ഖത്തര്‍ ലോക കപ്പ് 2022 പാശ്ചാത്യ മീഡിയ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളുടെ പിടിയില്‍
കുറിപ്പ് /
ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാനിരിക്കെ ഖത്തറിനെതിരെയുള്ള പാശ്ചാത്യ മീഡിയാ ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം കനക്കുകയാണ്. ഈ ഗള്‍ഫ് രാഷ്ട്രത്തെ പാശ്ചാത്യ മീഡിയ വിശേഷിപ്പിക്കുന്നത്, 'പുതുതായി രൂപം കൊണ്ട രാഷ്ട്രം', 'അത് പ്രകൃതി വാതകമല്ലാതെ മറ്റൊന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല', 'സ്വവര്‍ഗ പ്രണയികള്‍ക്കെതിരെ ഫോബിയ സൃഷ്ടിക്കുന്നു', 'അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പിലാണ് അവിടെ കെട്ടിടങ്ങള്‍ ഉയരുന്നത്' എന്നൊക്കെയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഖത്തര്‍ മോണ്‍ഡിയാലുമായി കൂട്ടിക്കെട്ടാനും ശ്രമം നടക്കുന്നു. ഖത്തറിലെ ഒരു ബാങ്കില്‍ നിന്ന് കടമെടുത്ത സംഖ്യ തിരിച്ചടക്കാത്തതിന്റെ പേരില്‍ ഒരു ബ്രിട്ടീഷ് പൗരനെ ഖത്തറിന്റെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ ഇറാഖില്‍ തടഞ്ഞുവെച്ചതു വരെ ഇതുമായി ചേര്‍ത്തുകെട്ടി വാര്‍ത്തയുണ്ടാക്കുന്നു.
മറു പക്ഷത്തിന് മറുപടി പറയാന്‍ പറ്റുന്ന രീതിയിലുള്ള വിമര്‍ശന ഭാഷയിലല്ല ഈ മാധ്യമ പ്രവര്‍ത്തകരുടെ ശൈലി. ഇതു പോലുള്ള ചില വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ പണ്ടേക്കും പണ്ടേ ഖത്തര്‍ എന്ന രാഷ്ട്രത്തിന്റെ കൂടപ്പിറപ്പാണ് എന്ന മട്ടിലാണ് അവതരണം. ചിലപ്പോഴത് കാരിക്കേച്ചര്‍ അവതരണങ്ങളായിരിക്കും. അല്ലെങ്കില്‍ അവിടെയുമിവിടെയും ചില സൂചനകള്‍, വ്യംഗ്യ പ്രയോഗങ്ങള്‍. ഏതായാലും പരിഷ്‌കൃത, പുരോഗമന പാശ്ചാത്യ ദേശത്തിന്റെ 'അപരന്‍' ആയി നില്‍ക്കുന്ന പിന്നാക്ക രാഷ്ട്രത്തിന്റെ കോളത്തിലാണ് ഖത്തറിനെ കൊണ്ടുപോയി നിര്‍ത്തിയിരിക്കുന്നത്.
