മെഡിക്കല്‍ സയന്‍സ് തിരുത്തേണ്ട ധാരണകള്‍
താങ്കളുടെ വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം, യു.കെയിലെ അനുഭവങ്ങള്‍?
കോഴിക്കോടാണ് എന്റെ സ്വദേശം. അവിടെ സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു പഠനം. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഫറൂഖ് കോളേജില്‍ ബി.എസ്.സി കെമിസ്ട്രിക്ക് ചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ശരിയായപ്പോള്‍ 1991-ല്‍, മുപ്പത്തിയഞ്ചാമത്തെ എം.ബി.ബി.എസ് ബാച്ചില്‍ ജോയിന്‍ ചെയ്തു. ഇന്നത്തെ എന്റെ വ്യക്തിത്വത്തിന് അടിത്തറ പാകിയത് കാലിക്കറ്റ് മെഡിക്കല്‍ കോളേജിലെ പഠനകാലം തന്നെയാണെന്ന് പറയാം. പഠനം കഴിഞ്ഞ ശേഷം പെരിന്തല്‍മണ്ണ മുതല്‍ കോഴിക്കോട് വരെ വിവിധ സ്ഥലങ്ങളില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസറായിരുന്നിട്ടുണ്ട്. ഒപ്പം ബിരുദാനന്തര ബിരുദ (എം.ഡി) പ്രവേശന പരീക്ഷകള്‍ക്കുള്ള തയാറെടുപ്പും നടത്തുന്നുണ്ടായിരുന്നു.
തുടര്‍ പരിശീലനത്തിനായി ഞാന്‍ ഇംഗ്ലണ്ടില്‍ എത്തിയത് തികച്ചും ആകസ്മികമായിട്ടാണ്. ഇവിടെയെത്തിയപ്പോള്‍ മെഡിക്കല്‍ സയന്‍സിനെക്കുറിച്ച എന്റെ ധാരണകള്‍ അപ്പാടെ മാറി. മെഡിസിനിലെ മാനവികത തിരിച്ചറിയുന്നത് ഇവിടെ വെച്ചാണ്. ഒരു സംഭവം പറയാം: യു.കെയില്‍ ഞാന്‍ ഒബ്‌സര്‍വര്‍ ആയിരിക്കെ സ്ഥിരം ജോലിക്കായി കാത്തിരിക്കുന്ന സമയം. അക്കാലത്ത് ഒരു പ്രവാസിക്ക് ട്രെയ്‌നി ആയി ജോലിയില്‍ കയറുന്നതിനു മുമ്പ് ഒബ്‌സര്‍വര്‍ ആയി മാസങ്ങളോളം കഷ്ടപ്പെടേണ്ടി വരുമായിരുന്നു. അന്നൊരിക്കല്‍ ഞാന്‍ ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റിന്റെ (സീനിയര്‍ ഡോക്ടര്‍) കൂടെ വാര്‍ഡ്‌റൗണ്ടിലാണ്. ഒരു രോഗിക്ക് കാലുകളിലൊന്നില്‍ Deep Vein Thrombosis (സിരകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടുന്ന രോഗം) ഉണ്ടായി. ഈ രോഗി ഇതേ ആശുപത്രിയിലെ ക്ലീനറായി ജോലി ചെയ്തുകൊണ്ടിരുന്ന ആളാണ്. അദ്ദേഹം തന്റെ കട്ടിലിന് അടുത്തുള്ള കസേരയില്‍ ഇരിക്കുകയായിരുന്നു. എന്റെ കണ്‍സള്‍ട്ടന്റ് ഈ രോഗിയുടെ അടുത്തിരുന്ന്, രോഗിയായ ക്ലീനറുടെ കാലെടുത്തു സ്വന്തം മടിയില്‍ വെച്ചു, സോക്‌സ് ഊരാന്‍ അദ്ദേഹത്തെ സഹായിച്ചു. കാല്‍ പരിശോധിച്ച് സോക്‌സ് തിരികെയിടാനും സഹായിച്ചു. ശേഷം കണ്‍സള്‍ട്ടന്റ് കൈകഴുകി, രോഗിയോട് ചികിത്സയും തുടര്‍ന്നുള്ള പരിപാലനവും വിശദീകരിച്ചു. കണ്‍സള്‍ട്ടന്റുകളെ ദൈവങ്ങളെപ്പോലെ കാണുന്ന നാട്ടില്‍ നിന്നാണല്ലോ ഞാന്‍ വരുന്നത്. ഇതു പോലുള്ള സംഭവങ്ങള്‍ എന്റെ ചിന്താഗതികളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഒരു ഫിസിഷ്യന്‍ രോഗികളോട് അവരുടെ ശരീരവും സ്വകാര്യ ഭാഗങ്ങളും തുറന്നുകാട്ടാന്‍ ആവശ്യപ്പെടുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവരത് ചെയ്യുന്നു. അത്രമാത്രം അവര്‍ തങ്ങളുടെ ഡോക്ടറെ വിശ്വസിക്കുന്നുണ്ട്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനില്‍ ഇത്രമാത്രം വിശ്വാസമര്‍പ്പിക്കുന്നത് ഡോക്ടര്‍- രോഗി ബന്ധത്തിലല്ലാതെ മറ്റെവിടെയും കാണാന്‍ കഴിഞ്ഞെന്നു വരില്ല. ഗുരുതരമായ സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് - ശ്വാസകോശത്തെ ബാധിക്കുന്ന രോഗം) ബാധിച്ച ഒരു രോഗിയെ ഒരിക്കല്‍ മറ്റൊരു സെന്ററില്‍ നിന്ന് എന്റെ അടുത്തേക്കയച്ചു. അവര്‍ക്ക് സിവിയര്‍ ഹൈപ്പോക്‌സിയ (ഓക്‌സിജന്‍ കുറയുന്ന അവസ്ഥ) ബാധിച്ചിരുന്നു. എന്നാല്‍, എല്ലാ മെഡിക്കല്‍ ടെസ്റ്റുകളും നിരസിക്കുകയായിരുന്നു അവര്‍. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് അവരെന്ന് റഫറല്‍ ലെറ്ററില്‍ സൂചിപ്പിച്ചിരുന്നു. റിസപ്ഷനിലേക്ക് നടന്നു ചെന്ന് രോഗികളെ വിളിക്കുന്ന ശീലം എനിക്കുണ്ട്. അവരോട് സംസാരിച്ചുകൊണ്ട് കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക് അവരോടൊപ്പം ഞാന്‍ നടക്കും. ഇത് അവരുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ എന്നെ സഹായിക്കുന്നു. എന്നോടൊപ്പം നടക്കുമ്പോള്‍ അവരെ ഞാന്‍ വിലയിരുത്തുന്നു. എന്റെ കണ്‍സള്‍ട്ടേഷന്‍ റൂമിലെ കസേരയില്‍ അവര്‍ ഇരിക്കുമ്പോഴേക്കും അവരുടെ രോഗത്തെക്കുറിച്ച ഒരേകദേശ ധാരണ ഞാന്‍ ഉണ്ടാക്കിയെടുത്തിരിക്കും. ഈ സ്ത്രീ എന്നോടൊപ്പം നടക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ വിറക്കുകയായിരുന്നു. അവര്‍ വളരെ ഉത്കണ്ഠാകുലയാണെന്ന് മനസ്സിലായി. അകത്തേക്കു കയറാന്‍ വിസമ്മതിച്ചുകൊണ്ട് അവര്‍ വാതില്‍ക്കല്‍ തന്നെ നിന്നു. എന്നിട്ട് എന്നോട് ചോദിച്ചു: 'നിങ്ങള്‍ എന്നെ എന്താണ് ചെയ്യാന്‍ പോകുന്നത്?' ഞാന്‍ പറഞ്ഞു: 'ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പറയൂ.' അവര്‍ പറഞ്ഞു: 'എനിക്ക് സൂചി ഒന്നും വേണ്ട.' ഞാന്‍ പറഞ്ഞു: 'ഞാന്‍ സൂചി ഉപയോഗിക്കുമെന്ന് നിങ്ങളോട് ആരാ പറഞ്ഞത്?' ഞാന്‍ തുടര്‍ന്നു: 'ഞാന്‍ നിങ്ങളെ ആദ്യമായി കണ്ടുമുട്ടുകയാണ്. എന്തുകൊണ്ട് നമുക്ക് പരസ്പരം പരിചയപ്പെട്ടുകൂടാ? സൂചികള്‍ ഒന്നും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുതരാം.' സൂചിയോടുള്ള