നിര്‍ഭയനായ ഇമാം ത്വാഊസ്
ചരിത്രം /
ബനൂ ഉമയ്യ ഖലീഫമാരില്‍ ഏറെ പ്രശസ്തനാണ് ഹിശാമുബ്‌നു അബ്ദില്‍ മലിക്. കാര്യശേഷിയും സൂക്ഷ്മതയുമുള്ള ഭരണാധിപനായിരുന്നു. ഒരിക്കല്‍ ഹജ്ജ് കര്‍മത്തിനായി അദ്ദേഹം മക്കയിലെത്തി. പ്രവാചകനെ നേരില്‍ കണ്ട വല്ലവരും മക്കയിലുണ്ടെങ്കില്‍ അവരെ തന്റെ സദസ്സില്‍ ഹാജരാക്കാന്‍ അദ്ദേഹം സേവകരോട് അഭ്യര്‍ഥിച്ചു.
ജനങ്ങള്‍ പറഞ്ഞു: ആദരണീയനായ ഖലീഫാ, പ്രവാചകനെ കണ്ട സഹാബികള്‍ എല്ലാവരും ഇഹലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
ഖലീഫ: എന്നാല്‍ സഹാബികളുമായി സന്ധിച്ച വല്ലവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെ കൊണ്ടുവരിക.
പ്രസിദ്ധ താബിഇയും പണ്ഡിത ശ്രേഷ്ഠനുമായ ഇമാം ത്വാഊസ് യമാനി അന്ന് മക്കയിലുണ്ടായിരുന്നു. ജനം പല രൂപത്തില്‍ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തെ ഖലീഫ ഹിശാമിന്റെ മുന്നിലെത്തിച്ചു. അദ്ദേഹം ഖലീഫയുടെ സദസ്സിലെത്തിയപ്പോള്‍ തന്റെ പാദരക്ഷ പരവതാനിക്കടുത്ത് അഴിച്ചു വെച്ചു. ഖലീഫയുടെ മുന്നില്‍ തല കുനിച്ചു അഭിവാദ്യം ചെയ്യുകയോ വിളിപ്പേരില്‍ വിളിക്കുകയോ ചെയ്യാതെ അദ്ദേഹത്തിനു മുമ്പില്‍ ഉപവിഷ്ടനായി. എന്നിട്ട്, 'ഹിശാം, താങ്കള്‍ക്ക് സുഖം തന്നെയല്ലേ'എന്ന് നിര്‍ഭീതനായി ചോദിച്ചു.
ഇമാം ത്വാഊസിന്റെ അത്യസാധാരണമായ പെരുമാറ്റം ഖലീഫയെ കോപാകുലനാക്കി. അദ്ദേഹത്തെ ശിക്ഷിക്കാന്‍ പോലും തുനിഞ്ഞു.
സദസ്യരില്‍ ചിലര്‍ ധൈര്യമവലംബിച്ചു കൊണ്ടു പറഞ്ഞു: ഖലീഫാ, താങ്കള്‍ വിശുദ്ധ ഹറമിലാണിപ്പോഴുള്ളത്. ഇവിടെ വെച്ച് ആരെയും ശിക്ഷിക്കാന്‍ അനുമതിയില്ല.
അല്‍പം ശാന്തനായപ്പോള്‍ സൗമ്യതയോടെ ഖലീഫ ചോദിച്ചു: ത്വാഊസ്, താങ്കള്‍ എന്നോട് ഇത്രയും ധൈര്യത്തോടെയും സങ്കോചമില്ലാതെയും പെരുമാറാന്‍ കാരണമെന്ത്?
ത്വാഊസ്: ഹിശാം, ഞാനെന്തു അപമര്യാദ കാണിച്ചുവെന്നാണ് താങ്കള്‍ പറയുന്നത്?
ഖലീഫ: വളരെ വിലപിടിച്ച പരവതാനിക്കരികിലാണ് താങ്കളുടെ ചെരിപ്പ് ഊരിയിട്ടത്. രാജകീയമായ അഭിവാദ്യം നേര്‍ന്നില്ല; എന്റെ വിളിപ്പേരില്‍ എന്നെ സംബോധന ചെയ്തില്ല. അനുമതി കൂടാതെ എന്റെ മുന്നില്‍ ഇരിക്കുകയും ഹിശാം എന്ന് വിളിച്ച് സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു.