മാധ്യമ ഭാഷയില്‍ ഖത്തറിന്, ലോക ഫുട്‌ബോളിന് ആതിഥ്യം നല്‍കുന്ന രാഷ്ട്രം എന്ന പരിഗണനയല്ല പലപ്പോഴും കിട്ടുന്നത്. എഡ്വേഡ് സഈദിന്റെ ഓറിയന്റലിസം എന്ന കൃതിയിലെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, 'പാശ്ചാത്യ ഭാവന'യി ലെ അത്ഭുത 'പൗരസ്ത്യ'മാണ് ഈ മാധ്യമ ഭാഷകളില്‍ പുനര്‍ജനിക്കുന്നത്. ബ്രിട്ടനില്‍ ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്ന് നടക്കുന്ന ഗാര്‍ഡിയനിലും മര്‍ഡോകിന്റെ ടൈംസിലും അമേരിക്കയില്‍ ഡമോക്രാറ്റുകളോട് ചായ്വ് പുലര്‍ത്തുന്ന 'സി.എന്‍.എന്നി' ലും ഫ്രഞ്ച് ഗവണ്‍മെന്റ് ധനസഹായം ചെയ്യുന്ന 'ഫ്രാന്‍സ് 24'ലും മറ്റും വന്ന നിരവധി റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. പൗരസ്ത്യം പാശ്ചാത്യ മീഡിയയില്‍ ഈ വിധം പ്രതിഫലിക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. പിന്നാക്കവും പിന്തിരിപ്പനുമായ എന്തിന്റെയും പ്രതീകമാവുകയാണ് പൗരസ്ത്യം. അതായത് പാശ്ചാത്യമെന്നാല്‍ നന്‍മ, പുരോഗമനം, ജനാധിപത്യം, സ്വാതന്ത്ര്യം; പൗരസ്ത്യമെന്നാല്‍ തിന്‍മ, പിന്നാക്കാവസ്ഥ, ഏകാധിപത്യം, അടിച്ചമര്‍ത്തല്‍ - ഇങ്ങനെയുള്ള ദ്വന്ദ്വ നിര്‍മിതികളാണ് നടക്കുന്നത്.
പൗരസ്ത്യ മേഖലയിലെ വലിയ സംഭവങ്ങളും ചരിത്രം സൃഷ്ടിച്ച വഴിത്തിരിവുകളും വിശകലനം ചെയ്യുമ്പോള്‍ ഇതേ മാധ്യമ ഭാഷയാണ് നാം കാണുക. അപ്പോള്‍ ഖത്തറിനെക്കുറിച്ചുള്ള ഇത്തരം വിവരണങ്ങള്‍ പൗരസ്ത്യദേശത്തെക്കുറിച്ച് പാശ്ചാത്യ മനസ്സുകളില്‍ സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് അനുപൂരകമായി വരുന്നു. പാശ്ചാത്യരുടെ രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ അധീശത്വമാണ് ഇത്തരം നരേറ്റീവുകളിലൂടെ സ്ഥാപിക്കപ്പെടുന്നത്. റഷ്യ - യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ചെമ്പന്‍ മുടിയുള്ളവരും പരിഷ്‌കൃതരുമായ 'പാശ്ചാത്യര്‍' തന്നെയായ യുക്രെയ്ന്‍ അഭയാര്‍ഥികളെയും, സിറിയയില്‍ നിന്നും അഫ്ഗാനില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്ന 'പിന്നാക്കക്കാരും ദരിദ്രരും വിവരമില്ലാത്തവരുമായ അപരന്‍മാരെ'യും ഇതേ മീഡിയ തന്നെ നമുക്ക് വെവ്വേറെ കാണിച്ചുതന്നിട്ടുണ്ടല്ലോ. 'മൂന്നാം ലോകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും 'മത്സരിക്കുന്ന ലോക'ത്തില്‍ പെടുത്തേണ്ട റഷ്യയിലോ ചൈനയിലോ പോലും ഒരു വലിയ സ്‌പോര്‍ട്‌സ് മേള വന്നുകഴിഞ്ഞാല്‍ ഇതേ മട്ടില്‍ തന്നെയാവും പാശ്ചാത്യ മീഡിയയുടെ ഭാഷ. പോസ്റ്റ് കൊളോണിയലിസം (Post Colonialism) തിയറി വെച്ച് ഈ അധിനിവേശക- അധിനിവേശിത വ്യവഹാരത്തെ നമുക്ക് വിശദീകരിക്കാനാവും.
