ഡയലോഗ് വിപുലപ്പെടുത്തണം
മൊറോക്കോയിലെ ഏറ്റവും വലിയ ഇസ്ലാമിക കൂട്ടായ്മയായ ജമാഅത്തുൽ അദ്ൽ വൽ ഇഹ്സാനിന്റെ സ്ഥാപക നേതാവ് ശൈഖ് അബ്ദുസ്സലാം യാസീൻ ജീവിതാന്ത്യം വരെ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു. മൊറോക്കോയുടെ സകല പ്രശ്നങ്ങൾക്കും മൂല കാരണം അവിടത്തെ രാജഭരണമാണെന്ന് തുറന്നടിച്ചതിന്റെ പേരിൽ വർഷങ്ങളോളം അദ്ദേഹത്തിന് വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ നിലപാടുകൾ അറിയാനും അവരുമായി സൗഹൃദാന്തരീക്ഷത്തിൽ സംവദിക്കാനും അദ്ദേഹം ഏറെ ഉത്സുകനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചോ ആറോ പുസ്തകങ്ങളുടെ ശീർഷകങ്ങളിൽ തന്നെ സംവാദം (ഹിവാർ) എന്ന വാക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗ്രന്ഥം തന്റെ ബദ്ധവൈരിയായ രാജാവിനെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ളതാണ്. മതവിരുദ്ധരുമായും ദേശീയ വാദികളുമായും ജനാധിപത്യ വാദികളുമായും പാരമ്പര്യ വാദികളുമായും ആധുനികതാ വാദികളുമായുമൊക്കെയുള്ള സംവാദങ്ങളാണ് മറ്റു പുസ്തകങ്ങളിലെ ഉള്ളടക്കം. സംവാദത്തിന്റെയും ആശയ വിനിമയത്തിന്റെയും മണ്ഡലത്തിൽ നിന്ന് ആരെയും അദ്ദേഹം പുറത്ത് നിർത്തുന്നില്ല എന്നർഥം. മത, രാഷ്ട്രീയ, സാമൂഹിക ജീവിതം അത്രയേറെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞതാകയാൽ പരസ്പരം മനസ്സിലാക്കാനും തെറ്റിദ്ധാരണകൾ തിരുത്താനും ഡയലോഗ് അല്ലാതെ മറ്റൊരു വഴിയില്ല.
അതിനാൽ തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജംഇയ്യത്ത് ഉലമായേ ഹിന്ദിന്റെ അധ്യക്ഷൻ മൗലാനാ അർശദ് മദനി ഹരിദ്വാറിലെ സ്വാമി കൈലേഷ് ആനന്ദ് ഗിരിയെ ചെന്ന് കണ്ട് പല വിഷയങ്ങളും ചർച്ച ചെയ്തത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പതിവിന് വിപരീതമായി ദേശീയ മാധ്യമങ്ങൾ ആ കൂടിക്കാഴ്ചക്ക് വേണ്ട രീതിയിൽ കവറേജ് നൽകുകയുണ്ടായി. ഇന്ത്യയിലെ ഹിന്ദു - മുസ്ലിം സമൂഹങ്ങൾ ഐക്യത്തോടെയും രഞ്ജിപ്പോടെയും മുന്നോട്ട് പോകുന്നതിന് ഇത്തരം ചുവടുവെപ്പുകൾ സഹായകമാകുമെന്നും മീഡിയ വിലയിരുത്തി. ഇന്ത്യൻ മുസ്ലിം നേതൃനിരയിലെ ഒരു പ്രമുഖൻ ഹൈന്ദവ സമൂഹത്തിൽ വളരെയേറെ ആദരിക്കപ്പെടുന്ന ഒരു പ്രമുഖ വ്യക്തിത്വത്തെയാണ് ചെന്നു കണ്ടിരിക്കുന്നത്. അതുപോലുള്ള സന്ദർശനങ്ങളും ആശയ വിനിമയങ്ങളും ധാരാളമായി നടക്കേണ്ട സന്ദർഭമാണിത്. അത് നേതൃതലത്തിൽ മാത്രം ഒതുങ്ങുകയുമരുത്. പത്രപ്രവർത്തകരുമായും ബുദ്ധിജീവികളുമായും ബ്യൂറോക്രാറ്റുകളുമായും സാധാരണക്കാരുമായും അത്തരം കൂടിക്കാഴ്ചകളും സംവാദങ്ങളും നടക്കണം. പരസ്പരമറിയണം. തെറ്റിദ്ധാരണകൾ നീക്കണം. അല്ലാത്ത പക്ഷം നേതാക്കൾ തമ്മിൽ നടത്തുന്ന ഡയലോഗുകളുടെ ഗുണഫലം സമൂഹത്തിൽ കാണാനാവുകയില്ല. എല്ലാ കൂടിക്കാഴ്ചകളും ഫലവത്താകും എന്നും ധരിക്കേണ്ടതില്ല. മൗലാനാ അർശദ് മദനി തന്നെ ആഴ്ചകൾക്ക് മുമ്പ് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ, അതിന്റെ യാതൊരു ക്രിയാത്മക സൂചനയും അദ്ദേഹം ഏറ്റവും ഒടുവിൽ നടത്തിയ പ്രസ്താവനയിൽ കാണാനുണ്ടായിരുന്നില്ല.
ചില ഡയലോഗുകൾ പരാജയപ്പെട്ടാലും അത് തുടർന്നേ പറ്റൂ. രാജ്യത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം മുസ്ലിംകളും അവരുടെ ചരിത്രവുമാണ് എന്ന് പ്രചരിപ്പിച്ചാൽ അത് അണ്ണാക്ക് തൊടാതെ വിഴുങ്ങി വിഭാഗീയ കക്ഷികളെ ജയിപ്പിച്ച് വിടുന്ന വോട്ടർമാർ ധാരാളമുണ്ട് ഇപ്പോഴും. തെറ്റിദ്ധാരണകൾ അത്ര ആഴത്തിൽ ആണ്ടിറങ്ങിയിരിക്കുന്നു. നേരിൽ കണ്ട് ഹൃദയം തുറന്ന് സംസാരിക്കുകയും അവരെ കേൾക്കുകയുമാണ് തെറ്റിദ്ധാരണകൾ നീക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി. l
Comments