Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

ഭിന്നിക്കരുതെന്ന് ഖുര്‍ആന്‍ പറഞ്ഞതല്ലേ!

പി.കെ.കെ തങ്ങള്‍, തിരൂര്‍

മമ്മൂട്ടി അഞ്ചുകുന്ന്  എഴുതിയ  'മുസ്‌ലിം ഉമ്മത്ത്: ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നഷ്ടപ്പെടുത്തുന്നത്'  (പ്രബോധനം 2022 നവംബര്‍ 18)  എന്ന കവര്‍ സ്റ്റോറി ശ്രദ്ധേയമായി. മുസ്‌ലിം ഉമ്മത്ത് ഇന്ന് വളരെയേറെ ആഭ്യന്തര ആശയ സംഘട്ടനങ്ങളിലും സംഘര്‍ഷങ്ങളിലും അകപ്പെട്ട കാലമാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്ന കേരളീയ ഇസ്‌ലാമിക സമാജം സ്വന്തം സംസ്ഥാനത്ത് പരസ്പരം ചെളി വാരിയെറിഞ്ഞ് ഫിത്‌നയിലും ഫസാദിലും മുഴുകിനില്‍ക്കുന്ന കാലം. പുറത്തു നിന്നുള്ള ശത്രുക്കളെ ചെറുക്കുന്നതിനെക്കാള്‍ ആഭ്യന്തര പ്രതിരോധത്തിനാണ് മത സംഘടനകള്‍ ഏറെ സമയം ചെലവഴിക്കുന്നത് എന്നു കാണാം.
മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പിളര്‍ന്ന് സ്ഥാപനങ്ങള്‍ പിടിച്ചെടുത്തും പരസ്പരം കൊലവിളിച്ചും നടന്നിരുന്ന  കാലമുണ്ടായിരുന്നു. ഇന്നും അത് തുടരുന്നു. നേതാക്കള്‍ കൂടിയിരിപ്പും കുശലം പറച്ചിലുമുണ്ടെങ്കിലും അണികള്‍ക്കിടയില്‍ വിടവിന്റെ ആഴം കൂടുക തന്നെയാണ്. പാരമ്പര്യക്കാരെന്നോ ഉത്പതിഷ്ണുക്കളെന്നോ ഉള്ള വ്യത്യാസമൊന്നും ഇക്കാര്യത്തിലില്ല. നവോത്ഥാന വീഥിയില്‍ പ്രവര്‍ത്തിച്ചു വന്നവരും പല വിഭാഗങ്ങളായി തിരിഞ്ഞു പോരടിക്കുകയാണ്. പരസ്പരം കണ്ടാല്‍ മിണ്ടാന്‍ മടിക്കുന്ന തരത്തിലേക്ക്  വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.
ഫാഷിസത്തിന്റെ സകല രൗദ്രതയും പത്തി വിടര്‍ത്തിയാടുന്ന, മതനിരാസം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പാഠപുസ്തകങ്ങള്‍ പോലും രൂപകല്‍പന ചെയ്യപ്പെടുന്ന ഈ കെട്ടകാലത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുറച്ചുകൊണ്ടുവന്ന് പൊതു ശത്രുവിനെതിരെ പോരാടാന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കേരളീയ സമൂഹത്തിലെ പണ്ഡിത നേതൃത്വം അമാന്തിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും.
ഒന്നേ ഓര്‍മിപ്പിക്കാനുള്ളൂ: വലാ തഫര്‍റഖൂ (നിങ്ങള്‍ ഭിന്നിക്കരുത്). 

 

