സലീം അല്‍ റാസ്
ഗുരുവായൂര്‍ ഏരിയാ തൈക്കാട് കാര്‍കുന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകന്‍ സലീം സാഹിബ് -68 (സലീം അല്‍ റാസ്) അല്ലാഹുവിങ്കലേക്ക് യാത്രയായി. തൈക്കാട് കാര്‍കുന്‍ ഹല്‍ഖാ മുന്‍ നാസിം, അല്‍ ഹിദായ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി, അല്‍ ഹിദായ സകാത്ത് കമ്മിറ്റി ചെയര്‍മാന്‍, ഗുരുവായൂര്‍ ഏരിയാ ദഅ്‌വ സെല്‍ കണ്‍വീനര്‍, തൈക്കാട് അല്‍ ഹിദായ മസ്ജിദ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു.
ദീനീനിഷ്ഠയും ചിട്ടയും കൈവിടാത്ത ജീവിത ശൈലിക്കുടമയായിരുന്ന അദ്ദേഹം കുടുംബത്തെ ഇസ്ലാമിക സംസ്‌കാരത്തിലും പ്രാസ്ഥാനിക പാതയിലും വളര്‍ത്തിയെടുത്തു. മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ കക്ഷിഭേദമന്യേ ഊഷ്മളമായ സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്നു. ജന സേവന പ്രവര്‍ത്തനങ്ങളില്‍ ഏവര്‍ക്കും മാതൃകയായി അദ്ദേഹം.
വായന അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. രാമായണവും ബൈബിളുമെല്ലാം അദ്ദേഹത്തിന്റെ വായനയില്‍ ഉള്‍പ്പെട്ടു.
സലീം സാഹിബിന്റെ ഇഷ്ട മേഖല ദഅ്‌വാ പ്രവര്‍ത്തനമായിരുന്നു. സഹോദര സമുദായാംഗങ്ങളുമായി അദ്ദേഹം ഏറെ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ നാട്ടിലെ നാനാ തുറകളില്‍ നിന്നുമുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്തു സംസാരിച്ചത് അതിനുള്ള തെളിവാണ്.
ഇസ്ലാമിക സമൂഹത്തിലും ദഅ്‌വാ തലത്തിലും സന്ദേശം എത്തിക്കാന്‍ ഏതറ്റം വരെയും യാത്ര ചെയ്യുമായിരുന്നു. അതിന് തെരഞ്ഞെടുത്തിരുന്നത് ടൂ വീലര്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മിണിയുമൊത്തുള്ള ടൂ വീലര്‍ യാത്ര പ്രദേശത്തുള്ളവര്‍ക്കെല്ലാം സുപരിചിതമാണ്.
ഭാര്യ റഷീദ മുന്‍ ഗുരുവായൂര്‍ ഏരിയാ വനിതാ കണ്‍വീനറും തൈക്കാട് വനിതാ ഹല്‍ഖാ നാസിമത്തുമാണ്.
മക്കളായ ഷറില്‍, ഷാബില്‍, ഷാനില, ഷംല എന്നിവരും പ്രാസ്ഥാനിക മാര്‍ഗത്തില്‍ സജീവമാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണം മുതല്‍ മരണം വരെയും ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റായിരുന്നു സലീം സാഹിബ്.
വി.യു റഫീഖ്
അടുത്ത സുഹൃദ്‌വലയത്തിലെ ഏറ്റവും വിനയമുള്ള ആളാണല്ലോ വിടപറഞ്ഞത് എന്നോര്‍ക്കുമ്പോള്‍ ഉള്ള് വല്ലാതെ നീറുന്നു. കുടുംബ ബന്ധമില്ലെങ്കിലും 'ഇക്കാക്ക' എന്ന് വിളിക്കാവുന്നത്ര അടുപ്പവും സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ആള്‍. നാട്ടുകാര്‍ സ്‌നേഹത്തോടെ 'എപ്പി' എന്ന് വിളിക്കുന്ന റഫീഖ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
പുഞ്ചിരി തൂകുന്ന മുഖവുമായി പ്രാദേശിക പരിപാടികളില്‍ സംബന്ധിക്കുന്നവരെ സല്‍ക്കരിച്ചുകൊണ്ട് മികച്ച ആതിഥേയനായും സോളിഡാരിറ്റി, പെയിന്‍ ആന്റ് പാലിയേറ്റീവ്, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ വിവിധ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായും തന്റെ കടമ മനോഹരമായി നിറവേറ്റിയ സോളിഡാരിറ്റിയുടെ യൂനിറ്റ് സെക്രട്ടറി കൂടിയായിരുന്നു റഫീഖ്.
