തെരുവു രാഷ്ട്രീയത്തിന് മറവി രോഗം പിടിപെടുമ്പോള്‍
ഭരണഘടനാപരമായോ നിയമപരമായോ ഒരു സാധുതയുമില്ലാത്ത കുറേ വീണ്‍വാക്കുകള്‍ പറയാനും പ്രവര്‍ത്തിക്കാനുമാണ് താന്‍ കേരളത്തിലെത്തിയതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവുമൊടുവിലത്തെ അധ്യായമാണ് അദ്ദേഹം മലയാളി മുസ്ലിം സമൂഹത്തിനകത്തും ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ക്കിടയിലും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആശയക്കുഴപ്പങ്ങള്‍. വിശ്വാസപരമായ ചില വിഷയങ്ങളില്‍ 'പുരോഗമനപരമായ' നിലപാടെടുത്തതിന് തനിക്കെതിരെ മുസ്ലിം സംഘടനകള്‍ വൈരാഗ്യം വെച്ചുപുലര്‍ത്തുന്നുണ്ടെന്ന ആരോപണം അതില്‍ പെട്ടതാണ്. മുത്തലാഖ് എന്താണെന്നതിനെ കുറിച്ച സാമാന്യബോധം പോലും ഇല്ലാതിരുന്ന കാലത്ത് പണ്ഡിതവേഷം കെട്ടി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ ഇടപെടുകയും ആ വാക്കിനെ മുസ്ലിംകള്‍ക്കെതിരെ സംഘ് പരിവാര്‍ എക്കാലത്തും ഉപയോഗിക്കുന്ന ഒരു ആയുധമാക്കി മാറ്റിയെടുപ്പിക്കുകയും ചെയ്തതില്‍ ഈ ഖാന്‍ സാഹിബിന് തീര്‍ച്ചയായും പങ്കുണ്ടായിരിക്കാം. എന്നുവെച്ച്, വിവാഹം കഴിക്കാന്‍ ഒരു ഭാര്യയെ തന്നെ കിട്ടാനില്ലാത്ത വിധം കുറഞ്ഞ സ്ത്രീ-പുരുഷ ജനസംഖ്യാനുപാതമുള്ള ഇന്ത്യയില്‍ ആര് ഇയാളുടെ വിടുവായത്തം ഓര്‍ത്ത് ഇരുമ്പുവടിയും കൊണ്ട് പിറകെ നടക്കുന്നു? നുണ പറയുന്നതിനും വേണമല്ലോ അതിര്. ജാമിഅ മില്ലിയ്യയില്‍ അങ്ങോരെ 'സോളിഡാരിറ്റി'ക്കാര്‍ (അവരാണല്ലോ യുവജന വിഭാഗം) അഞ്ചു തവണ അടിച്ചുവത്രേ! എനിക്കറിയുന്ന ആരിഫ് മുഹമ്മദ് ഖാന് അടികൊള്ളേണ്ടതു പോലുമില്ല, തല്ലുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ തന്നെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ അദ്ദേഹം സത്യഗ്രഹം നടത്തിക്കളയും. എന്നിട്ടല്ലേ, എട്ട് സ്റ്റിച്ചിടേണ്ടി വന്ന അടിയേറ്റിട്ടും അദ്ദേഹം ഹൗസ്ഖാസിലെ ആ വലിയ ബംഗ്ലാവിനകത്തേക്ക് ഗൗതമ ബുദ്ധനെ പോലെ ജമാഅത്തെ ഇസ്ലാമിയോട് ക്ഷമിച്ച് മടങ്ങിപ്പോയെന്ന് വിശ്വസിക്കേണ്ടത്?! അതിന് ഗവര്‍ണര്‍ സാഹിബ് വേറെ ഏതെങ്കിലും ഗ്രഹത്തില്‍ പോയി ആളെ അന്വേഷിക്കണം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട രാഷ്ട്രീയ വിദ്യാഭ്യാസമുള്ള മലയാളി സമൂഹത്തിനും അവരുടെ മാധ്യമങ്ങള്‍ക്കും മുന്നില്‍ അപഹാസ്യനായി മാറിയപ്പോഴാണ് അവസാനത്തെ കൈ എന്ന നിലയില്‍ ഇസ്ലാമോഫോബിയയെ തട്ടിയുണര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആരിഫ് ഖാന്‍ തുടക്കമിടുന്നത്. ആരിഫ് മുഹമ്മദ് ഖാനെ അടുത്തറിയുന്നവര്‍ക്കറിയാം, ആദര്‍ശവുമായും മുസ്ലിം സമൂഹവുമായും അദ്ദേഹത്തിനുള്ള ബന്ധം എന്താണെന്ന്. ബി.ജെ.പിയെക്കാളേറെ തനിക്ക് ആര്‍.