ഫാഷിസ്റ്റ് കാലത്ത് മൗദൂദിയുടെ രാഷ്ട്രീയ ചിന്തകളുടെ പുനഃസന്ദര്‍ശനം -3- പതനാനന്തര സംഭവങ്ങള്‍ മൗദൂദിയുടെ വിലയിരുത്തല്‍
പാകിസ്താന്‍ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ മരണത്തിന്റെ രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യന്‍ സേനയുടെ 'പോളോ ഓപറേഷന്‍' ആരംഭിക്കുന്നത്. ഈ രണ്ട് സംഭവങ്ങളും പരാമര്‍ശിച്ചുകൊണ്ട് സ്വന്തം മാസികയായ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ മൗദൂദി എഴുതിയ ദീര്‍ഘമായ മുഖപ്രസംഗത്തിലെ ഹൈദറാബാദ് പതനത്തെ സംബന്ധിച്ച ചില ഭാഗങ്ങളാണ് ചുവടെ:
'ദേശീയ ജീവിതത്തിലെ രണ്ടാമത്തെ വലിയ സംഭവം ഹൈദറാബാദിന്റെ പതനമാണ്. സംഭവത്തില്‍ ഇന്ത്യന്‍ യൂനിയനും ഇന്ത്യന്‍ നേതാക്കളും വഹിച്ച പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതു കൊണ്ട് നമുക്ക് വിശേഷിച്ച് പ്രയോജനമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. തങ്ങളുടെ രാജ്യം എങ്ങോട്ടേക്കാണ് പോകുന്നതെന്നും എവിടെയാണ് എത്തുകയെന്നും ചിന്തിക്കേണ്ടത് ഇന്ത്യയില്‍ ഇപ്പോഴും അവശേഷിച്ചിട്ടുള്ള വിവേകമതികളുടെ ബാധ്യതയത്രെ. മുസ്്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ് ഇവിടെ നമ്മുടെ ചര്‍ച്ച.
'ഏതാനും ലക്ഷം ഇന്ത്യന്‍ മുസ്ലിംകള്‍ ഹൈദറാബാദില്‍ കുടിയേറിയ ശേഷം മുസ്്‌ലിം ജനസംഖ്യ നാല്‍പത് ലക്ഷത്തോടടുത്തായിരുന്നു. ഈ നാല്‍പത് ലക്ഷം ഒരു കോടിയിലേറെ വരുന്ന അമുസ്്‌ലിംകള്‍ക്ക് നടുവിലാണ് സംസ്ഥാനത്ത് ജീവിച്ചിരുന്നത്. അവരുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് മാത്രമായിരുന്നുവെന്നര്‍ഥം. ഈ സംസ്ഥാനമാകട്ടെ നാല് ഭാഗത്ത് നിന്നും മറ്റൊരു രാജ്യത്താല്‍ വലയിതമായിരുന്നു. 30 കോടിയിലേറെ ജനസംഖ്യയുള്ള ആ രാജ്യം അമുസ്്‌ലിംകളാണ് ഭരിക്കുന്നത്. തന്റെ മുഴുവന്‍ രാജ്യത്തെക്കാള്‍ സ്വന്തം സിംഹാസനത്തോടും കുടുംബത്തോടും തല്‍പരരായ ഒരു വിഭാഗമായിരുന്നു ഹൈദറാബാദിന്റെ ഭരണാധികാരികള്‍. സൈന്യത്തിലും പോലീസിലും ഭരണവകുപ്പിലും മുസ്്‌ലിംകള്‍ക്ക് മേധാവിത്വമുണ്ടായിരുന്നെങ്കിലും നിസാം ഭരണകൂടം അമുസ്ലിം ഘടകങ്ങളില്‍നിന്ന് തീര്‍ത്തും മുക്തമായിരുന്നില്ല. ഉപഭൂഖണ്ഡം വിഭജിക്കപ്പെടുംവരെ സംസ്ഥാനം ബ്രിട്ടീഷ് മേധാവിത്വത്തിനു കീഴിലായിരുന്നു. വിഭജനത്തോടെ ഹൈദറാബാദ് പൂര്‍ണമായും ഇന്ത്യന്‍ യൂനിയനാല്‍ വലയിതമായി. പുറത്ത് നിന്ന് ഒരു സഹായവും അവിടെയെത്താന്‍ സാധ്യതയില്ലായിരുന്നു. ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഏതാനും മാസങ്ങള്‍ക്കകം സ്വന്തം സൈനിക ശക്തി വര്‍ധിപ്പിക്കാനും അതിന് സാധ്യമായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഹൈദറാബാദിന്റെ രക്ഷക്കെത്താന്‍ പാകിസ്താന്നും സാധ്യമല്ലായിരുന്നു.' ഇതായിരുന്നു ഹൈദറാബാദിലെ യഥാര്‍ഥ അവസ്ഥ. പോരാട്ടത്തിനും പ്രതിരോധത്തിനും യുദ്ധത്തിനും പകരം, സമ്പൂര്‍ണ നാശത്തില്‍നിന്ന് തങ്ങളെ രക്ഷിക്കുന്ന ഒരു മാര്‍ഗം തെരഞ്ഞെടുക്കുക എന്നതായിരുന്നു ഹൈദറാബാദ് മുസ്്‌ലിംകളെ സംബന്ധിച്ചേടത്തോളം ഏറ്റവും വിവേകപൂര്‍വമായ നടപടി. പക്ഷേ, അങ്ങനെ ചിന്തിച്ചവരെയൊക്കെ തങ്ങളുടെ ശത്രുക്കളായാണ് അവര്‍ കരുതിയത്. അടിസ്ഥാനരഹിതവും വ്യാജവുമായ പ്രതീക്ഷകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി അന്ധമായ വികാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുന്നവരെയാണ് അവര്‍ നേതാക്കളായി സ്വീകരിച്ചത്. ദല്‍ഹിയിലെ ചെങ്കോട്ടക്ക് മുകളില്‍ ആസിഫ് ജാഹി പതാക പാറിപ്പറക്കുമെന്ന് പറഞ്ഞുകൊണ്ട് ഈ നേതാക്കള്‍ അവരെ മോഹിപ്പിച്ചു. ഇങ്ങനെയൊരു ഉന്മാദത്തിലായിരുന്നു നാല്‍പത് ലക്ഷം വരുന്ന ഒരു ജനതയത്രയും.
'ഹൈദറാബാദിലെ മുസ്്‌ലിം ജനതയുടെ അവസ്ഥ ഇതായിരുന്നെങ്കില്‍ പാക് മുസ്്‌ലിംകളുടെ അവസ്ഥയും ഇതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിട്ടുണ്ടാകാമെങ്കിലും മുഴുവന്‍ രാജ്യത്തിന്റെയും വൈകാരികാവസ്ഥ ഒന്നു തന്നെയായിരുന്നു. ഇവിടെ നമ്മുടെ ദിനപത്രങ്ങളും ഹൈദറാബാദികളെ ലഹരിയിലാഴ്ത്തിയ അതേ ഉന്മാദ പ്രസംഗങ്ങള്‍ ബാനര്‍ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുകയായിരുന്നു. ഹൈദറാബാദിന്റെ കരുത്ത് അനുദിനം വര്‍ധിച്ചുവരികയാണെന്ന അതിശയോക്തി കലര്‍ന്ന നാനാതരം കഥകള്‍ ഉല്‍പാദിപ്പിച്ചു ബഹുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഹൈദറാബാദിന് വന്‍ വ്യോമശക്തിയുണ്ടെന്ന് ചിലപ്പോള്‍ ഈ പത്രങ്ങള്‍ നമ്മോട് പറഞ്ഞു. മറ്റു ചിലപ്പോള്‍ ഹൈദറാബാദ് ഗോവ കീഴടക്കിക്കഴിഞ്ഞുവെന്ന് പറഞ്ഞു. ഇനിയും ചിലപ്പോള്‍ ഫ്രാന്‍സിന്റെ കീഴിലുള്ള ഒരു ദ്വീപ് പിടിച്ചടക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഹൈദറാബാദിന്റെ സൈനിക ശക്തിയെയും ആയുധക്കോപ്പുകളെയും കുറിച്ചുള്ള അടിസ്ഥാന രഹിതമായ കഥകള്‍ പ്രസിദ്ധീകരിച്ചു. മുസ്്‌ലിം ലോകത്തിന്റെ മുക്കുമൂലകളില്‍നിന്ന് ഹൈദറാബാദിലേക്കുള്ള സഹായം ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു മറ്റു ചിലപ്പോള്‍ പ്രചാരണങ്ങള്‍. ഇത്തരം വര്‍ത്തമാനങ്ങള്‍ കാരണം സാധാരണക്കാര്‍ മാത്രമല്ല, വായനാശീലമുള്ളവരും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുമായ ആളുകള്‍ പോലും വ്യര്‍ഥമായ പ്രതീക്ഷകളുടെ കോട്ടകള്‍ കെട്ടി. ഹൈദറാബാദ് കീഴടങ്ങിയ ആ സായാഹ്നം വരെയും പള്ളികളിലെ വെള്ളിയാഴ്ച പ്രസംഗങ്ങളില്‍ യുദ്ധതരംഗങ്ങള്‍ അനുകൂലമായ വഴിത്തിരിവിലാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വൈകാതെ കാണാമെന്നും രാജ്യത്തിന് ഉറപ്പുനല്‍കുകയായിരുന്നു. പക്ഷേ, തിക്തമായ യാഥാര്‍ഥ്യത്തിന്റെ പ്രഹരമേറ്റതോടെ ഒരു വര്‍ഷമായി അവര്‍ കെട്ടിപ്പൊക്കിക്കൊണ്ടിരുന്ന കോട്ടകളത്രയും തകര്‍ന്നു തരിപ്പണമായി. ഇത് സൃഷ്ടിച്ച മനഃശാസ്ത്രപരമായ ആഘാതം ആര്‍ക്കും അജ്ഞാതമല്ല.
