Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

ഹദീസിനോടുള്ള സമീപനം

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

പ്രവാചകനെ അനുസരിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും വിവക്ഷ-4

 

ഹദീസ് നിഷേധികളില്‍ വലിയൊരു വിഭാഗത്തിന്റെ അതേ സമീപനം തന്നെയാണ് ഹദീസ് വിഷയത്തില്‍ ഗ്രന്ഥകര്‍ത്താവിനുമുള്ളത്. അദ്ദേഹം എഴുതുന്നു: ''വേദം പഠിപ്പിക്കുക എന്നതില്‍, റസൂല്‍ വേദകല്‍പനകള്‍ പ്രവര്‍ത്തിച്ചു കാണിച്ചു ഉമ്മത്തിന് മാതൃകയാവുക എന്ന ഒരു വകുപ്പും പെടുന്നു. لقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ   (അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്- അല്‍ അഹ്‌സാബ് 21). 
അതിനാല്‍ നമ്മുടെ റസൂല്‍ ഖുര്‍ആനിലെ കല്‍പനകളെല്ലാം തന്നെ നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് മുതലായവ പോലെ, പ്രവൃത്തിപഥത്തില്‍ നമുക്ക് കാണിച്ചുതന്നു. മുസ്‌ലിംകള്‍ ആ മാതൃകയനുസരിച്ച് പ്രവര്‍ത്തിച്ചു പോരുകയും ചെയ്തു. ഈ ഉത്തമ മാതൃക ഉമ്മത്തിന്റെ അടുക്കല്‍ 'മുതവാതിര്‍' (അനേകമനേകം പരമ്പരയായി) രൂപത്തില്‍ നിലനില്‍ക്കുകയാണ്. നബിയുടെ കാലം മുതല്‍ തലമുറ തലമുറയായി അതനുസരിച്ച് പ്രവര്‍ത്തിച്ചുപോരുന്നു. അതിനാല്‍, അത് സംശയാതീതവും ഉറപ്പുള്ളതുമായ ദീനീ കാര്യങ്ങളാണ്. അതിന് എതിര് പ്രവര്‍ത്തിക്കുക എന്നത് ഖുര്‍ആന് എതിര് പ്രവര്‍ത്തിക്കലാണ്.''
മറ്റൊരിടത്ത് ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: ''ഉറപ്പില്ലാത്ത കാര്യങ്ങള്‍ക്ക് ദീനില്‍ യാതൊരു സ്ഥാനവുമില്ല.''
ഈ വാചകങ്ങളില്‍നിന്നും മുകളില്‍ കൊടുത്ത ഗ്രന്ഥകര്‍ത്താവിന്റെ പ്രസ്താവനകളില്‍നിന്നും അദ്ദേഹത്തിന്റെ സമീപനമായി മനസ്സിലാക്കാവുന്നത് ഇതാണ്:
1. നബി തിരുമേനിയുടെ ജുഡീഷ്യല്‍ തീരുമാനങ്ങളും, രാഷ്ട്രീയവും സാമൂഹികവും നാഗരികവും യുദ്ധ സംബന്ധിയുമായി സമുദായ നേതാവെന്ന നിലയില്‍ നബി നടപ്പാക്കിയ നിയമങ്ങളും ഖുര്‍ആനില്‍ പിന്‍പറ്റാന്‍ പൊതുവായി കല്‍പനയുള്ള ദൈവദൂതന്റെ മാതൃകയുടെ നിര്‍വചനത്തില്‍നിന്ന് പുറത്താണ്. അതിനാല്‍, ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ഭരണ നേതാവെന്ന നിലക്കുള്ള കല്‍പനകള്‍ താല്‍ക്കാലികം മാത്രമാണ്. കാലത്തിനനുസരിച്ച് സ്ഥിതിഗതികളും മാറിക്കൊണ്ടിരിക്കും.
2. ഇബാദത്തുകളും ദീനീ കര്‍മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ റസൂലിന്റെ പ്രവര്‍ത്തനം (വാക്കുകളല്ല) അനുകരിക്കേണ്ടതുള്ളൂ; നബി തിരുമേനി ഖുര്‍ആനിക കല്‍പനകള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് കാണിച്ചവ മാത്രം.