പാശ്ചാത്യ നാഗരിക - രാഷ്ട്രീയ അധീശത്വത്തെയാണ് മാധ്യമങ്ങള്‍ ഇത്തരം അഭിസംബോധനകളിലൂടെ പൊലിപ്പിച്ചെടുക്കുന്നത്. അതിനു വേണ്ടി ചില വശങ്ങള്‍ മറച്ചുവെക്കുകയോ തമസ്‌കരിക്കുകയോ ചെയ്യും. ചില വശങ്ങളെ ഹൈലൈറ്റ് ചെയ്തു കാണിക്കും. ഇങ്ങനെ സ്വന്തം താല്‍പര്യങ്ങളും ആഭിമുഖ്യവും മുമ്പില്‍ വെച്ച് ഇതാണ് ഖത്തറിന്റെ 'പ്രതിനിധാനം' (Representation) എന്ന് ഇവര്‍ നമ്മോട് പറയുകയാണ് (ബ്രിട്ടീഷ് സാമൂഹിക ശാസ്ത്ര ചിന്തകനായ സ്റ്റുവര്‍ട്ട് ഹാള്‍ അവതരിപ്പിച്ച തിയറിയാണിത്). ഇവരുടെ പ്ലാറ്റ്‌ഫോമുകളില്‍ എങ്ങനെയാണോ ചിത്രീകരിക്കപ്പെടുന്നത് അതാണ് യഥാര്‍ഥ ഖത്തര്‍ എന്ന് വരുത്തിത്തീര്‍ക്കുകയാണ്. ആഗോളവല്‍ക്കരണവും മറ്റും പഴയകാല കോളണൈസര്‍ - കോളണൈസ്ഡ് അധികാര ശ്രേണിയെ മറികടക്കുന്നുണ്ടല്ലോ എന്ന് വാദിക്കാമെങ്കിലും, അവരുടെ അടിസ്ഥാന ചിന്താഗതിയില്‍ മാറ്റമുണ്ടായിട്ടില്ല. അതിപ്പോഴും പാശ്ചാത്യനാഗരികതയുടെ കേന്ദ്രത്വവും അധീശത്വവും തന്നെയാണ്. അതിനെ പൊലിപ്പിച്ചെടുക്കുക മാത്രമാണ് മീഡിയ ചെയ്യുന്നത്. മീഡിയ സൃഷ്ടിച്ചെടുത്ത ഈ ഇമേജ് കാരണമാണ് നിരവധി യൂറോപ്യന്‍ നഗരങ്ങള്‍, തങ്ങള്‍ ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് തീരുമാനമെടുത്തത് (ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളാണത്രെ കാരണം!).
ഈ അധീശത്വ വ്യവഹാരങ്ങളെ വിശകലനം ചെയ്യാന്‍ അപരത്വവല്‍ക്കരണ സിദ്ധാന്ത(Othering Theory)വും പ്രയോജനപ്പെടും. ഇതു പ്രകാരം ഖത്തറിനെ നിര്‍ത്തുന്നത് 'അപര'ന്റെ, 'അന്യ'ന്റെ സ്ഥാനത്താണ്. 'ഞങ്ങള്‍, പാശ്ചാത്യര്‍' സാംസ്‌കാരികമായും ജനാധിപത്യപരമായും മനുഷ്യാവകാശ സംരക്ഷണത്തിലും ഏറെ മികച്ചുനില്‍ക്കുന്നവര്‍ എന്ന് സ്ഥാപിച്ചെടുക്കാനാണ് ഖത്തറിനെ അപരനാക്കി ഇടിച്ചു താഴ്ത്തുന്നത്. ഗാര്‍ഡിയനില്‍ വന്ന മിക്ക ലേഖനങ്ങളില്‍ നിന്നും ഖത്തറിനെക്കുറിച്ച് നാം തുടക്കത്തില്‍ പറഞ്ഞ വിശേഷണങ്ങള്‍ കണ്ടെടുക്കാനാവും. ഈ പ്രതിലോമ ഗുണങ്ങളൊക്കെ ഖത്തറിന്റെ സ്വത്വത്തില്‍ തന്നെ ഉള്ളടങ്ങിയ(Essentialism)താണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇത്തരം അധീശത്വ വ്യവഹാരങ്ങള്‍, മറ്റു സമൂഹങ്ങളെക്കാള്‍ തങ്ങളുടെ മേന്‍മയും മികവും ഉയര്‍ത്തിക്കാട്ടാന്‍ പാശ്ചാത്യര്‍ നിര്‍മിച്ചെടുക്കുന്നവയാണെന്ന് സ്റ്റുവര്‍ട്ട് ഹാള്‍ സ്ഥാപിച്ചെടുക്കുന്നുണ്ട്.