അവരുടെ പേടി കാരണം നേരത്തേ ചികിത്സിച്ചവര്‍ ആര്‍ട്ടീരിയല്‍ ബ്ലഡ് ഗ്യാസ് (ധമനിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ച് രക്തം എടുത്ത് ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന ടെസ്റ്റ്) എടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റും ചെയ്യില്ലെന്ന് ഞാന്‍ വാക്ക് കൊടുത്തു. തുടര്‍ന്ന് ഞങ്ങള്‍ സംസാരിച്ചു. കാര്യങ്ങള്‍ മെച്ചപ്പെടുന്നതുവരെ അവരെ ഇടക്കിടെ കാണാമെന്ന് ഞാന്‍ ഉറപ്പുനല്‍കി. അവരുടെ എല്ലാ പ്രശ്‌നങ്ങളും ഓരോ തവണയും എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഓരോ തവണ കണ്ടുമുട്ടുമ്പോഴും എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞു. അവര്‍ സന്തോഷവതിയായിരുന്നു. പിന്നീടുള്ള സന്ദര്‍ശനങ്ങളിലൂടെ അവര്‍ പതുക്കെ എന്നെ പരിചയപ്പെട്ടു. അത്തരം സന്ദര്‍ശനങ്ങളിലൊന്നില്‍ അവര്‍ എന്നോട് ചോദിച്ചു: 'നിങ്ങള്‍ക്ക് എന്റെ മേല്‍ ടെസ്റ്റുകളൊന്നും ചെയ്യണ്ടേ?' ഞാന്‍ അവരോട് ചോദിച്ചു: 'നിങ്ങള്‍ക്ക് ടെസ്റ്റ് ആവശ്യമാണെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്?' അവര്‍ പറഞ്ഞു: 'അതിനല്ലേ മറ്റു ഡോക്ടര്‍മാര്‍ എന്നെ നിങ്ങളുടെ അടുത്തേക്കയച്ചത്?' ഞാന്‍ പറഞ്ഞു: 'അതേ. പക്ഷേ, നിങ്ങള്‍ ടെസ്റ്റുകള്‍ക്കൊന്നും തയാറായിരുന്നില്ല.' എന്നിട്ട് ഞാന്‍ അവരുടെ കൈകളോട് ചേര്‍ത്ത് എന്റെ കൈകള്‍ വെച്ച് നിറവ്യത്യാസം കാണിച്ചുകൊടുത്തു. അവര്‍ സയനോട്ടിക് (ഓക്‌സിജന്റെ അളവ് കുറയുന്നതു കാരണം ചര്‍മത്തില്‍ ഉണ്ടാകുന്ന നീലനിറം) ആയിരുന്നു. ഓക്‌സിജന്റെ അളവില്‍ 25 ശതമാനത്തിലധികം കുറവുണ്ടെന്ന് ഞാന്‍ വിശദീകരിച്ചു. 'നിങ്ങളെ സഹായിക്കണമെങ്കില്‍ എനിക്ക് രക്തം പരിശോധിക്കണം.' അവര്‍ പറഞ്ഞു: 'നിങ്ങളാണ് ചെയ്യുന്നതെങ്കില്‍ ഞാന്‍ അത് അനുവദിക്കും.' അടുത്ത കുറച്ച് വര്‍ഷങ്ങള്‍ കൂടി ഞാന്‍ അവരെ ചികിത്സിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ ഒരു എ.ഫോര്‍ ഷീറ്റില്‍ എഴുതും, സന്ദര്‍ശനത്തിനു വരുമ്പോള്‍ അവ ഓരോന്നും വായിക്കും, ഞാന്‍ നിശ്ശബ്ദമായി ഇരുന്ന് ശ്രദ്ധിക്കും, ചിലപ്പോള്‍ ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിക്കും. അവര്‍ അവരുടെ ജീവിതത്തെ കുറിച്ചും മക്കള്‍ ഉപേക്ഷിച്ചതിനെ കുറിച്ചും ഒരു മകന്‍ ജയിലില്‍ കിടക്കുന്നതിനെപ്പറ്റിയും മറ്റും സംസാരിക്കും. അടുത്ത സന്ദര്‍ശനത്തിനു വേണ്ടി കാത്തിരിക്കാറുണ്ടെന്ന് അവര്‍ പറയുമായിരുന്നു.