എസ്.എസുമായാണ് ബന്ധമെന്ന് 2004 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേരുന്നതിനു മുന്നോടിയായി ഖാന്‍ സാഹിബ് പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട് (അതുകൊണ്ടു തന്നെയായിരിക്കണം, തന്റെ പ്രവൃത്തികള്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ പിന്തുണ തേടി അദ്ദേഹം മോഹന്‍ ഭാഗവതിനെ നാഗ്പൂരില്‍ അങ്ങോട്ടു പോയി കണ്ടത്). ബി.ജെ.പിയില്‍ ചേര്‍ന്നതിനു ശേഷം മത്സരിച്ച തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തോടൊപ്പം കൈസര്‍ഗഞ്ചിലൂടെ യാത്ര ചെയ്ത വേളയില്‍ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ നന്നാക്കാനുള്ള തന്റെ പുതിയ രാഷ്ട്രീയ ഉദ്യമത്തെ കുറിച്ച് ഖാന്‍ സാഹിബ് വളരെ വാചാലനായിരുന്നു. എന്നാല്‍, പിന്നീടുള്ള കാലത്ത് യു.പിയിലോ മറ്റെവിടെയെങ്കിലുമോ മുസ്ലിംകള്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിറകില്‍ അണിനിരന്ന് ബി.ജെ.പിയിലേക്ക് ഒഴുകിപ്പോയതായി ആരെങ്കിലും കേട്ടിരുന്നോ? മുസ്ലിംകള്‍ എന്തിന് ഇദ്ദേഹത്തെ വിശ്വസിക്കണമായിരുന്നു? ഇസ്ലാമിനെ കുറിച്ച് അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ എന്നും മുന്നിലായിരുന്നു ഖാന്‍ സാഹിബ്. ഏറ്റവുമൊടുവില്‍ ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യലാല്‍ സംഭവത്തില്‍, അത് ഇസ്ലാമിന്റെ പ്രമാണമാണെന്നും മദ്‌റസയില്‍ പഠിപ്പിക്കുന്നുണ്ടെന്നുമല്ലേ പ്രസ്താവനയിറക്കിയത്? എന്നിട്ട് ബി.ജെ.പിയുടെ രണ്ട് 'അല്‍പ്പസംഖ്യക് മോര്‍ച്ച' നേതാക്കളെ ആയിരുന്നില്ലേ കേസിലെ പ്രതികളായി പോലീസ് അറസ്റ്റ് ചെയ്തത്? ബി.ജെ.പിക്കകത്തെ മുസ്ലിംകള്‍ വേറെയേതോ ഖുര്‍ആന്‍ ഓതുന്നതു കൊണ്ടാണോ ലവന്മാര്‍ക്ക് മാത്രം ഇങ്ങനെ തലയറുക്കാന്‍ തോന്നിയത്? എന്നല്ല ഡസന്‍ കണക്കിന് മുസ്ലിംകളെ പശുവിന്റെ പേരില്‍ കുത്തിയും വെട്ടിയും കൊന്നപ്പോഴൊന്നും ഖാന്‍ സാഹിബ്, അത് ഏതെങ്കിലും മതത്തിന്റെയോ വേദത്തിന്റെയോ പട്ടികയില്‍ വരവു വെച്ചിട്ടുമില്ല. കര്‍ണാടകയിലെ ഹിജാബ്‌നിരോധനത്തെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഹിജാബ് ഇസ്ലാമില്‍ ഇല്ലെന്നും ഈ വേഷം ധരിച്ചാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഐ.പി.എസ് ഓഫീസറുടെയും മറ്റും ജോലി ചെയ്യാന്‍ ആവില്ലെന്നുമാണ്. ഒരു ഔദ്യോഗിക സന്ദര്‍ശനത്തിന് യു.എ.ഇയിലേക്കോ മറ്റോ ഇടക്കൊന്ന് വന്നുകൂടേ ഖാന്‍ സാഹിബ്? ചെറിയ കുളങ്ങള്‍ക്കും കിണറുകള്‍ക്കും അപ്പുറത്തെ വിശാലമായ ലോകം കാഴ്ചപ്പാടുകളെ മാറ്റിയെടുക്കാന്‍ സഹായിക്കുകയല്ലേ ചെയ്യുക? ഒരുവേള ഇന്ത്യയില്‍ നിന്നുള്ള വിമാനം പറത്തുന്നത് തന്നെ ഹിജാബ് ധരിച്ച സ്ത്രീകളായേക്കാനും മതി.
