എല്ലാം എങ്ങനെയാണ് ഒരുപോലെ ശരിയാവുക?
വഴിയും വെളിച്ചവും /
എല്ലാ ആശയങ്ങളും വിശ്വാസങ്ങളും ഒരുപോലെ ശരിയാണ് എന്ന് സര്‍വമത സത്യവാദം പറയുന്നു. അതെങ്ങനെ ശരിയാകും? അത് അംഗീകരിച്ചാല്‍ സത്യം/അസത്യം, ശരി/ തെറ്റ് എന്നതിനൊന്നും പിന്നെ പ്രസക്തിയുണ്ടാവുകയില്ല.
രണ്ട് വൈവിധ്യങ്ങള്‍ ഒരേ സമയം സത്യമാവാം. എന്നാല്‍, രണ്ട് വൈരുധ്യങ്ങള്‍ ഒരേ സമയം സത്യമാവുകയില്ല.
ഒരു ദൈവം മാത്രമേ ഉള്ളൂ എന്നു പറയുന്നതും ഒരുപാട് ദൈവങ്ങളുണ്ട് എന്നു പറയുന്നതും ഒരുപോലെ ശരിയാകുമോ?
മരിച്ചു കഴിഞ്ഞാല്‍ കര്‍മഫലമനുസരിച്ച് ഭൂമിയില്‍ തന്നെ പട്ടിയോ പൂച്ചയോ ഒക്കെയായി ജനിക്കും എന്നു പറയുന്നതും, കര്‍മഫലമനുസരിച്ച് സ്വര്‍ഗാവകാശിയോ നരകാവകാശിയോ ആയിത്തീരും എന്നു പറയുന്നതും ഒരുപോലെ ശരിയാവില്ലെന്നുറപ്പല്ലേ? മദ്യം പൂജാ വസ്തുവാകുന്നതും മദ്യം നിഷിദ്ധമാകുന്നതും ഒരുപോലെ ശരിയാവുന്നതെങ്ങനെ?
എന്നാലും, എല്ലാം ശരിയാണ് എന്ന് സമ്മതിക്കണം! അത്, ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചേടത്തോളം സാധ്യമാണോ? അല്ലെന്നുറപ്പാണ്. സര്‍വമത സത്യവാദത്തിന്റെ വക്താവായ ഒരധ്യാപകന്‍ വിദ്യാര്‍ഥികളോട് പറഞ്ഞുവത്രേ, 'താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന് ഒരാള്‍ ഉറച്ച് വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ പരമ വിഡ്ഢിയാണ്.'
ഇതു കേട്ട ഉടനെ ഒരു വിദ്യാര്‍ഥി ചോദിച്ചു: 'സാര്‍, താങ്കള്‍ പറയുന്ന ഈ കാര്യത്തില്‍ താങ്കള്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടോ?' ഈ ചോദ്യത്തിന്റെ മുന്നില്‍ അധ്യാപകന്‍ നിശ്ശബ്ദനായിപ്പോയി.
ഇത് മനുഷ്യന്റെ ഒരു നിസ്സഹായതയാണ്. അവനവന്‍ മനസ്സിലാക്കിയ ശരി ഏതാണോ അതിനുവേണ്ടി നിലകൊള്ളാനേ മനുഷ്യനു കഴിയൂ. അതോടൊപ്പം, താന്‍ തെറ്റാണെന്ന് മനസ്സിലാക്കിയ ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരെ സഹിക്കാനും സ്‌നേഹിക്കാനും മനുഷ്യനു കഴിയും. അതാണല്ലോ സഹിഷ്ണുത.
എല്ലാം ശരിയാണ് എന്ന വാദം തെറ്റിനെയും ശരിയെന്നു പറയുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ മനുഷ്യനതിനു കഴിയുമോ? സത്യസന്ധമായി അങ്ങനെ പറയാന്‍ കഴിയില്ലെന്നുറപ്പാണ്. ശരി-തെറ്റുകള്‍ പരിഗണിക്കാത്ത നിലവാരത്തില്‍ നിന്നുകൊണ്ടു മാത്രമാണതിനു കഴിയുക. 'എല്ലാം ശരി വാദ'ക്കാരോട് ശരിയും തെറ്റും, സത്യവും അസത്യവുമൊന്നും ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. വഴുതി മാറിക്കൊണ്ടിരിക്കും. ഒരു വ്യക്തമായ നിലപാടില്ലാത്തതിനാല്‍ അഭിമുഖീകരിക്കാന്‍ എത്ര ശ്രമിച്ചാലും പിടികിട്ടുകയില്ല.
