ഇസ്‌ലാമിക ആധ്യാത്മികതയും പടിഞ്ഞാറിന്റെ അധഃപതനവും
വീണ്ടും വായിക്കാന്‍ /
(ബ്രിട്ടനിലെ കിരീടാവകാശിയായിരിക്കെ 1996 ഡിസംബര്‍ 13-ന് ഇംഗ്ലണ്ടിലെ
വില്‍റ്റണ്‍ പാര്‍ക്കിലെ വിദേശകാര്യ ഓഫീസില്‍ ചെയ്ത പ്രഭാഷണം)
മതബോധത്തെക്കുറിച്ചും, ഇസ്‌ലാമിക-പാശ്ചാത്യ ലോകങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതില്‍ അതിനുള്ള പ്രസക്തിയെക്കുറിച്ചും ഒരു സെമിനാര്‍ നടത്താന്‍ നിര്‍ദേശം കൊടുക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ, കുറെക്കാലം അക്കാര്യം തുറന്നു പറയാന്‍ ഞാന്‍ മടിച്ചുനിന്നു. എനിക്കറിയാം വിഷയം അത്ര സാധാരണമോ എളുപ്പമോ അല്ലെന്ന്. ലാഘവ ബുദ്ധ്യാ നോക്കിക്കാണേണ്ട വിഷയങ്ങളില്‍ പെട്ടതുമല്ല അത്.
പക്ഷേ, എന്നെ പ്രോത്സാഹിപ്പിച്ച ഒരു ഘടകമുണ്ടായിരുന്നു. വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ധൈര്യം കാണിച്ചപ്പോഴെല്ലാം, ഭൗതിക വ്യവഹാരങ്ങളില്‍ മാത്രം താല്‍പര്യം കാണിക്കാറുള്ള അന്തര്‍ദേശീയ പണമിടപാടുകാര്‍, ഭൂമികച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പോലും അത് അസാധാരണമായ പ്രതികരണമുളവാക്കി. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അതിന് സാധിക്കുകയും ചെയ്തു. നമ്മില്‍ ഓരോ വ്യക്തിയിലും ഈ മതാവബോധ(സെന്‍സ് ഓഫ് ദി സാക്രഡ്)ത്തിന്റെ അകന്ന മാറ്റൊലിയെങ്കിലുമുണ്ട് എന്നാണ് എന്റെ വിചാരം. പക്ഷേ, നമ്മില്‍ ഭൂരിപക്ഷത്തിനും അത് സമ്മതിക്കാന്‍ ഭയമാണ്. മറ്റുള്ളവര്‍ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്താലോ എന്ന ഭയം. ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നതില്‍ പോലും പരിഹസിക്കപ്പെടുമോ എന്ന ഭയം നമ്മെ വേട്ടയാടുകയാണ്. പാശ്ചാത്യ സംസ്‌കാരത്തിന് ആര്‍ജവവും അര്‍ഥവും നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണം.
നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ വിശുദ്ധിയെക്കുറിച്ച് നമ്മില്‍ അഖണ്ഡമായ ഒരു വീക്ഷണം കരുപ്പിടിപ്പിക്കുന്നതില്‍ കിഴക്കിന്റെ ഹിന്ദു-ജൂത-ബുദ്ധ മതങ്ങള്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നുവല്ലോ. തത്തുല്യ പ്രാധാന്യമുള്ള ഒരു സന്ദേശം ഇസ്‌ലാമിനും ഇക്കാര്യത്തില്‍ നല്‍കാനുണ്ട് എന്ന വിശ്വാസത്തോടെയാണ് ഞാന്‍ പ്രഭാഷണം ആരംഭിക്കുന്നത്. പ്രകൃതി ഘടനയുടെ കാലാതീതമായ പാരമ്പര്യങ്ങളോട് ഇസ്‌ലാമിക പാരമ്പര്യം വെച്ചുപുലര്‍ത്തുന്ന ആഴമേറിയ ആദരവ് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പക്ഷം ഈ വേരുകള്‍ കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞേക്കും. ഈ പ്രക്രിയ രണ്ട് വിശ്വാസങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്ന തോന്നലും എനിക്കുണ്ട്. പരിസ്ഥിതി, ആരോഗ്യ സുരക്ഷ, കൃഷി, വാസ്തുശില്‍പം, നഗരാസൂത്രണം തുടങ്ങിയ കാര്യങ്ങളില്‍ പാശ്ചാത്യ ദേശത്തുള്ള നാം സ്വീകരിക്കുന്ന നിലപാടുകള്‍ പുനഃപരിശോധിക്കാനും ഇത് സഹായകമാകും.