3. നബിയുടെ കാലം മുതല്‍ ഇന്നേവരെ നടന്നുപോന്ന 'മുതവാതിറായ' (പരമ്പരകളായുള്ള) പ്രവൃത്തികള്‍ മാത്രമാണ് ഗ്രന്ഥകര്‍ത്താവിന്റെ അടുക്കല്‍ സംശയാതീതവും ഉറപ്പുള്ളതുമായിട്ടുള്ളത്. ഓരോ തലമുറയും മുന്‍തലമുറയെ കണ്ട് അനുകരിച്ചുപോരുന്ന പ്രവൃത്തികള്‍. നബിയുടെ വാക്കുകളും പ്രവൃത്തികളുമായി ഹദീസുകളില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകളാകട്ടെ, അവയൊന്നും ഉറപ്പുള്ളതല്ല; അവക്ക് ദീനില്‍ യാതൊരു സ്ഥാനവുമില്ല.
മുകളില്‍ പറഞ്ഞവയില്‍ ആദ്യത്തെ രണ്ട് ഇനവും ഖുര്‍ആനിന് തികച്ചും വിരുദ്ധമാണെന്ന് ഞാന്‍ തീര്‍ത്ത് പറയുന്നു. റസൂലിന്റെ മതപരമായ പ്രവൃത്തികള്‍ മാത്രമേ ശാശ്വതമായി അനുകരിക്കാന്‍ അര്‍ഹമായിട്ടുള്ളൂ എന്നതിന് ഖുര്‍ആനില്‍ നേരിയൊരു സൂചന പോലുമില്ലാത്തതാണ്. നാഗരികവും സാമൂഹികവുമായ കാര്യങ്ങളില്‍ നബി തിരുമേനിയുടെ തീരുമാനങ്ങളും തിരുമേനി നടപ്പാക്കിയ നിയമങ്ങളും അത് നടപ്പാക്കിയ കാലത്തേക്ക് മാത്രം ബാധകമാണെന്ന വാദമാകട്ടെ അതിന് ഉപോദ്ബലകമായ, ഈ രണ്ടിനം പ്രവൃത്തികള്‍ തമ്മില്‍ ഭേദം കല്‍പിക്കുന്നതും അവയുടെ വിധികള്‍ വ്യത്യസ്തമാണെന്ന് സ്ഥാപിക്കുന്നതുമായ എന്തെങ്കിലും ഖുര്‍ആന്‍ സൂക്തമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കട്ടെ. എന്നെ സംബന്ധിച്ചേടത്തോളമാണെങ്കില്‍ ഖുര്‍ആനില്‍ നിന്ന് എനിക്ക് വ്യക്തമായി കിട്ടിയ വിധി ഇതാകുന്നു:
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِيناً 
(അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും തങ്ങളുടെ കാര്യം തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചോ അവന്‍ വ്യക്തമായ വഴികേടിലായിത്തീര്‍ന്നു- അല്‍അഹ്‌സാബ് 36).
