വിശ്വ മാനവികതയിലേക്ക് പന്ത് പായിച്ച് ഖത്തര്‍
ദോഹയില്‍ നിന്ന് ഏതാണ്ട് അന്‍പത് കിലോമീറ്റര്‍ മാറി അല്‍ഖോര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ബൈത്ത് സ്റ്റേഡിയം. പരമ്പരാഗത ബദൂയിന്‍ ടെന്റ് മാതൃകയില്‍ പടുത്തുയര്‍ത്തിയ അതിമനോഹരമായ ആ വേദിയിലാണ് ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. അതില്‍ പ്രശസ്ത അമേരിക്കന്‍ സിനിമാ താരം മോര്‍ഗന്‍ ഫ്രീമാനും ശാരീരിക വെല്ലുവിളി നേരിടുന്ന ഖത്തരി ബാലന്‍ ഗാനിം അല്‍ മുഫ്താഹും തമ്മിലുള്ള സംഭാഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റും വിധമായിരുന്നു. ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നതെന്ന ഫ്രീമാന്റെ ചോദ്യത്തിന് ഗാനിമിന്റെ ഉത്തരം, വിശുദ്ധ ഖുര്‍ആനിലെ സൂറഃ അല്‍ഹുജുറാത്തിലെ 13-ാം സൂക്തമായിരുന്നു. ''ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു.''
ഈ നിമിഷത്തില്‍ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാള്‍ വളരെ വലുതാണ്, പക്ഷേ അത് ഇന്നത്തേതിലും കൂടുതല്‍ കാലം എങ്ങനെയാണ് നിലനിര്‍ത്താന്‍ കഴിയുക എന്ന ഫ്രീമാന്റെ ചോദ്യത്തിന് ഗാനിമിന്റെ ഉത്തരം ഇങ്ങനെ: ''സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നാമിപ്പോള്‍ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ഞങ്ങള്‍ 'ബൈത്ത് അശ്ശഅര്‍' എന്ന് വിളിക്കുന്ന ടെന്റ് മാതൃകയിലുള്ള വീട്. പണ്ടുകാലത്ത് ഊര് ചുറ്റുന്ന ഗോത്രങ്ങള്‍ താമസിക്കാന്‍ ഉപയോഗിച്ചിരുന്ന ഇതിന്റെ പ്രത്യേകത എന്തെന്നോ, ഇതെവിടെയാണോ നിര്‍മിക്കുന്നത് അതാണ് ഞങ്ങളുടെ വീട്. ഇന്ന് നിങ്ങളെ ഇവിടെ വിളിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്.'' നമ്മള്‍ ഒരു വലിയ ഗോത്രമായാണിവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും എല്ലാവരും ഒരുമിച്ചു താമസിക്കുന്ന ഒരു വലിയ കൂടാരമാണ് ഈ ഭൂമിയെന്നുമായിരുന്നു ഫ്രീമാന്റെ തുടര്‍ കമന്റ്.
തങ്ങളുടെ മൂല്യങ്ങള്‍ മാത്രമാണ് ശരിയെന്നും മറ്റെല്ലാം അപരിഷ്‌കൃതമെന്നും തെറ്റിദ്ധരിച്ചും ധരിപ്പിച്ചും ഖത്തറിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ എയ്തുവിട്ടവര്‍ക്ക് മനോഹരമായ മറുപടിയാണ് ഉദ്ഘാടന ചടങ്ങില്‍ കേവലം രണ്ട് മിനിറ്റ് മാത്രം നീണ്ടുനിന്ന ഈയൊരൊറ്റ രംഗത്തിലൂടെ ഖത്തര്‍ നല്‍കിയത്. ഒപ്പം അത് വിശ്വ മാനവികതയിലേക്കുള്ള വലിയൊരു പന്തുരുട്ടലായിരുന്നു. ഇന്‍ക്ലൂസിവിറ്റിക്കും ഡൈവേഴ്‌സിറ്റിക്കും എതിരാണ് നിങ്ങള്‍ എന്ന് പറഞ്ഞവര്‍ക്ക് വൈവിധ്യങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്ന വലിയ പാഠം ആ ചെറിയ ചടങ്ങ് പങ്കുവെച്ചു. പക്ഷേ, അതിനിടയിലും എങ്ങനെയോ ഒഴിഞ്ഞ ചില കസേരകളുടെ പടം ഗ്യാലറിയില്‍ നിന്ന് തേടിപ്പിടിച്ചു പ്രസിദ്ധീകരിച്ച്, ഒരര്‍ഥത്തിലും മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ തയാറല്ലെന്ന വംശീയ ഡംഭ് മാത്രമാണ് മറുഭാഗം പ്രദര്‍ശിപ്പിച്ചത്.