ദേഷ്യപ്പെട്ടുകൊണ്ടോ നിരാശനായിക്കൊണ്ടോ ഒരിക്കല്‍പോലും അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും സൗമ്യനാകാന്‍ കഴിയുക എന്ന് റഫീഖ് ജീവിതം കൊണ്ട് പഠിപ്പിച്ചു. എത്ര വലിയ പ്രതിസന്ധികള്‍ക്കിടയിലും എല്ലാ പ്രശ്‌നങ്ങളെയും പുഞ്ചിരിയോടെ നേരിട്ടുകൊണ്ട് ചെറിയ ജീവിതം കൊണ്ട് വലിയ മാതൃകകള്‍ കാഴ്ചവെച്ച മനുഷ്യസ്‌നേഹി. ആദര്‍ശത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ജീവിതത്തിനുടമ. അര്‍ബുദം ബാധിച്ച് രോഗാതുരമായ അവസാന നാളുകളെ ക്ഷമയും സഹനവും കൈമുതലാക്കി നേരിട്ടുകൊണ്ട് തന്റെ അനാരോഗ്യത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി ഉദാത്ത മാതൃക കാഴ്ചവെച്ചാണ് റഫീഖ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്.
കാരണവന്മാരുടെ പ്രായം ഉണ്ടെങ്കിലും ഒരു സുഹൃത്തിനെ പോലെ എന്ത് വിഷയവും സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള, ജമാഅത്തെ ഇസ്ലാമി മാഞ്ഞാലി പ്രാദേശിക ജമാഅത്ത് അമീര്‍ കൂടിയായ റഫീഖിന്റെ പിതാവ് ഉമറും ഉമ്മ ജമീലയും ഭാര്യ അഹ്‌ലാമും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന് ഈ ദുഃഖത്തിന്റെ വേളയില്‍ റബ്ബ് മനഃശാന്തി നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. പരേതനെ അനുസ്മരിച്ചുകൊണ്ട് ചേര്‍ന്ന അനുശോചന യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഫാറൂഖി, വൈസ് പ്രസിഡന്റ് എസ്.എം സൈനുദ്ദീന്‍, കരുമാല്ലൂര്‍ ഏരിയാ പ്രസിഡന്റ് ടി.എ താജുദ്ദീന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എന്‍ നിയാസ് സംസാരിച്ചു. എറണാകുളം ഗ്രാന്‍ഡ് മസ്ജിദ് ഇമാം എം.പി ഫൈസല്‍ അസ്ഹരി പ്രാര്‍ഥന നടത്തി.
ഫസല്‍ മാഞ്ഞാലി
തൊട്ടിയില്‍ ഷംസുദ്ദീന്‍, ആട്ടീരി
ജമാഅത്തെ ഇസ്‌ലാമി പറപ്പൂര്‍ ഏരിയയില്‍ ആട്ടീരി യൂനിറ്റിലെ തൊട്ടിയില്‍ ഷംസുദ്ദീന്‍ (65) ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 18-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ആട്ടീരി സ്‌കൂള്‍ മാനേജറും ഹെഡ് മാസ്റ്ററുമായിരുന്ന തൊട്ടിയില്‍ മൂസ്സാന്‍ കുട്ടി മാസ്റ്ററുടെയും മേലേതില്‍ ആഇശയുടെയും മൂന്നാമത്തെ പുത്രനായി ജനിച്ച ഷംസുദ്ദീന്‍ പ്രവാസ ജീവിതത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്.
ആട്ടീരിയിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും പോഷക വിഭാഗങ്ങളുടെയും ശബ്ദമെത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. പ്രദേശത്തെ സഹൃദയ സകാത്ത് കമ്മിറ്റി രൂപവത്കരിക്കുന്നതിലും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവമായി. പ്രദേശത്തെ ലഹരി വിരുദ്ധ ജാഗ്രതാ സമിതിയിലും അംഗമായിരുന്നു.