ആധുനിക ഭൗതികത, അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വെച്ചുനോക്കുമ്പോള്‍, അസന്തുലിതവും വിനാശകരവുമാണ്. അതേസമയം ഏതാണ്ട് എല്ലാ ലോകമതങ്ങള്‍ക്കും ലോകത്തിന്റെ വിശുദ്ധിയെക്കുറിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാടുണ്ടെന്നും ഓര്‍ക്കണം. ഉദാഹരണത്തിന്, ക്രിസ്തുമതത്തിലെ മനുഷ്യാവതാര സങ്കല്‍പം ഗൂഢാര്‍ഥങ്ങള്‍ നിറഞ്ഞതും പ്രതീകാത്മകവുമാണ്. പരമ്പരാഗതമായിത്തന്നെ ഭൗതിക ലോകത്തിന്റെയും ആധ്യാത്മിക ലോകത്തിന്റെയും ഐക്യം എന്ന ആശയമാണ് ഈ സങ്കല്‍പത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലും മനുഷ്യനിലുമുള്ള ദൈവത്തിന്റെ സാന്നിധ്യമാണ് അത് വിളംബരം ചെയ്യുന്നത്. പക്ഷേ, കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലായി ചുരുങ്ങിയത് പാശ്ചാത്യ ലോകത്തെങ്കിലും പ്രപഞ്ചവീക്ഷണത്തില്‍ തീര്‍ത്തും അപകടകരമായ ഒരു വിഭജനം നടന്നുകഴിഞ്ഞിരിക്കുന്നു. നമ്മുടെ ചിന്തകള്‍ക്കും ആലോചനകള്‍ക്കും മേല്‍ ശാസ്ത്രം അതിന്റെ കുത്തക - ഏകാധിപത്യം എന്നാണ് പറയേണ്ടത്- സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. മതവും ശാസ്ത്രവും വേര്‍പ്പെട്ടുപോയിരിക്കുന്നു. ഫലമോ, ഇംഗ്ലീഷ് കവി വില്യം വേഡ്‌സ് വര്‍ത്ത് പറഞ്ഞതുപോലെ 'നമ്മുടെ പ്രകൃതി, അതിലൊന്നുമേ നാം കാണുന്നില്ല.' പ്രകൃതിയെ, നമ്മുടെ ലോകത്തെ ദൈവത്തില്‍നിന്ന് തട്ടിയെടുക്കാനാണ് ശാസ്ത്രത്തിന്റെ ശ്രമം. ആ ശ്രമത്തില്‍ ശാസ്ത്രം പ്രപഞ്ചത്തെ പല തുണ്ടങ്ങളാക്കി. മതമൂല്യങ്ങളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി. നമ്മുടെ ചിന്തയില്‍ അവക്ക് അപ്രധാനമായ ഒരിടം മാത്രം നല്‍കി. നമ്മുടെ നിത്യജീവിതത്തില്‍ മതത്തിന് യാതൊരു സ്ഥാനവും ഉണ്ടായിക്കൂടാ എന്ന് നിഷ്‌കര്‍ഷിച്ചു.
