ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ മാറണം
വീണ്ടും വായിക്കാന്‍/
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം പുതിയ കാലത്ത് സ്വീകരിക്കേണ്ട നയനിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. നജാത്തുല്ലാ സിദ്ദീഖി. 2009 ജൂലൈ 25-ന് പ്രബോധനം വാരിക പ്രസിദ്ധീകരിച്ച അഭിമുഖം. വിവ: അബൂ അഫ്‌നാന്‍
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ പുതിയ ലോകത്തെ എങ്ങനെ നോക്കിക്കാണുന്നു?
വ്യക്തിപരമായ കൂടിക്കാഴ്ചയിലൂടെയും വായനയിലൂടെയും രൂപപ്പെട്ട എന്റെ കാഴ്ചപ്പാട്, നാമൊക്കെ മനസ്സിലാക്കുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് പുതിയ ലോകം എന്നുള്ളതാണ്. 1950-ല്‍ പതിനെട്ടാമത്തെ വയസ്സിലാണ് ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകുന്നത്. അപ്പോഴേക്കും ഞാന്‍ അതിന്റെ എല്ലാ സാഹിത്യങ്ങളും വായിച്ചു കഴിഞ്ഞിരുന്നു. ഇന്ന് അതേ പ്രായത്തിലുള്ള ഒരു കുട്ടിയുടെ ചിന്താരീതി അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ഉള്ളത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്ന് തരക്കാരാണ്: ഒന്ന്, ഞങ്ങളെപ്പോലുള്ള എഴുപത് വയസ്സ് കഴിഞ്ഞവര്‍. രണ്ടാമത്തേത്, ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവര്‍. അവരുമായി നമുക്ക് ബന്ധം വളരെ കുറവാണ്. ഈ രണ്ടിനുമിടയിലാണ് നാല്‍പതിനും അമ്പതിനുമിടയില്‍ പ്രായമുള്ളവര്‍. ഈ മൂന്ന് കൂട്ടരുടെയും വീക്ഷണം ഒന്നാവുക അസാധ്യമാണ്. അതിനാല്‍, നമ്മുടെ ശ്രദ്ധ ഈ ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ള യുവാക്കളിലായിരിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ അവരാണ് നാളെ നമ്മുടെ സ്ഥാനം ഏറ്റെടുക്കേണ്ടവര്‍. കൂടാതെ നമ്മുടെയൊക്കെ മനോഘടന രൂപപ്പെട്ടിട്ട് അറുപത് വര്‍ഷത്തിലധികമായി. നമ്മുടെ മുന്‍ഗണനകളും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ വെളിച്ചത്തിലുള്ള സാഹിത്യങ്ങളും പരിപാടികളുമാണ് നമ്മുടേത്. ഏറക്കുറെ അതെല്ലാം തന്നെയാണ് ഇപ്പോഴും നടക്കുന്നത്. അതിന്റെ പരിമിതികളാണ് നാം അനുഭവിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനങ്ങളിലാകട്ടെ മറ്റു പരിപാടികളിലാകട്ടെ യുവാക്കളുടെ എണ്ണം കുറഞ്ഞു വരുന്നതായി പൊതുവായൊരു തോന്നലുണ്ട.് പഴയ മുഖങ്ങള്‍ തന്നെയാണ് എവിടെയും. അതിന് കാരണമായി പറയപ്പെടുന്നത് ജമാഅത്തിനിപ്പോള്‍ വിദ്യാര്‍ഥി പ്രസ്ഥാനമുള്ളതാണ്. ഈ അവസ്ഥയെ മറികടക്കാന്‍ താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് ചെയ്യേണ്ടത്?
സ്വാഭാവികമാണത്. ഒരു പ്രസ്ഥാനം തുടക്കത്തില്‍ വിദ്യാര്‍ഥികളിലും യുവാക്കളിലും എത്രമാത്രം ആവേശം ജനിപ്പിക്കുന്നുവോ അതേ ആവേശം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. പ്രസ്ഥാനങ്ങള്‍ ആരംഭിക്കുമ്പോള്‍ ആളുകളെ ആകര്‍ഷിക്കുന്ന ഒരു സങ്കല്‍പം മാത്രമാണ് മുന്നോട്ട് വെക്കുന്നത്. അതിന്റെ ബന്ധമാകട്ടെ അതിന്റെ പരിസരത്തോടായിരിക്കുകയും ചെയ്യും. കുറേ മുന്നോട്ടു പോവുകയും ഏതാനും വ്യക്തികളില്‍ നിന്ന് സന്ദേശം ലക്ഷങ്ങളില്‍ എത്തുകയും ചെയ്യുമ്പോള്‍ അതിന് സംഘടന അനിവാര്യമായി മാറുന്നു. നേരത്തെ അതുണ്ടായിരുന്നില്ല. അപ്പോള്‍ കേന്ദ്രം ആവശ്യമായി വരികയും ബജറ്റുണ്ടാവുകയും പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും വലിയ വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. തുടക്കത്തില്‍ എല്ലാ ഊന്നലുകളും ഒരു സങ്കല്‍പത്തിലും ആശയത്തിലുമായിരുന്നു. അതിനെക്കുറിച്ചുയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിലായിരുന്നു ശ്രദ്ധ മുഴുവന്‍ കേന്ദീകരിക്കപ്പെട്ടിരുന്നത്. സംഘടിച്ച ആളുകളെ ഉറപ്പിച്ച് നിര്‍ത്തലും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കലും വലിയൊരു പ്രവര്‍ത്തനമാണ്. ഏതൊരു പ്രസ്ഥാനവും ഒടുവില്‍ സംഘടനയായിത്തീരും. അതില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ജമാഅത്തെ ഇസ്‌ലാമിക്കും അതിന്റെ വിദ്യാര്‍ഥി സംഘടനക്കുമെല്ലാം ഇത് ബാധകമാണ്. വിദ്യാര്‍ഥി സംഘടന ഒരു സമാന്തര സംഘടനയല്ല. മറിച്ച്, അവരെ സംബന്ധിച്ചേടത്തോളം ജമാഅത്ത് ഒരു രക്ഷാകര്‍തൃ ബോഡിയാണ്.
