Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

കളിയഴകില്‍ ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയം

യാസീന്‍ വാണിയക്കാട്   [email protected]

കൃത്രിമ ആരവങ്ങള്‍ കാണികളൊഴിഞ്ഞ ഗ്യാലറിയില്‍ പുനര്‍സൃഷ്ടിച്ച് കളി കൊഴുപ്പിച്ച കോവിഡ് കാലം ഓര്‍മയില്‍ നിന്ന് മായാന്‍ നേരമായിട്ടില്ല. ഇന്ന്, കളിയഴകിന് നേര്‍സാക്ഷിയാകാന്‍ അതേ ഗാലറികളില്‍ തടിച്ചുകൂടുന്ന കളികമ്പക്കാരുടെ പെരുപ്പവും ആരവങ്ങളും ഫുട്ബാളിന് മാത്രം അവകാശപ്പെട്ട മറ്റൊരു മനോഹാരിത.
അത്തരമൊരു മനോഹാരിതയില്‍ കുതിര്‍ന്ന സായാഹ്നത്തിലാണ് ഇക്കഴിഞ്ഞ മേയ് മാസത്തിലെ അവസാന ആഴ്ചകളില്‍ ഇംഗ്ലണ്ടിലെ പുല്‍മൈതാനങ്ങളില്‍ പന്തുരുണ്ടു തുടങ്ങിയത്.  പ്രീമിയര്‍ ലീഗിലെ ചാമ്പ്യനെ നിര്‍ണയിക്കുന്ന അവസാന മത്സരം ഇംഗ്ലണ്ടിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും ത്രസിപ്പിച്ചുനിര്‍ത്തിയ നിമിഷം.
ഒരേ സമയം പത്തു സ്റ്റേഡിയങ്ങളിലായി ഇരുപത് ടീമുകള്‍ അവസാന അങ്കത്തിന് പന്തുരുളാന്‍ വിസില്‍ മുഴക്കം കാത്തുനില്‍ക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി യുക്രെയ്ന്‍ ദേശീയതാരം ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോ ഇടത് വിംഗിലൂടെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നത് കാമറയില്‍ മിന്നിമറയുന്നു. ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ് മിനിറ്റുകള്‍. ഒടുവില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി ആനന്ദത്തിന്റെ ആര്‍പ്പുവിളികളാല്‍ നൃത്തച്ചുവടുകള്‍ വെക്കുമ്പോള്‍, മഞ്ഞയും നീലയും കലര്‍ന്ന തന്റെ രാജ്യത്തിന്റെ ദേശീയ പതാകയില്‍ ചുടുചുംബനങ്ങള്‍ കൊരുത്തിട്ട്, പച്ചപ്പുല്ലില്‍ മുട്ടുകുത്തിയിരുന്ന് കണ്ണീരൊലിപ്പിക്കുന്ന സിന്‍ചെങ്കോയുടെ വിഷാദഛവി കലര്‍ന്ന മുഖം സ്‌ക്രീനില്‍ തെളിയുന്നു. ഒരു നിമിഷം നിശ്ശബ്ദതയുടെ കയങ്ങളിലേക്ക് വഴുതിവീണ ഗാലറികളുടെ ചങ്കിടിപ്പുകളുടെ മൃദുസ്വനം. വാക്കുവറ്റിയ സഹതാരങ്ങളുടെ ചുണ്ടുകളില്‍ നിന്ന് ഇറ്റിവീഴാന്‍ വെമ്പുന്ന സാന്ത്വനത്തിന്റെ വചസ്സുകള്‍.  ഏതാനും നിമിഷങ്ങള്‍ പിന്നിടുമ്പോള്‍ യുക്രെയ്‌ന് വേണ്ടി അശ്രുകണങ്ങള്‍ പൊഴിക്കുകയും പ്രാര്‍ഥനാമന്ത്രണങ്ങള്‍ ഉരുവിടുകയും ചെയ്യുന്ന ഗാലറിയെയാണ് നാം പിന്നീട് കാണുന്നത്.
വ്‌ളാദ്മിര്‍ പുടിന്റെ ബോംബുകളെ നിര്‍വീര്യമാക്കാന്‍ പോന്ന കണ്ണുനീര്‍പ്പുഴകള്‍ അവിടെ ഉദയംകൊള്ളുകയായിരുന്നു. മെഷീന്‍ ഗണ്ണുകളുടെ ഉന്നങ്ങളെ വഴിതെറ്റിക്കാന്‍ പോന്ന പ്രാര്‍ഥനകള്‍ അധരങ്ങളില്‍ കൂട്ടിമുട്ടുകയായിരുന്നു. അതിര്‍ത്തി ഭേദിച്ചുവരുന്ന അധിനിവേശത്തിന്റെ പടപ്പുറപ്പാടിനെതിരെ ജ്വലിക്കുന്ന ഒരായിരം കണ്ണുകളാല്‍ ചോദ്യം ചെയ്യുകയായിരുന്നു.
കീവിന്റെ, ഡൊണെറ്റ്‌സിന്റെ, ക്രിമിയയുടെ, ടെര്‍ണോപിലിന്റെ തുടങ്ങി  കരിങ്കടലിന്റെ തീരത്തെ അനേകം പട്ടണങ്ങളുടെ തലയില്‍ പതിക്കുന്ന മിസൈല്‍ തീനാമ്പുകളെ അണയ്ക്കാന്‍ പോന്ന കെട്ടുറപ്പിന്റെ, ചേര്‍ത്തുനിര്‍ത്തലിന്റെ ഗീഥികളാണ് സിന്‍ചെങ്കോയുടെയും യുക്രെയ്‌ന്റെയും കാതുകളില്‍ അന്ന് ഫുട്‌ബോള്‍ മൃദുവായി മൂളിയത്. കളിയഴകിന്റെ ഗെയിം മാത്രമല്ല, ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയം കൂടിയാണ് ഫുട്‌ബോളിനെ വേറിട്ടതാക്കുന്നത്. അതിന് സിന്‍ചെങ്കോയുടെ ഇനിയും ഉണങ്ങാത്ത കണ്ണുനീര്‍ സാക്ഷി.

ഓട്ടവീണ ബൂട്ടിന്റെ കാമനകള്‍

സാദിയോ മാനേ പന്തുതട്ടുമ്പോള്‍ ഇങ്ങ് ബയേണ്‍ മ്യൂണിക്കിന്റെ ഗാലറിയില്‍ ആരവങ്ങളുടെ ചിലമ്പൊച്ച കേള്‍ക്കാനാവുന്നുണ്ട്. മുമ്പ് സതാംപ്ടണിലും ലിവര്‍പൂളിലും ഇതിനെക്കാള്‍ ശക്തമായി അത് മുഴങ്ങിയിരുന്നു. കളി കഴിയുമ്പോള്‍ ഗാലറി ശൂന്യം. ആരവങ്ങള്‍ക്ക് അവധി.
മാനെയുടെ ഇടനെഞ്ചിലെ തുകല്‍പ്പന്ത് അപ്പോഴാണ് ഉരുണ്ടുതുടങ്ങുക. മാനവികതയുടെ കാറ്റ് നിറച്ച തുകല്‍പ്പന്ത്! സാഹോദര്യത്തിന്റെ ഇഴ ചേര്‍ത്ത് തുന്നിയ പന്ത്! ദേശസ്‌നേഹത്തിന്റെ കരള്‍ച്ചോര തുടിക്കുന്ന, സ്വന്തം ജനതയുടെ വിശപ്പിന്റെ വിളി കേള്‍ക്കുന്ന, അവരുടെ കണ്ണീരൊപ്പാന്‍ അവരിലേക്ക് ഉരുണ്ടുരുണ്ട് പായുന്ന തുകല്‍ഗോളം!
സെനഗലിലെ പള്ളിക്കൂടത്തിന് ഇന്നിപ്പോള്‍ സാദിയോ മാനെ നിറയൊഴിച്ച ഗോളുകളുടെ ചാരുതയുണ്ട്. അവര്‍ വായിക്കുന്ന പുസ്തകത്തിനും വരയുന്ന പേനക്കും, പച്ചപ്പുല്ലില്‍ മാനേ കാലുകൊണ്ട് വരയുന്നത്ര ചേതോഹാരിതയുണ്ട്. ബാംബോലി എന്ന ഗ്രാമത്തിലെ ആതുരാലയത്തിന് അദ്ദേഹത്തിന്റെ ഉരുക്ക് പേശികളില്‍നിന്നും ഇറ്റിയ വിയര്‍പ്പു ലവണത്തിന്റെ രുചിയുണ്ട്. സെനഗലിലെ ഒരു മസ്ജിദിലെ ഇമാമായിരുന്ന തന്റെ പിതാവ് മതിയായ ചികിത്സ ലഭിക്കാതെയാണ് ഇഹലോകവാസം വെടിഞ്ഞത് എന്ന് തിരിച്ചറിഞ്ഞ ഒരു കുരുന്ന് പയ്യന്‍ തന്റെ ജന്മഗ്രാമത്തിന് വേണം ഒരു ആശുപത്രി എന്ന് നെഞ്ചില്‍ കുറിച്ചിട്ടുണ്ടാകണം.  സ്വപ്‌ന സാക്ഷാത്കാരമെന്ന നിലക്ക് ആ ആശുപത്രി ഇന്ന് ബാംബോലിയുടെ മിടിപ്പുകളില്‍ സ്റ്റെതസ്‌കോപ്പ് പിടിച്ചുനില്‍ക്കുന്നു.