ഹസ്രത്ത് ത്വാഊസ് കാര്യഗൗരവത്തോടെ പറഞ്ഞു തുടങ്ങി: ഖലീഫാ, വിലപിടിച്ച പരവതാനിക്കരികില്‍ പാദുകം അഴിച്ചുവെച്ചു എന്നാണല്ലോ. ഞാന്‍ പ്രതിദിനം അഞ്ചു തവണ എന്റെ പാദരക്ഷ അല്ലാഹുവിന്റെ ഭവനത്തിനു മുന്നില്‍ അഴിച്ചിടാറുണ്ട്. അവന്‍ എന്നോട് കോപിച്ചിട്ടില്ല; ശിക്ഷിച്ചിട്ടുമില്ല.
ഞാന്‍ സലാം പറഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട് താങ്കള്‍ക്ക്. അത് ശരിയാണ്. താങ്കളുടെ ഭരണത്തോട് വിശ്വാസികള്‍ എല്ലാവരും സംതൃപ്തരല്ല. അവരുടെ ഇഷ്ടമില്ലാതെയാണ് താങ്കള്‍ ഖലീഫയുടെ പദവിയിലിരിക്കുന്നത്. അപ്പോള്‍ താങ്കള്‍ക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും അഭിവാദ്യമര്‍പ്പിക്കുന്ന എന്നെ കപടനെന്ന് അവര്‍ വിലയിരുത്തും. താങ്കളുടെ വിളിപ്പേരില്‍ വിളിച്ചില്ലെന്ന ആവലാതിയുടെ മറുപടി, അല്ലാഹു പോലും അവന്റെ ഇഷ്ട ദാസന്മാരായ പ്രവാചകരെ യാ ദാവൂദ്, യാ യഹ്‌യാ, യാ ഈസാ എന്ന് പേരുവിളിച്ചാണ് സംബോധന ചെയ്തിട്ടുള്ളത്. ശത്രുവായ അബൂലഹബിനെ (തബ്ബത് യദാ അബീ ലഹബിന്‍) അയാളുടെ വിളിപ്പേരു കൊണ്ടാണ് വിളിച്ചിട്ടുള്ളതും.
യാതൊരു ആദരവുമില്ലാതെ താങ്കളുടെ മുന്നിലിരുന്നു എന്ന ആക്ഷേപത്തിന്റെ മറുപടി ഇതാണ്: ഞാന്‍ ഹസ്രത്ത് അലി (റ)യില്‍നിന്ന് നേരില്‍ കേട്ടിട്ടുണ്ട്. അദ്ദേഹം ഉദ്ധരിക്കുന്നു: ഒരു നരകവാസിയെ കാണാന്‍ കൊതിയുണ്ടെങ്കില്‍, താന്‍ ഇരിക്കുകയും തനിക്കു ചുറ്റുമുള്ളവര്‍ നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയെ നോക്കുക.
ഇമാം ത്വാഊസിന്റെ ഹൃദയസ്പര്‍ശിയായ ഉദ്‌ബോധനം ഖലീഫാ ഹിശാമിന്റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. കൂടുതല്‍ നസ്വീഹത്ത് നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇമാം ത്വാഊസ് പറഞ്ഞു: ഞാന്‍ ഹസ്രത്ത് അലിയില്‍ നിന്ന് കേട്ടു. തിരുദൂതര്‍ പറഞ്ഞു: നരകത്തില്‍ വലിയ പാമ്പുകളും തേളുകളും പ്രജകളോട് നീതിയില്‍ വര്‍ത്തിക്കാത്ത ഭരണകര്‍ത്താക്കളെ കൊത്തിക്കൊണ്ടിരിക്കും.
ഖലീഫാ ഹിശാം ദുഃഖവും വ്യഥയും സഹിക്കാനാതെ തല താഴ്ത്തി. ഇമാം യാതൊരു ഭാവമാറ്റവുമില്ലാതെ പുറത്തേക്കിറങ്ങി.
(റോഷന്‍ സിതാരേ എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
Comments