പ്രാസ്ഥാനികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായിട്ടാണോ അതോ അതില്‍ കുറവ് വന്നുകൊണ്ടിരിക്കുന്നതായിട്ടാണോ താങ്കള്‍ക്ക് തോന്നുന്നത്?
ഏതൊരു പ്രസ്ഥാനവും രൂപമെടുക്കുന്നത് അതത് കാലഘട്ടത്തിന്റെ സവിശേഷമായ പരിസരത്തു നിന്നും അവസ്ഥയില്‍ നിന്നുമാണ്. ആ പരിസരം ഇല്ലാതാവുകയും അവസ്ഥ നിലനില്‍ക്കാതിരിക്കുകയും ചെയ്താല്‍ ആ പ്രസ്ഥാനവും നിലനില്‍ക്കുകയില്ല. എന്നാല്‍, പുതിയ കാലത്തിന്റെയും സാഹചര്യത്തിന്റെയും താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധം മാറ്റങ്ങളും പുതിയ ശാഖകളും ഉണ്ടാവുകയാണെങ്കില്‍ പ്രസ്ഥാനം വീണ്ടും ചലനാത്മകമാകും. പുതിയ പ്രവര്‍ത്തനങ്ങളില്ലാതിരിക്കുകയും ജനിക്കുമ്പോള്‍ ഏതൊരു രൂപത്തിലായിരുന്നോ അതേ രൂപത്തില്‍ മാറ്റമില്ലാതെ തുടരുകയുമാണെങ്കില്‍ സംഘടനയായിത്തീര്‍ന്ന പ്രസ്ഥാനത്തിന്റെ മരണം ഉറപ്പാണ്. നിങ്ങള്‍ നോക്കൂ, ഇസ്‌ലാം പതിനാലിലേറെ നൂറ്റാണ്ടുകളായി ബലിഷ്ഠമായ ഒരു വൃക്ഷത്തെപ്പോലെയാണ്. അതില്‍ വിവിധ സന്ദര്‍ഭങ്ങളിലായി എത്രയോ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരികയും അവയുടെ കടമ നിര്‍വഹിച്ചതിനു ശേഷം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇസ്‌ലാം നിലനില്‍ക്കുകയാണ്. പുതിയ സാഹചര്യത്തില്‍ പുതിയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിവരിക എന്നത് അതിന്റെ താല്‍പര്യമാണ്. ഒരു പ്രസ്ഥാനം എന്നെന്നും നിലനില്‍ക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. പ്രസ്ഥാനം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിച്ചേ തീരൂ. അതിനെ അഭിമുഖീകരിക്കുന്നില്ലെങ്കില്‍ മറ്റാരെങ്കിലും അത് ചെയ്യുകയും ആളുകള്‍ അങ്ങോട്ട് തിരിയുകയും ചെയ്യും. എഴുപത് വര്‍ഷം മുമ്പത്തെ പല പ്രശ്‌നങ്ങളും ഇന്നില്ലെന്ന കാര്യം വ്യക്തമാണ്. ഇന്നത്തെ പ്രശ്‌നം മറ്റു ചിലതാണ്. അതിനാല്‍ പഴയ രീതിയില്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ അതിനൊരു സ്വാധീനവും ഉണ്ടാക്കാനാവില്ല.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലും ധനതത്ത്വ ശാസ്ത്രത്തിലും താങ്കള്‍ നടത്തിയ പ്രവര്‍ത്തനം വളരെ മഹത്തരമാണ്. ഭാവിയിലും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, കമ്യൂണിസവും മുതലാളിത്തവും നിലനിന്ന കാലത്തായിരുന്നു താങ്കളുടെ പഠനങ്ങളെല്ലാം. പക്ഷേ, ഇപ്പോള്‍ മുതലാളിത്തം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അതിനാല്‍, മാറിയ സാഹചര്യത്തില്‍ അവയെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
'പുതിയ വിദ്യാഭ്യാസ പദ്ധതി' എന്ന ലേഖനത്തില്‍ മൗദൂദി ഒരു സങ്കല്‍പം അവതരിപ്പിക്കുന്നുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: ചിന്തയിലും വീക്ഷണങ്ങളിലും മാറ്റങ്ങളുണ്ടാകാതെ ജീവിതത്തില്‍ വിപ്ലവമുണ്ടാവുകയില്ല. സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ നവീന വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും അനന്തരം ഈ ജീവിത മണ്ഡലത്തില്‍ ഇസ്‌ലാം നല്‍കുന്ന അധ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കി അവ സമൂഹസമക്ഷം അവതരിപ്പിക്കുകയും, അതിനെക്കുറിച്ച സാമ്പ്രദായിക രീതിയെ വിമര്‍ശനവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. സാനവി ദര്‍സ്ഗാഹിന്റെ അടിസ്ഥാനമിതായിരുന്നു. ചിലര്‍ രാഷ്ട്രമീമാംസ തെരഞ്ഞെടുത്തപ്പോള്‍ മറ്റു ചിലര്‍ സാമ്പത്തിക ശാസ്ത്രം തെരഞ്ഞെടുത്തു. കൂടെ മത വിദ്യാഭ്യാസം തുടരുകയും ചെയ്തു. അല്ലാമാ ഇഖ്ബാലും പറഞ്ഞിരുന്നു, രണ്ട് വ്യവസ്ഥകളും ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് വരണമെന്ന്. എന്നാല്‍, ഇസ്‌ലാമിക വ്യവസ്ഥ എന്താണ്? ഇത് സ്ഥാപിക്കുന്ന പഠനങ്ങളൊന്നും കാര്യമായി അന്നുണ്ടായിരുന്നില്ല. കമ്യൂണിസം അബദ്ധമാണ്, മുതലാളിത്തവും അബദ്ധമാണ്, ഇസ്‌ലാം തന്നെയാണ് ജീവിത വ്യവസ്ഥ എന്നെല്ലാം പറയുന്നവര്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ, അതില്‍നിന്ന് മുന്നോട്ടു പോയി, ഇസ്‌ലാം എന്താണെന്ന് വര്‍ത്തമാനാവസ്ഥയുടെ വെളിച്ചത്തില്‍ നോക്കിക്കാണാനുള്ള എളിയ പരിശ്രമം ഏറ്റെടുക്കുകയായിരുന്നു ഞങ്ങളെ പോലുള്ളവര്‍. നിങ്ങള്‍ എന്റെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയില്‍ വിമര്‍ശനം അഞ്ച് ശതമാനത്തില്‍ അധികമില്ലെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും. കാരണം, അതല്ലായിരുന്നു ഞാന്‍ ഏറ്റെടുത്ത ദൗത്യം. മറിച്ച്, ഇസ്‌ലാമിക വ്യവസ്ഥയെ പരിചയപ്പെടുത്തുകയായിരുന്നു എന്റെ ദൗത്യം. മുതലാളിത്തത്തെയോ കമ്യൂണിസത്തെയോ വിമര്‍ശിക്കുകയാണെന്ന രീതിയില്‍ ഞാനൊരിക്കലും എന്റെ പഠനങ്ങളെ കണ്ടിട്ടില്ല. ഈ രംഗത്തെ എന്റെ ആദ്യ പ്രവര്‍ത്തനം ഇസ്‌ലാം കീ നള്‌രിയെ മില്‍ക്കിയത്ത് എന്ന ഗ്രന്ഥമാണ്. മുതലാളിത്ത വ്യവസ്ഥയെയും ആഗോളവല്‍ക്കരണത്തെയും ഞാനതില്‍ ഫോക്കസ് ചെയ്തില്ല എന്ന താങ്കളുടെ അഭിപ്രായം ഒരു പരിധിവരെ ശരിയാണ്. എന്നാല്‍, കമ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ വിത്തടക്കം നശിച്ചുപോയി എന്ന് കരുതുന്നതും ശരിയല്ല. കമ്യൂണിസ്റ്റ് ചൈനയുണ്ട.് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. ചില സംസ്ഥാനങ്ങളിലെങ്കിലും അവര്‍ ഭരണത്തിലുമാണ്. ഇന്ന് നാം കാണുന്നത് ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയും കുറയുന്ന മട്ടില്ല. അതിനെ എങ്ങനെ നിയന്ത്രിക്കുമെന്ന പരിഭ്രാന്തിയിലാണ് ലോകം. മനുഷ്യര്‍ക്ക് പ്രയോജനമുള്ളതെന്തും വിപണിയിലിറങ്ങിക്കൊണ്ടിരിക്കും. മുതലാളിത്ത വ്യവസ്ഥയുടെ വിജയ രഹസ്യവും അതാണ്. കമ്യൂണിസം അതിനെ അവഗണിക്കുകയോ സാധാരണ കാര്യമായി മനസ്സിലാക്കുകയോ ചെയ്തതാണ് അതിന് പറ്റിയ വീഴ്ച. മുതലാളിത്തമാകട്ടെ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നുവോ അതിന്റെ ഫലം നിങ്ങള്‍ക്കാണെന്ന് പറഞ്ഞ് മുതലാളിത്തം ആളുകള്‍ക്ക് എന്തിനും സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് ഈടാക്കുന്ന നികുതിയും നിങ്ങള്‍ക്കു വേണ്ടി തന്നെ ചെലവഴിക്കുമെന്നും അത് ആളുകളോട് പറയുന്നു. ഈ രീതിയില്‍ അധ്വാനിച്ച് ആളുകള്‍ ലോകത്തെ എവിടം മുതല്‍ എവിടം വരെയെത്തിച്ചു?! ലോക യുദ്ധത്തിന് ശേഷം എത്രമാത്രം സമ്പത്താണോ ഉല്‍പാദിപ്പിച്ചത് അത്രത്തോളം ലോകത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ല. പക്ഷേ, അതിന്റെ ഏറ്റവും വലിയ ദോഷം, അപകടകരമായ വിധത്തില്‍ അസമത്വം വര്‍ധിച്ചുവെന്നതാണ്. അമേരിക്കയില്‍ തന്നെ ഒരു നഗരത്തിന്റെ ഒരു ഭാഗത്തെ അപേക്ഷിച്ച് മറ്റൊരു ഭാഗം, അമേരിക്കയില്‍ നിന്ന് ആഫ്രിക്ക എത്ര മാത്രം പിറകിലാണോ അത്ര പിറകിലാണ്. ഇത്തരത്തില്‍ അസമത്വം വര്‍ധിച്ചുവരുന്നത് അവര്‍ക്ക് തന്നെ വിനയായി മാറുകയാണ്. അതിന് ഒരു പരിഹാരവും അവരുടെ കൈവശമില്ല. സാമ്പത്തിക സന്തുലിതത്വം പുനഃസ്ഥാപിക്കുകയാണ് ഏക പരിഹാരം. അവര്‍ അതിനൊരുക്കവുമല്ല. മറുഭാഗത്ത്, കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും വെളിപ്പെടാതിരുന്ന പലതരം രോഗങ്ങള്‍ പുതുതായി ഉണ്ടായിവരുന്നു. പുതുതായി രംഗത്തു വന്ന ആഡംബര വസ്തുക്കളില്‍ പലതും വമ്പിച്ച അപകടമുണ്ടാക്കുന്നതാണ്. പരിസ്ഥിതി മലിനമായി. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച അപകടകരമായ സൂചനകളും വന്നുകഴിഞ്ഞു. ഇവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിത രീതിയുമായാണ.് നാം വാഹനങ്ങള്‍ ചുരുക്കണമെന്നും വൈദ്യുതിയുടെ ഉപയോഗം കുറക്കണമെന്നും ഈ സാഹചര്യം താല്‍പര്യപ്പെടുന്നുണ്ട്. മനുഷ്യനെ അതിന് എങ്ങനെ സജ്ജമാക്കുമെന്നതാണ് നമ്മുടെ മുമ്പില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നം. ലാത്തി കൊണ്ട് സജ്ജമാക്കുകയെന്നതാണ് ഒരു രീതി. കമ്യൂണിസത്തിന്റെതായിരുന്നു ആ രീതി. അത് സ്വീകരിക്കാന്‍ സമൂഹത്തിന് ഒട്ടേറെ പ്രയാസങ്ങളും പരിമിതികളുമുണ്ട്. പിന്നെ അതെങ്ങനെ സാധ്യമാകും? വളരെ വലിയ ചോദ്യമാണിത്. ഇസ്‌ലാമില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വല്ല മാര്‍ഗനിര്‍ദേശവുമുണ്ടോ? നാം പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതാണ്. തൗഹീദ് അടിത്തറയാക്കുന്നതിന്റെ ഒരു ഫലം, ഓരോ മനുഷ്യനും ഇതര മനുഷ്യരുമായി ദൈവം വഴി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്. പരിസ്ഥിതി അല്ലാഹുവിന്റെ ദാനമാണെന്ന് ഖുര്‍ആന്‍ പറയുന്നു. അവനാണ് നമ്മെ നിയോഗിച്ചത്. ഭൂമിയില്‍ നമുക്കായി ജീവിത വിഭവങ്ങളൊരുക്കിയതും അവനാണ്. മറ്റൊരു കാര്യം ഖുര്‍ആന്‍ പറയുന്നത്, നമുക്ക് നല്‍കപ്പെട്ടത് മുഴുവന്‍ അല്ലാഹുവിന്റെ അമാനത്താണെന്നാണ.് എല്ലാവര്‍ക്കുമാണ് അത് നല്‍കപ്പെട്ടിരിക്കുന്നത്. നല്‍കിയതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അവയില്‍ നിങ്ങളെ സംബന്ധിച്ചേടത്തോളം പരീക്ഷണവുമുണ്ട്. ഈ ഒരു ഫ്രെയിം വര്‍ക്കിലാണ് ഖുര്‍ആനിലെ അധ്യാപനങ്ങളെല്ലാം. ഇവിടെ മൂന്ന് അടിസ്ഥാനങ്ങളാണുള്ളത്. അവ പരസ്പര പൂരകവുമാണ്. ഒന്ന്, ചിന്താപരമായ ഫ്രെയിം വര്‍ക്ക്. മറ്റൊന്ന് ധാര്‍മിക നിര്‍ദേശങ്ങളാണ്. മൂന്നാമത്തേത്, നിയമങ്ങളും. അതായത്, ധാര്‍മിക താല്‍പര്യങ്ങളാണ് ആദ്യം വ്യക്തമാക്കപ്പെടുന്നത്. പിന്നീട് സകാത്ത് പോലെ ഒരു കാര്യം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കപ്പെടുന്നു. എന്നിട്ടും വല്ല കുറവും അവശേഷിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രം നിയമവും ആവിഷ്‌കരിക്കുന്നു. ഇതിലെ ക്രമം വളരെ പ്രധാനമാണ്. ഇസ്‌ലാമിക ഭരണം നിയമം കൊണ്ട് മാത്രം നടത്തപ്പെടുന്നത് ഒട്ടും ഭൂഷണമല്ല. എന്തുകൊണ്ടെന്നാല്‍ അടിസ്ഥാനം ആദര്‍ശവും ധാര്‍മികതയുമാണ.് അടിത്തറ ആത്മീയതയിലല്ലെങ്കില്‍ ധാര്‍മികതക്കും നിലനില്‍പില്ല. ഇസ്‌ലാമിക വ്യവസ്ഥയുടെ ഇത്തരം സവിശേഷതകള്‍ സമകാലിക അവസ്ഥയില്‍ നാം കൂടുതലായി വിശദീകരിക്കണം.
സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമേ മറ്റു പ്രശ്‌നങ്ങളിലും താല്‍പര്യമെടുത്തിട്ടുള്ള സാമ്പത്തിക വിദഗ്ധനാണല്ലോ താങ്കള്‍?
സാമ്പത്തിക പ്രശ്‌നങ്ങളില്‍ താല്‍പര്യമെടുക്കാന്‍ എനിക്ക് പ്രചോദനം ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു. അതിനാല്‍, സ്വാഭാവികമായും എന്നെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമിക പ്രസ്ഥാനം തന്നെ എപ്പോഴും ഒരു താല്‍പര്യമുള്ള വിഷയമാണ്. വലിയ തെറ്റിദ്ധാരണകള്‍ക്കിടയാക്കിയ എന്റെ ചില ലേഖനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. അതിന്റെയൊക്കെ യഥാര്‍ഥ പ്രചോദനം ജമാഅത്തെ ഇസ്‌ലാമിയാണ്. ആ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാനും പഠിക്കാനും എനിക്കവസരമൊരുക്കിയത് പ്രസ്ഥാനമാണ്.
16 വര്‍ഷം താങ്കള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ശൂറയില്‍ അംഗമായിരുന്നു. ആ കാലഘട്ടം താങ്കളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. അക്കാലത്ത് പൊതുവെയുള്ള ധാരണ, താങ്കളടക്കമുള്ള ഏതാനും പേര്‍ ജമാഅത്തിലെ വളരെ പ്രധാനപ്പെട്ട ആളുകളാണെന്നാണ്. അതിനാല്‍, ആളുകള്‍ നിങ്ങളെ നന്നായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വൈജ്ഞാനികവും ചിന്താപരവുമായ പ്രവര്‍ത്തനങ്ങള്‍ കാരണം പിന്നീട് സംഘടനയില്‍ താങ്കളുടെ ശ്രദ്ധ കുറഞ്ഞതായിട്ടാണ് തോന്നുന്നത്. സംഘടനയില്‍ കൂടുതല്‍ സജീവമായിരുന്നുവെങ്കില്‍ കുറെക്കൂടി പ്രധാനപ്പെട്ട റോള്‍ നിര്‍വഹിക്കാനാകുമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
ഇത്തരം തീരുമാനങ്ങളെ ഒരു പരിധി വരെ നിര്‍ണയിക്കുന്നത് വ്യക്തിപരമായ സാഹചര്യങ്ങളും അഭിരുചികളുമാണ്. ഈ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഞങ്ങളുടെ പഠന ഗ്രൂപ്പില്‍ പെട്ട അബ്ദുല്‍ ഹഖ് അന്‍സാരി ഒരു തവണ അമീറായിരുന്നിട്ടുണ്ട്. ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി ഇപ്പോഴും ശൂറാ അംഗമാണ്. ഞാനാകട്ടെ അധികവും രാജ്യത്തിന് വെളിയിലായിരുന്നിട്ടും ജമാഅത്തുമായി അടുത്ത ബന്ധം നിലനിര്‍ത്തുകയും എന്നെ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. അമീറോ ഖയ്യിമോ ആയാല്‍ മാത്രമേ സംഘടനയെ സേവിക്കാനാവൂ എന്ന് കരുതുന്നത് ശരിയല്ല. ഏതെങ്കിലുമൊരാള്‍ അമീറാകുന്നതും ആകാതിരിക്കുന്നതുമൊന്നും ജമാഅത്തില്‍ വളരെ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കുകയില്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ അബ്ദുല്‍ ഹഖ് അന്‍സാരിയോട് പോയി ചോദിച്ചു നോക്കൂ. അദ്ദേഹത്തിന്റെ സങ്കല്‍പങ്ങളൊക്കെ നാലു വര്‍ഷംകൊണ്ട് എത്രത്തോളം പൂര്‍ത്തീകരിക്കാനായെന്ന്. എന്റെ അഭിപ്രായത്തില്‍ പ്രശ്‌നം, നിങ്ങള്‍ ഒരു സംഘടനയുണ്ടാക്കുകയും അതിന്റെ നേതാവാകുകയും ചെയ്യുകയെന്നതല്ല. മറിച്ച്, യഥാര്‍ഥ പ്രശ്‌നം ആളുകളുടെ ചിന്തയിലും സമീപനങ്ങളിലും മാറ്റങ്ങളുണ്ടാക്കുക എന്നതാണ്. ചിന്താപരമായ ഒരു മാറ്റം അനിവാര്യമാണെന്നും അതിന് വ്യത്യസ്ത വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ളവര്‍ വേണമെന്നുമുള്ള കാര്യത്തിലേക്കാണ് മൗദൂദി ഞങ്ങളുടെയൊക്കെ ശ്രദ്ധ തിരിച്ചത്.