'പത്ത് ഫെരാരികള്‍,  ഇരുപത് ഡയമണ്ട് വാച്ചുകള്‍, രണ്ടു വിമാനങ്ങള്‍ എന്നിവയല്ല എനിക്ക് ആവശ്യം. ഞാന്‍ പ്രാമുഖ്യം നല്‍കുന്നത് ഒരു സ്‌കൂളോ സ്റ്റേഡിയമോ നിര്‍മിക്കാനാണ്.  കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, ഷൂ തുടങ്ങിയവ നല്‍കാനാണ്.  എനിക്ക് ഈ ജീവിതം കനിഞ്ഞരുളിയതില്‍ നിന്ന് സഹജീവികള്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഞാന്‍ ആനന്ദം അനുഭവിക്കുന്നു' (Sadio Mane: Career, Charity, Injury - playerbio.com).
സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന പ്രഥമ സോക്രട്ടീസ് പുരസ്‌കാരത്തിന് സാദിയോ മാനെയെ തെരഞ്ഞെടുക്കാന്‍ അതിനാല്‍ തന്നെ അതിന്റെ സംഘാടകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടുണ്ടാവില്ല. 2022-ലെ ബാലന്‍ഡിഓര്‍ പുരസ്‌കാര വേദിയില്‍ വെച്ചാണ് മുന്‍ ബ്രസീലിയന്‍ ഇതിഹാസം സോക്രട്ടീസിന്റെ പേരിലുള്ള പുരസ്‌കാരം സാദിയോ അഭിമാനപുരസ്സരം ഏറ്റുവാങ്ങിയത്. നാലുദശകം മുമ്പ് ബ്രസീല്‍ ജനതയെ  വരിഞ്ഞുമുറുക്കിയ പട്ടാള ഭരണത്തിനെതിരെ കൊറിന്ത്യന്‍സ് ഡമോക്രാറ്റിക് മൂവ്‌മെന്റ് എന്ന സംഘടനക്ക് ബീജാവാപം നല്‍കുകയും ജനങ്ങളെ സമരോത്സുകരാക്കുകയും ചെയ്തവരില്‍ പ്രധാനിയാണ് ഫുട്‌ബോള്‍ താരമായ സോക്രട്ടീസ്.
കറുത്ത ചര്‍മമുള്ള മുഴുവന്‍ കളിക്കാരെയും നോവിപ്പിച്ച യൂറോപ്യരുടെ വര്‍ണവെറിയന്‍ സംസ്‌കാരത്തിന്റെ കൂര്‍ത്ത കാരമുള്ള് സാദിയോ മാനെയെയും കുത്തിനോവിപ്പിച്ചിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ ഭൂതം ആവേശിച്ചതു കൊണ്ടോ എന്തോ റേസിസം തലക്കുപിടിച്ച ജര്‍മന്‍ ജനത, ബയേണ്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയിലേക്ക് മാനെയെ സ്വാഗതം ചെയ്തത് 'Servis, Sadio' എന്ന വംശവെറിയന്‍ ട്വീറ്റ് കൊണ്ടാണ്. Servis എന്നാല്‍ ജര്‍മന്‍ ഭാഷയില്‍ അടിമ എന്നര്‍ഥം. ആ 'അടിമ' ഓട്ട വീണ ബൂട്ടുകളുടെ ഗതകാലം പിന്നിട്ടാണ് നാല്‍പത് മില്യന്‍ യൂറോ മൂല്യമുള്ള ഫുട്‌ബോളറായത് എന്നത് സഹാനുഭൂതിയോടെ നോക്കിക്കാണാന്‍ റേസിസത്തിന്റെ വക്താക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാവില്ല.