'പരിഷ്‌കൃതരു'ടെ ഇരട്ടത്താപ്പ്
ഓരോ ലോക കപ്പും വ്യത്യസ്ത കാരണങ്ങളാല്‍ പലതരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. എന്നാല്‍, ഇത്തവണ ആതിഥേയരായ ഖത്തറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ 2010-ല്‍ അതിനുള്ള അവകാശം കിട്ടിയ അന്ന് മുതല്‍ തുടങ്ങിയതാണ്. ചരിത്രത്തിലാദ്യമായി മധ്യപൂര്‍വ ദേശത്ത് നിന്നുള്ള അറബ് മുസ്‌ലിം രാജ്യത്തിന് ഈ അവകാശം ലഭിച്ചതാണ് പലരെയും ഇത്ര കഠിനമായ വിമര്‍ശനത്തിന് പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍. ഏറക്കാലമായി (ചെറിയ ഇടവേളകളൊഴിച്ചാല്‍) യൂറോപ്പിന്റെയും തെക്ക്-വടക്കന്‍ അമേരിക്കകളുടെയും കുത്തകയായിരുന്ന ലോക കപ്പ് ആതിഥേയത്വം ചെറിയ ഭൂപ്രദേശം മാത്രമുള്ള ഒരറബ് മുസ്‌ലിം രാജ്യത്തിന് ലഭിച്ചുവെന്നത് ഇത്രമാത്രം പ്രകോപനമുണ്ടാക്കാന്‍ കാരണമെന്തെന്ന് ചിന്തിക്കുമ്പോഴാണ് പുറമേ പരിഷ്‌കൃതമെന്നും നാഗരികമെന്നും കരുതപ്പെടുന്നവരുടെ പുറംപൂച്ച് പുറത്ത് ചാടുന്നത്. ലോക കപ്പിന്റെ ചട്ടങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എല്ലാ അര്‍ഥത്തിലും അതിന് ആതിഥേയത്വം വഹിക്കാന്‍ അര്‍ഹതയുള്ള രാജ്യമാണ് ഖത്തറെങ്കിലും അതുള്‍ക്കൊള്ളാന്‍, പാശ്ചാത്യരിലെ വംശീയ മനസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. സാമ്പത്തിക സ്വയം പര്യാപ്തത കൊണ്ടും ദീര്‍ഘ ദൃഷ്ടിയോടെയുള്ള ആസൂത്രണം മുഖേനയുമാണ് ഈ കൊച്ചു രാജ്യം അത് സാധിച്ചെടുത്തത് എന്നതൊന്നും അവരുടെ നികൃഷ്ട മനസ്സിനെ സ്വാധീനിച്ചില്ല.
ഇതു വരെ ലോക കപ്പിന് ആതിഥേയത്വം വഹിച്ച എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ടായിട്ടുള്ള പലതരം ന്യൂനതകളില്‍ ചിലത് ഖത്തറിനും ഉണ്ടായിരുന്നിരിക്കാം. ആ അര്‍ഥത്തില്‍ തങ്ങള്‍ സമ്പൂര്‍ണരാണെന്ന് ആ രാജ്യം ഒരിക്കല്‍ പോലും അവകാശപ്പെട്ടിട്ടില്ല. മറിച്ച്, കുറവുകള്‍ അംഗീകരിക്കുകയും അത് പരിഹരിക്കാന്‍ ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിക്കുകയും ചിലത് ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് സുതാര്യമായി അറിയിക്കുകയും ചെയ്തു അവര്‍. സകല കുറവുകളോടും കൂടി മുന്‍ കാലങ്ങളില്‍ എങ്ങനെയാണോ ഈ മഹാമേളക്ക് മറ്റുള്ളവര്‍ ആതിഥേയത്വം വഹിച്ചത് അതുപോലെ തങ്ങള്‍ക്കും അതിനുള്ള അവസരം നല്‍കണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം.