1977-ല്‍ പ്രവാസ ജീവിതം ആരംഭിച്ച അദ്ദേഹം അബൂദബിയിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററു(ഐ.സി.സി)മായി ബന്ധപ്പെട്ട് അതിന്റെ പലിശരഹിത നിധിയുടെ (എന്‍.ഐ.എഫ്) പ്രധാന ചുമതല ഏറ്റെടുത്തു. പണ്ഡിതനും വാഗ്മിയുമായ യൂനുസ് മൗലവിയുടെ നേതൃത്വത്തില്‍ അവിടത്തെ ദര്‍വേസ് മസ്ജിദില്‍ നടന്നുവന്നിരുന്ന ഖുര്‍ആന്‍ ദര്‍സില്‍ പഠിതാവായിരുന്നു. 30 വര്‍ഷത്തെ സേവനത്തിന് ശേഷം അബൂദബി ഡിഫന്‍സ് ഫോഴ്‌സില്‍ നിന്ന് വിരമിച്ച്, ദുബൈയിലെ തന്റെ ഭാര്യാ സഹോദരനും മീഡിയാ വണ്‍ ഡയറക്ടറുമായ ഡോ. അഹമ്മദ് സാഹിബിന്റെ അല്‍നൂര്‍ പോളിക്ലിനിക്കില്‍ മാനേജറായി നിയമിക്കപ്പെട്ടു.
അവിടത്തെ ജോലിത്തിരക്കിനിടയിലും ഒട്ടേറെ പേരെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഷംസുദ്ദീന്‍ മുന്‍നിരയിലായിരുന്നു.
നീണ്ട 36 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 2013-ല്‍ നാട്ടില്‍ തിരിച്ചെത്തി. തന്റെ ഭാര്യ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ കാലയളവില്‍ വാര്‍ഡ് മെമ്പറായിരുന്നപ്പോള്‍, വാര്‍ഡിന്റെ വികസന സമിതി കണ്‍വീനറായിരിക്കെ വാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വളരെ സുതാര്യതയും കൃത്യതയും ഉണ്ടായിരുന്നു എന്ന് ആട്ടീരീ പൗരാവലിയുടെ അനുസ്മരണത്തില്‍ നാട്ടുകാര്‍ സൂചിപ്പിക്കുകയുണ്ടായി. സ്വന്തം കുടുംബത്തെയും വിശാലമായ കൂട്ടുകുടുംബത്തെയും ഐക്യത്തോടെയും സ്‌നേഹത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അദ്ദേഹം വിജയിച്ചു.
ഇലക്ഷനോ മറ്റു പരിപാടികളോ ഉണ്ടാകുമ്പോള്‍ സംഘടനാ ഓഫീസ് പോലെ അദ്ദേഹത്തിന്റെ വസതി വിട്ടുതരുമായിരുന്നു. തന്റെ കുടുംബത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ സമര്‍പ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു..
ഭാര്യ: ടി. റസിയ. മക്കള്‍: ഡോ. ജസീം ഷംസുദ്ദീന്‍, ഡോ. മുബശ്ശിര്‍ ഷംസുദ്ദീന്‍, ഡോ. ഷജിയ ഷംസുദ്ദീന്‍. മരുമക്കള്‍: ഡോ. ആഇശ നാസ്‌ന, ഡോ. ജാവീദ്.
ടി. അബ്ദുര്‍റഹ്മാന്‍, ആട്ടീരി
നടുവിലശ്ശേരി സുഹ്‌റ
കുന്ദമംഗലം ആനപ്പാറ വനിതാ ഘടകത്തിലെ അംഗം നടുവിലശ്ശേരി സുഹ്‌റ (54) അല്ലാഹുവിലേക്ക് യാത്രയായി. പ്രാസ്ഥാനിക രംഗത്തും പൊതുരംഗത്തും ഉത്തരവാദിത്വബോധവും കൃത്യനിഷ്ഠയും മുറുകെപ്പിടിച്ചു. തര്‍ബിയത്തീ രംഗത്തും സേവന മേഖലയിലും അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് മറ്റു പ്രവര്‍ത്തകര്‍ക്ക് മാതൃകയായി.
സാമൂഹിക സേവനമായിരുന്നു അവരുടെ മുഖമുദ്ര. അതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നുകൊും പകരം വെക്കാനാവില്ലെന്ന് വിശ്വസിച്ചു. ജാതി-മത ഭേദമന്യേ ഏവരുടെയും സ്‌നേഹപാത്രമായിരുന്നു.
നിരാലംബര്‍ക്ക് അത്താണിയായി വര്‍ത്തിച്ച സുഹ്‌റ വിവിധ വനിതാ കൂട്ടായ്മകളിലും ആതുരസേവന രംഗത്തും പൊതുസമ്മതയായിരുന്നു.
ഭര്‍ത്താവ്: കെ.പി.സി സുബൈര്‍, കൊടുവള്ളി. മാതാവ്: നടുവിലശ്ശേരി ആമിന. സഹോദരങ്ങള്‍: റഷീദ്, ലുഖ്മാന്‍, മൈമൂന, ഇല്‍യാസ്, ബഷീര്‍, മുനീറ, സാദിഖ്.
കെ. തൗഹീദ, ആനപ്പാറ
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments