ഗൊദാര്‍ദും എര്‍നോയും തമസ്‌കരിക്കപ്പെടുന്നത് എന്തുകൊണ്ട്?
തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ശക്തിപ്പെടുകയും സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുകയും ചെയ്ത ഫ്രഞ്ച് 'നവതരംഗ'ത്തിന്റെ ആചാര്യന്മാരിലൊരാളായിരുന്നു ഷാന്‍ ലുക് ഗൊദാര്‍ദ്. 91-ാം വയസ്സില്‍ കഴിഞ്ഞ സെപ്റ്റംബര്‍ പതിമൂന്നിനാണ് അദ്ദേഹം വിടവാങ്ങിയത്. ആത്മകഥാംശം ഏറെയുള്ള രചനകള്‍ നടത്തിയ ആനി എര്‍നോ എന്ന ഫ്രഞ്ച് എഴുത്തുകാരിക്കാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം. കേരളത്തിലെ സമാന്തര സിനിമാ മേഖലയില്‍ ഒട്ടും അപരിചിതനല്ല ഗൊദാര്‍ദ്. പല പ്രമുഖ സിനിമാ സംവിധായകരും നിരൂപകരും അദ്ദേഹത്തെക്കുറിച്ച് അനുസ്മരണ കുറിപ്പുകള്‍ എഴുതി. ആനി എര്‍നോ മലയാള സാഹിത്യ ലോകത്തിന് പരിചിതയല്ലെങ്കിലും അവരെക്കുറിച്ചും വന്നു ലേഖനങ്ങള്‍. യഥാക്രമം സിനിമയിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ രണ്ട് ഫ്രഞ്ച് പ്രതിഭകളെക്കുറിച്ച് വന്ന കുറിപ്പുകളില്‍ മനഃപൂര്‍വം ചില തമസ്‌കരണങ്ങളും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്.
തമസ്‌കരിച്ചവയില്‍ പ്രധാനം ഫലസ്ത്വീന്‍ പ്രശ്‌നത്തിലുള്ള ഇരുവരുടെയും ധീരമായ നിലപാടാണ്. സയണിസ്റ്റുകള്‍ നടത്തുന്ന അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ഇരുവരും ചോദ്യം ചെയ്യുക മാത്രമല്ല, സയണിസ്റ്റ് വിരുദ്ധ ആക്ടിവിസത്തിന്റെ മുന്‍നിരയില്‍ അണിനിരക്കുകയും ചെയ്തിട്ടുണ്ട്. അത്തരക്കാര്‍ക്ക് സയണിസ്റ്റ് ലോബി ഉടനടി ഒരു ചാപ്പ കുത്തിക്കൊടുക്കും - സെമിറ്റിക്ക് വിരുദ്ധര്‍! ഇരുവര്‍ക്കും ഈ 'ബഹുമതി' വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ടാബ്ലോയിഡ് പത്രമായ Bild ആനി എര്‍നോയുടെ 'ഇരുണ്ട വശങ്ങള്‍' ചര്‍ച്ചയാക്കിയപ്പോള്‍, Spiegel എന്ന ന്യൂസ് മാഗസിനും ഖലൃൗമെഹലാ ജീേെ എന്ന ഇസ്രായേലി ദിനപത്രവും എഴുത്തുകാരിയുടെ 'സെമിറ്റിക് വിരുദ്ധത'യെ കേന്ദ്രീകരിച്ചാണ് പുരസ്‌കാര ലബ്ധിയുടെ റിപ്പോര്‍ട്ട് പോലും മെനഞ്ഞത്; ഇത്തരമൊരാള്‍ക്ക് അവാര്‍ഡ് നല്‍കിയത് മഹാ അപരാധമായിപ്പോയി എന്ന മട്ടില്‍. ആനി എര്‍നോയെക്കുറിച്ച് എഴുതിയപ്പോള്‍ മലയാള മാധ്യമങ്ങള്‍ ഈ ആരോപണത്തിന്റെ സത്യാവസ്ഥ ചികയാന്‍ പോയില്ല. ചിലര്‍ തങ്ങളുടെ ലേഖനങ്ങളില്‍ ഇക്കാര്യം എഴുതിയിരുന്നെങ്കിലും അവര്‍ക്ക് ആ ഭാഗം വെട്ടിമാറ്റി പ്രസിദ്ധീകരിച്ചത് കാണാനായിരുന്നു വിധി എന്നും കേള്‍ക്കുന്നു. തമസ്‌കരണത്തിലും തെറ്റിദ്ധരിപ്പിക്കുന്നതിലും പാശ്ചാത്യ മീഡിയയുടെ അരികുപറ്റിയാണ് മലയാള മാധ്യമങ്ങളുടെയും സഞ്ചാരം.
ആനി എര്‍നോയുടെ സെമിറ്റിക് വിരുദ്ധതക്ക് ഉദാഹരണമായി ജറൂസലം പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത്, ഇസ്രായേലിനെ ബഹിഷ്‌കരിക്കാനുള്ള BDS (Boycott, Divestment and Sanctions) പ്രസ്ഥാനത്തില്‍ അവര്‍ പങ്കാളിയായി എന്നതാണ്. ഫലസ്ത്വീനില്‍ അധിനിവേശം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കാന്‍ ബുദ്ധിജീവികളും കലാകാരന്മാരുമൊക്കെ അടങ്ങുന്ന ആക്ടിവിസ്റ്റുകള്‍ രൂപംകൊടുത്ത വേദിയാണിത്. ബോധവല്‍ക്കരണം, ഒപ്പുശേഖരണം പോലുള്ള തീര്‍ത്തും ജനാധിപത്യപരമായ രീതികളേ ഈ കൂട്ടായ്മ സ്വീകരിക്കുന്നുള്ളൂ. ഇസ്രായേലി കൊളോണിയലിസത്തെ അവര്‍ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന വര്‍ണവെറിയന്‍ ഭരണകൂടത്തോട് ഉപമിക്കുന്നത് വസ്തുതകള്‍ മുന്നില്‍വെച്ചാണ്. അതിനെ വസ്തുതാപരമായി എതിര്‍ക്കാന്‍ കഴിയാതെ വരുമ്പോഴാണ് സയണിസ്റ്റ് ലോബി ചാപ്പകളുമായി ഇറങ്ങുക. 2018- ല്‍ ഫ്രാന്‍സിലെ 80 കലാകാരന്മാര്‍ (അക്കൂട്ടത്തില്‍ എര്‍നോയുമുണ്ട്), ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ കാണാതെ ഫ്രഞ്ച് ഭരണകൂടം ആ രാജ്യത്തെ അമിതമായി മഹത്വവല്‍ക്കരിക്കുകയാണെന്നും അതിനാല്‍, അതുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരു നിവേദനം സമര്‍പ്പിച്ചു. 2019-ല്‍ എര്‍നോ ഉള്‍പ്പെട്ട നൂറ് കലാകാരന്മാര്‍ മറ്റൊരു നിവേദനവും ഒപ്പിട്ട് നല്‍കി. തെല്‍ അവീവില്‍ നടത്തുന്ന യൂറോ വിഷന്‍ ഗാനമത്സരം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ആ പരിപാടി സംപ്രേഷണം ചെയ്യരുതെന്ന് ഫ്രഞ്ച് ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെടുകയും ചെയ്തു. 2021-ല്‍ 'വര്‍ണവെറിക്കെതിരെ ഒരു കത്തി'ലും എര്‍നോ ഒപ്പിട്ടു. ഇസ്രായേലിനെ അതില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തോട് ഉപമിച്ചിരുന്നു. ഗസ്സയിലും മറ്റും ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെയും അതില്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഈ സയണിസം വിമര്‍ശനങ്ങള്‍ എങ്ങനെയാണ് സെമിറ്റിക്ക് വിരുദ്ധത ആവുകയെന്ന് ആരും വിശദീകരിക്കുന്നില്ല. ജൂത സമൂഹത്തിനെതിരെയുള്ള വംശീയ മുന്‍വിധികളും നീക്കങ്ങളുമൊക്കെയാണ് സെമിറ്റിക് വിരുദ്ധതയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഹിറ്റ്‌ലറുടെ ജൂതവിരുദ്ധ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു നിര്‍വചനം രൂപപ്പെടുന്നത്. സെമിറ്റിക് വിരുദ്ധത മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കുറ്റകൃത്യവുമാണ്. ഈ നിര്‍വചനത്തിനകത്ത് വരുന്ന യാതൊന്നും എര്‍നോയുടെ എഴുത്തുകളിലോ സംസാരങ്ങളിലോ ഇല്ല. സയണിസ്റ്റുകള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അതിക്രമങ്ങളെയുമാണ് അവര്‍ എതിര്‍ക്കുന്നത്. ഇതിനെ സെമിറ്റിക് വിരുദ്ധതയായി ചിത്രീകരിക്കുമ്പോള്‍, മീഡിയ അത് തിരുത്തുന്നതിന് പകരം അതേ പല്ലവി ഏറ്റുചൊല്ലുകയാണ്.
