Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

ടിസ്സിലെ നവ രാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും

കെ.പി ഹാരിസ്   [email protected]

പ്രതികരണം
 

കേരളത്തിലെ തൃശൂര്‍ ജില്ലയിലെ പോളിടെക്‌നിക്കില്‍ പ്രിന്‍സിപ്പലിന്റെ മുട്ട്കാല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വിദ്യാര്‍ഥിരാഷ്ട്രീയത്തെയും അത്  വര്‍ഗരാഷ്ട്രീയമാണെന്ന്  സ്റ്റഡിക്ലാസ് നടത്തുന്ന ഒരു വിദ്യാര്‍ഥിനേതാവിനെയും നാം കഴിഞ്ഞ ദിവസങ്ങളില്‍ കേള്‍ക്കുകയും കാണുകയും ചെയ്തിരുന്നു. എന്നാല്‍, കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി(ടിസ്സ്)ല്‍ നിന്ന് മറ്റൊരു വാര്‍ത്ത വന്നിരുന്നു. വര്‍ത്തമാന ഇന്ത്യ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്തയായിരുന്നു  അത്. വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ടിസ്സിലെ വിദ്യാര്‍ഥികള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കായിരുന്നു എന്നായിരുന്നു ആ വാര്‍ത്ത. ആദിവാസി, ദലിത്, മുസ്‌ലിം പ്രതിനിധാനത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ച് നിന്ന് മത്സരിച്ചപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയത്തെ ടിസ്സ് കൈയൊഴിഞ്ഞു. ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കാന്‍ ടിസ്സിലെ വിജയം പ്രചോദകമാവും എന്ന് നിരീക്ഷിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന് മുമ്പേ സ്ഥാപിച്ച ഈ ഉന്നത കലാലയത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നതുകൊണ്ട് തന്നെ ഇന്ത്യയുടെ ഒരു പരിഛേദമായി ടിസ്സിനെ മനസ്സിലാക്കാം.
ഇവിടെ മുഖ്യധാരാ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ ടിസ്സിലെ വിദ്യാര്‍ഥികള്‍ മുന്നോട്ടു വന്നത് നവ രാഷ്ട്രീയത്തിനുള്ള അംഗീകാരമായി മനസ്സിലാക്കപ്പെടുന്നു. ബ്രാഹ്മണിക്കല്‍ ഹെജിമണിയെ അരക്കിട്ടുറപ്പിക്കുന്ന പരമ്പരാഗത വിദ്യാര്‍ഥി സംഘടനകളോട് നോ പറയാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചത് അവരുടെ പൊള്ളുന്ന ജീവിതാനുഭവവും രാഷ്ട്രീയ ഇഛാശക്തിയുമായിരുന്നു.
ഭീതിതമായ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യത്തിന്റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഭാവി രാഷ്ട്രീയത്തിലേക്കുള്ള വലിയ കരുതിവെപ്പാണ്. ജനാധിപത്യത്തിന്റെ എല്ലാ സ്ഥലികളും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ വിദ്യാര്‍ഥി പ്രതിനിധാനങ്ങളുടെ വിജയം ഏറെ ആഹ്ലാദകരമാണ്. എല്ലാതരം അപവാദ പ്രചാരണങ്ങളെയും ചെറുത്തുകൊണ്ട്  ഈ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് നിന്നപ്പോള്‍ അവര്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. എ.ബി.വി.പി നടത്തിയ എല്ലാ ഹെയ്റ്റ് കാമ്പയിനുകളും വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞു. ആദിവാസി  വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധി യൂനിയന്‍ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടി വൈസ് ചെയര്‍പേഴ്‌സനായി. രോഹിത് വെമുല ജീവിതം അവസാനിപ്പിച്ചത്, അവന്‍ ജനിച്ചുവീണ ജാതിയില്‍ പെട്ടവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം നിഷേധിച്ചപ്പോഴായിരുന്നു. ഇത്തരത്തില്‍ അവസരം നഷ്ടപ്പെട്ടവര്‍ ഒത്തുചേര്‍ന്ന് അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പുതിയ രാഷ്ട്രീയത്തെയാണ് ടിസ്സ് ഏറ്റെടുത്തിരിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട ജനത ഒത്തൊരുമിച്ചാല്‍ ഫാഷിസത്തിന്റെ ആക്രോശങ്ങള്‍ക്ക് നിലനില്‍പില്ലെന്നാണ് ടിസ്സിലെ വിജയം ഓര്‍മപ്പെടുത്തുന്നത്. ഇസ്‌ലാമോഫോബിയ അതിന്റെ പാരമ്യത്തില്‍ നിര്‍ത്തി കാമ്പയിന്‍ സംഘടിപ്പിച്ച ഒരു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പായിരുന്നു ടിസ്സില്‍ നടന്നത്. എല്ലാ അര്‍ഥത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തി നവ രാഷ്ട്രീയ കൂട്ടായ്മയെ തകര്‍ക്കാന്‍ എ.ബി.വി.പി നേതൃത്വം കൊടുത്തപ്പോള്‍ അതിന്റെ കൂടെ എസ്.എഫ്.ഐയും ഉണ്ടായിരുന്നു എന്നത് മത നിരപേക്ഷ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. വൈസ് ചെയര്‍പേഴ്‌സനായി മത്സരിച്ച കേരളത്തില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടിക്കെതിരെ അങ്ങേയറ്റത്തെ ഇസ്‌ലാമോഫോബിക് ആയിട്ടുള്ള തീവ്രവാദ ചാപ്പകള്‍ നടത്തിയത് മലയാളികളായ എസ്.എഫ്.ഐക്കാരായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടുന്നു.