ഈ ചിന്താഗതിയുടെ മാരകഫലങ്ങള്‍ നാം കണ്ടുതുടങ്ങുന്നതേയുള്ളൂ. പാശ്ചാത്യ ദേശത്തുള്ള നമുക്ക് പരിസ്ഥിതിയെ അതിന്റെ സാകല്യത്തിലെടുത്ത് ഒന്നായിക്കാണാനോ മുഴുവന്‍ സൃഷ്ടികളോടുമുള്ള സുപ്രധാനവും ഭാരിച്ചതുമായ ഉത്തരവാദിത്വം നിറവേറ്റാനോ സാധിക്കുന്നില്ല. അതിനാല്‍ തന്നെ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതിലും, നൂറ്റാണ്ടുകളിലൂടെ നമ്മുടെ പൂര്‍വികരുടെ ശ്രമഫലമായി ഉരുത്തിരിഞ്ഞുവന്ന വിജ്ഞാനശേഖരം സ്വാംശീകരിക്കുന്നതിലും നാം പരാജയപ്പെടുന്നു. പാരമ്പര്യത്തെ അവഗണിച്ചുതള്ളുന്നു എന്നു തന്നെയാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഒരു മാരക രോഗത്തെയെന്ന പോലെയാണ് പാരമ്പര്യത്തെ കൈകാര്യം ചെയ്യുന്നത്. സമൂഹത്തെ ഒന്നടങ്കം അതില്‍നിന്ന് അകറ്റിനിര്‍ത്താനാണ് ശ്രമം.
പ്രകൃതിയെ അതിന്റെ സാകല്യത്തിലെടുത്തുകൊണ്ടുള്ള ഒരു ചിന്താരീതി(Holistic Approach)യാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണമായ ഒരു ലോകമാണ് ശാസ്ത്രം നമുക്ക് കാണിച്ചുതന്നത്. ശാസ്ത്രത്തിന്റെ ആ സേവനം വിലമതിക്കാനാവുകയില്ല. അതേസമയം ഇന്നത്തെ ശാസ്ത്രത്തിന് ഭൗതികതയുടേതായ ഏകമുഖമാണുള്ളത് എന്നും സമ്മതിക്കേണ്ടതാണ്. അതിനാല്‍, എല്ലാം വിശദീകരിക്കാന്‍ ശാസ്ത്രത്തിന് സാധിക്കുന്നില്ല. ദൈവത്തെ ഒരു ന്യൂട്ടോണിയന്‍ ഗണിതജ്ഞനോ വാച്ച് നിര്‍മാതാവോ ആയി സങ്കല്‍പിക്കുന്ന രീതി മാറണം. 'പെയ്യുന്ന മഴയിലും വളരുന്ന പുല്‍ക്കൊടികളിലും മഹാത്ഭുതം ദര്‍ശിക്കാത്തവരെ ബോധ്യപ്പെടുത്താനായി ദൈവം വേറെ മഹാത്ഭുതങ്ങളൊന്നും ഇറക്കിത്തരികയില്ലെ'ന്ന് ഒരിക്കല്‍ ഫ്രാന്‍സിസ് ബേക്കണ്‍ പറയുകയുണ്ടായി. ശാസ്ത്രവും സാങ്കേതിക വിദ്യയും സദാചാര - ധാര്‍മിക, മതാത്മക പരിഗണനകളില്‍നിന്ന് കൂടുതലായി അകന്നപ്പോള്‍ ആ അകല്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. ജനിതക ശാസ്ത്രത്തിന്റെ ദുരുപയോഗവും ശാസ്ത്രത്തെ തോന്നിയ മട്ടില്‍ ഉപയോഗിച്ചതിന്റെ പരിണിതഫലമായ ബി.എസ്.ഇ അപവാദവും (ബ്രിട്ടനിലെ പശുക്കള്‍ക്ക് ഭ്രാന്ത് പിടിച്ച സംഭവം) ഉദാഹരണങ്ങള്‍.