ജമാഅത്തിന്റെ മുന്‍ഗണനാ ക്രമങ്ങളുടെ മാറ്റത്തെ കുറിച്ച് താങ്കള്‍ എഴുതിയിട്ടുണ്ട്. അതിന്റെ ഉന്നം മറ്റു ചിലതാണെന്ന് തോന്നുന്നു. എന്നാല്‍, ഇതുവരെയുള്ള എല്ലാ അമീറുമാരും തങ്ങളുടെതായ മുന്‍ഗണനകളുണ്ടാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. അതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
ഇതുവരെയുള്ള അമീറുമാര്‍ യഥാര്‍ഥത്തില്‍ ചെയ്തത് മുമ്പേ തീരുമാനിക്കപ്പെട്ട മുന്‍ഗണനകളെ മുമ്പോട്ടും പിറകോട്ടും മാറ്റുക മാത്രമാണ്. ഉദാഹരണത്തിന്, ധൈഷണികമായ പ്രവര്‍ത്തനം ഊര്‍ജിതമായി തുടരണം, പൊതുജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്തണം, തര്‍ബിയത്തിനും ദഅ്‌വത്തിനും ഊന്നല്‍ നല്‍കണം തുടങ്ങിയവ. ഇതെല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടത് തന്നെയാണ്. ഒരു അമീറിന്റെ കാലത്ത് ഇത്തരം നാലോ അഞ്ചോ പ്രശ്‌നങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഊന്നല്‍ നല്‍കുമ്പോള്‍ മറ്റൊരു അമീറിന്റെ കാലത്ത് വേറൊരു പ്രശ്‌നത്തിന് ഊന്നല്‍ നല്‍കുന്നു എന്നു മാത്രം. എന്നാല്‍ ഞാന്‍ ഉന്നയിക്കുന്ന പ്രശ്‌നം, ഇപ്പോഴത്തെ മുന്‍ഗണനകളില്‍ നിന്നു തന്നെ നാം പുറത്തു കടക്കണമെന്നാണ്. പുതിയ കാലത്തിന്റെ മുന്‍ഗണനകള്‍ മറ്റൊന്നായിരിക്കെ നാം ഇപ്പോഴും നമ്മുടെ പഴയ മുന്‍ഗണനകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കാന്‍ സമയം വളരെ വൈകിയിരിക്കുന്നു എന്നാണ് ഞാന്‍ പ്രധാനമായും ഉന്നയിച്ചിട്ടുള്ള വിമര്‍ശം. നമ്മുടെ ഇപ്പോഴത്തെ ചട്ടക്കൂട് അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയതാണ്. ഇനിയെങ്കിലും നാമത് ഉപേക്ഷിക്കണം. പുതിയൊരു ചട്ടക്കൂടാണിപ്പോള്‍ ആവശ്യമായിട്ടുള്ളത്. പ്രസ്ഥാനത്തിന് പുതിയ കാലത്തിനും സാഹചര്യത്തിനും അനുയോജ്യമായ പുതിയ മുന്‍ഗണനകളും ഉണ്ടാകണം. ആ മുന്‍ഗണനയില്‍ മുസ്‌ലിംകള്‍ എന്നതിനു പകരം മുഴുവന്‍ മനുഷ്യരെയുമാണ് മുമ്പില്‍ വെക്കേണ്ടത്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലില്ലായ്മയുടെ നിര്‍മാര്‍ജനം തുടങ്ങിയവക്ക് നമ്മുടെ മുന്‍ഗണനകളില്‍ ഒന്നാം സ്ഥാനം ലഭിക്കണം. എന്തുകൊണ്ടന്നാല്‍ അവ കൂടാതെ മനുഷ്യരുടെ നിലനില്‍പ് അസാധ്യമാണ്. അടിസ്ഥാന മാനവിക മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പരിപാടികള്‍ക്കാണ് മുന്‍ഗണനകളില്‍ രണ്ടാം സ്ഥാനം നല്‍കേണ്ടത്. പിന്നീട് ധാര്‍മികതയുടെ പ്രശ്‌നത്തിലേക്ക് വരുമ്പോള്‍ മാത്രം മുന്‍ഗണനകളില്‍ സ്ഥാനം പിടിക്കേണ്ടവയാണ് പ്രബോധനം, തര്‍ബിയത്ത് തുടങ്ങിയവ. തര്‍ബിയത്തിന്റെ ഭാഗമായി ആധുനിക ഭരണ സംവിധാനം, തെരഞ്ഞെടുപ്പ് രീതി എന്നിവ മുതല്‍ ബാങ്ക്, സ്റ്റോക്ക് മാര്‍ക്കറ്റ് വരെയുള്ള എല്ലാ പ്രശ്‌നങ്ങളും നന്നായി പഠിക്കുകയും അത് ചര്‍ച്ചയാക്കുകയും ചെയ്യണം. സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പലിശ മുക്തമായ സാമ്പത്തിക ക്രമം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലായിരിക്കണം നമ്മുടെ ഊന്നല്‍. പലിശയില്‍ ഊട്ടപ്പെട്ട നിലവിലുള്ള സാമൂഹിക ഘടനയില്‍ ഇത് വളരെ ഭാരിച്ച പണിയാണെന്നറിയാം. എങ്കിലും ഈ രംഗത്ത് എന്തെങ്കിലും ചെയ്‌തേ പറ്റൂ.
മൗലാനാ മൗദൂദിയുടെ മദ്രാസ് പ്രഭാഷണത്തിലെ നാലിന പരിപാടി എത്രത്തോളം നടപ്പാക്കി? ഇന്നും അതിന് പ്രസക്തിയുണ്ടോ?
ഇന്നതിനെ നാം ഒരിക്കലും മാര്‍ഗ നിര്‍ദേശമാക്കിക്കൂടാ എന്നാണ് എന്റെ അഭിപ്രായം. ആ കര്‍മ പരിപാടിയനുസരിച്ച് നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയാറാക്കിയിട്ടുണ്ട് എന്നതൊക്കെ ശരി തന്നെ. എന്നാല്‍ ഓര്‍ക്കേണ്ട കാര്യം, അവയില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പ്രയോജനപ്പെടുന്നത് വളരെ കുറച്ചേയുള്ളൂ. എന്നാല്‍, ആ പരിപാടികൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്ട്രീയത്തില്‍ നിന്ന് അകന്നുപോയി എന്നതാണ്. അതിന്റെ ഫലമാകട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടു പോയി എന്നതാണ.് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്‍ക്കാവശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരത്തെ പോലും അത് സ്വാധീനിച്ചു. വിട്ടുനില്‍പ്പെല്ലാം തുടക്കത്തില്‍ ഉചിതമായിരുന്നിരിക്കാം. പക്ഷേ, വളരെ വേഗം നമുക്കതിനെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരും ഉപദേശിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.