അത്തരക്കാരെ ടി. ആരിഫലി സാഹിബ് ഉപമിച്ചത്, ശരീരത്തില്‍ എണ്ണയും കരിയും തേച്ച് കക്കാന്‍ ഇറങ്ങുന്ന പഴയ കാലത്തെ ഒരു കള്ളനോടാണ്. ശരീരമാസകലം എണ്ണയും കരിയും കൂട്ടി തേച്ചാല്‍ ആളെ അറിയുകയില്ലെന്ന് മാത്രമല്ല, പിടിച്ചാല്‍ കിട്ടുകയുമില്ല.
എല്ലാം ശരിയാണ് എന്ന് പറയുമ്പോള്‍, അത് വളരെ വിശാലമായൊരു നിലപാടാണെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. അങ്ങനെ ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിട്ടുണ്ട്. ആത്മീയതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ പ്രബുദ്ധ കേരളം പോലെയുള്ള പ്രസിദ്ധീകരണങ്ങളുടെ വായന നടക്കുമ്പോള്‍ തന്നെ ഇസ്ലാമിനെയും പഠിക്കാന്‍ ശ്രമിച്ചു. പ്രവാചക ചരിത്ര വായനക്കിടയില്‍ ഉള്ളില്‍ തട്ടിയ ഒരു സംഭവമുണ്ട്: മക്കയില്‍ സത്യപ്രബോധനം നടത്തിക്കൊണ്ടിരിക്കെ, ഒന്നു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന് നാട്ടുപ്രമാണിമാര്‍ പ്രവാചകനോട് ആരായുന്നു. സാധാരണ ഗതിയില്‍ ഏതൊരു മനുഷ്യനെയും മോഹിപ്പിക്കുന്ന ധാരാളം വാഗ്ദാനങ്ങളും അവര്‍ നല്‍കുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ അവരോട് പറഞ്ഞ മറുപടി എങ്ങനെയാണ് മനസ്സിനെ സ്വാധീനിച്ചത് എന്ന് വാക്കുകള്‍ കൊണ്ട് പറയാനറിയില്ല. പ്രവാചകത്വത്തിന്റെ ശൗര്യം അതില്‍ പ്രകടമാണ്.
പ്രവാചകന്‍ പറഞ്ഞു: 'ദൈവമാണ് സത്യം, വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വെച്ചു തന്നാലും ശരി ഞാന്‍ ഈ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങുകയില്ല.'
ആദര്‍ശ പ്രതിബദ്ധത വിളിച്ചോതുന്ന ആ മറുപടിക്ക് എന്തൊരു മൂര്‍ച്ചയാണ്! ചരിത്ര വായന മുന്നോട്ടു പോയപ്പോള്‍ പ്രവാചകന്‍ പിന്നെയും അത്ഭുതപ്പെടുത്തി. നേരത്തെ പറഞ്ഞ നാട്ടുപ്രമാണിമാരാലും നാട്ടുകാരാലും ആട്ടിയോടിക്കപ്പെട്ട പ്രവാചകന്‍ മദീനയിലെത്തി. അവിടത്തെ ഭരണാധികാരിയായി. അങ്ങനെയിരിക്കെ മക്കക്കാര്‍ വരള്‍ച്ച കാരണം പട്ടിണിയിലാണെന്ന് പ്രവാചകന്‍ അറിഞ്ഞു. ഒട്ടും വൈകാതെ വിശപ്പകറ്റാനുള്ള ധാന്യങ്ങളും മറ്റും മക്കയിലേക്ക് കൊടുത്തയച്ചു. ശത്രുക്കളുടെ വിശപ്പിനെയും സ്വന്തം വിശപ്പായി കാണുന്ന ഒരു പ്രവാചകന്‍! ഇങ്ങനെയുള്ള ഒട്ടനവധി സംഭവങ്ങള്‍ പിന്നീട് വായിച്ചറിഞ്ഞു.
വി.എ കബീര്‍ സാഹിബ് പ്രബോധനം വാരികയിലെഴുതിയ ഒരു ലേഖനം വല്ലാതെ ചിന്തിപ്പിച്ചു. അതില്‍, ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മുഹമ്മദ് ഖുത്വ്ബിന്റെ അല്‍ മന്‍ഹജുല്‍ ഫന്നിയ്യ് ഫില്‍ ഇസ്‌ലാം എന്ന കൃതിയെപ്പറ്റി പറയുന്നുണ്ട്. ടാഗോര്‍ കൃതികളെ വരെ ഇസ്‌ലാമിക സാഹിത്യത്തിന് ഉദാഹരണമായി ആ ഗ്രന്ഥത്തില്‍ പറഞ്ഞത് അദ്ദേഹം ഉദ്ധരിക്കുന്നു. നന്മയെ പ്രതിനിധാനം ചെയ്യുന്ന സാഹിത്യം ഇസ്ലാമിക സാഹിത്യമാണെന്നാണ് മുഹമ്മദ് ഖുത്വ്ബ് പറയുന്നത്. എല്ലാ നന്മയും ദൈവികമാണ് എന്നര്‍ഥം.