'ഹൈദറാബാദില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭാവനയില്‍ കാണുന്ന മാത്രയില്‍ ഓരോ മുസ്്‌ലിം ഹൃദയവും തപിച്ചുകൊണ്ടിരിക്കുകയാണ്. ഏഴെട്ടു നൂറ്റാണ്ടുകള്‍ മുസ്ലിം ആധിപത്യം നിലനിന്നിരുന്ന അവിടെ ഇന്നവര്‍ പരാജിതരാവുക മാത്രമല്ല, നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. വിശാലമായ ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ മുസ്്‌ലിംകള്‍ അന്തസ്സോടെ നടന്നിരുന്ന ആ കൊച്ചു നാട് ഇന്ന് ഇല്ലാതായിരിക്കുന്നു. മുസ്്‌ലിംകള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ആ ഹൈദറാബാദില്‍ കഷ്ടമെന്ന് പറയട്ടെ സര്‍വത്ര നിരാശയാണ് കാണപ്പെടുന്നത്. അവിടത്തെ അന്തസ്സുറ്റ ജനത അപമാനിതരായിരിക്കുന്നു. അവിടത്തെ യൗവനസൂനം കശക്കിയെറിയപ്പെട്ടിരിക്കുന്നു. അത്രയും ശോചനീയമായൊരു അവസ്ഥയിലേക്ക് ഇന്ത്യന്‍ മുസ്്ലിംകള്‍ തള്ളപ്പെടാനില്ലാത്തവിധം ഹൈദറാബാദിന്റെ ശക്തി തകര്‍ക്കപ്പെട്ടിരിക്കുന്നു.
'നമ്മുടെ സഹോദരന്മാരുടെ ഈ ഹതവിധിയെക്കുറിച്ച നമ്മുടെ സങ്കടത്തിന് നാം ന്യായീകരണം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ യൂനിയന്റെ വിശ്വാസവഞ്ചനയെക്കുറിച്ച നമ്മുടെ രോഷവും ബ്രിട്ടീഷുകാരുടെ ചതിയെക്കുറിച്ച പരാതിയും ശരിയായിരുന്നുവെന്ന് ന്യായീകരിക്കപ്പെടുകയാണ്. നിസാമിന്റെ സ്വാര്‍ഥതയെക്കുറിച്ച നമ്മുടെ രോഷവും തഥൈവ. എന്നാല്‍, നിരന്തരമായ ദുരന്തങ്ങളിലേക്ക് നയിക്കുന്ന നമ്മുടെ വീഴ്ചകള്‍ അപഗ്രഥിക്കാത്ത കാലത്തോളം ഇത്തരം ചതിക്കുഴികളില്‍നിന്ന് ഒരിക്കലും നമുക്ക് മോചനമുണ്ടാവുകയില്ല... അബദ്ധങ്ങളില്‍നിന്ന് പാഠം പഠിക്കാനും നിവാരണ നടപടികള്‍ക്കായി സ്വയം പ്രേരിതരായി മുന്നോട്ടുവരാനും ഇനിയും സമയമുണ്ട്. നാം ശരിയായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഹൈദറാബാദില്‍ ചിന്തപ്പെട്ട രക്തം വെറുതെയാവുകയില്ല. എന്നാല്‍, ഹൈദറാബാദിന്റെ പതനം നടന്നതും, ഈ മഹാദുരന്തത്തിന്റെ കുറ്റം നമ്മുടേതൊഴിച്ച് മറ്റെല്ലാറ്റിലും ചാര്‍ത്തിക്കൊണ്ട് നാം അതിനെ യുക്തിവത്കരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഖേദകരം. മറ്റൊരു ഭാഷയില്‍, നാം ചെയ്തുകൊണ്ടിരുന്നതൊക്കെ ശരിയും, ഇന്നിന്നവരുടെ ചതിയും വിശ്വാസവഞ്ചനയുമൊക്കെയായിരുന്നു ഈ ദുരന്തത്തിന് കാരണമെന്നും പറഞ്ഞു സ്വയം തൃപ്തരാകാനാണ് നാം ആഗ്രഹിക്കുന്നത്. നമ്മുടെ സ്വന്തം വീഴ്ചകള്‍ മറക്കാനായി ഓരോ ആഘാതത്തിന് ശേഷവും നാം വിഴുങ്ങുന്ന അവീന്‍ ഗുളികകള്‍ മാത്രമാണിവ.''4