അറ്റമില്ലാത്ത വിമര്‍ശന പരമ്പര
ലോക കപ്പ് ആതിഥേയത്വം പ്രഖ്യാപിച്ചത് മുതല്‍ ഖത്തര്‍ നേരിട്ട ആദ്യ ആരോപണം അത് പൈസ കൊടുത്ത് വാങ്ങിയത് എന്നതായിരുന്നു. ഫിഫയുടെ വോട്ടവകാശമുള്ള അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്താണ് അനുകൂല ഫലം നേടിയെടുത്തത് എന്ന് ചിലര്‍ വിളിച്ചു കൂവി. തുടര്‍ന്ന് 2019-ല്‍ ഫിഫ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ അതൊക്കെ വ്യാജ ആരോപണങ്ങളാണെന്ന് തെളിഞ്ഞു.
അതു കഴിഞ്ഞ് സാധാരണ ഗതിയില്‍ ലോക കപ്പ് നടക്കുന്ന ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ഗള്‍ഫില്‍ അനുഭവപ്പെടുന്ന ചൂടായിരുന്നു വിഷയം. ഒരു നിലക്കും 50 ഡിഗ്രി ഊഷ്മാവില്‍ ലോക കപ്പ് നടക്കില്ലെന്നായിരുന്നു വാദം. അതിന് പരിഹാരമായി, നേരത്തെ തന്നെ എയര്‍ കണ്ടീഷന്‍ഡ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഖത്തര്‍ അതിനെ പ്രതിരോധിച്ചു. അപ്പോള്‍, കളി കാണാന്‍ വരുന്നവര്‍ സ്റ്റേഡിയത്തിന് പുറത്ത് കൊടും ചൂടനുഭവിക്കുമെന്ന് പറഞ്ഞു രോദനം തുടര്‍ന്നു. തുടര്‍ന്നാണ് ഫിഫ തന്നെ മുന്‍ കൈയെടുത്ത് ടൂര്‍ണമെന്റ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്ക് മാറ്റിയത്.
അപ്പോള്‍ പിന്നെ യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തീയതി മാറ്റം തടസ്സമാകുമെന്നായി വിമര്‍ശനം. ഒരു സീസണില്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടതില്ലാത്ത അവസ്ഥയിലായിരുന്നു ഇങ്ങനെയൊരു മുടന്തന്‍ ന്യായം. ഫിഫയെ ഉപയോഗിച്ച് തന്നെ ഖത്തര്‍ ആ തടസ്സവും തട്ടിമാറ്റി.
അതു കഴിഞ്ഞപ്പോഴേക്കും സ്റ്റേഡിയ നിര്‍മാണത്തിനായി പണിയെടുക്കുന്ന വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് പറഞ്ഞ് ആരോപണങ്ങളുടെ പെരുമഴക്കാലത്തിന് തുടക്കമായി. ലോകത്തെവിടെയും വന്‍ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന സര്‍വസാധാരണമായ അപകടങ്ങളെയും മരണനിരക്കിനെയും ഉയര്‍ത്തിപ്പിടിച്ചാണ് ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ രംഗത്തുവന്നത്. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികള്‍ ഖത്തറില്‍ 2010 മുതല്‍ മരിച്ചതായാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ജോലിസ്ഥലത്തും ജോലിയിലേക്കുള്ള യാത്രക്കിടെ വാഹനാപകടങ്ങളിലും താമസസ്ഥലത്ത് ആത്മഹത്യയായും മറ്റു കാരണങ്ങളാലുള്ള മരണവുമൊക്കെ കൂട്ടിയ കണക്കായിരുന്നു ഇത്.