മകനേ...നിന്റെ കയ്യില്‍ വേറെ ബൂട്ടൊന്നുമില്ലേ? സെനഗലിന്റെ തലസ്ഥാനമായ ധക്കറില്‍  Generation Foot എന്ന ക്ലബ്ബിന്റെ സെലക്ഷന്‍ ട്രയല്‍സിനു വന്നുനില്‍ക്കുമ്പോഴായിരുന്നു ആ ചോദ്യം മാനെയെ തുറിച്ചുനോക്കിയത്.
'ഇതാണ് എന്റെ കൈയിലുള്ളവയില്‍ ഏറ്റവും മികച്ചവ.'
അതെ,  അത് തന്നെയായിരുന്നു മികച്ചവ. ആ ഓട്ടയിലൂടെ നോക്കുമ്പോള്‍ കാണാം പ്രവിശാലമായ ലോകം. ആ ഓട്ടയിലൂടെയായിരുന്നു അവന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചത്. ആ ഓട്ടയിലൂടെത്തന്നെയായിരുന്നു അവന്‍ ഫുട്‌ബോളിന്റെ വന്‍കരകള്‍ താണ്ടിയത് (അധികവായനക്ക്-  Sadio Mane -  Childhood Story plus Untold Biography Facts by Hale Hendix).
പാപാ ദിയൂഫിന് ശേഷം സെനഗലിനെ ലോകകപ്പിലേക്കും ഫുട്‌ബോള്‍ ഭൂപടത്തിന്റെ നെറുകയിലേക്കും കൈപിടിച്ചു നടത്തിച്ച സാദിയോ മാനെയുടെ അതിജീവന പോരാട്ടങ്ങളെക്കുറിച്ച് ഓട്ട വീഴാത്ത ബൂട്ട്‌കെട്ടി കളിക്കുന്ന സെനഗലിന്റെ ഇന്നത്തെ തലമുറക്ക് വാതോരാതെ സംസാരിക്കാനുണ്ടാകും, തീര്‍ച്ച.

കാല്‍പ്പന്ത് ലോകവും ഫലസ്ത്വീനും

ഹൃദയം കൊണ്ട് ഞാനൊരു ഫലസ്ത്വീനിയാണ് എന്ന് പ്രഖ്യാപിച്ചത് കയ്യില്‍ ചെഗുവേരയുടെ ചിത്രം പച്ചകുത്തിയ ഡീഗോ മറഡോണയാണ്. ലോക മനസ്സാക്ഷിക്കു മുന്നില്‍ ഫലസ്ത്വീന്‍ അന്നും ഇന്നും ഒരു നൊമ്പരം തന്നെയായി അവശേഷിക്കുന്നു. 2018 -ലാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഇസ്രായേലുമായുള്ള മത്സരം ഉപേക്ഷിക്കുന്നത്. ഫിക്‌സ്ച്ചര്‍ പ്രകാരം ഹൈഫയില്‍ നടത്താനിരുന്ന സൗഹൃദ മത്സരം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ കുരുട്ടുബുദ്ധിയുടെയും ഗൂഢാലോചനയുടെയും ഫലമായി ജറൂസലമിലേക്ക് മാറ്റിയതാണ് അര്‍ജന്റീന സ്‌ക്വാഡിനെ പ്രകോപിതരാക്കിയത്. ഇസ്രായേലിനും ഫലസ്ത്വീനുമിടയിലുള്ള തര്‍ക്കസ്ഥലമായിരുന്നിട്ട് കൂടി ജറൂസലമില്‍ തന്നെ മത്സരത്തിന് മുതിര്‍ന്നത് കളിക്കാരെ സംബന്ധിച്ചേടത്തോളം നീരസമുണ്ടാക്കുന്ന സംഭവമായിരുന്നു. Thank You Messi from Palestine എന്നെഴുതിയ, അര്‍ജന്റീനയുടെയും ഫലസ്ത്വീന്റെയും പതാക ആലേഖനം ചെയ്ത പ്ലക്കാര്‍ഡുയര്‍ത്തി നില്‍ക്കുന്ന ഫലസ്ത്വീന്‍ ബാലന്മാരുടെ ചിത്രം സഹിതം ലോകമാധ്യമങ്ങള്‍ ആ സംഭവം വാര്‍ത്തയാക്കി. ഇന്ത്യയില്‍ ദി ഹിന്ദു അടക്കമുള്ള പത്രങ്ങളും അതിന് ഇടം നല്‍കി. Football Terror എന്നാണ് ഇസ്രായേല്‍ ഭരണകൂടം അതിനെതിരെ പല്ല് ഞെരിച്ചത്.