മതപണ്ഡിതനാണെന്ന് സ്വയം വിശ്വസിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെക്കാളും നന്നായി ഇസ്ലാമിനെ മനസ്സിലാക്കിയ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. വളരെ വിലക്ഷണമായ ഒരു മതവ്യാഖ്യാനവുമായി നടക്കുന്ന ആരിഫ് ഖാന് മുസ്ലിം സമൂഹത്തിനകത്തുള്ള ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി തോന്നിയ കാര്യം മുത്തലാഖും ബഹുഭാര്യത്വവുമാണ്. മുത്തലാഖ് തെറ്റാണെന്ന് അദ്ദേഹം പറയുന്നത് മനസ്സിലാക്കാം. അതൊരു ക്രിമിനല്‍ കുറ്റമാണെന്ന് വാദിക്കുന്നതിലെ യുക്തിയെന്താണ്? അങ്ങനെയെങ്കില്‍, അതേ യുക്തിയനുസരിച്ച്, ഹിന്ദു സമൂഹത്തില്‍ ഭാര്യയെ ഉപേക്ഷിച്ചു പോകുന്നവര്‍ക്കും ഈ നിയമം ബാധകമാക്കേണ്ടതല്ലേ? ഇസ്ലാമില്‍ മുത്തലാഖ് സമ്പ്രദായം ഇല്ലെന്ന് മതപണ്ഡിതന്മാര്‍ തെളിവ് സഹിതം വ്യക്തമാക്കിയിട്ടും അതുണ്ടെന്നാണ് അദ്ദേഹം വാദിച്ചുകൊണ്ടിരിക്കുന്നത്. ഒരു നെടുങ്കന്‍ ലേഖനത്തില്‍ 'മാറ്റാന്‍ കഴിയുന്ന ഇസ്ലാമിക നിയമങ്ങളും മാറ്റാന്‍ കഴിയാത്ത'വയും എന്നിങ്ങനെ തരംതിരിച്ച് ആദ്യത്തെ പട്ടികയിലാണ് അദ്ദേഹം മുത്തലാഖിനെ പെടുത്തുന്നത്. അങ്ങനെയൊന്ന് ഇസ്ലാമില്‍ ഉണ്ടെന്ന് സ്ഥാപിച്ചതിനു ശേഷമാണ് ബഹുമാനപ്പെട്ടവര്‍ അതില്ലാതാക്കാന്‍ ഘോരഘോരം പ്രസംഗിച്ചു നടക്കുന്നത്. മുസ്ലിംകളുടെ മതനിയമങ്ങള്‍ ആ മതം പഠിച്ചവരല്ലേ പറയേണ്ടത്? ഹിന്ദുമതത്തിലെ നിയമങ്ങളില്‍ ആ മതത്തിനകത്തുള്ളവരെയല്ലാതെ മറ്റാരെയും രാജ്യം മാതൃകയാക്കിയെടുക്കാത്തതു പോലെ തന്നെയാണിതും. ആരിഫ് ഖാന്‍ ഒരു തല്‍പ്പരകക്ഷി എന്നതിലപ്പുറം മതവിഷയങ്ങളില്‍ യാഥാര്‍ഥ്യബോധത്തോടെ പ്രതികരിക്കുന്ന ഒരാളേയല്ല. മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിനെതിരെ ഒരു ഭാഗത്ത് നിലയുറപ്പിക്കുക, മുസ്ലിംകള്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുക.... എന്നിട്ടൊടുവില്‍ ബി.ജെ.പിയാണ് ഏറ്റവും വഴിയെന്ന് സ്ഥാപിക്കാന്‍ മെനക്കെടുക. ഇതൊക്കെ, തലക്കടി കിട്ടിയെന്നു പറയുന്നതിനു മുമ്പുള്ള കാലം തൊട്ടേ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളായിരുന്നതു കൊണ്ട് തള്ളിക്കളയുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല.