ഒറ്റപ്പെടലും അസംതൃപ്തിയും വര്‍ധിച്ചുവരുന്ന ലോകത്ത് ഈ ഭൗതിക കാഴ്ചപ്പാടുകള്‍ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു. കാറ്റ് മാറി വീശാന്‍ തുടങ്ങുന്നു എന്നു വരെ ചിലര്‍ പറഞ്ഞേക്കും. പക്ഷേ, 'വിശുദ്ധ ഗോക്ക'ളുടെ വലിയ പറ്റങ്ങള്‍ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നുണ്ടെന്നാണ് എന്റെ ആശങ്ക (സിദ്ധാന്തവാശിക്കാരും മാമൂല്‍ പ്രേമികളുമായ വിഭാഗങ്ങളെയാണ് ഉദ്ദേശിക്കുന്നത്- വിവ.).... പ്രപഞ്ചത്തിന്റെ വിസ്മയാവഹവും സങ്കീര്‍ണവുമായ 'നിഗൂഢത'യെക്കുറിച്ച് സാവധാനത്തിലെങ്കിലും ചില ശാസ്ത്രജ്ഞര്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആദ്യം വേണ്ടത്, ലോകമതങ്ങളൊക്കെ പഠിപ്പിച്ച ആന്തര-ബാഹ്യ ലോകങ്ങളെയും ഭൗതിക- ആധ്യാത്മിക പ്രകൃതങ്ങളെയും ബന്ധിപ്പിക്കുന്ന, നഷ്ടപ്പെട്ടുപോയ ആ കണ്ണി വീണ്ടും കണ്ടെത്തുക എന്നുള്ളതാണ്. ആ കണ്ണി കണ്ടെത്തുന്നതിലൂടെ നാം നമ്മുടെ മാനവികത പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ വിജ്ഞാനത്തിലൂടെയും കലയിലൂടെയും ഇക്കാര്യം നിര്‍വഹിക്കാന്‍ കഴിയും. ഈ കലയും വിജ്ഞാനവുമാണ് മുന്‍കാലങ്ങളില്‍ മനുഷ്യനെ സംസ്‌കാരം പഠിപ്പിച്ചത്; അവയുടെ അഭാവത്തില്‍ സംസ്‌കാരങ്ങള്‍ക്ക് നിലനില്‍പുണ്ടായിരുന്നുമില്ല. ജൂത-ക്രിസ്ത്യന്‍- ഇസ്‌ലാമിക മതങ്ങളുടെ ദിവ്യപ്രഭാവമുള്ള ഈ വിജ്ഞാന ശേഖരമാണ് നൂറ്റാണ്ടുകളായി അവഗണനക്കും കടുത്ത പരിഹാസത്തിനും ഇരയായിത്തീര്‍ന്നത്. പാശ്ചാത്യ തത്ത്വചിന്തക്കും ആധ്യാത്മിക തത്ത്വങ്ങള്‍ക്കും പ്രചോദനമായി ഭവിച്ച പ്ലാറ്റോണിയന്‍ പാരമ്പര്യത്തിനും ഇതേ ഗതി വന്നു. ഈ മഹാശേഖരം വീണ്ടെടുക്കാനുള്ള യത്‌നമാണ് ഒടുവില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പാരമ്പര്യം മനുഷ്യനിര്‍മിതിയല്ല എന്ന് നമുക്ക് എല്ലായ്‌പ്പോഴും തോന്നിയിരുന്നു. അത് പ്രകൃതിയുടെ ലയതാളങ്ങളെക്കുറിച്ചുള്ള ദൈവദത്തമായ സഹജാവബോധമാണ്. പ്രകൃതിയിലെ വിരുദ്ധഭാവങ്ങളെ സംയോജിപ്പിക്കുന്ന അടിസ്ഥാനപരമായ താളപ്പൊരുത്തം എന്നു വേറെ ഭാഷയില്‍ പറയാം. പ്രപഞ്ചത്തിന്റെ കാലാതിവര്‍ത്തിയായ ഘടനയെ പ്രതിഫലിപ്പിക്കുന്നതാണ് പാരമ്പര്യം. പ്രപഞ്ചത്തിലെ മഹാ നിഗൂഢതകളെക്കുറിച്ച അവബോധം അത് നമ്മില്‍ നിക്ഷേപിക്കുകയും ചെയ്യും. അപ്പോഴാണ് നമുക്ക്, ഇംഗ്ലീഷ് കവി വില്യം ബ്ലേക്ക് പറഞ്ഞതു പോലെ, മുഴുപ്രപഞ്ചത്തെ ഒരു കണികയിലും അനശ്വരതയെ ഒരു നിമിഷത്തിലും ദര്‍ശിക്കാന്‍ കഴിയുക. അതുകൊണ്ടാണ് മനുഷ്യന്‍ വെറുമൊരു ജൈവ പ്രതിഭാസമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നതും. ജീവപ്രപഞ്ചത്തിലെ ബാക്കിപത്രത്തില്‍ ഏറ്റവും താഴെ സ്ഥാനംപിടിച്ച