Prabodhanm Weekly

Pages

Search

2022 നവംബര്‍ 25

3278

1444 ജമാദുല്‍ അവ്വല്‍ 01

അധ്യാപനത്തിന്റെ അനുഭൂതികള്‍

ഇ.എന്‍ മുഹമ്മദ് മൗലവി

അറിവടയാളങ്ങള്‍-9 /
 

ജമാഅത്തെ ഇസ്‌ലാമിയുടെ രണ്ടാമത്തെ സംസ്ഥാന അധ്യക്ഷനായ പണ്ഡിതന്‍ കെ.സി അബ്ദുല്ല മൗലവിയെ ഞാന്‍ കാണുന്നത് ചെറുവാടിയില്‍ വെച്ചാണ്. ഞാനന്ന് ഒതയോത്ത് പള്ളിയില്‍ മുദര്‍രിസാണ്. ഒരു വെള്ളിയാഴ്ച ജമാഅത്തിന്റെ പ്രഭാഷണ പരിപാടി ചെറുവാടിയില്‍ നടക്കുന്നു. കെ.സിയുടെ പ്രസംഗം കേള്‍ക്കാന്‍ പോയി. അവിടെ വെച്ച് ആദ്യമായി കെ.സിയെ കണ്ട് പരിചയപ്പെട്ടുവെങ്കിലും വിശദമായൊന്നും സംസാരിക്കാനായില്ല. പിന്നീട്, പല ഘട്ടങ്ങളിലായി കെ.സിയുമായുള്ള ബന്ധം ദൃഢമായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു ചേന്ദമംഗല്ലൂരിലെ അധ്യാപന ജീവിതം. അടിയന്തരാവസ്ഥക്ക് ശേഷമാണ് ഞാന്‍ ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ്യയില്‍ ചേരുന്നത്. അധ്യാപകനായി, വൈസ് പ്രിന്‍സിപ്പലായി, പ്രിന്‍സിപ്പലായി 1994 വരെ അവിടെ തുടരുകയും ചെയ്തു.

ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ്യയില്‍
കെ.സി അബ്ദുല്ലാ മൗലവിയാണ് ചേന്ദമംഗല്ലൂരിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നായകത്വം വഹിച്ചതും ഇസ്വ്‌ലാഹിയ്യയുടെ നെടുംതൂണായി വര്‍ത്തിച്ചതും. ഉയര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. എല്ലാവരെയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ഓരോരുത്തര്‍ക്കും അവരവരുടെ സ്ഥാനം വകവെച്ചു കൊടുക്കാന്‍ കെ.സിക്ക് മടിയുണ്ടായിരുന്നില്ല.
ജമാല്‍ മുഹമ്മദ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായിരിക്കെയാണ് ഞാന്‍ ഇസ്വ്‌ലാഹിയ്യയില്‍ അധ്യാപകനാകുന്നത്. അദ്ദേഹം വിദേശത്തേക്ക് ജോലി തേടി പോയപ്പോള്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായി എന്നെ നിയമിക്കാന്‍ നിര്‍ദേശിച്ചത് കെ.സി ആയിരുന്നു. കെ.സി തന്നെയായിരുന്നു പ്രിന്‍സിപ്പല്‍. പ്രധാനപ്പെട്ട വിഷയങ്ങളിലൊക്കെ കെ.സി കൂടിയാലോചിക്കാറുണ്ടായിരുന്നു. സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്‍ ബോധ്യപ്പെടുന്ന കാര്യങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയാറാകുമായിരുന്നു. വിദ്യാര്‍ഥിസംഘടനയില്‍ ചേരാന്‍ സ്ഥാപനത്തിലെ കുട്ടികളെ നിര്‍ബന്ധിക്കാതെ, അവരെ ബോധ്യപ്പെടുത്തി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്ന അഭിപ്രായം അദ്ദേഹം അംഗീകരിക്കുകയുണ്ടായി.
തീവ്ര നിലപാടുകാരായ ചില പ്രഭാഷകരെ സ്ഥാപനത്തില്‍ പരിപാടികള്‍ക്ക് ക്ഷണിക്കുന്നതിലുള്ള വിയോജിപ്പും അദ്ദേഹം ശരിവെച്ചു. അതുണ്ടാക്കാവുന്ന തെറ്റായ അനന്തര ഫലങ്ങള്‍ കെ.സിക്ക് പെട്ടെന്ന് ബോധ്യപ്പെട്ടു. മറ്റുള്ളവരെ കേള്‍ക്കാനുള്ള വിശാലമനസ്സ് കെ.സി എന്ന നേതാവിന്റെ പ്രത്യേകതയായിരുന്നു.
സി.എന്‍ അഹ്മദ് മൗലവിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മയിലുണ്ട്. മതാഅ് വിഷയത്തില്‍ വലിയ ചര്‍ച്ച നടക്കുന്ന സന്ദര്‍ഭമാണ്. വിഷയം പഠിക്കുന്നതിനായി സി.എന്‍ അഹ്മദ് മൗലവി ഇസ്വ്‌ലാഹിയ്യ ലൈബ്രറിയില്‍ വരികയുണ്ടായി. അദ്ദേഹം ചില കിതാബുകള്‍ പരിശോധിച്ച് ഉദ്ധരണികള്‍ പകര്‍ത്തുകയായിരുന്നു. മുസ്തഫസ്സിബാഇയുടെ തഹ്‌രീറുല്‍ മര്‍അയായിരുന്നുവെന്നാണ് ഓര്‍മ. ആദ്യത്തെ ഒന്നും രണ്ടും നമ്പറിട്ട പോയിന്റുകള്‍ ഒഴിവാക്കി, തനിക്ക് തെളിവാകുന്ന ഭാഗം മാത്രം അദ്ദേഹം പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ അതിനോട് പ്രതികരിച്ചു. അദ്ദേഹം പ്രായമുള്ള പണ്ഡിതനാണ്, ഞാന്‍ ചെറുപ്പക്കാരനും. അദ്ദേഹത്തിന് എന്റെ പ്രതികരണം ഇഷ്ടമായില്ല. അദ്ദേഹം കെ.സിയോട് പരാതിപ്പെട്ടു. കെ.സിയാകട്ടെ, 'നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താവുന്ന ആളല്ല സി.