ഇതിനെതിരെ ഖത്തര്‍ ഭരണകൂടവും ഫിഫയും യഥാര്‍ഥ കണക്കുകളുമായി രംഗത്തുവന്നു. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ആകെ ജോലി സ്ഥലത്ത് സംഭവിച്ചത് മൂന്ന് മരണങ്ങളാണെന്നും കൂടാതെ, ഇതുമായി ബന്ധമില്ലാത്ത 37 തൊഴിലാളി മരണങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ടെന്നുമാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കിയത്. സാധാരണ ഗതിയില്‍ ഏത് രാജ്യത്തും സംഭവിക്കുന്ന, സംഭവിച്ചേക്കാവുന്ന തൊഴിലിനിടെയുള്ള അപകടമരണങ്ങള്‍ ഇതിലുമെത്രയോ ഉയര്‍ന്ന നിരക്കിലായിരിക്കെയാണ് ഖത്തറിലെ തൊഴിലാളികളെ കുറിച്ചുള്ള കരച്ചില്‍ ഇത്രയും ഉച്ചത്തിലായത്. കണക്കുകള്‍ സഹിതം ഫിഫയും ഖത്തറും അതിനു മറുപടി പറഞ്ഞിട്ടും സ്ഥാപിത താല്‍പര്യക്കാര്‍ അതൊന്നും കേട്ടതായി ഭാവിച്ചില്ല.
പിന്നെ, തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നില്ലെന്നും അടിമപ്പണിയാണവര്‍ ചെയ്യുന്നതെന്നും തൊഴില്‍ മാറാന്‍ അനുവദിക്കില്ലെന്നും ജീവിത സാഹചര്യങ്ങള്‍ ദുസ്സഹമാണെന്നും തുടര്‍ച്ചയായ ആരോപണങ്ങള്‍ വന്നു. നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായമായ 'കഫാല'ക്കെതിരെയും രാജ്യത്തുനിന്ന് പുറത്ത് പോകുന്നവര്‍ക്കു വേണ്ടി നിലവിലുണ്ടായിരുന്ന 'എക്‌സിറ്റ് പെര്‍മിറ്റ്' സംവിധാനത്തെയും വിമര്‍ശിച്ചുകൊണ്ടും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തരം ചില വിമര്‍ശനങ്ങളില്‍ ശരിയുണ്ടെന്ന് കണ്ട ഖത്തര്‍ അവ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടു. 'കഫാല' സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി, തൊഴില്‍ മാറ്റം എളുപ്പമാക്കി, എക്‌സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞു.
പക്ഷേ, വിമര്‍ശകര്‍ക്ക് വേണ്ടിയിരുന്നത് അതൊന്നുമായിരുന്നില്ലെന്ന് പിന്നീടുള്ള നീക്കങ്ങളില്‍ നിന്ന് മനസ്സിലായി. ഇടക്കിടെ 'തൊഴിലാളികളുടെ അവകാശങ്ങള്‍', പിന്നെയും പിന്നെയും ഖത്തറിനെ അടിക്കാനുള്ള വടിയായി അവര്‍ 'ഉയര്‍ത്തിപ്പിടിച്ചു.'