വിശുദ്ധ ഖുര്‍ആന്‍ മൂന്നാം അധ്യായം നൂറ്റി നാലാം സൂക്തത്തിലൂടെ വ്യക്തമാക്കുന്നതിങ്ങനെയാണ്: 'നന്മയിലേക്ക് ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിലുണ്ടാവട്ടെ. അവര്‍ തന്നെയാണ് വിജയികള്‍.' ഈ പറയുന്നത് സര്‍വമതങ്ങളും സത്യമാണെന്നല്ല; സര്‍വ സത്യങ്ങളും സത്യമാണെന്നാണ്; സര്‍വ ശരികളും ശരിയാണെന്നാണ്; സര്‍വ നന്മകളും നന്മയാണെന്നാണ്. ഇസ്ലാം മാത്രമാണ് ശരി എന്ന സങ്കുചിത കാഴ്ചപ്പാടല്ല വിശുദ്ധ ഖുര്‍ആനും പ്രവാചകനും പഠിപ്പിക്കുന്നത്; എല്ലാ ശരികളും ഇസ്‌ലാമാണെന്ന വിശാല കാഴ്ചപ്പാടാണ്.
യഥാര്‍ഥ വിശാലത
'ആദര്‍ശത്തില്‍ കാര്‍ക്കശ്യവും മാനവികതയില്‍ ഉദാരതയും' ഇതാണ് ഇസ്ലാമിന്റെ വലിയ പ്രത്യേകതകളിലൊന്നായി തോന്നിയിട്ടുള്ളത് എന്ന് പറഞ്ഞല്ലോ. ഇതാണ് യഥാര്‍ഥത്തില്‍ 'വിശാലത' എന്ന് അനുഭവത്തിലൂടെ ബോധ്യമായ കാര്യമാണ്. ഇതില്‍ ഒരു കാപട്യവുമില്ല. ഇസ്‌ലാമില്‍ എല്ലാ കാര്യങ്ങളും അങ്ങനെയാണ്. കാപട്യമില്ലെന്നു തോന്നാന്‍ കാരണം, ഇസ്‌ലാമില്‍ എല്ലാ കാര്യങ്ങളും നിയമപരമാണ്; വ്യക്തികളുടെ അഭിരുചിക്കും താല്‍പര്യത്തിനും അനുസരിച്ചല്ല. എല്ലാ വിഭാഗങ്ങളില്‍ പെട്ടവരോടും സഹിഷ്ണുത കാട്ടുക, നീതി പുലര്‍ത്തുക, വിശാലത കാണിക്കുക എന്നതൊക്കെ ഇസ്ലാമില്‍ നിയമമാണ്. ഇത്തരം മൂല്യങ്ങള്‍ക്കെതിരില്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു തന്നെ ശബ്ദമുയരും.
എന്നാല്‍, വിശാല ചിന്താഗതിക്കാരെന്നു ധരിക്കുന്ന പലരുടെയും വിശാലത കപടമാണെന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. കാര്യത്തോടടുക്കുമ്പോഴാണ് അത് ബോധ്യപ്പെടുക.