ജീവി എന്ന നിലക്കാണല്ലോ മനുഷ്യനെ നിര്‍വചിച്ചുവരുന്നത്. ഈ നിര്‍വചന പ്രകാരം സംസ്‌കാരവും കലയും മുഖ്യ സ്ഥാനത്ത് വരുന്നേയില്ല. അവയൊക്കെ ജീവിതത്തിലെ 'എക്‌സ്ട്ര'കള്‍ ആണ്. വേണമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ തള്ളാം. ഈ വീക്ഷണത്തിന് കടകവിരുദ്ധമാണ് ഉദാഹരണമായി, ഒരു മുസ്‌ലിം കരകൗശല വിദഗ്ധന്റെയോ കലാകാരന്റെയോ കലാസൃഷ്ടി. കല കലക്കു വേണ്ടി ചെയ്യുന്നതിലോ തന്റെ പാടവം പ്രദര്‍ശിപ്പിക്കുന്നതിലോ അല്ല കലാകാരന്റെ ശ്രദ്ധ. തന്റെ കലാപാടവം ദൈവത്തിന് സമര്‍പ്പിക്കുന്നതിലാണ്. 'നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അവിടെയെല്ലാം ദൈവത്തിന്റെ മുഖമുണ്ട്. ദൈവം സര്‍വാശ്ലേഷിയും സര്‍വജ്ഞനുമാണ്' എന്ന ഖുര്‍ആനിലെ ശ്രദ്ധേയമായ ആ സൂക്തത്തില്‍ പ്രതിഫലിക്കുന്നത് ഈ കാഴ്ചപ്പാടാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. പൂര്‍വികരില്‍ നിന്ന് നമുക്ക് ലഭിച്ച നാഗരിക മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍, മതബോധവും ആധ്യാത്മിക ചിന്തയും നമ്മുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ വേരൂന്നിയേ മതിയാവൂ. ആദ്യത്തേതിന്റെ നിലനില്‍പ് രണ്ടാമത്തേതിന്റെ നിലനില്‍പിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ചുരുക്കം.
പ്രപഞ്ചത്തെക്കുറിച്ച് സമഗ്രവും സമ്പൂര്‍ണവുമായ വീക്ഷണമുള്ള മതങ്ങള്‍ക്ക് മത-ഭൗതിക തലങ്ങളെ തമ്മില്‍ യോജിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഞാന്‍ 1993-ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ ചെയ്ത പ്രഭാഷണത്തില്‍ (ബോധനം വാരിക '93 നവംബര്‍ ലക്കം കാണുക) സമര്‍ഥിച്ചിരുന്നു. ഈ വശം അവഗണിച്ചാലുള്ള അപകടം ആധ്യാത്മിക ധൈഷണിക മേഖലകളില്‍ ഒതുങ്ങുമെന്ന് ധരിക്കരുത്. ഭൗതികതക്ക് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമാണ് ഇസ്‌ലാമിക-പാശ്ചാത്യ ലോകങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അടിസ്ഥാനം. രാഷ്ട്രീയ കാരണങ്ങളാലോ അസൂയ കൊണ്ടോ അപകര്‍ഷബോധം കൊണ്ടോ അല്ല മുസ്‌ലിംകള്‍ പാശ്ചാത്യ ഭൗതികത തള്ളിക്കളയുന്നത്. പ്രശ്‌നം നേരത്തെ പറഞ്ഞ കാഴ്ചപ്പാടിന്റേതാണ്. ഇസ്‌ലാമും കിഴക്കിന്റെ മതങ്ങളും ഒരുവശത്തും പടിഞ്ഞാറ് മറുവശത്തും നിലയുറപ്പിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട വിടവ് കൂട്ടിയോജിപ്പിക്കാനാവാത്ത വിധം വലുതാകാനുള്ള സാധ്യത നിലനില്‍ക്കും; അടുത്ത നൂറ്റാണ്ടിന് പ്രചോദനമേകും വിധം ഭൗതിക -ആധ്യാത്മിക തലങ്ങളെ സംയോജിപ്പിക്കാനുള്ള സത്വരവും പ്രായോഗികവുമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍.