സമൂഹത്തിന്റെ മറവിയുടെ പിന്‍ബലത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇന്ന് അദ്ദേഹം അവകാശപ്പെടുന്ന പലതും അങ്ങനെയൊന്നുമായിരുന്നില്ല സംഭവിച്ചത്. തരിമ്പുപോലും സംശുദ്ധമായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. ഹിന്ദു-മുസ്ലിം ബന്ധം നന്നാക്കാനായി ബി.ജെ.പിയില്‍ ചേക്കേറിയ ആരിഫ് ഖാന്‍ കൈസര്‍ഗഞ്ചില്‍ മത്സരിച്ചു തോറ്റതിനു ശേഷമുള്ള കാലത്ത് ബി.ജെ.പിയില്‍ നിന്നു മാത്രമല്ല, പൊതുജീവിതത്തില്‍ നിന്നു തന്നെ അകന്നു നില്‍ക്കുന്നതാണ് കാണാനുണ്ടായിരുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ചെറിയൊരു കളി കോണ്‍ഗ്രസ് വഴി കളിക്കാന്‍ ശ്രമിച്ചതായും ചില സൂചനകളുണ്ടായിരുന്നു. അവരാരും അടുപ്പിച്ചില്ല എന്നു മാത്രം. കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ വലിയ മതേതര വാദിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. വി.പി സിംഗിന്റെ കൂടെ പോയ കാലത്ത് ആദര്‍ശ ധീരനും അഴിമതി വിരുദ്ധനുമായിരുന്നു. ഇപ്പോളദ്ദേഹം ദേശസുരക്ഷയുടെ കണ്‍കണ്ട പ്രതീകമായാണ് മാറാന്‍ ശ്രമിക്കുന്നത്. പക്ഷേ, അതേ ഖാന്‍ സാഹിബിന്റെ വിശുദ്ധ നാമം ജെയിന്‍ ഹവാലാ ഡയറിയില്‍ എല്‍.കെ അദ്വാനിയുടെ പേര് കഴിഞ്ഞാല്‍ രണ്ടാമത്തേതായി ഇടം പിടിച്ചിരുന്നുവെന്നത് മറക്കാറായിട്ടില്ല. എന്നു മാത്രമല്ല, സുനേരിബാഗിലെ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വസതി വഴിയാണ് ശേഷിച്ച എല്ലാവര്‍ക്കും ഹവാല പണം എത്തിച്ചതെന്ന ജെയിനിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഖാനാണ് പിണറായി ഔദ്യോഗിക പദവി ദുരുപയോഗം നടത്തിയെന്ന് ആരോപിക്കുന്നത്! പില്‍ക്കാലത്ത് ബി.എസ്.പിയില്‍ ചേര്‍ന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് 24 ടിക്കറ്റ് വിലകൊടുത്തു വാങ്ങി സ്വന്തം അണികളെ സൃഷ്ടിക്കാന്‍ കോടികള്‍ വാരിയെറിഞ്ഞുവെന്ന ആരോപണവും ആരിഫ് ഖാന് നേരിടേണ്ടി വന്നു. പാര്‍ട്ടിയില്‍ തന്നെ പിന്തുണക്കുന്ന കുറേ എം.എല്‍.എമാരെ ഉണ്ടാക്കാന്‍ നോക്കി എന്നതല്ല ഇതിലെ പ്രശ്നം, ഇത്രയും കോടികള്‍ സമ്പാദ്യമുള്ള രാഷ്ട്രീയ നേതാവായി ചെറിയ കാലം കൊണ്ട് വളര്‍ന്നു എന്നതാണ്. മായാവതി അക്കാലത്ത് ഒരു കോടി രൂപ വരെ സീറ്റൊന്നിന് വില ഈടാക്കാറുണ്ടായിരുന്നുവെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