ഡോക്ടര്‍മാര്‍ എന്ന നിലയില്‍ നമ്മള്‍ ചെയ്യുന്ന ഒരേയൊരു കാര്യം മറ്റൊരാളുടെ ജീവിതയാത്രയുടെ ഭാഗമാവുക എന്നതു മാത്രമാണ്. അവരുടെ രോഗശാന്തിയില്‍ നാം ഒരു ചെറിയ ഘടകമായി മാറിയേക്കാം. അതില്‍ കൂടുതലൊന്നും നമ്മള്‍ ചെയ്യുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഡോക്ടര്‍മാരുടെ പങ്ക് വ്യവസായവല്‍ക്കരിക്കപ്പെടുകയും രോഗശാന്തി എന്ന ലക്ഷ്യം വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. രോഗശാന്തിക്ക് വേണ്ടിയല്ല ഡോക്ടര്‍മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്; നമ്മള്‍ കേവലം രോഗനിര്‍ണയ വിദഗ്ധരും മരുന്ന് നിര്‍ദേശകരുമായി ഒതുങ്ങിക്കൂടിയിരിക്കുന്നു.
ഫിസിഷ്യന്‍ എന്ന നിലയില്‍, നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെയും അതിന്റെ അര്‍ഥത്തെയും പുനഃപരിശോധിച്ചുകൊണ്ടേയിരിക്കണം. കൂടുതലായി വൈദ്യശാസ്ത്രം അറിയുമ്പോള്‍, ശാസ്ത്രം മനസ്സിലാക്കുമ്പോള്‍, മനുഷ്യത്വം കണ്ടറിയുമ്പോള്‍, നമ്മുടെ പ്രയാണത്തെ മനസ്സിലാക്കുമ്പോള്‍, നമുക്ക് അറിയാവുന്നതിനെക്കാള്‍ കൂടുതലാണ് അറിയാത്തത് എന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടും.
മിക്ക ഡോക്ടര്‍മാരും മെഡിക്കല്‍ മേഖലയിലുള്ള ഗവേഷണത്തെ ഏറക്കുറെ അവഗണിച്ച് ക്ലിനിക്കല്‍ ഫീല്‍ഡില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. രോഗികളെ ചികിത്സിക്കുന്നതോടൊപ്പം ഗവേഷണവും തുടര്‍ന്നു കൊണ്ടുപോകാന്‍ താങ്കള്‍ക്ക് എങ്ങനെ സാധിച്ചു? പുതിയ തലമുറയിലെ ഡോക്ടര്‍മാരോട് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
ക്ലിനിക്കല്‍ പ്രാക്ടീഷണര്‍മാരും ഗവേഷണം നടത്തുന്ന അക്കാദമിക വിദഗ്ധരും തുല്യ പ്രാധാന്യമുള്ളവരാണ്. ആരും ആരെക്കാളും കുറഞ്ഞവരോ കൂടിയവരോ അല്ല. ഓരോരുത്തരും പരസ്പരം പിന്തുണക്കുകയും അതുവഴി സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും അവരുടെതായ പങ്ക് നിര്‍വഹിക്കാനുണ്ട്. മറ്റുള്ള ശാസ്ത്ര ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വൈദ്യശാസ്ത്രത്തിന്റെ സൗന്ദര്യം എന്താണെന്നു വെച്ചാല്‍, അതു കേവലം താത്ത്വികമായ ശാസ്ത്രപഠനം മാത്രമല്ല, മറിച്ച് ശാസ്ത്രം പരിശീലിപ്പിക്കപ്പെടുന്ന കലകൂടിയാണ് എന്നതാണ്. ഈ തിരിച്ചറിവാണ് ഒരു മികച്ച ഡോക്ടറെ ഒരു സാധാരണ ഡോക്ടറില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
അനിശ്ചിതത്വമാണ് ശാസ്ത്ര ഗവേഷണത്തിന്റെ സൗന്ദര്യവും അടിത്തറയും. ഗവേഷകര്‍ എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഉദാഹരണത്തിന്, എന്തുകൊണ്ടാണ് ഒരേ ചികിത്സ വ്യത്യസ്ത രോഗികളില്‍ ഒരേ ഫലം നല്‍കാത്തത്? വ്യത്യസ്ത ഘടകങ്ങള്‍ പരിഗണിച്ച് ഇത് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നു വരുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നു. ഇത് പിന്നീട് ഒരുതരത്തില്‍ ഗവേഷണമായി മാറുന്നു. എന്റെ പരിശീലനത്തിന്റെ ഭാഗമായും, അറിയാത്തത് അറിയാനുള്ള അന്വേഷണത്തിന്റെ ഭാഗമായും ഗവേഷണം മാറി. അറിയാവുന്നതിനെക്കാള്‍ കൂടുതല്‍ അറിയാത്ത കാര്യങ്ങളാണെന്ന് ഗവേഷണം എന്നെ ബോധ്യപ്പെടുത്തി.