മതങ്ങളുടെ ഈ സമഗ്ര കാഴ്ചപ്പാട് പ്രധാന പ്രവര്‍ത്തന മേഖലകളില്‍ നമുക്ക് സഹായകമായിത്തീരും. ശാസ്ത്രജ്ഞര്‍ എന്തൊക്കെ പറഞ്ഞാലും, ആധ്യാത്മികതയെയും ഭൗതികതയെയും, മതത്തെയും ശാസ്ത്രത്തെയും വേര്‍പ്പെടുത്തിയതിന്റെ ഫലമായി വൈദ്യശാസ്ത്ര മേഖലകളില്‍ പലപ്പോഴും ആരോഗ്യ സുരക്ഷയെക്കുറിച്ച വികലമായ കാഴ്ചപ്പാടാണ് രൂപംകൊള്ളുന്നത്. സര്‍വതല സ്പര്‍ശിയായ ഒരു കാഴ്ചപ്പാടിലൂടെ ചികിത്സാ രീതികള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നാം പരാജയപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രം മിക്കപ്പോഴും രോഗങ്ങളോട് ഏകമുഖമായ കാഴ്ചപ്പാടാണ് വെച്ചുപുലര്‍ത്തുന്നത്. ആ കാഴ്ചപ്പാടിലൂടെ വിസ്മയാവഹമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുകയല്ല. എന്നാല്‍, ഈ രീതി മുഖേന അറിയേണ്ടതിന്റെ ചെറിയൊരു അംശമേ അറിയുന്നുള്ളൂ. പരമ്പരാഗത രീതികളുമായി സമന്വയിപ്പിച്ച് ഈ മേഖലയെ കൂടുതല്‍ പ്രദീപ്തമാക്കാനും സമ്പന്നമാക്കാനും സാധിക്കും.
നമ്മുടെ ബീഭത്സമായ പേക്കിനാവുകളെ പോലും തോല്‍പിക്കുന്ന മട്ടിലാണ് പരിസ്ഥിതിക്കേല്‍ക്കുന്ന പ്രഹരങ്ങള്‍. സാമ്പത്തിക വികസനത്തെക്കുറിച്ച ഏകപക്ഷീയമായ വീക്ഷണമാണ് ഇതിനൊരു കാരണം. സൃഷ്ടിപ്രപഞ്ചത്തിലെ വസ്തുക്കളും പ്രതിഭാസങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ഈ വീക്ഷണം കണക്കിലെടുക്കുന്നില്ല. പ്രകൃതിയുടെ സന്തുലനം പരിരക്ഷിച്ചും പരിധികള്‍ നിശ്ചയിച്ചും കൊണ്ടുള്ള വികസനത്തെക്കുറിച്ചും ആരുടെയും ചിന്ത പോയില്ല. അങ്ങനെയാണ് പരിസ്ഥിതി സംരക്ഷണം നമ്മുടെ സമകാലിക ഉത്കണ്ഠകളില്‍ ഒന്നായിത്തീരുന്നത്. മത-ഭൗതിക വിഭജനം നാടകീയ പരിണതികള്‍ സൃഷ്ടിച്ചിട്ടുള്ള മൂന്നാമതൊരു മേഖല വാസ്തുശില്‍പമാണ്. ഈ വിഭജനം നിലനില്‍ക്കുന്നതുകൊണ്ട് ആധുനിക