ഇന്ത്യന്‍ സൈനികാധിനിവേശത്തിന്റെ ശാരീരിക മുറിവുകളും മുസ്്‌ലിം കൂട്ടക്കുരുതിയുടെ അനന്തരാഘാതങ്ങളും ഏതാനും വര്‍ഷങ്ങള്‍ക്കകം ഉണങ്ങിയെങ്കിലും മാനസിക മുറിവുകള്‍ ഉണങ്ങാന്‍ പിന്നെയും അര നൂറ്റാണ്ടോളം സമയമെടുത്തു എന്നാണ് ഉമര്‍ ഖാലിദി എഴുതുന്നത്. ഹൈദറാബാദ് സംഭവങ്ങളെക്കുറിച്ചുള്ള മൗദൂദിയുടെ വിശകലനത്തെ ഉമര്‍ ഖാലിദി വിലയിരുത്തുന്നത് ഇങ്ങനെയാണ്:
''ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതഘട്ടത്തില്‍ ഹൈദറാബാദില്‍ നിലവിലുണ്ടായിരുന്ന അവസ്ഥയെ സംബന്ധിച്ച മൗലാനാ മൗദൂദിയുടെ വികാരമുക്തമായ അപഗ്രഥനവും ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുക എന്ന ആശയത്തിന് അദ്ദേഹം നല്‍കിയ പിന്തുണയും ചിലരെയെങ്കിലും വിസ്മയിപ്പിച്ചേക്കാം. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്്‌ലിം പ്രതിസന്ധിയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ച് ശ്രദ്ധാപൂര്‍വം പഠിക്കുകയും ഹൈദറാബാദിലെ മജ്‌ലിസിന്റെയും ഇന്ത്യയിലെ മുസ്്‌ലിം ലീഗിന്റെയും സമീപനവുമായി തുലനം ചെയ്യുകയുമാണെങ്കില്‍ അദ്ദേഹത്തിന്റെ സമീപനം സുവ്യക്തവും യുക്തിയുക്തവും വികാരമുക്തവുമാണെന്ന് മനസ്സിലാകും. സായുധ സംഘട്ടനത്തിനു പകരം ഇന്ത്യാ ഗവണ്‍മെന്റും കോണ്‍ഗ്രസ്സുമായി അുരഞ്ജനത്തിലെത്തുക എന്നതായിരുന്നു ഹൈദറാബാദ് മുസ്്‌ലിംകളോടുള്ള മൗലാനായുടെ ഉപദേശം. സമൂഹത്തിന്റെ മാറ്റത്തെ സംബന്ധിച്ച പൊതു സമീപനത്തിന്റെ ഭാഗം തന്നെയായിരുന്നു ഹൈദറാബാദ് വിഷയകമായ അദ്ദേഹത്തിന്റെ വീക്ഷണവും-ഹിംസാത്മകമായ വിപ്ലവമുന്നേറ്റത്തിന് പകരം പ്രബോധനത്തിലൂടെയും പ്രായോഗിക മാതൃകകളിലൂടെയുമുള്ള ക്രമപ്രവൃദ്ധമായ രൂപാന്തരീകരണം. ഹൈദറാബാദിലെ ഹിന്ദു ഭൂരിപക്ഷത്തിന്റെ ജനാധിപത്യപരമായ ആഗ്രഹങ്ങളെ മാനിക്കാന്‍ മുസ്്‌ലിംകള്‍ക്ക് മൗലാന നല്‍കിയ ഉപദേശമാണ് ഏറ്റവും സുപ്രധാനം.''5 l
(അവസാനിച്ചു)
കുറിപ്പ്
4. തര്‍ജുമാനുല്‍ ഖുര്‍ആന്‍, ഇശാറാത്ത് പേജ് 44-48. Quoted by Omer Khalidi, Between Muslim Nationalists and National Muslims pp 56-59.
5. ഉമര്‍ ഖാലിദി, അതേ പുസ്തകം, പേജ് 61.
Comments