ഫലസ്ത്വീന്‍ ജനതയോട് അനുഭാവം പ്രകടിപ്പിക്കുന്ന നിരവധി ഫുട്‌ബോള്‍ താരങ്ങളുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസൂദ് ഓസില്‍, മുഹമ്മദ് സലാഹ്, പോള്‍ പോഗ്ബ,  റിയാദ് മെഹ്‌റസ് തുടങ്ങി അനേകം താരനിര അവരുടെ നിലപാടുകളും വിയോജിപ്പുകളും ഫുട്‌ബോളിലൂടെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 2014 ലോകകപ്പ് നേടിയതിന് ശേഷം തനിക്ക് ലഭിച്ച മുഴുവന്‍ സമ്മാനങ്ങളും ഫലസ്ത്വീനികള്‍ക്ക് നല്‍കിക്കൊണ്ടാണ് ജര്‍മന്‍ താരം മെസൂദ് ഓസില്‍ ആ ജനതയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയത്.
സാമ്പത്തിക പരാധീനതയാല്‍ യു.എന്‍ നല്‍കിപ്പോന്ന ഭക്ഷണ വിതരണത്തിന് തുടര്‍ച്ച നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ റൊണാള്‍ഡോ ഒന്നര ദശലക്ഷം യൂറോ ഫലസ്ത്വീന്‍ ജനതക്ക് വേണ്ടി നല്‍കിക്കൊണ്ടാണ് അവരുടെ കണ്ണീരൊപ്പാന്‍ മുന്നില്‍ നിന്നത്. മുമ്പും അദ്ദേഹം ഫലസ്ത്വീനെ അനുഭാവപൂര്‍വം പരിഗണിച്ചിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ മാരകമായി മുറിവുപറ്റിയ ഫലസ്ത്വീന്‍ എന്ന രാഷ്ട്രത്തിന്റെ എഴുന്നേറ്റുനില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക്  ഊന്നുവടിയാകാന്‍ അദ്ദേഹം തുനിഞ്ഞിട്ടുണ്ട്. ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നിഷ്ഠുരതയെയും ഏകപക്ഷീയമായ പ്രതികാര നടപടിയെയും ലോകത്തിനു മുന്നില്‍ തുറന്നുവെക്കുന്നതില്‍ ഫുട്‌ബോള്‍ താരങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഫലസ്ത്വീനികള്‍ ധരിക്കുന്ന കഫിയ്യ ചുറ്റിയും ‘Free Palestine' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചും ഫുട്‌ബോള്‍ മൈതാനങ്ങള്‍ പന്തുരുളാന്‍ മാത്രമല്ല, നന്മയുടെ രാഷ്ട്രീയം ഉച്ചൈസ്തരം ഘോഷിക്കാനുള്ളതാണെന്നും അവര്‍ ലോകത്തെ തെര്യപ്പെടുത്തി. അതെ, അപ്പോഴാണ് കളിയഴകിന് മാറ്റ് കൂടുന്നത്; ആരവങ്ങള്‍ക്ക് അര്‍ഥവും നൈതികതയും ഉണ്ടാകുന്നത്.

നാസി വാഴ്ചക്കാലത്തെ ഫുട്‌ബോള്‍

ചരിത്രത്തിലുടനീളം സ്വേഛാധിപതികള്‍ കായികരംഗത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയായി ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. സ്‌പെയ്‌നിലെ ഫ്രാങ്കോ, ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനി, നാസി ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ തുടങ്ങി പലരും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ പിന്തുണ ആര്‍ജിക്കാനുമുള്ള ഉപാധിയായും ഫുട്‌ബോളിനെ ഉപയോഗിച്ചുവെന്നത് ചരിത്രം. ഫ്രാങ്കോ, കാപിറ്റല്‍ ക്ലബ്ബിന് പിന്തുണ കൊടുത്തിരുന്നു. മുസ്സോളിനിയാവട്ടെ ക്ലബ്ബ് മത്സരങ്ങളുടെ കാഴ്ചക്കാരനായി നിരന്തരം പ്രത്യക്ഷപ്പെട്ടു. യൂറോപ്പിലെ വലതുപക്ഷ സ്വേഛാധിപത്യം ഫുട്‌ബോളിനെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള തന്ത്രമായി വികസിപ്പിച്ചെടുത്തത് പല ഹിഡന്‍ അജണ്ടകളുടെയും ഭാഗമെന്ന നിലക്കായിരുന്നു.