യു.കെയിലെ വിദ്യാഭ്യാസം എനിക്ക് ഇന്നത്തെ നിലയിലേക്ക് വളരാനുള്ള മികച്ച അവസരമായിരുന്നു. നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്ന ബുദ്ധിശക്തിയും കഴിവുമുള്ള ഡോക്ടര്‍മാരുണ്ട്. ശരിയായ മാര്‍ഗനിര്‍ദേശവും പിന്തുണയും പരിപോഷണവും നല്‍കിയാല്‍ ലോകത്തെ മുന്‍നിര ശാസ്ത്രജ്ഞരായി മാറാന്‍ അവര്‍ക്കാകും.
കേരളത്തിലെ ഒരു ഡോക്ടര്‍ എന്നതില്‍ നിന്ന് സെന്റ് തോമസ് ഹോസ്പിറ്റലിലെ ശ്വസന രോഗ വിദഗ്ധന്‍, ലണ്ടനിലെ കിംഗ്‌സ് കോളേജിലെ സീനിയര്‍ ലക്ചററര്‍ എന്നീ പദവികളിലേക്കുള്ള താങ്കളുടെ പ്രയാണത്തെപ്പറ്റി സംസാരിക്കാമോ? ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ഈ നിലകളില്‍ എത്തിപ്പെടാന്‍ എന്ത് ഉപദേശമാണ് താങ്കള്‍ക്ക് നല്‍കാനുള്ളത്?
ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിപ്പെടാന്‍ അല്ലാഹു എന്നെ അനുഗ്രഹിച്ചു. ഞാന്‍ എവിടെപ്പോയാലും അവിടെയുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിലും കഠിനാധ്വാനം ചെയ്യുന്നതിലും വീഴ്ച വരുത്താറില്ല. എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഉപദേശം, ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ്. അപ്പോള്‍ നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങള്‍ക്കായി സംസാരിക്കും. ഇത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ദീര്‍ഘമായ വഴിയാണ്; പക്ഷേ, ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യും. ഹേസ്റ്റിംഗ്‌സിലെ കോണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലാണ് ഞാന്‍ പരിശീലനം ആരംഭിച്ചത്. അതൊരു ചെറിയ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലാണ്. അവിടെ ഒരു താല്‍ക്കാലിക ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ എന്റെ കണ്‍സള്‍ട്ടന്റുകള്‍ (സീനിയര്‍ ഡോക്ടര്‍മാര്‍) എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്റെ കരിയറില്‍ അവര്‍ എന്നെ പിന്തുണക്കുകയും ശരിയായ ദിശയിലൂടെ നയിക്കുകയും ചെയ്തു. എന്റെ സഹപാഠികളോ സുഹൃത്തുക്കളോ എങ്ങനെ ഈ നിലയിലെത്തി എന്ന് ചോദിക്കുമ്പോഴെല്ലാം, നിരന്തരമായി പ്രയത്‌നിച്ചുകൊണ്ടേയിരിക്കണം എന്നാണ് ഞാന്‍ നല്‍കാറുള്ള മറുപടി.
പ്രവാസി എന്ന നിലയില്‍ പ്രതീക്ഷ കുറവായതിനാല്‍ ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് ഒരു നോണ്‍ ട്രെയ്‌നിംഗ് പോസ്റ്റ് എടുക്കാന്‍ ഞാന്‍ പദ്ധതിയിട്ടു. എന്റെ MRCP (Membership of the Royal Colleges of Physicians of the United Kingdom) എക്‌സാമിനുശേഷം എനിക്കൊരു ജോലി കിട്ടാനിരിക്കുകയായിരുന്നു. എന്നിരുന്നാലും, ഡ്യൂട്ടിയുള്ള ഒരു ദിവസം രാത്രി, അധികം പണിയൊന്നുമില്ലാതെ ശാന്തമായ നിമിഷങ്ങള്‍ ആസ്വദിക്കുമ്പോള്‍ ഘാനയില്‍ നിന്നുള്ള സുഹൃത്ത് എന്റെ ഭാവി പദ്ധതികളെക്കുറിച്ച് എന്നോട് ചോദിച്ചു. എനിക്ക് ഈ നോണ്‍-ട്രെയ്‌നിംഗ് ജോലിയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അന്നു രാത്രിതന്നെ അദ്ദേഹം എന്നെ ചില സ്‌പെഷ്യലിസ്റ്റ് ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ഏതാനും ഇന്റര്‍വ്യൂകള്‍ക്കായി ഞാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ ആദ്യത്തേത് ലണ്ടനിലായതിനാല്‍ ഞാന്‍ ആദ്യം അവിടേക്ക് പോയി. അമിത പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ വളരെ ശാന്തനായിരുന്നു. 