ശില്‍പകലക്ക് അവശ്യം വേണ്ട ആധ്യാത്മിക പ്രഭാവത്തെയും, പ്രപഞ്ചത്തിന്റെ താളപ്പൊരുത്തം പ്രതിഫലിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഈ താളപ്പൊരുത്തം ദീക്ഷിക്കപ്പെടണം; കെട്ടിടങ്ങളില്‍, എങ്കിലേ അവയില്‍ താമസിക്കുന്നവര്‍ക്ക് സ്വാസ്ഥ്യം ഉണ്ടാവുകയുള്ളൂ. ഇതിനു വേണ്ടിയാണ് അഞ്ചു വര്‍ഷം മുമ്പ് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്വര്‍ എന്ന സ്ഥാപനം തുടങ്ങിയത്. ടിറ്റസ് ബുക്കാര്‍ട്ട് എഴുതി: 'ആത്മാവിനെ ആനന്ദിപ്പിക്കുന്നു കല. എല്ലാ കലാരൂപത്തിനും പക്ഷേ, ആധ്യാത്മിക മാനം കൈവരിക്കാനാവുന്നില്ല. ഈ ആധ്യാത്മികത നമുക്ക് പരമ്പരാഗത ക്രിസ്ത്യന്‍ വാസ്തുശില്‍പത്തില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. ആഴമേറിയ ഒരു അവബോധമാണ് ഈ വാസ്തുശില്‍പത്തിന് പ്രേരണയായിത്തീരുന്നത്. ഈ ആധ്യാത്മിക ഭാവം തന്നെയാണ് ഇസ്‌ലാമിക കലയിലെ അതിസൂക്ഷ്മമായ ജ്യാമിതീയ അറബെസ്‌ക് പാറ്റേണുകള്‍ക്ക് പ്രചോദനമായിത്തീരുന്നതും. ഖുര്‍ആന്റെ കേന്ദ്ര പ്രമേയമായ ദൈവത്തിന്റെ ഏകത്വമാണ് ഈ കലാരൂപങ്ങളിലെല്ലാം ആത്യന്തികമായി പ്രത്യക്ഷീഭവിക്കുന്നത്. പ്രവാചകന്‍ തന്നെ പറയുകയുണ്ടായി: 'ദൈവം സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.'
നഗരാസൂത്രണത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. നഗരജീവിതത്തെ ആധ്യാത്മിക പ്രശാന്തിയുമായി ഇഴയടുപ്പിച്ച് നിര്‍ത്തല്‍ നാഗരികതയുടെ മര്‍മപ്രധാനമായ അടിസ്ഥാനമാണെന്ന് മഹാനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ മനസ്സിലാക്കിയിരുന്നു. നമ്മുടെ നഗരങ്ങള്‍ക്ക് അത്തരമൊരു പ്രശാന്തിയിലേക്ക് തിരിച്ചുപോകാനാവുമോ? നാഗരികതകള്‍ ക്ഷയിക്കുന്നു, അതുപോലെ കരവിരുതുകളും- ഇബ്‌നു ഖല്‍ദൂന്‍ വീണ്ടും എഴുതി.