വിഭജന കാലത്തെ സാമുദായിക സംഘര്‍ഷം അപകടകരമായി മൗദൂദിക്ക് അനുഭവപ്പെട്ടതുകൊണ്ടാണ് മൗദൂദി അത്തരമൊരു ഉപദേശം നല്‍കിയത്. എന്നാല്‍ പിന്നീട് നാം കാണുന്നത് അതിന്റെ രൂപം മാറുന്നതാണ്. അതായത്, ഹിന്ദുത്വം അതിന്റെ സൈദ്ധാന്തിക അടിത്തറ വികസിപ്പിച്ച് മുന്നോട്ടു പോയപ്പോള്‍ നമുക്കതിനെ തടഞ്ഞുനിര്‍ത്താനായില്ല. മൗദൂദിയുടെ നിര്‍ദേശം പ്രയോഗവല്‍ക്കരിക്കാത്തതുകൊണ്ടായിരുന്നില്ലേ അത്?
ഈ രാജ്യത്ത് ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്ന ഒരു വിഭാഗമുണ്ടെന്നും നാം അവരുടെ കൂടെ നിന്നില്ലെങ്കില്‍ അത് രാജ്യത്തിന് അപകടമായിരിക്കുമെന്നും മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാം തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ സെക്യുലരിസത്തെ കുറിച്ച നമ്മുടെ വിശകലനത്തിലും സമീപനത്തിലുമുണ്ടായ മാറ്റങ്ങളെല്ലാം ആ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. ഈ രാജ്യത്ത് രണ്ടു തരം ആളുകളുണ്ട്. ശുദ്ധ ഹിന്ദുത്വ ഇന്ത്യയെ കുറിച്ച കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവരാണ് ഒരു വിഭാഗം. അവര്‍ക്ക് മേല്‍ക്കൈ ലഭിച്ചാല്‍ നിങ്ങളുടെ നിലനില്‍പ് തന്നെ പ്രശ്‌നത്തിലായിരിക്കും. അതിനാല്‍, ഈ രാജ്യത്തെ എല്ലാ മത വിഭാഗക്കാര്‍ക്കും തുല്യ പദവി ലഭിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടാമത്തെ വിഭാഗത്തിന്റെ കൂടെ നില്‍ക്കാന്‍ നാം ബാധ്യസ്ഥരാണ്. മൗലാനാ മൗദൂദിയുടെ മുന്നില്‍ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല.
താങ്കളുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ പ്രസ്ഥാനത്തിന് എന്താണ് ആവശ്യമായിട്ടുള്ളത്?
പ്രസ്ഥാനത്തിന് എപ്പോഴും ദിശാബോധം ആവശ്യമാണ്. നിങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ നിങ്ങളുടെ കൂടെ ധാരാളം ആളുകള്‍ വരും. ഏതൊരു സാഹചര്യത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്, പ്രവര്‍ത്തനത്തിനിടയിലെ വെല്ലുവിളികളെ എങ്ങനെയാണ് നാം അഭിമുഖീകരിക്കുന്നത്, അതിനെ കുറിച്ചൊക്കെ മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തന വിജയത്തില്‍ വളരെ പ്രധാന പങ്കുണ്ട്. അവയെ കണക്കിലെടുത്തു കൊണ്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുവോ അത്രയും പുതിയ ആളുകളെ നമുക്ക് ലഭിക്കും. പുസ്തകത്തില്‍ എഴുതിവെച്ച കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുക എന്നതാണ് നമുക്ക് ശീലമായിട്ടുള്ളത്. ആളുകള്‍ക്ക് അതൊക്കെ മടുത്തു കഴിഞ്ഞിരിക്കുന്നു. പുതിയ ആളുകള്‍ക്കാകട്ടെ അത്തരം കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല. ഒരു പുതിയ ദിശയിലേക്ക് പോകേണ്ട ആവശ്യകതയെ കുറിച്ചാണ് നാം ഊന്നിയത്. ആളുകള്‍ അതിനെ വെല്ലുവിളിച്ചപ്പോള്‍ നാം അതിന് പ്രവര്‍ത്തനത്തിലൂടെ മറുപടിയും നല്‍കി. അതേ രീതിയിലുള്ള പൊള്ളുന്ന സാഹിത്യങ്ങളും നമുക്കുണ്ടായി. അതില്‍ ആകൃഷ്ടരായി ആളുകള്‍ നമ്മോടൊപ്പം വന്നു. ആ കാലം കഴിഞ്ഞതോടെ പുതിയ ആളുകള്‍ വന്നു പുതിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അതിനെ പഴയ ഉത്തരങ്ങള്‍ കൊണ്ട് നേരിടാനാവില്ല. അതിനാല്‍, പുതിയൊരു ദിശ നാം കണ്ടെത്തിയേ തീരൂ. ആര്‍ജവത്തോടെ നാമതിന് തയാറായാല്‍ മാത്രമേ പുതിയ ആളുകളും വിഭവങ്ങളും നമുക്ക് ലഭിക്കുകയുള്ളൂ. ഏതാണ് പുതിയ ദിശ എന്ന് എനിക്ക് വ്യക്തമാക്കാനാവില്ല. മുഴുവന്‍ മനുഷ്യരുടെയും പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കണം എന്നു മാത്രം പറയാം. മുസ്‌ലിംകളുടെ ക്ഷേമത്തിനും അഭ്യുന്നതിക്കും വേണ്ടി നാം ഏറ്റെടുക്കുന്ന ഏതൊരു പരിപാടിയും മറ്റുള്ളവരില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലോ അവര്‍ക്ക് നഷ്ടമുണ്ടാക്കുന്നതോ ആയിരിക്കരുത്. പ്രത്യേകിച്ച്, ഒരു വിഭാഗത്തിന്റെ മേല്‍ മറ്റൊരു വിഭാഗത്തിന്റെ ഭരണം, ആധിപത്യം തുടങ്ങിയ വര്‍ത്തമാനങ്ങള്‍ ഒരിക്കലും പറയരുത്. എല്ലാ മനുഷ്യരെയും അളക്കാനുള്ള അളവു കോല്‍ ഒന്നായിരിക്കണം. നാം എല്ലാവരെയും ചേര്‍ത്തുപിടിച്ച് പോകാന്‍ തയാറാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം.