40 മിനിറ്റ് ഇന്റര്‍വ്യൂ ഞാന്‍ ആസ്വദിച്ചു, ചില തമാശകള്‍ പൊട്ടിച്ചു, ഒരു തവണ എന്റെ അഭിപ്രായം തെളിയിക്കാന്‍ തര്‍ക്കിക്കുക പോലും ചെയ്തു. ഒടുവില്‍, അവര്‍ എന്റെ പേര് വിളിച്ച് ജോലി വാഗ്ദാനം ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഞാന്‍ ടണ്‍ ബ്രിഡ്‌ജ്വെല്‍സില്‍ എന്റെ സ്‌പെഷ്യാലിറ്റി ട്രെയ്‌നിംഗ് ആരംഭിച്ചു, തുടര്‍ന്ന് രജിസ്ട്രാറായി ഹേസ്റ്റിംഗ്‌സിലേക്ക് പോയി; സ്വഗൃഹം പോലെ ഞാന്‍ കാണുന്ന ഹോസ്പിറ്റലിലേക്ക്. എന്റെ പരിശീലനത്തിന്റെ അവസാന മൂന്നു വര്‍ഷങ്ങളില്‍ എന്നെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ നിയമിച്ചു. ഓരോ വര്‍ഷവും അവരുടെ കീഴിലുള്ള വിവിധ പ്രാദേശിക ആശുപത്രികളിലേക്ക് ട്രെയ്‌നികളെ അയക്കുന്നതിനാല്‍ ഇത് അസാധാരണമായിരുന്നു. ട്രെയ്‌നി എന്ന നിലയില്‍ എന്നോട് മതിപ്പ് തോന്നിയതിനാലാണ് എന്നെ സെന്റ് തോമസില്‍ തന്നെ തുടരാന്‍ അനുവദിച്ചത്. അതിലും പ്രധാനമായി, അവിടെ ട്രെയ്‌നിയായി ഞാന്‍ ഒരു ഇന്റര്‍വെന്‍ഷനല്‍ സര്‍വീസ് (അധികം സങ്കീര്‍ണമല്ലാത്ത, എന്നാല്‍ ഫലമുള്ള ചികിത്സാ രീതികള്‍ അവലംബിക്കുന്ന മെഡിസിന്റെ ഒരു ശാഖ) ആരംഭിച്ചു. അത് അക്കാലത്ത് പുതുമയുള്ളതുമായിരുന്നു. രാജ്യത്തുടനീളം അത്തരം സര്‍വീസുകള്‍ രണ്ടോ മൂന്നോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പരിശീലനത്തിന്റെ അവസാനത്തോടെ, എനിക്ക് അതേ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റായി ജോലി വാഗ്ദാനം ചെയ്തു. ഞാന്‍ ഇന്ത്യയിലേക്ക് തന്നെ മടങ്ങുമെന്നും അതിനാല്‍ പരമാവധി രണ്ട് വര്‍ഷം മാത്രമേ അവിടെയുണ്ടാകൂ എന്നും തുടക്കത്തില്‍ അവരോട് പറഞ്ഞിരുന്നു. പക്ഷേ, അത് നീണ്ട് നീണ്ട് പതിനഞ്ചു വര്‍ഷമായി. ലണ്ടനിലെ കിംഗ്‌സ് കോളേജ് യൂനിവേഴ്‌സിറ്റിയുടെ ഭാഗമാണ് സെന്റ് തോമസ് ഹോസ്പിറ്റല്‍. എനിക്ക് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളതിനാല്‍ എനിക്ക് OSCE (Objective Structured Clinical Examination) പരീക്ഷകള്‍ സജ്ജീകരിക്കുന്നതിനും ലക്ചറര്‍മാരെ പരിശീലിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെനിന്ന് ക്രമേണ പരീക്ഷാ ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍ വരെയായി. യൂനിവേഴ്‌സിറ്റിയില്‍ മറ്റൊരു സംരംഭം ഏറ്റെടുത്തതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനിത് ഉപേക്ഷിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി യൂറോപ്പിലെ ആദ്യത്തെ ബെഡ്‌സൈഡ് അള്‍ട്രാസൗണ്ട് പാഠ്യപദ്ധതി ഞാന്‍ സജ്ജീകരിച്ചു. സൗത്ത് കരോലിന യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഹോപ്മാനുമായി സഹകരിച്ചായിരുന്നു ഇത്.