'മദ്യം, LGBTQ+, വ്യാജ ആരാധകര്‍,
പെയ്ഡ് തോല്‍വി'
ലോക കപ്പ് അടുത്തുവന്നപ്പോഴാണ് മുസ്‌ലിം രാജ്യമായതിനാല്‍ തങ്ങള്‍ക്ക് കുടിക്കാന്‍ ബിയര്‍ ലഭ്യമാകില്ലെന്നും, സ്വവര്‍ഗാനുരാഗികള്‍ക്കും ഇതര ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും സ്വാതന്ത്ര്യമില്ലെന്നും പുതിയ ആരോപണങ്ങള്‍ വന്നത്. മദ്യം കുടിക്കേണ്ടവര്‍ക്ക് അതാകാമെന്നും അതിന് നിര്‍ണിത സ്ഥലങ്ങള്‍ ഉണ്ടാകുമെന്നും സ്വവര്‍ഗാനുരാഗികളടക്കം എല്ലാ കാണികള്‍ക്കും രാജ്യത്തേക്ക് സ്വാഗതമെന്നും എന്നാല്‍ അവര്‍ ഖത്തറിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ മാനിക്കണമെന്നും പറഞ്ഞത് തല്‍പര കക്ഷികള്‍ക്ക് തീരെ ഇഷ്ടമായില്ല. അവര്‍ സദാചാരത്തെ കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും തുടര്‍ച്ചയായി ക്ലാസ്സെടുക്കാന്‍ തുടങ്ങി. സ്റ്റേഡിയത്തില്‍ മദ്യം നിരോധിച്ച സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുണ്ടെന്നിരിക്കെയായിരുന്നു ഈ ലക്ചറിംഗ്. ഈ വിഷയങ്ങളുടെ പേരില്‍ ലോക കപ്പ് ബഹിഷ്‌കരിക്കാനുള്ള ഒരു കാമ്പയിനും ഡെന്‍മാര്‍ക്ക്, ഹോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടന്നു. എന്നാല്‍, ടിക്കറ്റ് വില്‍പനയുടെ സമയം വന്നപ്പോള്‍ നല്ലൊരു ശതമാനം ടിക്കറ്റുകള്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള ആരാധകര്‍ സ്വന്തമാക്കിയത് അതിന്റെ പ്രചാരകരെ നിരാശരാക്കി. സ്വവര്‍ഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിച്ച് ബഹുവര്‍ണ ബാന്റ് കൈയില്‍ ധരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനവും ഫ്രഞ്ച് ടീം ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഉടക്കിയതിനാല്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. ഖത്തറിനെതിരെ സംസാരിക്കാന്‍ തന്റെ മേല്‍ വലിയ സമ്മര്‍ദങ്ങളുണ്ടെന്ന ലോറിസിന്റെ പ്രസ്താവന, എന്തുമാത്രം ആസൂത്രിതമായാണ് ഖത്തര്‍ വിരോധം കുത്തിവെക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു.
പിന്നീട് അതാ വരുന്നു ഫാന്‍സ് വിവാദം. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആരാധകരെ വിലയ്‌ക്കെടുത്ത് ഫാന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുവെന്നതായിരുന്നു അതിന്റെ രത്‌നച്ചുരുക്കം. മറ്റൊന്ന് കൂടി അതിനോട് ചേര്‍ന്നുവന്നു; ആദ്യ മത്സരത്തില്‍ ഖത്തറിനോട് തോറ്റുകൊടുക്കാന്‍ ഇക്വഡോറിനു ദശലക്ഷങ്ങള്‍ ഓഫറുണ്ടെന്നതായിരുന്നു അത്. ഇതിനിടയിലാണ് യൂറോപ്യന്‍ വിദേശ നയരൂപവത്കരണ വിംഗിന്റെ തലവനായ ജോസഫ് ബോറലിന്റെതായി വിവാദ പ്രസ്താവന വരുന്നത്. യൂറോപ്പ് ഒരു പൂന്തോപ്പാണെന്നും അതിന് പുറത്തുള്ള പ്രദേശങ്ങളൊക്കെ കാടാണെന്നുമുള്ള 'വേദാന്ത'മായിരുന്നു അത്. പൂന്തോപ്പിലേക്ക് കാട് കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ കാടിനെ അടക്കിനിര്‍ത്താനുള്ള അവകാശം പൂന്തോട്ടത്തിനുണ്ടെന്നും ഭാവി ഡിപ്ലോമാറ്റുകള്‍ക്ക് ക്ലാസ്സെടുക്കുന്നതിനിടെ ബോറല്‍ മേനി പറഞ്ഞു. യൂറോപ്പ് രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക അഭിവൃദ്ധിയും കൈവരിച്ചതാണത്രേ ഇങ്ങനെ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
യൂറോപ്പിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ യഥാര്‍ഥ രഹസ്യം പഴയ കോളനികള്‍ കൊള്ളയടിച്ചുണ്ടാക്കിയതാണെന്നത് ഇതിനിടയില്‍ അദ്ദേഹം സൗകര്യപൂര്‍വം മറന്നു. വാസ്തവത്തില്‍ യൂറോപ്യന്റെ മനസ്സില്‍ കുടികൊള്ളുന്ന ഈ മേധാവിത്വ ചിന്തയും അപരനോടുള്ള പുഛവുമാണ് ഖത്തറിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഒന്നാകെ നിഴലിക്കുന്നത്.