ജമാഅത്തെ ഇസ്ലാമിക്ക് ദല്‍ഹിയില്‍ ഇല്ലാത്ത യുവജന വിഭാഗം തന്നെ അഞ്ചു തവണ കൊല്ലാന്‍ ശ്രമിച്ചുവെന്ന നുണക്കഥ മുതല്‍ ശാബാനു കേസില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രക്തസാക്ഷി പരിവേഷം വരെയുള്ളവ ആരിഫ് ഖാന്‍ സാഹിബിന്റെ ചിന്താശേഷിയില്‍ കാര്യമായ രാസമാറ്റം നടക്കുന്നതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. റിപ്പബ്ലിക് ടി.വി ചാനലിലിരുന്ന് അദ്ദേഹം ഈയിടെ ഒരു ദിവസം നടത്തിയ അവകാശവാദം ശ്രദ്ധിക്കുക. ശാബാനു കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ മുസ്ലിംകള്‍ രാജ്യത്തുടനീളം ഉപയോഗിച്ച ഭാഷ വിഭാഗീയതയുടേതായിരുന്നു എന്നും അത് രാഷ്ട്ര സുരക്ഷയെ തന്നെ അപകടത്തിലാക്കാന്‍ പോന്നവണ്ണം ഗുരുതരമായ വിഷയമായി മാറിത്തുടങ്ങിയെന്നും ബോധ്യപ്പെട്ടപ്പോഴാണ് താന്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. ഒന്നു പോണം മിസ്റ്റര്‍! രാജീവ് ഗാന്ധിക്ക് ഇതെക്കുറിച്ച് തെറ്റായ ഉപദേശം നല്‍കി അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചതിനു ശേഷം, ഗവണ്‍മെന്റില്‍ പിടിച്ചു നില്‍ക്കുക വലിയ ബുദ്ധിമുട്ടാവുമെന്നു തോന്നിയപ്പോള്‍ പുറത്തു ചാടാനുള്ള ഒരു അവസരമാക്കി അതിനെ മാറ്റിയെടുക്കുകയായിരുന്നു ഖാന്‍. അല്ലെങ്കില്‍ കോണ്‍ഗ്രസ് പിടിച്ചു പുറത്താക്കിയേനെ. പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കുകയാണ് അന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. മുത്തലാഖിനെ 'ഇസ്ലാമികമായി' വിശദീകരിച്ച് അന്ന് ഖാന്‍ സാഹിബ് നടത്തിയ പ്രസംഗം ഇപ്പോഴും പാര്‍ലമെന്റ് രേഖകളിലുണ്ട്. ആടും ആടലോടകവും എന്താണെന്നറിയാതെ ആളാവാന്‍ നോക്കി അന്ന് നടത്തിയ ആ ദുര്‍വ്യാഖ്യാനത്തിന്റെ ചുവടൊപ്പിച്ചാണ് ഇന്നും ഈ വാക്ക് ഇന്ത്യയില്‍ മനസ്സിലാക്കപ്പെടുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ നിന്നു തന്നെ രാജിവെച്ച് വി.പി സിംഗിനൊപ്പം പോയത് ബോഫോഴ്സ് കേസിന്റെ പേരിലായിരുന്നുവല്ലോ. അന്ന് അഴിമതിയെ കുറിച്ച് വാതോരാതെ പ്രസംഗിച്ചു നടന്ന ഖാന്‍ സാഹിബിന് ബോഫോഴ്സ് ഇടപാടിനെക്കാള്‍ മുപ്പത് മടങ്ങ് അധികം തുക പൊതുഖജനാവിന് നഷ്ടം വന്ന റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിക്കാന്‍ പിന്നീടെന്തേ അതേ അളവുകോലുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല? ഭാര്യ രേഷ്മക്ക് സീറ്റ് കൊടുക്കാത്തതിന് ബി.ജെ.പിയില്‍ നിന്ന് 2004-ല്‍ തെറ്റിപ്പിരിഞ്ഞ ആരിഫ് സാഹിബിന് 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴല്ലേ 'ദീപസ്തംഭ'ത്തിന്റെ മഹാശ്ചര്യത്തെ കുറിച്ച് ബോധം വന്നത്?