അല്ലെങ്കിലും കേരളത്തിലെ സി.പി.എം ഇപ്പോള്‍ സ്വീകരിച്ച സോഫ്റ്റ് ഹിന്ദുത്വ നിലപാട് കേരളത്തിന് പുറത്തുള്ള എസ്.എഫ്.ഐയെ സ്വാധീനിക്കുന്നതില്‍ വലിയ അത്ഭുതമില്ല. ഒരു തരത്തിലുള്ള സ്വത്വത്തിന്റെ ഉണര്‍വുകളെയും രാഷ്ട്രീയത്തെയും അംഗീകരിക്കാതെ 'കേവല വര്‍ഗം' എന്ന പരികല്‍പനയില്‍ വിശ്വസിക്കുന്ന യാന്ത്രിക മാര്‍ക്‌സിസത്തിന്റെ പിന്മുറക്കാര്‍ക്ക് പുതിയ കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിയില്ല. രോഹിത് വെമുലയുടെ ജീവത്യാഗവും നജീബിന്റെ തിരോധാനാവും പൗരത്വപ്രക്ഷോഭവും എല്ലാം സജീവ ചര്‍ച്ചയായ ഇത്തരം കാമ്പസുകളില്‍ നവ രാഷ്ട്രീയത്തിന്റെ വിദ്യാര്‍ഥികളായിരുന്നു കാമ്പസിനെ സജീവമാക്കി നിലനിര്‍ത്തിയത്. ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ അന്യായമായി തടവറകളില്‍ അടക്കപ്പെട്ടപ്പോള്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഈ നവ രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തകരായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാഷിസത്തിന്റെ ദുരന്തങ്ങളെ വിളിച്ചുപറയാനും പ്രതിരോധം സൃഷ്ടിക്കാനും ഉത്തരേന്ത്യയിലെ ജാമിഅ മില്ലിയ്യ ഉള്‍പ്പെടെയുള്ള കാമ്പസുകള്‍ മുന്‍പന്തിയിലായിരുന്നു. പക്ഷേ, ഈ സന്ദര്‍ഭങ്ങളിലെല്ലാം കേരളത്തിലെ കാമ്പസുകള്‍ അരാഷ്ട്രീയതയുടെ ഉച്ചമയക്കത്തിലും. നേരത്തെ പറഞ്ഞ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എസ്.എഫ്.ഐക്ക് ആഭിമുഖ്യമുള്ള കാമ്പസുകള്‍ പൊതുവെ അരാഷ്ട്രീയതയുടെ ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളായി. ഏകപാര്‍ട്ടി ബോധം നയിക്കുന്ന ഒരു വിദ്യാര്‍ഥി കൂട്ടമായി എസ്.എഫ്.ഐ മാറിയപ്പോള്‍ കാമ്പസുകള്‍ക്ക് നഷ്ടപ്പെട്ടത് അതിന്റെ സര്‍ഗാത്മകതയും ജനാധിപത്യ ബോധവുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കാത്ത ചെകുത്താന്‍ കോട്ടകളായി കേരളീയ കാമ്പസുകളെ മാറ്റിത്തീര്‍ത്തത് എസ്.എഫ്.ഐ ആണെന്ന് നാം തിരിച്ചറിയുന്നു. തീക്ഷ്ണമായ ഇന്ത്യനവസ്ഥയില്‍ വലിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവരേണ്ട കാമ്പസുകളെ ഇത്ര നിര്‍ജീവമാക്കി ഏകപാര്‍ട്ടി അരാഷ്ട്രീയ കാമ്പസുകളായി മാറ്റിത്തീര്‍ത്തു എന്നതാണ് എസ്.എഫ്.ഐയുടെ രണ്ട് പതിറ്റാണ്ടുകാലത്തെ കാമ്പസ് ആധിപത്യം വിളിച്ചുപറയുന്നത്.