ഇതേ മനോഭാവത്തോടു കൂടി തന്നെയാണ് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍, രാജ്യങ്ങളുടെ മനുഷ്യാവകാശ റെക്കോര്‍ഡ് കൂടി നോക്കി വേണം ലോക കപ്പ് പോലുള്ള മത്സരങ്ങളുടെ ആതിഥേയത്വം തീരുമാനിക്കാനെന്ന് തട്ടിവിട്ടത്. എങ്കില്‍ അടുത്ത ലോക കപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന അമേരിക്കയുടെ ഹിരോഷിമ, നാഗസാക്കി മുതല്‍ ഇറാഖ്, അഫ്ഗാനിസ്താന്‍ വരെയുള്ള മനുഷ്യാവകാശ റെക്കോര്‍ഡ് ഇവരാരെങ്കിലും പരിശോധിക്കുമോ?
വിവാദങ്ങളില്‍ പലതിനും മുന്നില്‍നിന്നത് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ മാധ്യമങ്ങളാണ്. അതില്‍ തന്നെ ഫ്രാന്‍സിലെ ലെ കനാഹോഷ്‌നി (Le Canard Enchaine) പത്രം ഖത്തര്‍ ഫുട്‌ബോള്‍ ടീമംഗങ്ങളെ, തങ്ങളുടെ സ്‌പോര്‍ട്‌സ് കിറ്റിനൊപ്പം തോക്കും ബോംബും കത്തികളും കൈയിലേന്തിയ ഭീകരവാദികളെന്ന രൂപത്തില്‍ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത് വന്‍ വിവാദത്തിന് തിരികൊളുത്തി. പഴയ 'ഷാര്‍ലി ഹെബ്‌ദോ' കാര്‍ട്ടൂണിന്റെ തനിപ്പകര്‍പ്പായിരുന്നു അത്. തങ്ങളുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന വംശീയ മേധാവിത്വ ചിന്തകളും ഇസ്‌ലാംവിരോധവും ഒന്നായി പുറത്തുകൊണ്ടുവരികയാണ് ആ കാര്‍ട്ടൂണ്‍ ചെയ്തതെന്ന് പലരും വിലയിരുത്തി. അറബ് വംശജര്‍ എന്തുതന്നെയായാലും അപരിഷ്‌കൃതരും കൊലയാളികളും തന്നെയായിരിക്കുമെന്ന നീച ചിന്തയില്‍നിന്നാണീ കാര്‍ട്ടൂണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു.
അതേസമയം തന്നെ, കാര്‍ട്ടൂണിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിന്റെ ഭൂതകാലവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അള്‍ജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ് കോളനിവാഴ്ചക്കാലത്ത് കാണിച്ചുകൂട്ടിയ അതിക്രമങ്ങളും അവിടെ നിന്ന് കൊള്ളയടിച്ച (ഇപ്പോഴും കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന) സമ്പത്തും എടുത്തുകാണിച്ച് ഫ്രഞ്ച് ഇരട്ടത്താപ്പിനെ ധാരാളം പേര്‍ വിമര്‍ശിച്ചു.
ഇന്‍ഫാന്റിനോയുടെ മറുപടി
ഇതു തന്നെയാണ് ദോഹയില്‍ ലോക കപ്പിന്റെ തലേന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഖത്തറിന്റെ വിമര്‍ശകരായ യൂറോപ്യന്‍ രാജ്യങ്ങളോട് പറഞ്ഞത്. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണ്. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാന്‍.