ഈ സൂക്തത്തില്‍ അത് ഒരു പ്രത്യേക കാലത്തേക്കാണ് ബാധകമെന്ന് പറയുന്നില്ല. വിശ്വാസിയും വിശ്വാസിനിയും എന്ന് പറഞ്ഞതില്‍നിന്ന് പ്രവാചക കാലത്തെ വിശ്വാസിയും വിശ്വാസിനിയുമാണ് ഉദ്ദേശ്യമെന്ന അര്‍ഥം എടുക്കാന്‍ സാധ്യമല്ല. أمرا  എന്ന മൂലത്തില്‍ പ്രയോഗിച്ച വാക്ക് എല്ലാ വ്യവഹാരങ്ങളും ഉള്‍ക്കൊള്ളുന്ന സാമാന്യ പദമാണ്; അത് മതപരമാകട്ടെ (ദീനീ) ലൗകിക (ദുന്‍യവി)മാകട്ടെ. അല്ലാഹുവും റസൂലും എന്ന് പറഞ്ഞാല്‍ അല്ലാഹുവും റസൂലും തന്നെ. ഒരിക്കലും  إمارة (ഭരണ നേതൃത്വം) എന്നല്ല. എന്തുകൊണ്ടെന്നാല്‍ 'അമീര്‍' എന്നോ 'ഉലുല്‍ അംറ്' എന്നോ പറഞ്ഞാല്‍ ഏതായാലും വിശ്വാസി തന്നെയായിരിക്കും. ഇവിടെ ഏതൊരു കാര്യത്തില്‍ അല്ലാഹുവും റസൂലും ഒരു തീരുമാനമെടുത്തോ, അതില്‍ മറ്റൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ വിശ്വാസികളില്‍നിന്നും വിശ്വാസിനികളില്‍നിന്നും എടുത്തുകളഞ്ഞിരിക്കുകയാണ്. എന്നിട്ട് പറയുകയാണ്: ''ആര്‍ അതിനെതിര് പ്രവര്‍ത്തിക്കുന്നുവോ അയാള്‍ വ്യക്തമായ വഴികേടിലകപ്പെട്ടിരിക്കുകയാണ്.'' അല്ലാഹുവും അവന്റെ മാര്‍ഗദര്‍ശന പ്രകാരം അവന്റെ റസൂലും സ്വന്തം വിധികളിലൂടെയും നിയമങ്ങളിലൂടെയും ഇസ്‌ലാമിക സമൂഹത്തിനായി സ്ഥാപിച്ച വ്യവസ്ഥ, അത് നടപ്പാക്കിയിരിക്കുന്ന അതേ നിയമങ്ങളും വിധികളും അപ്പടി പിന്തുടരുന്നതിലാണ് അതിന്റെ നിലനില്‍പ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആളുകള്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വാക്കാലും പ്രവൃത്തിയാലുമുള്ള മാര്‍ഗദര്‍ശനം അവഗണിച്ച് സ്വാഭിപ്രായ പ്രകാരം സ്വതന്ത്രമായി മറ്റൊരു വഴി സ്വീകരിക്കുകയാണെങ്കില്‍ പിന്നെ ഈ വ്യവസ്ഥ ബാക്കിയുണ്ടാവുകയില്ല. ഈ വ്യവസ്ഥ തകരുന്നതോടെ തന്നെ നിങ്ങള്‍ നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് വളരെ ദൂരത്തെത്തിക്കഴിയും. ഇത്രയും വ്യക്തവും സുതാര്യവുമായ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ എഴുതുന്ന ഒരു വ്യക്തി നിങ്ങളിപ്പോള്‍ കേട്ടുകഴിഞ്ഞ ഒരു മാര്‍ഗം സ്വീകരിക്കുക എന്നത് എത്രമേല്‍ വിചിത്രമായ കാര്യമാണ്!
ഇനി മൂന്നാമത് പറഞ്ഞ ഇനം. അതിനെ കുറിച്ച് എന്റെ ആശയങ്ങള്‍ 'ഹദീസും ഖുര്‍ആനും' എന്ന ശീര്‍ഷകത്തിലുള്ള എന്റെ ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.