അഭിമുഖങ്ങള്‍ പെയ്യുന്ന വെളിച്ചം

ജമാല്‍ കടന്നപ്പള്ളി


പ്രബോധനം വാരികയെ പ്രാസ്ഥാനിക വൃത്തത്തിനപ്പുറത്തേക്ക് ആകര്‍ഷിക്കുന്ന കണ്ണികളില്‍ ഏറ്റവും മികച്ചത് വിവിധ മത/രാഷ്ട്രീയ നേതാക്കളുമായും ചരിത്ര വ്യക്തിത്വങ്ങളുമായും നടത്തിക്കൊണ്ടിരിക്കുന്ന അഭിമുഖങ്ങളത്രേ. പോയ കാല ലക്കങ്ങളിലൊന്നില്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ മുഖാമുഖത്തിലൂടെയാണ് വാഫി, വഫിയ്യ കോഴ്‌സുകളുടെ വിപ്ലവാത്മകതയെ കുറിച്ചും സമാധാനപൂര്‍ണമായ ആശയ സമരങ്ങളിലൂടെ യുവത്വത്തെ സമരസജ്ജമാക്കാന്‍ സി.ഐ.സി നടത്തുന്ന മഹത്തായ കാല്‍വെപ്പുകളെ കുറിച്ചും അറിഞ്ഞത്. ഇടക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ, ഫാഷിസത്തിനെതിരെ വിവേകപൂര്‍ണമായ പോരാട്ടം നയിക്കാന്‍ ആഹ്വാനം ചെയ്ത അഭിമുഖം ഏറെ പ്രസക്തമായിരുന്നു.
പുതിയ ലക്കങ്ങളില്‍ ഇ.എന്‍ മുഹമ്മദ് മൗലവി, ശൈഖ് വി.പി അഹ്മദ് കുട്ടി ടൊറണ്ടോ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളും എടുത്തു പറയത്തക്കതാണ്. സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതൃപരമായ പങ്കാളിത്തം, ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഗ്രന്ഥരചനകള്‍ ഉള്‍പ്പെടെയുള്ള വൈജ്ഞാനിക സംഭാവനകള്‍, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പ്രതിരോധം തീര്‍ത്ത ദാറുല്‍ ഉലൂം ദയൂബന്ദും ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായും...
മൗലാനാ അശ്‌റഫലി ഥാനവി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മഹ്മൂദ് ഹസന്‍ ദയൂബന്ദി, സയ്യിദ് സുലൈമാന്‍ നദ്‌വി, മസ്ഊദ് ആലം നദ്‌വി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയ പണ്ഡിതശ്രേഷ്ഠര്‍... എല്ലായിടത്തേക്കും വെളിച്ചം വീശി ആദരണീയനായ ഇ.എന്‍ മുഹമ്മദ് മൗലവിയുടെ 'അറിവടയാളങ്ങള്‍.'
ശൈഖ് വി.പി അഹ്മദ് കുട്ടിയുടെ പ്രവര്‍ത്തന കേന്ദ്രം കാനഡയാണെങ്കിലും, നാട്ടിലെ ഇസ്ലാമിക  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിലും മുന്നോട്ടുള്ള പ്രയാണത്തില്‍  നിലനിര്‍ത്തേണ്ടതും തിരുത്തേണ്ടതുമായ വശങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലും അദ്ദേഹം കാട്ടിയ ശുഷ്‌കാന്തി ആവേശജനകമാണ്. ഇസ്‌ലാമോഫോബിയയെ  തുല്യനാണയത്തിലല്ല നേരിടേണ്ടതെന്ന, പരിചയ സമ്പന്നനായ ശൈഖ് അഹ്മദ് കുട്ടിയുടെ ഉപദേശം പുതു തലമുറ ശിരസാ വഹിക്കേണ്ടതാണ്. ഇസ്‌ലാം തുറന്ന പുസ്തകമാണ് എന്നതുകൊണ്ടു തന്നെ സംവാദ സാധ്യതകളെ കണക്കിലെടുത്തേ മുന്നോട്ട് പോകാവൂ. 


പ്രഭാഷകര്‍  സ്വയം മാറണം

എന്‍.പി.എ കബീര്‍

ചിന്തയെ ഉദ്ദീപിപ്പിക്കുകയായിരിക്കണം പ്രഭാഷണത്തിന്റെ ലക്ഷ്യം. തനിക്കറിയാവുന്ന വാക്കുകള്‍ എറിഞ്ഞുകൊടുക്കലല്ല പ്രഭാഷണം. രണ്ടു തരം പ്രഭാഷണങ്ങളുണ്ട്: ഒന്ന്, പദവാഹക പ്രഭാഷണങ്ങള്‍. രണ്ട്, ചിന്താ വാഹക പ്രഭാഷണങ്ങള്‍. ഒന്നാമത്തെയിനം പ്രഭാഷണങ്ങളാണ് നാം അധികവും കേട്ടുകൊണ്ടിരിക്കുന്നത്. പലതരം അഹംഭാവ പ്രകടനങ്ങള്‍ അത്തരം പ്രഭാഷണങ്ങളില്‍ കടന്നുവരാം. വാദപ്രതിവാദങ്ങളില്‍ തളച്ചിടപ്പെട്ട ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ. അക്കാലത്തെ കുറിച്ച് മാത്രം ആലോചിച്ചാല്‍ മതി.
സോഷ്യല്‍ മീഡിയയാണ് ഇന്നിന്റെ മൂല്യാധിഷ്ഠിത തിരുത്തലായി മാറുന്നത്. അന്ന് പ്രവാചകന്‍ മലയുടെ മുകളില്‍ കയറിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ ആല്‍ഫായുഗ സമൂഹത്തോട് സംവദിക്കണമെങ്കില്‍, അവരെ തിരുത്തണമെങ്കില്‍ സോഷ്യല്‍ മീഡിയ അനിവാര്യമാണ്. ഖുത്്വബകളില്‍ പോലും  കൂടുതല്‍ പഠനങ്ങള്‍ക്ക് വേണ്ടി ലിങ്കുകളും കോഡുകളും വിതരണം ചെയ്യുന്ന പുതിയ ഫലപ്രദമായ ആശയ വിനിമയ രീതിയെ കുറിച്ച് പണ്ഡിതന്മാര്‍ ആലോചിക്കണം. ശ്രോതാക്കളെ മയക്കത്തിലെത്തിക്കുന്നതായിരിക്കരുത് ഖുത്വ്ബകള്‍.
മഹാനായ എഴുത്തുകാരന്‍ ടോള്‍സ്റ്റോയ് പറഞ്ഞത് എത്ര വാസ്തവം: Everyone thinks of changing the world, but no one thinks of changing himself (ലോകത്തെ മാറ്റുന്നതിനെ കുറിച്ചാണ് ഓരോരുത്തരുടെയും ചിന്ത. പക്ഷേ, സ്വയം മാറുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല). ശിരസ്സ്, ഹൃദയം, ഇരു കരങ്ങള്‍ എന്നീ ത്രിമാന ഘടകങ്ങളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ശിരസ്സ്  അറിവിനെയും, ഹൃദയം ധാര്‍മിക ബോധത്തെയും ഇഛാ മനോഭാവത്തെയും, ഇരു കരങ്ങള്‍  വിവിധ തൊഴില്‍ നൈപുണികളെയും പ്രതിനിധാനം ചെയ്യുന്നു.
വ്യക്തിയുടെ ഈ മൂന്ന് തലങ്ങളെയും പ്രചോദിപ്പിക്കാനും പരിശീലിപ്പിക്കാനും ഉതകുന്നതാവണം പ്രഭാഷണം. എങ്കിലത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കും. 