എന്‍' എന്നായിരുന്നു എന്നോട് പ്രതികരിച്ചത്. നമുക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്ന രീതിയില്‍ ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. സ്ഥാപനത്തിന് പ്രയോജനപ്പെടുന്ന കഴിവുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റു ചില പോരായ്മകളില്‍ വിട്ടുവീഴ്ച ചെയ്ത്, അവരെ നിലനിര്‍ത്തണം എന്നതായിരുന്നു കാഴ്ചപ്പാട്. അധ്യാപകരുടെ വൈജ്ഞാനിക നിലവാരത്തെക്കുറിച്ച പരാതികള്‍ കേട്ടാല്‍ അപ്പടി വിശ്വസിക്കാതെ, സംസാരിച്ച് സംശയ ദൂരീകരണം നടത്തി, സത്യം മനസ്സിലാക്കാനും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.
വെല്ലൂര്‍ ബാഖിയാത്തില്‍ പഠിച്ച, പിന്നീട് ഇസ്‌ലാമിക പ്രസ്ഥാന വിഷയങ്ങള്‍ ആഴത്തില്‍ ഗ്രഹിച്ച പണ്ഡിതനായിരുന്നു കെ.സി. ഖുര്‍ആനെ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. ഖുര്‍ആനും അറബി ഭാഷയും മുഖ്യ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്. പഴയ രീതിയിലുള്ള പാണ്ഡിത്യവും പുതിയ കാലത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ആവശ്യമെന്ന് ബോധ്യപ്പെടുന്ന പുതിയ പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം ധൈര്യം കാണിച്ചു. പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി ചിന്തിക്കുകയും ചര്‍ച്ച നടത്തുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു കെ.സി. ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ്യയെ ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി പരിവര്‍ത്തിപ്പിക്കുക എന്നത് കെ.സിയുടെ വലിയ സ്വപ്‌നമായിരുന്നു. മാധ്യമം പത്രമായിരുന്നു മറ്റൊന്ന്. ശരീഅത്ത് വിവാദകാലത്തെ വിമര്‍ശനങ്ങളാണ് മാധ്യമത്തെ കുറിച്ച ചിന്ത ചടുലമാക്കിയത്. ജമാല്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ കെ.സിയുമായി ചര്‍ച്ച നടത്തുകയും വലിയ ആവേശം കാണിക്കുകയും ചെയ്തിട്ടുണ്ട്. 
ജമാല്‍ മുഹമ്മദ്, കെ.പി അഹ്മദ് കുട്ടി മൗലവി കൊടിയത്തൂര്‍, ഇസ്മാഈല്‍ ഉസ്താദ് ചേന്ദമംഗല്ലൂര്‍, അബുസ്സ്വലാഹ് മൗലവി, അബൂബക്കര്‍ മൗലവി നന്മണ്ട, ഒ.പി അബ്ദുസ്സലാം മൗലവി, ഒ. അബ്ദുല്ല, ഒ. അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ നല്ല സഹപ്രവര്‍ത്തകര്‍ ഇസ്വ്‌ലാഹിയ്യയില്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കാസിം ഇരിക്കൂറും വി.പി ഷാഹുല്‍ ഹമീദ്, എ.ഐ റഹ്മത്തുല്ല തുടങ്ങി പലരും അധ്യാപകരായിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഉളിയില്‍ മാഞ്ഞു മാസ്റ്റര്‍ ഇസ്വ്‌ലാഹിയ്യയില്‍ വാര്‍ഡനായും സേവനം ചെയ്തിട്ടുണ്ട്. മുജാഹിദ് ആശയക്കാരനായിരുന്നു നന്മണ്ട അബൂബക്കര്‍ മൗലവി. അതറിഞ്ഞുകൊണ്ടു തന്നെയാണ് കെ.സി അദ്ദേഹത്തെ ഇസ്വ്‌ലാഹിയ്യയില്‍ അധ്യാപകനാക്കിയത്. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഇസ്വ്‌ലാഹിയിയ്യയില്‍ പഠിപ്പിക്കാനുള്ള വൈജ്ഞാനിക ശേഷി ഉണ്ടായിരുന്നു. ബാഖിയാത്തില്‍ പഠിച്ച അബുസ്സ്വലാഹ് മൗലവിയും നല്ല പണ്ഡിതനായിരുന്നു. 