വിശാലത രണ്ട് തരത്തിലുണ്ട്. അതിലൊന്ന്, തത്ത്വാധിഷ്ഠിത വിശാലതയാണെങ്കില്‍ രണ്ടാമത്തേത്, തത്ത്വരഹിത വിശാലതയാണ്. സര്‍വമത സത്യവാദത്തില്‍ തികച്ചും തത്ത്വരഹിതമായ വിശാലതയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ അത് അപ്രായോഗികമാണ്. സര്‍വമത സത്യവാദികളെല്ലാം അവരവരുടെ മതങ്ങളെ തന്നെ പ്രതിനിധാനം ചെയ്തതും പ്രബോധനം ചെയ്തതും അതുകൊണ്ടാണ്. അതിനര്‍ഥം അതൊരു 'വാദം' മാത്രമാണ്; യാഥാര്‍ഥ്യവുമായി അതിനൊരു ബന്ധവുമില്ല. മാത്രമല്ല, അത്തരം വാദക്കാര്‍ ചില സന്ദര്‍ഭങ്ങളില്‍ വല്ലാതെ അസഹിഷ്ണുക്കളായി മാറുന്നതായിട്ടാണ് അനുഭവം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചോ മറ്റോ നടന്ന സംഭവമാണ് ഓര്‍മയില്‍ വരുന്നത്. നിലവിളക്ക് കൊളുത്തല്‍ 'ചടങ്ങ്' ആണ് തുടക്കത്തില്‍. ഒരു മുസ്ലിം നേതാവ് അതില്‍ നിന്ന് വിട്ടുനിന്നു. അതോടെ, ഒരു നാടിന്റെ മൊത്തം 'സഹിഷ്ണുത' തകര്‍ന്നു തരിപ്പണമായി എന്ന് തോന്നുമാറ് ചര്‍ച്ചകള്‍ നടന്നു. നന്നായി പാട്ട് പാടുന്നവരും പ്രസംഗിക്കുന്നവരുമടക്കം പല നേതാക്കളും ആ പരിപാടിയിലുണ്ടായിരുന്നു. അവരില്‍ പലരും മുസ്‌ലിം നേതാവിന്റെ നിലപാടിനെ അസഹിഷ്ണുതയായി മുദ്രകുത്തി. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്‌ലിംകളുടെ അസഹിഷ്ണുതക്കുള്ള ഉദാഹരണമായി പലരും ഈ സംഭവത്തെ ഉദ്ധരിക്കാറുണ്ട്. ഈയിടെ നടന്ന ഒരു ചര്‍ച്ചയില്‍ ഒരു സഹോദരന്‍ ഈ സംഭവം ഉദ്ധരിച്ചു. 'സഹിഷ്ണുത'ക്കു വേണ്ടിയുള്ള വാദം കത്തിക്കയറി. സഹികെട്ടപ്പോള്‍ മറുപടി പറയേണ്ടി വന്നു. അദ്ദേഹത്തോട് ചോദിച്ചു: 'സഹോദരാ, എന്താണ് സഹിഷ്ണുത? തന്റെ വിശ്വാസത്തിനും അഭിരുചിക്കും എതിരാണെങ്കിലും മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കലും ആദരിക്കലുമല്ലേ സഹിഷ്ണുത?'
'അതെ. മുസ്‌ലിംകള്‍ മറ്റൊരു വിശ്വാസത്തെയും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ആ മുസ്‌ലിം നേതാവ് നിലവിളക്ക് കൊളുത്താന്‍ മടിച്ചത്.'
'ഒരാളുടെ വിശ്വാസത്തിനെതിരായ ഒരു കാര്യം ചെയ്യിപ്പിക്കുന്നത് സഹിഷ്ണുതയാണോ?'
'അല്ല.'
'നിലവിളക്ക് കൊളുത്തിക്കൊണ്ടുള്ള ഒരു ചടങ്ങ് തന്റെ വിശ്വാസത്തിനെതിരാണ് എന്ന് മനസ്സിലാക്കുന്ന ഒരാളെക്കൊണ്ട് അത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സഹിഷ്ണുതയാവുന്നതെങ്ങനെ? ദീപാരാധന എന്നൊന്നുണ്ടല്ലോ. എന്നിരിക്കെ ഒരു ചടങ്ങിന്റെ ഭാഗമായി ദീപം കടന്നുവരുമ്പോള്‍, ഏകദൈവാരാധനയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അത് നിര്‍വഹിക്കാനുള്ള പ്രയാസം തോന്നുക സ്വാഭാവികമാണല്ലോ. എങ്കില്‍ അത്തരം ഒരു ചടങ്ങിന് നിര്‍ബന്ധിക്കാന്‍ പാടുണ്ടോ?'
'ഇല്ല.'
'എങ്കില്‍ ഇവിടെ ആരാണ് യഥാര്‍ഥത്തില്‍ അസഹിഷ്ണുത കാട്ടിയത്? താങ്കള്‍ പറയുന്നതിന്റെ നേരെ തിരിച്ചല്ലേ യാഥാര്‍ഥ്യം?'
പറഞ്ഞതിന്റെ മര്‍മം പിടികിട്ടിയ സഹോദരന്‍ പിന്നീട് മൗനം പാലിച്ചു. ഇങ്ങനെയുള്ള ധാരാളം സംഭവങ്ങള്‍ ഇന്ന് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പാമരന്മാര്‍ മാത്രമല്ല, പണ്ഡിതന്മാരില്‍പോലും പലരും ഇത്തരം വിഷയങ്ങളില്‍ നേരേ ചൊവ്വേ ചിന്തിക്കുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. കാരണം, പലരുടെയും വിശാലത കപടമാണ്. അതവര്‍ അറിയുന്നുണ്ടോ എന്നറിയില്ല.
Comments