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന ഒരു ചാന്‍സലറുടെ വേഷത്തിലാണ് ഖാന്‍ സാഹിബ് ഇപ്പോഴുള്ളത്. അക്കാര്യത്തില്‍ ചിലപ്പോള്‍ സര്‍ക്കാറിന് തെറ്റു പറ്റി എന്നു തന്നെ വെക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച്, ബി.ജെ.പി നിയോഗിച്ച ഒരു ഗവര്‍ണര്‍ നടത്തുന്ന വായ്ത്താരികള്‍ പക്ഷേ, അരോചകമായി മാറുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഗവര്‍ണര്‍ യൂനിവേഴ്സിറ്റികളുടെ മറവില്‍ മറ്റെന്തൊക്കെയോ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവുമോ? കേരളത്തിലെ യൂനിവേഴ്സിറ്റികളുടെ ചാന്‍സലറായി തന്നെ നിയമിച്ചതിനെ കുറിച്ച് നിയമപരവും ഭരണഘടനാപരവുമായ ഭാഷയില്‍ അദ്ദേഹം നടത്തിയ വിശദീകരണം കേട്ടാല്‍ തോന്നുക, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്‍മ മെച്ചപ്പെടുത്തുക എന്നത് മറ്റെല്ലാ ഗവര്‍ണര്‍മാരും ഒരുപോലെ നെഞ്ചേറ്റുന്നതും, കേരളത്തില്‍ താന്‍ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ ആകെ തകിടം മറിയുകയും ചെയ്യുമായിരുന്ന ഏതോ വന്‍ ദുരന്തം പോലെയാണ്. യൂനിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായാല്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം എന്തു വിചാരിക്കും എന്ന ഗമണ്ടന്‍ ചോദ്യമാണ് അദ്ദേഹം അര്‍ണബ് ഗോസ്വാമിക്ക് മുമ്പാകെ ഉയര്‍ത്തുന്നത്. അദ്ദേഹത്തെ കേരളത്തിലേക്ക് ഗവര്‍ണറായി ശിപാര്‍ശ ചെയ്ത കേന്ദ്രത്തിലെ മാന്യന്‍മാര്‍ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലേക്ക് ശിപാര്‍ശ ചെയ്തയച്ച ഡോ. ശാന്തിശ്രീ ദുലിപുദി പണ്ഡിറ്റ് എന്ന വൈസ് ചാന്‍സലര്‍ ചുമതലയേറ്റതിനു ശേഷം പുറത്തുവിട്ട വാര്‍ത്താകുറിപ്പ് ആരിഫ് സാഹിബ് വായിച്ചിരുന്നോ? അതിലെഴുതി വെച്ച ഇംഗ്ലീഷ് പ്രയോഗങ്ങളുടെ പൊട്ടത്തെറ്റുകളെയും വ്യാകരണ പിശകുകളെയും കുറിച്ച് ആരിഫിന്റെ അയല്‍ ജില്ലക്കാരനും ബി.ജെ.പിയുടെ മറ്റൊരു മെഗഫോണുമായിരുന്ന വരുണ്‍ഗാന്ധി പുറത്തുവിട്ട ഒരു കുറിപ്പുണ്ട്. യുവര്‍ എക്സലന്‍സി, സമയം കിട്ടുമ്പോള്‍ ആ കുറിപ്പ് ഒന്നു വായിക്കണം. രാംനാഥ് കോവിന്ദ് ഒടുവില്‍ നിയോഗിച്ച 12 കേന്ദ്ര സര്‍വകലാശാലാ വി.സിമാരില്‍ എത്രയെണ്ണം സംഘ് പരിവാറുമായി രാഷ്ട്രീയ ബന്ധം ഇല്ലാത്തവരാണെന്നതും ഒരു കൗതുകത്തിന് അന്വേഷിക്കണം.
കേന്ദ്ര സര്‍വകലാശാലകളെ മാറ്റിനിര്‍ത്തിയാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനു മാത്രം 'വ്യാകുല ചിത്ത'നാവാന്‍ മാത്രം കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള എത്ര യൂനിവേഴ്സിറ്റികളുണ്ട്? സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിദേശികള്‍ പോട്ടെ, കേരളത്തിന് പുറത്തുനിന്നുള്ളവര്‍ പോലും എത്ര ശതമാനമുണ്ട്? എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന് ധാരണയുണ്ടോ എന്നറിയില്ല, ദല്‍ഹിയിലെ ചില സര്‍വകലാശാലകളില്‍ വിദേശത്തുനിന്നടക്കം വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്തുന്നവയുണ്ട്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ എം.സി.ജെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കോഴ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ജെ.എന്‍.യുവും പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ ഇതുപോലെ വിശ്വോത്തര സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. സര്‍വകലാശാലകളെ നന്നാക്കാനായി ആരിഫിനെ കേരളത്തിലേക്ക് ഗവര്‍ണറായി പറഞ്ഞയച്ചവര്‍ ഈ കേന്ദ്ര സര്‍വകലാശാലകളുടെ അന്താരാഷ്ട്ര പ്രശസ്തി എവിടെ കൊണ്ടെത്തിച്ചു എന്നൊന്ന് വിശദീകരിച്ചു തരാമോ? കേരളത്തിന്റെ കാര്യത്തില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന ആരിഫ് ഖാന്‍ താന്‍ പഠിച്ച, ഒരു കാലത്ത് യൂനിയന്‍ ചെയര്‍മാനായിരുന്ന അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ഇന്നത്തെ അവസ്ഥ റിപ്പബ്ലിക് ടി.വിയില്‍ ഒന്നു വിശദീകരിക്കാമോ? ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയില്‍ എന്ത് ഗുണപരമായ മാറ്റമാണ് ബി.ജെ.പി കൊണ്ടുവന്നത്? രമേഷ് പൊക്രിയാലിന്റെ കീഴില്‍ ജ്യോതിഷവും കൂടോത്രവും കുണ്ഡലി ശാസ്ത്രവും കൈനോട്ടവുമൊക്കെ പാഠ്യപദ്ധതിയില്‍ പെടുത്തിയതാണോ നേട്ടം? അതോ മുഗള്‍ഭരണവും ഗുജറാത്ത് കലാപവും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതാണോ? സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയെ കുറിച്ച് നിലവിളിക്കുന്ന ഗവര്‍ണര്‍ക്ക് രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച് ഒന്നും പറയാനില്ലേ? വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കഴിവോ കാഴ്ചപ്പാടോ ഇല്ലാത്തവരൊന്നുമല്ല കേരളം ഭരിക്കുന്നത്. നിയമനങ്ങളുടെ കാര്യത്തില്‍ അവര്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്നതിന്റെ കുഴപ്പം മാത്രമേ സംസ്ഥാനത്തുള്ളൂ. ഗജേന്ദ്ര ചൗഹാന്‍ എന്ന 'വിദ്യാഭ്യാസ വിചക്ഷണനെ' പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 'ഇടിച്ചു നിരത്താന്‍' പറഞ്ഞുവിട്ട കാലത്തും അന്താരാഷ്ട്ര സമൂഹവും ഗവര്‍ണര്‍മാരും ഭരണഘടനയുമൊക്കെ ഇന്ത്യയിലുണ്ടായിരുന്നില്ലേ? കേരള ഗവര്‍ണര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന ലിസ്റ്റനുസരിച്ച് എന്തായിരുന്നു ഈ ചൗഹാന്റെ യു.ജി.സി യോഗ്യത? ഗുജറാത്തിലെ ഗവര്‍ണറെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത് മോദി സര്‍ക്കാര്‍ തന്നെയല്ലേ? അര്‍ണബ് ഗോസ്വാമിക്ക് ഇതൊന്നും ചോദിക്കാനുള്ള ആംപിയര്‍ ഉണ്ടാവില്ലെന്ന് വെച്ച് കേട്ടുനില്‍ക്കുന്നവര്‍ മുഴുവന്‍ മരമണ്ടന്‍മാരാണെന്നൊന്നും ആരിഫ് മുഹമ്മദ് ഖാന്‍ സാഹിബ് തെറ്റിദ്ധരിച്ചേക്കരുത്.
വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം ശരിയാണെന്ന് വിശ്വസിക്കുകയും വൈസ് ചാന്‍സലര്‍ നിയമനങ്ങളെ മാത്രം യൂനിവേഴ്സിറ്റികളുടെ പ്രശ്നമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന 'ഭരണഘടനാ തത്ത്വം' വെറും കാപട്യമാണെന്നര്‍ഥം. യൂനിവേഴ്സിറ്റികളെ കുറിച്ചു മാത്രമല്ല അദ്ദേഹം സംസാരിക്കുന്നത്. കേരളത്തിലെ സകല രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടുന്നുമുണ്ട്. ഇതിനു മുമ്പേ കേരളത്തിലേക്ക് ബി.ജെ.