* എങ്കിലും മാന്യ ഗ്രന്ഥകര്‍ത്താവിനോട് ഞാനൊന്ന് ചോദിക്കട്ടെ: ഇന്ന് മുസ്‌ലിംകളുടെ മതജീവിതത്തില്‍ കാണപ്പെടുന്ന എല്ലാ ബിദ്അത്തുകളും ഖുറാഫാത്തുകളും അല്ലാഹുവിന്റെ ദൂതന്റെ കാലം മുതല്‍ തലമുറ തലമുറയായി ദീനില്‍ നടന്നുവരുന്നതാണെന്നും, അതിനാല്‍ അവ ദീനില്‍ പെട്ട 'ഉറപ്പുള്ളതും മുതവാതിറുമായ പ്രവര്‍ത്തന'മാണെന്നും ആരെങ്കിലും വാദിച്ചാല്‍ അതിന് എന്ത് മറുപടിയാണ് ഗ്രന്ഥകാരനുള്ളത്? ഈ പ്രവൃത്തി അല്ലാഹുവിന്റെ ദൂതന്റെതല്ലെന്നും പില്‍ക്കാലക്കാരുടെ നിര്‍മിതിയാണെന്നും തീരുമാനിക്കാന്‍ താങ്കളുടെ അടുക്കല്‍ ഉറപ്പുള്ള എന്ത് വഴിയാണുള്ളത്? നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം എന്നും ഖുര്‍ആനിലെ സൂക്തങ്ങളിലൂടെ ഈ ബിദ്അത്തുകള്‍ തള്ളിക്കളയാമെന്നുമായിരിക്കും താങ്കള്‍ പറയുക. എങ്കില്‍, നബിയുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥം നിര്‍ണയിക്കപ്പെടുന്നത് തള്ളിക്കളഞ്ഞാല്‍ പിന്നെ, പല ബിദ്അത്തുകളും തള്ളിക്കളയാന്‍ പ്രയാസകരമാംവിധം ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാനിക്കാന്‍ ബിദ്അത്തുകാരനായ ഒരാള്‍ക്ക് ധാരാളം പഴുത് ലഭിക്കും എന്നാണ് ഒന്നാമതായി ഞാന്‍ പറയുക. രണ്ടാമതായി, ഖുര്‍ആന്‍ വഴി ഈ ബിദ്അത്തുകള്‍ താങ്കള്‍ തള്ളിക്കളഞ്ഞാലും അല്ലാഹുവിന്റെ ദൂതന്റെ കാലം മുതല്‍ തലമുറ തലമുറയായി നടന്നുവരുന്ന ഉറപ്പുള്ള മുതവാതിറായ പ്രവൃത്തിയാണ് ഇതെന്ന വാദം തള്ളിക്കളയാന്‍ സാധിക്കുകയില്ല. സ്വന്തം ചിന്താ സരണിയനുസരിച്ച് താങ്കള്‍ക്ക് ഈ പ്രവൃത്തി സംശയാതീതമാംവിധം ഉറപ്പുള്ളത് (യഖീനി) അല്ലെന്നും താങ്കള്‍ക്ക് പറയാന്‍ പറ്റില്ല. ഈ ബിദ്അത്തുകള്‍ പ്രവാചക കാലഘട്ടത്തില്‍ ഉണ്ടായിരുന്നതല്ല, ഇന്ന വ്യക്തിയുടെ കാലത്ത് തുടങ്ങിയതാണെന്നും (റിപ്പോര്‍ട്ടുകള്‍ പോലെ ഉറപ്പുള്ളതല്ലാത്ത) ചരിത്രത്തിലൂടെയും താങ്കള്‍ക്ക് തെളിയിക്കാന്‍ സാധിക്കുകയില്ല. അവ സംശയാതീതമാം വിധം ഉറപ്പുള്ളതാണെന്ന് അംഗീകരിക്കുക എന്ന ഒരു രൂപം മാത്രമേ ഇനി താങ്കളുടെ മുന്നിലുണ്ടാവുകയുള്ളൂ. ഇനി, ഒന്നുകില്‍ അവ പിന്തുടരുക, അല്ലെങ്കില്‍ റസൂലിന്റെ പ്രവൃത്തി ഖുര്‍ആനെതിരാണെന്ന് സമ്മതിക്കുക-ഈ രണ്ടാലൊരു മാര്‍ഗം താങ്കള്‍ സ്വീകരിക്കേണ്ടിവരും. മാന്യ ഗ്രന്ഥകാരനും സമാന ചിന്താഗതിക്കാരായ മാന്യന്മാര്‍ക്കും ഈ സങ്കീര്‍ണതക്ക് എന്ത് പരിഹാരമാണുള്ളതെന്ന് അറിയില്ല (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1934, ഒക്‌ടോബര്‍). 
(അവസാനിച്ചു)
വിവ: വി.എ കബീര്‍
* ഈ ലേഖനത്തിന്റെ വിവര്‍ത്തനം പ്രബോധനം വാരിക 2021 ഡിസംബര്‍ 10, 17, 24, 2022 ജനുവരി 07 എന്നീ ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (വിവര്‍ത്തകന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