ജമാഅത്തെ ഇസ്‌ലാമിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്നില്‍ ദഅ്‌വാ കോളേജ് ആരംഭിച്ചതോടെ അവിടെ അധ്യാപകനായി  നിയമിക്കപ്പെട്ടു. 1994-ലായിരുന്നു ഇത്. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ നേതൃത്വത്തിലായിരുന്നു ദഅ്‌വാ കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. സി.സി നൂറുദ്ദീന്‍ മൗലവി, കെ. മൊയ്തു മൗലവി, ടി.കെ അബ്ദുല്ലാ സാഹിബ്, വി.കെ അലി, ഡോ. അബ്ദുസ്സലാം അഹ്മദ് ഉള്‍പ്പെടെയുള്ള പണ്ഡിതരും ഉണ്ടായിരുന്നു. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് പ്രത്യേകമായ ഇസ്‌ലാമിക പഠന-പരിശീലനം നല്‍കുന്നതായിരുന്നു കോഴ്‌സ്. ഹദീസ് ആയിരുന്നു എന്റെ വിഷയം. ദഅ്‌വയുടെ ആദ്യ ബാച്ചുകളില്‍ മികച്ച വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും കഴിവുള്ള കുറേ പേര്‍ ഇതുവഴി വളര്‍ന്നു വന്നിട്ടുണ്ട്. കോഴിക്കോട്ടു നിന്ന്, പിന്നീട് ശാന്തപുരത്തേക്ക് ദഅ്‌വാ കോളേജ് മാറ്റുകയുണ്ടായി. സ്വാഭാവികമായി ഞാനും ശാന്തപുരത്തേക്ക് മാറി. അങ്ങനെ, 1967-നു ശേഷം വീണ്ടുമൊരിക്കല്‍ കൂടി ശാന്തപുരത്ത് അധ്യാപകനായി. 2012 വരെയാണ് ശാന്തപുരത്ത് തുടര്‍ന്നത്. പിന്നീട്, വാടാനാപള്ളി ഇസ്‌ലാമിയാ കോളേജ് (2013-2015), കാസര്‍കോട് ആലിയാ അറബിക് കോളേജ് (2015-2017) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
അധ്യാപക ജീവിതത്തിലെ ഏറ്റവും നല്ല അനുഭൂതി നല്‍കിയത് കണ്ണൂരിലെ ഐനുല്‍ മആരിഫില്‍ സേവനം ചെയ്ത കാലമാണ്. സംതൃപ്തമായ അധ്യാപനത്തിന്റെ ദിനരാത്രങ്ങള്‍. നേരത്തെ കേട്ടറിഞ്ഞ ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്മരിപ്പിക്കുന്ന സ്ഥാപനമാണ് ഐനുല്‍ മആരിഫ്. ഹിഫ്‌ളിന് ശേഷം ആറു വര്‍ഷത്തെ ഇസ്‌ലാമിക പഠനം, പരിഷ്‌കരിച്ച നിളാമി സിലബസിനോടൊപ്പം, പുതിയ പുസ്തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി പ്രകാരമാണ് നടക്കുന്നത്. ഈജിപ്തിലെ അല്‍ അസ്ഹറിന്റെ അംഗീകാരമുള്ള സിലബസാണിത്. കലാ-കായിക രംഗത്തും പരിശീലനം നല്‍കുന്നുണ്ട്. നല്ല പുസ്തകങ്ങളാല്‍ സമ്പന്നമായ ലൈബ്രറിയും അവിടെയുണ്ട്. അറിവിനോട് ആദരവും ആര്‍ത്തിയുമുള്ള വിദ്യാര്‍ഥികളാണ് ഐനുല്‍ മആരിഫില്‍ ഉണ്ടായിരുന്നത്. ഹാഫിള് അനസ് മൗലവിയുടെ സജീവമായ മേല്‍നോട്ടം, സ്റ്റാഫ് യോഗങ്ങളില്‍ നടക്കുന്ന സൂക്ഷ്മമായ വിലയിരുത്തലുകള്‍, വിദ്യാര്‍ഥികളുടെ കവിഞ്ഞ താല്‍പര്യം തുടങ്ങിയവയിലൂടെ സ്ഥാപനം മികച്ച നിലവാരം പുലര്‍ത്തി. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍ നിന്നുള്ള അധ്യാപകര്‍ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടാണ്. അതുപോലെ കാടേരി മുഹമ്മദ് മൗലവി അവിടെ എന്റെ സഹാധ്യാപകനായിരുന്നു. ഇക്കാരണങ്ങളാലെല്ലാം, കഴിവുറ്റ കുട്ടികള്‍ അവിടെനിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നുണ്ട്. ശാന്തപുരത്തും മറ്റും ഐനുല്‍ മആരിഫിലെ വിദ്യാര്‍ഥികള്‍ അധ്യാപകരായി നിയമിക്കപ്പെടുന്നത് ഇതിന്റെ സാക്ഷ്യമായി മനസ്സിലാക്കാം.