ആശയ സംവാദത്തിന്റെ സര്‍ഗാത്മക ഇടങ്ങളാവേണ്ട കാമ്പസുകളെ ഹിംസാത്മക ഭൂമികയാക്കി മാറ്റിയത് എസ്.എഫ്.ഐയുടെ അക്രമത്തോടുള്ള ആത്മരതിയായിരുന്നു എന്ന് നാം തിരിച്ചറിയുന്നു. ഏറ്റവും ഒടുവില്‍ തൃശൂര്‍  പോളിടെക്‌നിക്കില്‍ നിന്ന് വന്ന വാര്‍ത്ത ഈ അര്‍ഥത്തിലുള്ളതായിരുന്നു. പ്രിന്‍സിപ്പലിന്റെ മുട്ട്കാല് തല്ലി ഒടിക്കുമെന്ന് ആക്രോശിക്കുന്ന ഒരു വിദ്യാര്‍ഥിനേതാവിനെയാണ് നാം അവിടെ കാണുന്നത്. കണ്ണൂര്‍ പാലയാട് കാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ മറ്റൊരു അക്രമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അലന്‍ ഷുഹൈബിനെതിരെ തീവ്രവാദ ചാപ്പ ചാര്‍ത്തി ജയിലിലാക്കാനുള്ള ശ്രമത്തിലാണ്. കണ്ണൂര്‍ യൂനിവേഴ്സ്റ്റി കാമ്പസില്‍ രണ്ടായിരത്തി പതിനഞ്ചിന് ശേഷം ആദ്യമായാണ് എസ്.എഫ്.ഐക്കെതിരെ ഒരാള്‍ മത്സരരംഗത്തിറങ്ങുന്നത് എന്ന വാര്‍ത്തയും നാം കേള്‍ക്കുന്നു. എന്തുകൊണ്ടാണ് അവിടങ്ങളില്‍ മത്സരിക്കാന്‍ ആരും തയാറായി മുന്നോട്ടുവരാത്തത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എസ്.എഫ്.ഐ അല്ലാത്ത വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അവിടങ്ങളില്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച്, ജീവനില്‍ ഭയം ഉള്ളതുകൊണ്ട് പലരും മൗനികളായിത്തീരുന്നു എന്നതാണ് യാഥാര്‍ഥ്യം. മുട്ട്കാല് തല്ലി ഒടിക്കല്‍ എന്ന കലാപരിപാടി എത്രയോ കാലങ്ങളായി ഇതര വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി നടത്തുന്നവര്‍ ഇപ്പോള്‍ പ്രിന്‍സിപ്പലിനെതിരെ തിരിഞ്ഞിരിക്കുന്നു എന്നര്‍ഥം. അധ്യാപകര്‍ എന്ന പുതിയ വര്‍ഗ ശത്രുവിനെതിരെ ഏതര്‍ഥത്തിലുമുള്ള ആക്രമണവും നടത്താന്‍ പുതിയ വര്‍ഗ രാഷ്ട്രീയ സ്റ്റഡിക്ലാസ്സും നടന്നുകഴിഞ്ഞു. അഥവാ, മുട്ട്കാല് തല്ലി ഒടിക്കല്‍ എന്ന മുഖ്യ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാമ്പസുകളില്‍ ഇവര്‍ നടത്തുന്നത് എന്നര്‍ഥം.
ഇത്തരം കാമ്പസുകളില്‍ എങ്ങനെയാണ് വലിയ ചോദ്യങ്ങളും സംവാദങ്ങളും രൂപപ്പെടുക? കേരളത്തില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന മയക്കുമരുന്ന് മാഫിയാ വാര്‍ത്തകള്‍ കാമ്പസുകളെ കേന്ദ്രീകരിച്ചും ആണെന്ന് നാം കേള്‍ക്കുന്നു. കേരളത്തിലെ പല കാമ്പസുകളും പാര്‍ട്ടിഗ്രാമങ്ങള്‍ പോലെ ഉറച്ച കോട്ടകളാണ് എന്നാണ് എസ്.എഫ്.ഐ അവകാശവാദമുന്നയിക്കുന്നത്. ജനാധിപത്യത്തിന്റെ സ്വഛന്ദ വായുവിനു വേണ്ടി വര്‍ത്തമാന ഇന്ത്യ പോരടിക്കുമ്പോള്‍ ഉറച്ച കോട്ടകളെ കുറിച്ച് സംസാരിക്കുന്നതിന്റെ അസാംഗത്യം എസ്.എഫ്.ഐക്ക് മനസ്സിലായിട്ടില്ല.  ഒറ്റ വര്‍ണമുള്ള ചെകുത്താന്‍കോട്ടകളായ കാമ്പസിനെ സ്വപ്‌നം കാണുന്നതിന് പകരം വിശാലതയും വായുസഞ്ചാരവുമുള്ള ജനാധിപത്യത്തിന്റെ ബഹു വര്‍ണത്തിലേക്ക് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയേണ്ടിയിരിക്കുന്നു. നവ രാഷ്ട്രീയത്തോട് ചേര്‍ന്നുപോകാന്‍ സാധ്യമല്ലെങ്കില്‍ മാന്യമായ സംവാദത്തിന് തയാറാവുകയാണ് എസ്.എഫ്.ഐ ചെയ്യേണ്ടത്; അല്ലാതെ, ഫാഷിസ്റ്റുകളുമായി സന്ധി ചെയ്തും ഹിംസയുടെ പുതിയ രീതിശാസ്ത്രം ആവിഷ്‌കരിച്ചും കോട്ടകള്‍ സംരക്ഷിക്കുകയല്ല. 
9744888433
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