ന്യൂറന്‍ബര്‍ഗിലെ ഫ്രാങ്കന്‍ സ്റ്റേഡിയം പന്തുതട്ടാന്‍ മാത്രമല്ല, മാര്‍ച്ചിംഗ് ഗ്രൗണ്ടായും, ഹിറ്റ്‌ലര്‍ തന്റെ പ്രധാനപ്പെട്ട പ്രസംഗങ്ങള്‍ നടത്തിയ സ്ഥലമായിട്ടുമാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഇന്നത്തെ ന്യൂറംബര്‍ഗിന്റെ ഹോംഗ്രൗണ്ട് അന്നറിയപ്പെട്ടിരുന്നത് 'ഹിറ്റ്‌ലര്‍ സ്റ്റേഡിയം' എന്നായിരുന്നു. ലിന്‍സില്‍ (Linz) വളര്‍ന്ന ഹിറ്റ്‌ലര്‍ ഒരിക്കലും ഫുട്‌ബോള്‍ ആരാധകനേയായിരുന്നില്ല. ഫുട്‌ബോളിന്റെ വളര്‍ച്ചയും സ്വാധീനവുമാണ് അയാളെ അതിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ ഇടയാക്കിയത്. അക്കാലത്ത് വലിയ ഹാജറുള്ള സ്ഥലം ഫുട്‌ബോള്‍ സ്റ്റേഡിയമായിരുന്നല്ലോ. അതിനാല്‍, തനിക്ക് ജനങ്ങളിലേക്കെത്താനുള്ള ഒരു പ്രധാന മാര്‍ഗം ഫുട്‌ബോളാണെന്ന് അയാള്‍ മനസ്സിലാക്കി. അതിന്റെ ഫലമെന്നോണം ഓരോ ഗെയ്മിന് മുമ്പും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കണമെന്നും നാസി സല്യൂട്ട് ചെയ്യണമെന്നും ടീമുകളെ നിര്‍ബന്ധിച്ചു. നാസി പാര്‍ട്ടി അധികാരം ഏറ്റെടുത്തതിനെത്തുടര്‍ന്ന് അവര്‍ ഫുട്‌ബോള്‍ ലീഗ് എന്ന സംവിധാനം സൃഷ്ടിച്ചു. എല്ലാ പുതിയ ജര്‍മന്‍ പ്രദേശങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തി. അതു പക്ഷേ, ഫുട്‌ബോളിനോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല; മുഴുവന്‍ ജര്‍മന്‍ ഭൂമിയും ഏകീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു.
യഥാര്‍ഥത്തില്‍ ഹിറ്റ്‌ലര്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെട്ടിരുന്നോ? ഇല്ല എന്ന് നിസ്സംശയം പറയാം. ആര്യവംശം സൃഷ്ടിച്ച് യൂറോപ്പില്‍ ആധിപത്യം സൃഷ്ടിക്കാനുള്ള ചിന്തക്കും പ്രവൃത്തിക്കുമിടയില്‍ മറ്റു കാര്യങ്ങള്‍ക്കുവേണ്ടി നീക്കിവെക്കാന്‍ മതിയായ സമയം ഇല്ലായിരുന്നു എന്നുവേണം പറയാന്‍. എന്നാല്‍, ഒരു ഫുട്‌ബോള്‍ മത്സരം മുഴുവനായി വീക്ഷിച്ചിട്ടുണ്ട് അദ്ദേഹം. 1936-ലെ ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരം. 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സ് 'ഹിറ്റ്‌ലര്‍ ഒളിമ്പിക്‌സ്', 'നാസി ഒളിമ്പിക്‌സ്' എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ആര്യന്‍ വംശത്തിന്റെയും  ഐക്യജര്‍മനിയുടെയും പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടതിനാലാണത്. എന്നാല്‍, ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി ജര്‍മനിയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ എതിര്‍ശബ്ദം ഉയര്‍ന്നതും ഇതിലൂടെയായിരുന്നു എന്ന് ഫുട്‌ബോള്‍ ചരിത്രകാരനായ പീറ്റര്‍ കെന്നി ജോണ്‍സ് നിരീക്ഷിക്കുന്നുണ്ട്.
ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും തങ്ങളുടെ സെമിറ്റിക് വിരുദ്ധ അജണ്ടയും യൂറോപ്പ് കീഴടക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് കുതിക്കുന്ന സമയത്തായിരുന്നു ബെര്‍ലിന്‍ ഒളിമ്പിക്‌സ് അരങ്ങേറുന്നത്. ബെര്‍ലിന്‍ സ്റ്റേഡിയത്തിന് പുറത്ത് ആര്യന്‍ അത്‌ലറ്റുകളുടെ മാത്രം കൂറ്റന്‍ ശില്‍പങ്ങള്‍ പണികഴിപ്പിച്ചിരുന്നു. ആര്യന്‍ മേധാവിത്വമായിരിക്കും ഈ ദിനത്തിന്റെ ആകര്‍ഷണീയത എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ആര്യന്മാരുടെ അപ്രമാദിത്വത്തെ തകര്‍ത്ത് ജെസ്സി ഓവന്‍സിന്റെ (Jesse Owens) നേതൃത്വത്തില്‍  ഏതാനും കറുത്തവര്‍ഗക്കാരായ അമേരിക്കന്‍ അത്‌ലറ്റുകള്‍ സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത് ഹിറ്റ്‌ലറെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.
അതിനെക്കാള്‍ വലിയ നാണക്കേടാണ് ഫുട്‌ബോള്‍ ടീം വരുത്തിവെച്ചത്. ആദ്യ റൗണ്ടില്‍ ലക്‌സംബര്‍ഗിനെ 9-0 ന് കശക്കിയെറിഞ്ഞെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വെയോട് 2-0 ന് തോറ്റു. അക്കാലത്തെ നാസി അടിച്ചമര്‍ത്തലിനും 'ആര്യരക്തത്തിന്റെ അപാരമായ കഴിവ്' എന്ന മിത്തിനുമെതിരായ ചരിത്രമുഹൂര്‍ത്തമായി  ഈ വിജയത്തെ വിശേഷിപ്പിക്കുന്നു. ഒടുവില്‍ 55,000 പേര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് ഹിറ്റ്‌ലര്‍ അപമാനിതനായി ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീടൊരിക്കലും ഫുട്‌ബോള്‍ മത്സരം കാണാന്‍ ഹിറ്റ്‌ലര്‍ സ്റ്റേഡിയത്തില്‍ എത്തിയില്ല എന്ന് പീറ്റര്‍ കെന്നി ജോണ്‍സ് നിരീക്ഷിക്കുന്നു.

ഖത്തറില്‍ പന്തുരുളുമ്പോള്‍

ലോകകപ്പ് നടത്താന്‍ ഖത്തറിനെന്തുണ്ട് യോഗ്യത എന്ന് പലരും നെറ്റി ചുളിക്കുന്നു. യൂറോപ്യന്‍ ക്ലബ്ബുകളില്‍ പന്തുതട്ടുന്ന ചില പ്രമുഖ താരങ്ങളില്‍ നിന്നാണ് ഈ ചോദ്യത്തിന്റെ പിറവി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സമത്വവും അനുവദിക്കാത്ത രാജ്യമാണ് ഖത്തര്‍ എന്നതാണ് ആരോപണങ്ങളില്‍ ഒന്ന്. എന്നാല്‍, ഘഏആഠഝ+ പ്രസ്ഥാനങ്ങള്‍ക്ക് ഖത്തറിന്റെ മണ്ണില്‍ ഇടം അനുവദിക്കാത്തതാണ് ചിലരുടെ ചൊരുക്കിന്റെ മര്‍മം.
ഓരോ രാജ്യത്തിനും ഓരോ സംസ്‌കാരമുണ്ടെന്നും അതിനെ മാനിക്കാനുള്ള വിശാലതയാണ് ഓരോ കളിക്കാരനും വേണ്ടതെന്നും ഫ്രാന്‍സിന്റെ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് അതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
ഇസ്ലാമിക സംസ്‌കാരത്തോടുള്ള ബഹുമാനം കാരണം ഹ്യൂഗോ ലോറിസ് ഖത്തറില്‍ മഴവില്ലിന്റെ ആംബാന്‍ഡ് ധരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മഴവില്ല് നിറങ്ങള്‍ പതിച്ച, ടീം ക്യാപ്റ്റന്മാര്‍ മാത്രം കൈയില്‍ കെട്ടുന്ന ആംബാന്‍ഡുകള്‍ LGBTQ+ നോട് അനുഭാവം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ്.