ഗവേഷണത്തില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ റസ്പിറേറ്ററി മെഡിസിന്‍ (ശ്വാസകോശ സംബന്ധിയായ) വകുപ്പിനായി ഞാന്‍ ഒരു റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഘടന വികസിപ്പിച്ചെടുത്തു. ഞാന്‍ അവിടെ ചേരുമ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഗവേഷണ നയം ഇല്ലായിരുന്നു. വലിയ ധനസഹായം ലഭിച്ചതിനാല്‍ എന്റെ ആദ്യത്തെ പി.എച്ച്.ഡി ഫെലോയെ നിയമിക്കുകയും ചെയ്തു. ഇത് പിന്നീട് ആവശ്യമായ എല്ലാ ജീവനക്കാരുമുള്ള, പൂര്‍ണമായും ഫണ്ടിംഗ് ഉള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റായി വികസിച്ചു. അല്‍ഹംദു ലില്ലാഹ്, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുകയും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇതിനെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനും സാധിച്ചു.
ഇത്തരം കാര്യങ്ങളില്‍ യുവതലമുറയ്ക്ക് സഹായവും ഉപദേശവും നല്‍കുന്ന നിരവധി ഗ്രൂപ്പുകളുണ്ട്, യു.കെയിലും അമേരിക്കയിലും. യു.കെയിലെ അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് KAMP (Kerala Association of Muslim Professionals).
താങ്കളുടെ ഗവേഷണവിഷയത്തെ സംബന്ധിച്ച് അല്‍പം സംസാരിക്കാമോ?
പ്ല്യൂറല്‍ ഡിസീസ് (ശ്വാസകോശാവരണത്തെ ബാധിക്കുന്ന രോഗങ്ങള്‍), ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി (ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അധികം സങ്കീര്‍ണമല്ലാത്ത, എന്നാല്‍ ഫലപ്രദമായ ചികിത്സാരീതികള്‍ അവലംബിക്കുന്ന ശാഖ) എന്നിവയിലാണ് എന്റെ ഗവേഷണം. ഏതാണ്ട് 50 ശതമാനം പ്ല്യൂറല്‍ (Pleural) രോഗങ്ങളും കാന്‍സര്‍ കാരണമായി സംഭവിക്കുന്ന വാര്‍ച്ചയാണ് (Malignant Effusion). അതിനാല്‍, എന്റെ പ്രബന്ധങ്ങളില്‍ ഭൂരിഭാഗവും ഈ വിഷയത്തിലാണ്. ഇത്തരം രോഗികളെ പരിപാലിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം കണ്ടുപിടിക്കുന്നതിന് വേണ്ടിയായിരുന്നു എന്റെ മിക്ക ഗവേഷണങ്ങളും. അതിലും പ്രധാനമായി, ഒരിക്കല്‍ കാന്‍സര്‍ പ്ല്യൂറയിലേക്ക് വ്യാപിച്ചാല്‍, ചികിത്സിച്ചു ഭേദമാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. ഇതൊരു മള്‍ട്ടി സെന്റര്‍ ഇന്റര്‍നാഷനല്‍ ട്രയല്‍ (ലോകത്തുടനീളമുള്ള വിവിധ മെഡിക്കല്‍ സെന്ററുകളില്‍ ഒരേസമയം ഒരേ വിഷയത്തില്‍ നടത്തുന്ന ഗവേഷണ പരീക്ഷണം) ആയിരുന്നു.
ഞാന്‍ ഒരു ക്ലിനിക്കല്‍ അക്കാദമിക് ആണ്, അടിസ്ഥാന ശാസ്ത്ര ഗവേഷകനല്ല. അതിനാല്‍, എന്റെ മിക്ക ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും പഠനങ്ങളുമായിരിക്കും. ഞാന്‍ അടിസ്ഥാനപരമായി ഒരു ക്ലിനിഷ്യന്‍ ആണ്. എന്നിരുന്നാലും, ഫിസിയോളജി വളരെയധികം ആസ്വദിക്കുന്നതിനാല്‍ ഞാന്‍ ചില ബേസിക് ഫിസിയോളജി പഠനങ്ങളും നടത്തിയിട്ടുണ്ട്. ശ്വാസതടസ്സത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും, ശ്വാസോച്ഛ്വാസത്തില്‍ മസ്തിഷ്‌കത്തിനുള്ള ബന്ധത്തെക്കുറിച്ചും ഞാന്‍ അടുത്തിടെ ഒരു പഠനം പൂര്‍ത്തിയാക്കി.