മായം ചേര്‍ക്കുന്നവര്‍ക്കെതിരെ

നേമം താജുദ്ദീന്‍ തിരുവനന്തപുരം

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത് കേവലം വാചകക്കസര്‍ത്തില്‍ ഒതുങ്ങില്ലെന്ന് കരുതുന്നു. മന്ത്രി പറയുന്ന കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. എങ്ങനെയും പണം ഉണ്ടാക്കുകയെന്ന മനസ്സാണ് പല കച്ചവടക്കാര്‍ക്കും. ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത് സാമാന്യ ജനമാണ്. രുചി കൂട്ടുവാനായി പലതരം മായങ്ങളാണ് ചേര്‍ക്കുന്നത്. ഇതിനെതിരെ, മന്ത്രി പറഞ്ഞ അര്‍ഥത്തില്‍ കര്‍ശന നടപടിയെടുക്കുകയും ഇത്തരം ഹോട്ടല്‍ ഉടമകളെ നിലക്ക് നിര്‍ത്തുകയും വേണം. 


ഖുര്‍ആനിനോടുള്ള അവഹേളനം; ഇസ്‌ലാമിനോടും

അബ്ദുല്‍ മാലിക്, മുടിക്കല്‍ 

സ്‌കൂള്‍ കലോത്സവത്തിലെ  ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒരു അമുസ്‌ലിം വിദ്യാര്‍ഥിനി ഒന്നാം സ്ഥാനത്ത് എത്തിയത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല, എല്ലാ വിഭാഗമാളുകളും ആ കുട്ടിക്ക് ആശംസ നേരുകയും ചെയ്തിരുന്നല്ലോ. ഇനിയും ഖുര്‍ആന്‍ പാരായണത്തില്‍ സമ്മാനങ്ങള്‍ നേടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ, മുസ്ലിം സമുദായത്തിലെ പണ്ഡിതന്മാര്‍ എന്നഭിമാനിക്കുന്ന ചിലര്‍ ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയും അമുസ്‌ലിം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നിഷിദ്ധമാണെന്നു കൂടി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഖുര്‍ആന്‍ എന്ന വിശ്വ മാനവിക ഗ്രന്ഥം മാനവ സമൂഹത്തിനാകമാനമുള്ള വഴികാട്ടിയാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചിരിക്കെ ഇതില്‍നിന്ന് വഴുതിമാറി ഖുര്‍ആനിനെ തന്നെ അവഹേളിക്കുകയാണ് ഇക്കൂട്ടര്‍. ഇസ്‌ലാമിനെ  കുടുസ്സാക്കുകയും അതിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുകയും ചെയ്യുന്ന ഇത്തരം പണ്ഡിത വേഷങ്ങളെ ഒറ്റപ്പെടുത്തണം.  

ആ തലക്കെട്ട് ചേരില്ല

ശരീഫ് വരോട്, ഒറ്റപ്പാലം

നവംബര്‍ 18 (ലക്കം 25) പ്രബോധനം വാരികയിലെ ഹദീസ് പംക്തിയില്‍ ഡോ. മുഹമ്മദ് പാണ്ടിക്കാട് എഴുതിയ 'സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍' എന്ന തലക്കെട്ട് ഹദീസുമായി ഒട്ടും യോജിക്കുന്നില്ല. സ്വര്‍ഗം ഉറപ്പാക്കിയ ഒരാളെപ്പോലും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുമില്ല! ആദ്യ പാരഗ്രാഫില്‍ പറയുന്നതുപോലെ അല്ലാഹുവിന്റെ റസൂല്‍ (സ) സ്വര്‍ഗം ഉറപ്പ് നല്‍കുന്ന ആറു സല്‍പ്രവൃത്തികളെക്കുറിച്ചാണ് ഹദീസില്‍ പറയുന്നത്. 'സ്വര്‍ഗം ഉറപ്പു നല്‍കുന്ന ആറ് സല്‍പ്രവൃത്തികള്‍' എന്നോ മറ്റോ ആയിരുന്നു തലക്കെട്ട് കൊടുക്കേണ്ടിയിരുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