പാഠ്യപദ്ധതിയുടെ പരിഷ്‌കരണം
പൗരാണിക കിതാബുകളോടൊപ്പം പുതിയ ചില പാഠപുസ്തകങ്ങളും, ഭാഷകളും, ഇസ്‌ലാമിക പ്രസ്ഥാനവും മറ്റുമാണ് ഇസ്‌ലാമിയാ കോളേജുകളുടെ പാഠ്യപദ്ധതിയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ഇസ്‌ലാമിക വിഷയങ്ങളും ഭൗതിക വിഷയങ്ങളും ഒന്നിച്ച് ചേര്‍ത്ത, പുതിയൊരു വിദ്യാഭ്യാസ സംവിധാനം വികസിച്ചു വരുന്നതിന്റെ ആവേശത്തില്‍, വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അക്കാദമികമായ മികവ് പുലര്‍ത്തുകയും ചെയ്തതായിരുന്നു അക്കാലത്തെ അനുഭവം. പഴയ കിതാബുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നതിന് ചില ഗുണവശങ്ങളൊക്കെ ഉണ്ടായിരുന്നു. 'പൗരാണിക കിതാബുകള്‍ കൂടി പഠിക്കാന്‍ അവസരം ലഭിച്ചതിനാല്‍, എവിടെയും കയറിച്ചെല്ലാനും ആരെയും അഭിമുഖീകരിക്കാനും സംവദിക്കാനും ധൈര്യമുണ്ടായി' എന്ന് കെ. മൊയ്തു മൗലവി ഒരിക്കല്‍ പറയുകയുണ്ടായി.
ശാന്തപുരത്ത് അധ്യാപകനായിരിക്കെ ഞാന്‍ ശറഹുല്‍ അഖാഇദ് പഠിപ്പിച്ചിരുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അഖീദയുടെ സംഗ്രഹ ഗ്രന്ഥമാണത്. ഇസ്‌ലാമിക വിശ്വാസത്തെ യുക്തിഭദ്രമായി അവതരിപ്പിക്കുന്ന ശൈലി അതിനുണ്ട്. ഇതേക്കുറിച്ച് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. വിശ്വാസസംഹിതക്ക് (അഖീദ), വചന ശാസ്ത്രം (ഇല്‍മുല്‍ കലാം) എന്ന് പ്രയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് തുടങ്ങിയവയൊക്കെ അതില്‍ വിശദീകരിക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങളെയും ബുദ്ധിയെയും അടിസ്ഥാനപ്പെടുത്തി വിശ്വാസദൃഢീകരണം സാധിക്കുന്നതിന്റെ രീതിയും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. മുഅ്തസിലത്തിനെയും യുക്തിവാദത്തെയും ഒരേസമയം അഭിമുഖീകരിക്കുന്ന രചനയാണിത്. പാരമ്പര്യ സുന്നീ ധാര ഈ ഗ്രന്ഥമാണ് അഖീദയില്‍ പ്രധാനമായും പഠിപ്പിക്കുന്നത്. എന്നാല്‍, സലഫീധാര അഖീദത്തു ത്ത്വഹാവിയ്യയാണ് പാഠപുസ്തകമായി പൊതുവില്‍ പ്രയോജനപ്പെടുത്താറുള്ളത്. കുറെക്കൂടി വിശദമായ രചനയാണിത്. ഉമ്മുല്‍ ബറാഹീന്‍ അഖീദത്തുസ്സനൂസിയ്യ നല്ലൊരു ഗ്രന്ഥമാണ്. പഞ്ചേന്ദ്രിയാനുഭവങ്ങള്‍, ബൗദ്ധിക ന്യായങ്ങള്‍ എന്നിവയില്‍ ഊന്നി, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളിലൂടെ വിശ്വാസദര്‍ശനത്തെ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. ഈ ശൈലിയില്‍ വേറെയും ഗ്രന്ഥങ്ങളുണ്ട്. ആധുനിക കാലഘട്ടത്തില്‍ അലി ത്വന്‍ത്വാവിയുടെ രചനയും മൗലാനാ മൗദൂദിയുടെ അല്‍മുസ്വ്ത്വലഹാത്തുല്‍ അര്‍ബഅയും അഖീദയില്‍ നല്ല സംഭാവനകളാണ്. ഖുര്‍ആന്‍ വചനങ്ങളെയും ഭാഷാപ്രയോഗങ്ങളെയും മറ്റും ആധാരമാക്കി, പ്രാസ്ഥാനിക കാഴ്ചപ്പാടുകളോടെ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളെ വിശകലനം ചെയ്യുന്നു് അല്‍ മുസ്വ്ത്വലഹാത്തുല്‍ അര്‍ബഅ. പൗരാണികവും ആധുനികവുമായ ഈ കൃതികളെല്ലാം ഉണ്ടെങ്കിലും വിഷയത്തില്‍, വര്‍ത്തമാന കാലത്ത് ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസദര്‍ശനത്തെ, പ്രാമാണിക ആശയങ്ങളുടെ വെളിച്ചത്തില്‍, സൗന്ദര്യമുള്ള ഭാഷയില്‍, താത്ത്വികമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പുതിയ കാലത്തെ 'യുക്തിവാദ' ചര്‍ച്ചകള്‍ക്കും അപ്പുറത്ത്, ബുദ്ധിപരവും യുക്തിപരവുമായി ഏകദൈവ വിശ്വാസത്തിന്റെ ശക്തിയും സൗന്ദര്യവും ആവിഷ്‌കരിക്കുന്ന രചനകളാണ് ആവശ്യം. 