സിവിയര്‍ റസ്പിരേറ്ററി ഡിസീസിലും (ശ്വസനപരാജയം) എനിക്ക് താല്‍പര്യമുണ്ട്. അതിനാല്‍, ഈ സ്‌പെക്ട്രത്തിന്റെ അവസാനത്തിലുള്ള, കഠിനമായ രോഗമുള്ള രോഗികളുടെ രോഗത്തിന്റെ പ്രകൃതവും അതിന്റെ ചികിത്സയും ഞാന്‍ പഠനവിധേയമാക്കാറുണ്ട്. ഇങ്ങനെയാണ് ഞാന്‍ കോവിഡില്‍ ഇടപെട്ടത്. യു.കെയിലെ ആദ്യകോവിഡ് തരംഗത്തില്‍ എനിക്ക് കോവിഡ് രോഗികളെ അടുത്തു കാണാനും ഇടപെടാനും സാധിച്ചു. വൈറസ് ശരീരത്തില്‍ എന്താണ് ചെയ്യുന്നത്, കോശജ്വലന പ്രതികരണത്തിന് (Inflammatory Response) ഇത് കാരണമായത് എങ്ങനെ തുടങ്ങിയ കാര്യങ്ങളൊന്നും ഞങ്ങള്‍ക്ക് അറിയാത്ത സമയമായിരുന്നു അത്. സാഹചര്യം വസ്തുനിഷ്ഠമായി വിശകലനം ചെയ്തുകൊണ്ടായിരുന്നു ആ ഗവേഷണങ്ങളെല്ലാം.
പ്രബോധനം വായനക്കാരോട് പൊതുവായും, മെഡിക്കല്‍ വിദ്യാര്‍ഥികളോടും യുവ ഡോക്ടര്‍മാരോടും വിശേഷിച്ചും എന്താണ് പറയാനുള്ളത്?
വൈദ്യം ശ്രേഷ്ഠമായ ഒരു തൊഴിലാണ്; അത് മനുഷ്യന്റെ വേദനയുടെയും കഷ്ടപ്പാടുകളുടെയും ഭാഗമാകലാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍, നിങ്ങള്‍ സ്ഥിരമായി മറ്റൊരാളുടെ ജീവിതയാത്രയുടെ ഭാഗമാകുന്നു. ഏതൊരു മനുഷ്യനും ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. അവര്‍ ഏറ്റവും ദുര്‍ബലരായിരിക്കുമ്പോള്‍, അവര്‍ ഏറ്റവും വേദനിക്കുമ്പോള്‍ അവരുടെ കൈപിടിച്ച് നിങ്ങള്‍ അവരോടൊപ്പമുണ്ടാകും. നിങ്ങളുടെ രോഗികള്‍ നിങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്. അവര്‍ അവരുടെ ജീവിതം നിങ്ങളുടെ കൈകളില്‍ വച്ചു തരികയാണ്. അതിനാല്‍, നിങ്ങളില്‍ നിന്ന് കരുണയും വിനയവും സഹാനുഭൂതിയും പ്രതീക്ഷിക്കുന്നത് രോഗിയുടെ അവകാശമാണ്. അവരുടെ വീക്ഷണ കോണിലൂടെ പ്രശ്‌നം മനസ്സിലാക്കുക. നിങ്ങളുടെ മാതാപിതാക്കളോടോ സഹോദരങ്ങളോടോ പെരുമാറുന്നതു പോലെ അവരോട് പെരുമാറുക.
യുവ ഡോക്ടര്‍മാരോട് പറയാനുള്ളത്, നിങ്ങള്‍ ഉപജീവനത്തിനു വേണ്ടി മാത്രം മെഡിസിന്‍ പ്രാക്ടീസ് ചെയ്യരുത് എന്നാണ്. അത് കേവലം ഒരു തൊഴിലല്ല. നിങ്ങള്‍ വൈദ്യശാസ്ത്രത്തെ സ്‌നേഹിക്കുന്നതിനാലും ശാസ്ത്രത്തെ ഇഷ്ടപ്പെടുന്നതിനാലും അതില്‍ ഉള്‍പ്പെട്ടിരിക്കുക. നിങ്ങള്‍ക്ക് അത് ഇഷ്ടമല്ലെങ്കില്‍ അതില്‍നിന്ന് മാറുക, നിങ്ങള്‍ ഇഷ്ടപ്പെടുന്നത് കണ്ടെത്തുക.
Comments