ലോക തലത്തില്‍ പൊതുവിലും, നമ്മുടെ രാജ്യത്ത് വിശേഷിച്ചും നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ഇസ്‌ലാമിനെ കുറിച്ച ചിത്രം വികലമായിത്തീര്‍ന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മാനുഷിക മൂല്യങ്ങളെ പരിരക്ഷിക്കുന്നു, മനുഷ്യ സാഹോദര്യം പ്രചരിപ്പിക്കുന്നു, മുഹമ്മദ് നല്ലൊരു മനുഷ്യനാണ്, അദ്ദേഹം മഹത്തായ ചില അധ്യാപനങ്ങള്‍ ലോകത്തിന് നല്‍കി, അതിന്റെ പേരില്‍ സ്വന്തം ജനതയുടെ ശത്രുത സമ്പാദിച്ചു എന്നെല്ലാമായിരുന്നു പൊതുവില്‍ ഇസ്‌ലാമിനെ കുറിച്ച ചിത്രം. ഇസ്‌ലാമിന്റെയും പ്രവാചകന്റെയും ഈ ഇമേജ് വികലമാക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാരും ഇസ്‌ലാം ശത്രുക്കളും എത്രയോ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ രൂപപ്പെട്ടതു പോലെയുള്ള അന്തരീക്ഷം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇന്ന് ആഗോളവല്‍ക്കരണം മൂലം കാര്യം ഒരു സ്ഥലത്ത് നില്‍ക്കുകയില്ല. ക്ഷണ നേരം കൊണ്ട് എല്ലായിടത്തും വ്യാപിക്കും. മുമ്പ് ചീത്തയായതായാലും നല്ലതായാലും കാര്യം ഒരു സ്ഥലത്ത് നില്‍ക്കുകയും അതിന്റെ സ്വാധീനം പരിമിതമായ വൃത്തത്തില്‍ ഒതുങ്ങുകയും ചെയ്തിരുന്നു. പ്രസ്സോ ഇലക്‌ട്രോണിക് മീഡിയയോ അന്നുണ്ടായിരുന്നില്ല. ഇസ്‌ലാമിനെ എത്രത്തോളം ആളുകളിലേക്ക് എത്തിക്കും എന്നതിനെ കുറിച്ച് നാം സംസാരിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളിലൂടെ ഉണ്ടായിവന്നിട്ടുള്ള ഒരു ഇമേജ് തകരുന്നതിനെ തടയുക എന്നതു തന്നെ വലിയൊരു വെല്ലുവിളിയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. മറ്റു അനുബന്ധ കാര്യങ്ങളിലേക്ക് നോക്കിയാല്‍, ഇപ്പോള്‍ ലോകം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിന്റെ പ്രശ്‌നമുണ്ട്. മറ്റൊന്ന് സാമ്പത്തിക രംഗത്തെ അസമത്വമാണ്. ഇക്കാര്യത്തില്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് എന്തെങ്കിലും പ്രതിവിധി നിര്‍ദേശിക്കാനാകുമോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ലോക തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം ഇന്ത്യയിലുമുണ്ട്. ഇവിടെ രൂക്ഷമായിട്ടുള്ളത് ഹിന്ദുത്വ ഭീഷണിയാണ്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഇമേജ് മോശമാക്കുകയാണ് അവരുടെയും പ്രധാന അജണ്ട. അതിനെയും നമുക്ക് നേരിടേണ്ടതുണ്ട്. അതിനെ കുറിച്ച് വെറുതെ പറഞ്ഞതുകൊണ്ട് ഒന്നുമാകില്ല. നമ്മുടെ വാക്കും പ്രവൃത്തിയും സമീപനവും കൂടി നന്നാക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക് ചെയ്യാനാവുന്ന സേവനം ഇക്കാര്യത്തിലുണ്ടാവുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. നമ്മുടെ സ്ഥാപനങ്ങളുടെ ഘടനയിലും സ്വഭാവത്തിലുമെല്ലാം ഇക്കാര്യം പരിഗണിച്ചുകൊണ്ടുള്ള വലിയ മാറ്റങ്ങളുണ്ടാകണം.
Comments