പി പറഞ്ഞയച്ച സിക്കന്ദര്‍ ഭക്തോ സദാശിവമോ ഒന്നും രാഷ്ട്രീയം കളിച്ചിട്ടില്ല എന്നോര്‍ക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് സംസ്ഥാനത്തെ എല്ലാ കള്ളക്കടത്തും കേന്ദ്രീകരിക്കുന്നതെന്നും പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതെന്നും അതറിയാന്‍ കഴിയാതെ പോയത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവില്ലായ്മയാണെന്നും ചാനല്‍ ചര്‍ച്ചക്ക് പോയി വിളിച്ചു പറയുന്നത് ഏത് ഭരണഘടനാ അധികാരം ഉപയോഗിച്ചാണ്? പിണറായിയുടെ ഓഫീസ് ചെയ്തതിനെ ന്യായീകരിക്കുകയല്ല. അതും, ജെയിന്‍ ഹവാല കേസില്‍ കേന്ദ്ര മന്ത്രിയുടെ സുനേരിബാഗ് വസതിയില്‍ ഉണ്ടായതും തത്ത്വത്തില്‍ ഒന്നുതന്നെയല്ലേ? ഒന്നില്‍ ഹവാല, മറ്റേതില്‍ കള്ളക്കടത്ത്. ഹവാല കേസ് കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടില്ലായിരിക്കാം. അതുതന്നെയല്ലേ സ്വര്‍ണക്കടത്തും? ഇനി, അഥവാ സ്വര്‍ണക്കടത്തും മറ്റും നിയമപരമായി തെളിയിക്കപ്പെട്ട കേസുകളാണെങ്കില്‍ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടയക്കുകയല്ലേ വേണ്ടത്? അങ്ങാടിയില്‍ പോയി വിളിച്ചുകൂവുമ്പോള്‍ ഗവര്‍ണറുടേത് രാഷ്ട്രീയ പ്രസ്താവനയായി തരം താഴുകയാണ് ചെയ്യുന്നത്. മന്ത്രിമാരെ നിയമിക്കുന്നിടത്ത് ഉപയോഗിക്കുന്ന ഭരണഘടനാപരമായ ഒരു വാക്കാണ് 'ഗവര്‍ണറുടെ സംതൃപ്തി' എന്നിരിക്കെ അത് പിന്‍വലിക്കുമെന്ന് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തുകയും, എന്നിട്ട് താനതല്ല ഉദ്ദേശിച്ചതെന്ന് എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്കയിലെ അര്‍ഥം ചൂണ്ടിക്കാട്ടി പിന്നീട് വ്യാഖ്യാനിച്ചൊപ്പിക്കുകയും ചെയ്തതിലൂടെ ആ പദവിയിലിരുന്ന് ആരെയാണ് അദ്ദേഹം വഞ്ചിക്കാന്‍ നോക്കിയത്? സ്വന്തത്തെയല്ലാതെ.
പറഞ്ഞുവന്നത് ഇത്രയേയുള്ളൂ: കേരളത്തില്‍ ആര്‍.എസ്.എസിനു വേണ്ടി ചാവേറാവുകയോ അവരെ സുഖിപ്പിക്കാനായി മുസ്ലിം വിരുദ്ധത മുഖ്യനിലപാടാക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതം തന്നെ രൂപപ്പെട്ടുവന്നത് ഈ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്ക് കിട്ടിയ സ്വീകാര്യതകൊണ്ടു മാത്രമാണ്. അതിന് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിന് നമ്മുടെ ജനാധിപത്യം അനുവദിച്ചു കൊടുക്കുന്നുമുണ്ട്. ശബരി മലക്കു പോവുകയോ ജപച്ചരട് കെട്ടുകയോ പൂജ നടത്തുകയോ പുണ്യാഹം തളിക്കുകയോ ആര്‍.എസ്.എസ് കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുകയോ ഒക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പേരോ വേഷമോ അല്ല ഒരാളെ മുസ്ലിമോ ഹിന്ദുവോ ആക്കുന്നതെന്ന് തിരിച്ചറിയാനുള്ള വകതിരിവൊക്കെ മലയാളികള്‍ക്കുണ്ട്. എന്നു മാത്രമല്ല, കേരളം വളരെയേറെ സംവേദനക്ഷമതയുള്ള ഒരു സംസ്ഥാനവുമാണ്. ഇത് കൈസര്‍ഗഞ്ചോ ബഹ്റായിച്ചോ അല്ലെന്നും ജനങ്ങള്‍ക്കിവിടെ എല്ലാ മുക്കിലും മൂലയിലും പത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്ലാമിനെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കി ജീവിക്കുന്നവരും അവരെ അംഗീകരിക്കുന്നവരും ഈ സംസ്ഥാനത്ത് ധാരാളമുണ്ടെന്നും കൂടി കൂട്ടത്തില്‍ ഓര്‍ക്കുകയാണെങ്കില്‍ കുറെക്കൂടി സന്തോഷം...
9868428544
Comments