ലോക കപ്പിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വംശീയ പ്രചാരണങ്ങളോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ഒരിന്ത്യക്കാരന് ഇംഗ്ലണ്ടിന് വേണ്ടി ആര്‍പ്പുവിളിക്കാനാവില്ലേ എന്ന് ചോദിച്ചുകൊണ്ട്, ഇംഗ്ലണ്ടിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യക്കാരെ വ്യാജ ഫുട്‌ബോള്‍ ആരാധകര്‍ എന്ന് വിളിച്ചധിക്ഷേപിച്ചതിനെതിരെ ഇന്‍ഫാന്റിനോ പ്രതികരിച്ചു. ''ഇന്ത്യക്കാരനെ പോലെ തോന്നിക്കുന്നൊരാള്‍ക്ക് ഇംഗ്ലണ്ടിനും സ്പെയിനിനും ജര്‍മനിക്കും വേണ്ടി ആര്‍പ്പുവിളിച്ചു കൂടേ? ഇതൊക്കെ എന്താണെന്നറിയുമോ നിങ്ങള്‍ക്ക്? ഇതാണ് വംശീയത. ശുദ്ധ വംശീയത''- ദോഹയില്‍ തടിച്ചുകൂടിയ മാധ്യമ പ്രവര്‍ത്തകരോട് ഫിഫ പ്രസിഡന്റ് പറഞ്ഞു.
''മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കും മുമ്പ് കഴിഞ്ഞ 3,000 വര്‍ഷമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ക്ക് യൂറോപ്പ് അടുത്ത 3,000 വര്‍ഷത്തേക്ക് ക്ഷമാപണം നടത്തണം. ഏകപക്ഷീയമായ ഈ വിമര്‍ശനങ്ങള്‍ കാപട്യമാണ്. 2016-ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തതെന്താണെന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോക കപ്പാവും''- ഇന്‍ഫാന്റിനോ പറഞ്ഞു.
വിമര്‍ശന കാര്‍മേഘങ്ങള്‍ ഇങ്ങനെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലേക്കാണ് ഖത്തര്‍ പതുക്കെ ലോക കപ്പിന് തിരശ്ശീല ഉയര്‍ത്തിയത്. പക്ഷേ, ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ അതിമനോഹരമായ ഉദ്ഘാടന ചടങ്ങിലൂടെയും പിഴവുകളില്ലാത്ത സംഘാടനത്തിലൂടെയും കൈയിലെടുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ഖത്തറിലെത്തിയ 13 ലക്ഷത്തിലധികം കാണികള്‍ വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്വന്തം ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ്. അവര്‍ക്ക് മുന്നില്‍ സ്വന്തം സാംസ്‌കാരിക തനിമ പ്രദര്‍ശിപ്പിച്ചും കളികാണുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിയും ഖത്തര്‍ വിമര്‍ശനങ്ങളെ മറികടന്നുകഴിഞ്ഞു. പക്ഷേ, കളികള്‍ ഓരോന്നായി പുരോഗമിക്കുമ്പോഴും പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്ന തിരക്കിലാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനോട് തോറ്റപ്പോള്‍ പണം കൊണ്ട് അഭിമാനം വാങ്ങിക്കാന്‍ കഴിയില്ലെന്ന് 'ഇപ്പോഴെങ്കിലും ഖത്തറിനു മനസ്സിലായതില്‍' അവര്‍ രോമാഞ്ചം കൊണ്ടു. അസഹിഷ്ണുത പാരമ്യത്തിലെത്തിയ ബി.ബി.സി ഉദ്ഘാടന ചടങ്ങിന്റെ സമയത്തും ഖത്തര്‍ വിമര്‍ശനം കൊണ്ട് എയര്‍ ടൈം സമ്പന്നമാക്കി!
എന്തായാലും ഈ ലോക കപ്പ് അവസാനിക്കുമ്പോഴേക്കും ഒരു കാര്യം സംശയാതീതമായി തെളിയും. ആര്‍ക്കാണ് കൂടുതല്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയെന്ന ഏറ്റവും സുവ്യക്തമായ പാഠം. അതുവരെ ഒഴിഞ്ഞ കസേരകള്‍ കണ്ടുപിടിക്കാനുള്ള ഓട്ടം ഗാര്‍ഡിയനും ബി.ബി.സിയും ന്യൂയോര്‍ക്ക് ടൈസും ദ സണും ഒക്കെ തുടരട്ടെ..!
Comments