ദീര്‍ഘകാലം ഇസ്‌ലാമിക കലാലയങ്ങളില്‍ അധ്യാപകനായിരുന്നതിന്റെ അനുഭവത്തില്‍ പറയാന്‍ കഴിയുന്ന മറ്റൊരു കാര്യം, മാതൃഭാഷാ പഠനം കേരളത്തിലെ ദീനീ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതാണ് എന്നതാണ്. പണ്ഡിതനും പ്രബോധകനും ജീവിക്കുന്ന സമൂഹത്തോട്  മികച്ച രീതിയില്‍ ആശയ വിനിമയം നടത്താന്‍, മാതൃഭാഷ അനിവാര്യമാണ്. ഇസ്‌ലാമിക വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവര്‍ക്ക് പോലും നല്ല മലയാളത്തില്‍ വിഷയങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാത്തത് മാതൃഭാഷാ പരിജ്ഞാനത്തിന്റെ കുറവാണ്. ഇസ്‌ലാമിക കലാലയങ്ങളില്‍ മലയാളം പഠിപ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് ഇതിന്റെ പരിഹാരം. കോഴിക്കോട്ട് ദഅ്‌വാ കോളേജ് ആരംഭിക്കുമ്പോള്‍ ഞാനിത് പറഞ്ഞിരുന്നതാണ്. കേരളത്തില്‍ ഇത് വ്യവസ്ഥാപിതമായി നടക്കുന്നില്ല എന്നതാണ് എന്റെ അറിവ്. മലയാള ഭാഷാ പഠനം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നില്ലെങ്കിലും, ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ മുന്‍നിര മലയാള പ്രസിദ്ധീകരണങ്ങള്‍ സ്ഥിരം  വായിക്കുമായിരുന്നു. വി.എ കബീറിനെപ്പോലുള്ളവരുടെ തലമുറ, മാതൃഭൂമി ആഴ്ചപ്പതിപ്പും മറ്റും മുടങ്ങാതെ വായിച്ച് ഭാഷാ ശേഷി കൈവരിച്ചു. പിന്നീടത് നിലനിര്‍ത്താനും ഒരു പരിധി വരെ അവരുടെ തലമുറ ശ്രമിക്കുകയുണ്ടായി. പക്ഷേ, പില്‍ക്കാലത്ത് ഇസ്‌ലാമിയാ കോളേജുകളില്‍ ഈ രീതി തീരെ കുറഞ്ഞു വരികയാണുണ്ടായത്. ചില പുസ്തകങ്ങളുടെ മലയാള പരിഭാഷയിലെ നിലവാരക്കുറവ് വിവര്‍ത്തകരോട് തന്നെ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉര്‍ദു ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ചില പുസ്തകങ്ങള്‍ ഉദാഹരണം. വിവര്‍ത്തനത്തില്‍ മൂലകൃതിയുടെ ആശയമുണ്ടാകും. പക്ഷേ, ഉര്‍ദു ഭാഷയുടെ സാഹിത്യവും ശൈലിയും ചോര്‍ന്നു പോയിരിക്കുന്നു. എന്നാല്‍, മക്കയിലേക്കുള്ള പാത, ഇസ്‌ലാം രാജ മാര്‍ഗം എന്നിവയുടെ പരിഭാഷകള്‍ മികച്ചതാണ്. എം.എന്‍ കാരശ്ശേരിയും എന്‍.പി മുഹമ്മദുമാണ് അവ വിവര്‍ത്തനം ചെയ്തത് എന്നതാണ് കാരണം. ഇസ്‌ലാം രാജ മാര്‍ഗം നിലവാരമുള്ള വിവര്‍ത്തനമാണ്, ഞാനത് മുഴുവന്‍ വായിച്ചിട്ടുണ്ട്.
ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ സജീവമാണെങ്കിലും, വിഷയങ്ങളെ ഗഹനമായി സമീപിക്കുന്ന പഠന സംസ്‌കാരത്തിലേക്ക് വളരാനും കാലത്തോടും സാമൂഹികാവസ്ഥകളോടും സംവദിക്കാനും കഴിയുമ്പോള്‍ മാത്രമേ നമുക്ക് വിജയമുന്നേറ്റം സാധ്യമാവുകയുള്ളൂ. 
(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -01-08
ടി.കെ ഉബൈദ്‌