സയണിസ്റ്റ് ലോബിയുടെ കണ്ണിലെ കരടാണ് നേരത്തെ തന്നെ ഗൊദാര്‍ദ്. ഇടതുപക്ഷ ആശയങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ തുടക്കത്തില്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. 'കാലം സ്ഥലത്തിന്റെ സ്ഥാനത്ത് ഇറങ്ങി നില്‍ക്കുന്നു, എന്നിട്ട് സ്വന്തം പേരില്‍ സംസാരിക്കുന്നു' എന്ന് ഗൊദാര്‍ദ് എഴുതിയിട്ടുണ്ട്. തന്റെ കാലത്തെ ഒരു പൊള്ളുന്ന പ്രശ്‌നം - ഫലസ്ത്വീന്‍ - സിനിമയിലേക്ക് കൊണ്ടുവരാന്‍ ഗൊദാര്‍ദ് തീരുമാനിക്കുന്നത് അങ്ങനെയാണ്. ആ രാഷ്ട്രീയ പ്രശ്‌നത്തെ തന്റേതായ ശൈലിയില്‍ സിനിമയിലേക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. 1968-ല്‍ ജോര്‍ദാനിലെ കറാമ നഗരത്തില്‍ ഫലസ്ത്വീനീ ചെറുത്തുനില്‍പ്പ് സംഘങ്ങളും ജോര്‍ദാന്‍ സൈന്യവും ഇസ്രായേലിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടം ഇതിനൊരു പ്രേരകമായിട്ടുണ്ടാവാം. അങ്ങനെ 1970-ല്‍ ഗൊദാര്‍ദും സംഘവും ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തുന്നു. അപ്പോഴാണ് നേരത്തെ ഒന്നിച്ചുനിന്നിരുന്ന ജോര്‍ദാന്‍ സൈന്യവും ഫലസ്ത്വീന്‍ പോരാട്ട ഗ്രൂപ്പുകളും ഇടയുന്നത്. അത് ഇരു വിഭാഗവും തമ്മിലുള്ള പൊരിഞ്ഞ പോരില്‍ കലാശിച്ചു. ഈ പോരാട്ടം 'കറുത്ത സെപ്റ്റംബര്‍' (Black September -അല്‍ അയ്‌ലൂലുല്‍ അസ്‌വദ്) എന്നാണ് അറിയപ്പെടുന്നത്. ഇതെത്തുടര്‍ന്ന് ഗൊദാര്‍ദിന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ഫ്രാന്‍സിലേക്ക് മടങ്ങേണ്ടിവന്നു. കാരണം, ഒറിജിനല്‍ പോരാളികളെ (ഫിദാഇയ്യൂന്‍) വെച്ചായിരുന്നു ഗൊദാര്‍ദ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അവരില്‍ പലരും കറുത്ത സെപ്റ്റംബര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട ആ സിനിമക്ക് പേര് നേരത്തെ നിശ്ചയിച്ചിരുന്നു - ഡിശേഹ ഢശരീേൃ്യ. പോരാളികളെ വെച്ച് എടുത്ത ഫൂട്ടേജ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അതെല്ലാം ചേര്‍ത്തുവെച്ച് തന്റെതായ രീതിയില്‍ അദ്ദേഹം 1976-ല്‍ ഡോക്യുമെന്ററി പോലെ ഒരു സിനിമ നിര്‍മിച്ചു - ഒലൃല മിറ ഋഹലെംവലൃല. സംഭാഷണങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം അറബിയില്‍ തന്നെ നിലനിര്‍ത്തി. നരേഷന്‍ ഗൊദാര്‍ദിന്റെ ശബ്ദത്തിലും. ഫ്രഞ്ച് ഭാഷയില്‍ സബ്‌ടൈറ്റിലുകളും ഉള്‍പ്പെടുത്തി. ഗൊദാര്‍ദ് സിനിമകളില്‍ രാഷ്ട്രീയം ശക്തമായി പ്രതിഫലിച്ചുതുടങ്ങുന്നത് ഇവിടം മുതല്‍ക്കാണെന്ന് നിരീക്ഷകര്‍ പറയുന്നു. അന്ന് ലഭ്യമായിരുന്ന സിനിമയുടെ എല്ലാ സാധ്യതകളും ഇതില്‍ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. സിനിമ കാണുന്നവന് മുഖത്ത് അടി കിട്ടിയ പോലെ തോന്നണമെന്നാണ് ഇത്തരം രാഷ്ട്രീയ സിനിമകളെക്കുറിച്ച ഗൊദാര്‍ദിയന്‍ സങ്കല്‍പ്പം.
സയണിസ്റ്റുകളെ സംബന്ധിച്ചേടത്തോളം, ഫലസ്ത്വീന്‍ പ്രശ്‌നത്തെ സത്യസന്ധമായി സമീപിക്കുന്ന സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ വലിയ അപരാധമൊന്നും ഇനിയൊരാള്‍ ചെയ്യാനില്ല. സയണിസ്റ്റ് വിരുദ്ധചേരിയില്‍ കലാകാരന്മാരെ അണിനിരത്തുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്രായേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനകളില്‍ ഒപ്പിട്ടവരില്‍ ആനി എര്‍നോയോടൊപ്പം എന്നും ഗൊദാര്‍ദും ഉണ്ടായിരുന്നു. ഇവര്‍ മീഡിയാ തമസ്‌കരണം നേരിടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മറ്റെങ്ങും തെരയേണ്ടതില്ല.
Comments