെ കാരണങ്ങളും പലിശരഹിത പങ്കാളിത്ത ഫൈനാൻസിംഗിലുള്ള തങ്ങളുടെ നിക്ഷേപ താൽപര്യങ്ങളും മുൻഗണനകളും വെളിപ്പെടുത്തുകയുണ്ടായി. കേവലം പണമിടപാടുകൾക്കും വ്യവഹാരങ്ങൾക്കുമല്ലാതെ പലിശാധിഷ്ഠിത ബാങ്കിങ് സംവിധാനങ്ങൾ ആഴത്തിൽ ഉപയോഗപ്പെടുത്തുന്നവർ വിരളമായിരുന്നു. മതപരമായ കാരണങ്ങളാൽ പലിശയെ ഉപയോഗപ്പെടുത്തുന്നതിൽ വിട്ടുനിൽക്കുന്നവരാണ് നല്ലൊരു പങ്കും. ഈ കണ്ടെത്തലുകൾ ഒരു ബദൽ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഡോ. നജാത്തുല്ലാ സിദ്ദീഖിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളും പ്രവചനങ്ങളും ശരിയായിരുന്നെന്ന് തെളിയിക്കുന്നു. പലിശരഹിത ബാങ്കിംഗിന്റെ വാതായനങ്ങൾ തുറന്നാൽ പ്രതിസന്ധികൾ നേരിടുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ രക്ഷിച്ചെടുക്കാൻ സാധിക്കും. അതിനാലാണ് ഒരു പലിശരഹിത ബാങ്ക് പോലും നിലവിലില്ലാത്ത കാലം മുതൽ ഇതിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ഡോ. സിദ്ദീഖി ലോകത്തോട് വിളിച്ച് പറഞ്ഞത്. l
കാസർകോട് ഇ.കെ.എൻ.എം ഗവ. കോളേജിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക.
Comments