ആത്യന്തികമായി ഈ തത്ത്വങ്ങളെല്ലാം പോരടിക്കുന്നത് വിശ്വാസമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ആധുനിക ലോകം തുണ്ടം തുണ്ടമാക്കിക്കളഞ്ഞ നമ്മുടെ ജീവിതത്തില്‍ ആധ്യാത്മിക അഖണ്ഡത പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിത്. ഇസ്‌ലാമിക സംസ്‌കാരം ലോകത്തെക്കുറിച്ചുള്ള ഈ ആധ്യാത്മിക അഖണ്ഡവീക്ഷണം പരിരക്ഷിക്കാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. പാശ്ചാത്യ ലോകത്ത് ഏതാനും തലമുറകളായി ഇത്തരമൊരു ശ്രമം നടന്നുകാണുന്നില്ല. ഇക്കാര്യത്തില്‍ ഇസ്‌ലാമിക ലോക വീക്ഷണത്തില്‍ നിന്ന് പലതും നമുക്ക് സ്വീകരിക്കാനുണ്ട്. ഈ പങ്കുപറ്റലിലൂടെ രണ്ട് വിശ്വാസ പ്രമാണങ്ങളിലെയും കാലാതീതവും പൊതുവും ആയ ഘടകങ്ങള്‍ നമുക്ക് കണ്ടെത്താനും കഴിയും.
1993-ലെ എന്റെ ഓക്‌സ്‌ഫോര്‍ഡ് പ്രഭാഷണത്തില്‍, ഇസ്‌ലാമിക-പാശ്ചാത്യ ലോകങ്ങള്‍ തമ്മില്‍ അടുത്തറിയുന്നതിന് ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു. ആ പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച എന്റെ അഭിപ്രായത്തിന് ഇപ്പോഴും മാറ്റമില്ല. അജ്ഞതയും മുന്‍ധാരണയും ഇനിയും നിലനില്‍ക്കുകയാണെങ്കില്‍/വളരുകയാണെങ്കില്‍ രണ്ട് സംസ്‌കാരങ്ങള്‍ക്കും അത് വരുത്തിവെക്കുന്ന ക്ഷതം വിവരണാതീതമായിരിക്കും. പരസ്പരം മനസ്സിലാക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ തുറന്നുകിടപ്പുണ്ട്.
ഉദാഹരണത്തിന്, ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ മുസ്‌ലിം അധ്യാപകരെ ചേര്‍ത്തുകൊണ്ടോ ഇരു വിഭാഗവും അധ്യാപകരെ പരസ്പരം കൈമാറിയോ ഈ പ്രക്രിയക്ക് തുടക്കംകുറിക്കാവുന്നതാണ്. എല്ലായിടത്തും ജനങ്ങള്‍ ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പര്യം കാണിക്കുന്ന കാലമാണ്. പക്ഷേ, നാം പടിഞ്ഞാറ് താമസിക്കുന്നവര്‍ മുസ്‌ലിം അധ്യാപകരില്‍ നിന്നാണ് വിദ്യ അഭ്യസിക്കേണ്ടത്- മസ്തിഷ്‌കം കൊണ്ട് പഠിക്കുന്നതു പോലെ ഹൃദയം കൊണ്ടും എങ്ങനെ പഠിക്കാം എന്ന് മനസ്സിലാക്കുന്നതിനു വേണ്ടി. ഈ കണ്ണികള്‍ അന്വേഷിച്ചു കണ്ടെത്തി വിളക്കിച്ചേര്‍ക്കുന്ന മാതൃകായോഗ്യമായ ഒരു രാസത്വരകമായിരിക്കാം വരാന്‍പോകുന്ന സഹസ്രാബ്ദം. ഈ അവസരം നാം കളഞ്ഞുകുളിക്കുകയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഈ രണ്ട് വിശ്വാസ പ്രമാണങ്ങള്‍ തമ്മില്‍ മാത്രമല്ല, എല്ലാ വിശ്വാസ പ്രമാണങ്ങള്‍ തമ്മിലും പുതിയൊരു ബന്ധവും തിരിച്ചറിവും സ്ഥാപിച്ചെടുക്കാന്‍ മതാവബോധവും നമ്മെ സഹായിക്കാതിരിക്കില്ല. നമ്മുടെ കുട്ടികള്‍ക്കും ഭാവി തലമുറകള്‍ക്കും അത് പ്രയോജനകരമായി ഭവിക്കുകയും ചെയ്യും.
വിവ: അശ്‌റഫ് കീഴുപറമ്പ്
Comments