'ഞങ്ങള്‍ ഫ്രാന്‍സിലായിരിക്കുമ്പോള്‍, വിദേശികളെ സ്വാഗതം ചെയ്യുമ്പോള്‍, അവര്‍ നമ്മുടെ നിയമങ്ങള്‍ പാലിക്കണമെന്നും നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും ഞങ്ങള്‍  ആഗ്രഹിക്കുന്നു. ഖത്തറിലേക്ക് പോകുമ്പോള്‍ ഞാനും അത് തന്നെ ചെയ്യും, വളരെ ലളിതമായി.'
ഫുട്‌ബോള്‍ യൂറോപ്യരുടെ  കുത്തകയാണെന്നും മനുഷ്യരെന്നാല്‍ വെളുത്ത ചര്‍മമുള്ളവരാണെന്നുമുള്ള ചിന്താധാരക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ജര്‍മന്‍ ലെജന്‍ഡ് ഫിലിപ്പ് ലാം ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിനെതിരെ രംഗത്തുവന്നത് പന്തുരുളാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ്. അതേ ദിവസം തന്നെ ജര്‍മനിയില്‍ നിന്നുതന്നെ മനം കുളിര്‍പ്പിക്കുന്ന മറ്റൊരു വാര്‍ത്തയും വായിക്കാനിടയായി. ജര്‍മന്‍ പ്രതിരോധ ഭടനും റയല്‍ മാഡ്രിഡ് താരവുമായ അന്റോണിയോ റൂഡിഗറുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അകം കുളിര്‍പ്പിക്കുന്ന വാര്‍ത്ത!
ഖത്തര്‍ ലോകകപ്പ് കളിച്ചുകിട്ടുന്ന പണം മുഴുവന്‍ തന്റെ മാതാവിന്റെ ജന്മദേശമായ സിയെര ലിയോണിലുള്ള പതിനൊന്ന് കുട്ടികളുടെ ശസ്ത്രക്രിയക്ക് വേണ്ടി ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
''സിയെര ലിയോണില്‍ പുതുതായി ജനിക്കുന്ന കുട്ടികളില്‍ പലര്‍ക്കും പല രോഗങ്ങള്‍ കണ്ടെത്തുന്നു. പ്രധാനമായും അവര്‍ ജനിക്കുന്നത് അക്കില്ലസ് ടെന്‍ഡോണ്‍ എന്ന അവസ്ഥയിലാണ്; അതായത് അവരുടെ കാലുകള്‍ താഴേക്കും ഉള്ളിലേക്കും തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥ. ചികിത്സിച്ചില്ലെങ്കില്‍ രോഗികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ഊന്നുവടി ഉപയോഗിക്കേണ്ടി വരും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ശസ്ത്രക്രിയ ചെലവേറിയതായതിനാല്‍ ആര്‍ക്കും ഇതിന് കഴിയുന്നില്ല.''  റൂഡിഗറുടെ വാക്കുകളില്‍ നിന്ന് സഹജീവി സ്‌നേഹത്തിന്റെ നനവ് ഊറുന്നു.
ഏറ്റവും മനോഹരമായി ലോകകപ്പ് നടത്തി മാതൃകയാകാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. കളിയവസാനിക്കുമ്പോള്‍ പൊളിച്ചുമാറ്റുന്ന സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളും പുല്ലും മറ്റു സാമഗ്രികളും ദരിദ്രരാജ്യമായ ആഫ്രിക്കയിലെ ഫുട്‌ബോള്‍ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാക്കാനുള്ള തീരുമാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുമ്മായവരക്കുള്ളിലെ പച്ചപ്പുല്ലില്‍ വിരിയുന്ന വര്‍ണരാജികള്‍ മാത്രമല്ല ഫുട്‌ബോള്‍. മാനവികതയുടെ, സഹജീവി സ്‌നേഹത്തിന്റെ, കരുണയുടെ, വിയോജിപ്പിന്റെ,  പോരാട്ടത്തിന്റെ, ആര്‍ദ്രതയുടെ ചെറു മിന്നാമിന്നികള്‍ പാറുന്ന ഇടം കൂടിയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