പരസ്പര വിരുദ്ധമെന്ന് തോന്നുന്ന പരാമര്‍ശങ്ങളാണ് ചിലപ്പോള്‍ മീഡിയയില്‍ കാണാനാവുക. അന്താരാഷ്ട്ര പ്രശ്‌നങ്ങളിലും മേഖലാ പ്രശ്‌നങ്ങളിലും മധ്യസ്ഥന്റെ റോളിലുള്ള രാഷ്ട്രം എന്ന പ്രശംസ ഒരു വശത്ത്. പൗരസ്ത്യമെന്ന ഇരുണ്ട പാതാളത്തില്‍ കിടക്കുന്ന ഗള്‍ഫ് രാഷ്ട്രം എന്ന ചാപ്പകുത്തല്‍ മറുവശത്ത്. പാശ്ചാത്യമായ, പാശ്ചാത്യ ആധുനികതയുടെ ഉല്‍പ്പന്നമായ ഈ കായിക മേള പാശ്ചാത്യരെ തന്നെ ഏല്‍പ്പിച്ചാലല്ലേ നേരെയാവൂ, അതിന്റെ ഹീറോകള്‍ പാശ്ചാത്യ ദേശത്ത് നിന്നുള്ളവരല്ലേ എന്ന മട്ടിലാണ് ആഖ്യാനത്തിന്റെ പോക്ക്. ഖത്തറിന്റെ വിദേശ നയത്തിലോ മറ്റോ ഇരട്ടത്താപ്പുള്ളതു കൊണ്ടൊന്നുമല്ല ഇങ്ങനെ വ്യാഖ്യാനം വരുന്നത്. പൗരസ്ത്യ ജനതയെക്കുറിച്ച അവരുടെ കാഴ്ചപ്പാടില്‍ തന്നെയുള്ള ചാഞ്ചാട്ടവും ആശയക്കുഴപ്പവുമാണ് (Ambivalence Theory പ്രകാരം ഇത് വിശദീകരിക്കാനാവും) ഇതിന് കാരണം. ഈ കായിക മേളക്ക് ആതിഥ്യമരുളിയതു കൊണ്ട് സാമ്പത്തികമായും സാമൂഹികമായും ഉണ്ടാകുന്ന ഉയര്‍ച്ച പാശ്ചാത്യ മോഡല്‍ അനുകരിച്ചതു കൊണ്ടാണെന്നും അതാണ് മറ്റു രാഷ്ട്രങ്ങള്‍ അനുകരിക്കേണ്ടതെന്നും ബദല്‍ മോഡലുകള്‍ തേടരുതെന്നും അടുത്ത ശ്വാസത്തില്‍ പറയും. ഇങ്ങനെ പല നിലയില്‍ ചാഞ്ചാടുന്ന ഒരു ആഖ്യാന ശൃംഖല.
ഈ ആഖ്യാനത്തിന് ബദലായി പാശ്ചാത്യരെ അപര സ്ഥാനത്ത് നിര്‍ത്തുന്ന ഒരു പ്രതി ആഖ്യാനം വേണമെന്നല്ല പറയുന്നത്. മുഖ്യധാരാ മീഡിയ ഇത്തരമൊരു ആഖ്യാനത്തിന്റെ അപകടം തിരിച്ചറിയണമെന്ന് ഉണര്‍ത്തുക മാത്രമാണ്. ഭാഷാ പ്രയോഗങ്ങളിലും അവതരിപ്പിക്കുന്ന പ്രതിനിധാന രൂപങ്ങളിലും പുനരാലോചന നടത്തണം. പാശ്ചാത്യ മുതലാളിത്ത സംസ്‌കൃതിയുടെ മുന്‍ഗണനകളും അജണ്ടകളും കേന്ദ്ര സ്ഥാനത്ത് വരുന്ന അവതരണ രീതികള്‍ ഒഴിവാക്കണം. അങ്ങനെ മാധ്യമ പ്രവര്‍ത്തനത്തിന് ഒരു മാതൃക സമര്‍പ്പിക്കാന്‍ കഴിയട്ടെ.
(പത്രപ്രവര്‍ത്തകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷകയുമാണ് ലേഖിക).
Comments